Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജരയും നരയും മറന്ന് നാട്യ മുത്തശ്ശിമാർ

Thiruvathira ആലുവ തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായെത്തിയ മുത്തശ്ശിമാർ, ചിത്രം; മഹേഷ് മംഗലശേരി

‘താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു
നാരികളേ നടനം ചെയ്യേണം...’ ചടുലതാളത്തിൽ പാടേണ്ട കുമ്മിയടി വരികൾ പാടിയപ്പോൾ പോലും ആര്യ അന്തർജ്ജനത്തിന് നാവു പിഴച്ചില്ല. കാലം അവശത നൽകിയത് ശരീരത്തിന് മാത്രമാണ്. മനസിലെ കല തൊണ്ണൂറ്റിരണ്ടാം വയസിലും യൗവ്വനതീഷ്ണതയോടെ നിലനിൽക്കുന്നുണ്ട്. കമഴ്ത്തിവച്ച വലിയൊരു അപ്പൂപ്പൻതാടിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ മുത്തശ്ശിയുടെ തലമുടി. പത്താമത്തെ വയസുമുതൽ തിരുവാതിര കളിക്കാൻ തുടങ്ങി, ഇന്ന് നവതിയും പിന്നിട്ട മുത്തശ്ശി കൈത്താങ്ങില്ലാതെ നടക്കാനാവില്ലെങ്കിലും കസേരയിലിരുന്നുകൊണ്ട് തിരുവാതിരപ്പാട്ടുകൾ പാടി. തൊലി തൂങ്ങിയാടുന്ന ജരവന്ന മെലിഞ്ഞ കൈകൾ നീട്ടി ഓരോ പദങ്ങളാടി കാണിച്ചു.

തിരുവാതിരക്കളി അഭ്യസിക്കാനും അഭ്യസിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവച്ച ആ മുത്തശ്ശിയുടെ ചെറുപ്പകാലത്തെക്കുറിച്ച് കേൾക്കാൻ ഞാനെന്റെ ചെവി, വെറ്റിലമുറുക്കിച്ചുവന്ന ആ മുത്തശ്ശിച്ചുണ്ടിനടുത്തേക്ക് ചേർത്ത് വച്ചു. ആറു വരയേ പഠിച്ചിട്ടുള്ളൂ. പിന്നെ ഇല്ലത്തേക്ക് ആളുവരുമായിരുന്നു. സംസ്കൃതവും തിരുവാതിരക്കളിയുമൊക്കെ പഠിപ്പിക്കാൻ. അന്നൊന്നും അന്തർജ്ജനങ്ങളാരും ഇല്ലത്തിനുപുറത്തേക്ക് പോകാൻ പാടില്ലായിരുന്നല്ലോ. കളി പഠിച്ചു. കുടുംബത്തിലെ കല്യാണങ്ങൾക്കും ധനുമാസത്തിലുമൊക്കെ കളിക്കും. കുറേപ്പേരെ പഠിപ്പിച്ചു. മക്കളുടെ വേളികളെയെല്ലാം നിർബന്ധിച്ച് പഠിപ്പിച്ചു, മത്സരത്തിനു പങ്കെടുക്കാൻ വേണ്ടി സ്കൂളിൽ നിന്നും കുട്ടികളൊക്കെ ഇപ്പോഴും പഠിക്കാൻ വരുന്നുണ്ട്. എൺപത്തഞ്ചു വയസുവരെ ഞാൻ പഠിപ്പിച്ചിരുന്നു. ഇപ്പോൾ മരുമക്കളാണ് അവരെ പഠിപ്പിക്കുന്നത്. സംശയങ്ങളൊക്കെ ഞാൻ തീർത്ത് കൊടുക്കും. എനിക്ക് കളിക്കാനൊന്നും ആവൂല്യ, എന്നാലും ഞാൻ കൂടും. പാടിക്കൊടുക്കും. പണ്ടൊക്കെ തിരുവാതിരക്കളിയുടെ പാട്ടാണ് ആദ്യം പഠിപ്പിക്കുക. പാട്ട് ഹൃദിസ്ഥമാക്കിയതിനു ശേഷം മാത്രമേ ചുവടുകൾ പറഞ്ഞു തരൂ, എന്നാലേ കളിയ്ക്ക് താളം വരൂ.

തിരുവാതിരപാടിക്കളിക്കുന്നതിനും ചിട്ടയുണ്ട്. ആദ്യം ഗണപതി സ്തുതി, സരസ്വതി സ്തുതി, ഗുരുവന്ദനം, പദം, കുറത്തി, കുമ്മി, വഞ്ചിപ്പാട്ട്, മംഗളം എന്നീ ക്രമത്തിലാകണം പാടിക്കളിക്കേണ്ടത്. അരമണിക്കൂറൊക്കെ പാടിക്കളിക്കേണ്ട പദങ്ങളും കുമ്മിയുമൊക്കെ സ്കൂൾ കുട്ടികൾക്ക് മൽസരത്തിനു വേണ്ടി പറഞ്ഞു കൊടുക്കേണ്ടി വരുമ്പോൾ എല്ലാം പത്തുമിനിട്ടിനുള്ളിൽ ഒരുക്കേണ്ടി വരുന്നു. ക്രമങ്ങളൊക്കെ രണ്ടുവരിയിൽ തീർക്കുന്നു. കോഴിക്കോട് മുക്കത്ത് നടുവിൽ തിരുവാതിരക്കളി സംഘത്തിന്റെ സാരഥിയാണ് വയസ് തൊണ്ണൂറ്റിയഞ്ച് കഴിഞ്ഞ ഈ ആര്യാ അന്തർജ്ജനം.

തിരുവാതിരക്കളിയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഓർമ്മകളും അനുഭവങ്ങളും പദ്ധതികളുമൊക്കെ മനസിൽ നിറച്ചുകൊണ്ടായിരുന്നു 75 വയസ് പിന്നിട്ട 11 മുത്തശ്ശിമാർ, ആലുവ തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായെത്തിയത് വരുമാനത്തിന് വേണ്ടിയല്ലാതെ തിരുവാതിരക്കളി അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇവർക്ക് ജീവിതത്തിലാദ്യമായി കിട്ടിയ അംഗീകാരത്തിന്റെ സന്തോഷം കുഴിഞ്ഞ കണ്ണുകളിൽ നിറചിരിയായി കാണാമായിരുന്നു.

അനുഭവങ്ങൾ പറഞ്ഞു തരുന്നതിനിടിയിൽ അറിയാതെ ചുവടുവച്ചു പോവുകയായിരുന്നു സാവിത്രി മുത്തശ്ശി. ‘പൂമുടി കെട്ടഴിഞ്ഞതും പുഷ്പമാല്യം കൊഴിഞ്ഞതും...’ ഒക്കെപ്പാടി മുദ്രയെടുക്കുമ്പോൾ, വെറ്റിലക്കറ വീണ്, ബാക്കിയായ മുൻനിരയിലെ നാലു പല്ലുകൾ കാട്ടിച്ചിരിച്ചുകൊണ്ട് മുഖത്ത് ശൃംഗാരഭാവം വരുത്തി ‘ അംഗനേ ഞാനങ്ങുപോകുവതെങ്ങനെ...’ എന്നു പാടിക്കളിക്കുമ്പോൾ ചിരിയല്ല , ദയനീയതയോടെയുള്ള ചോദ്യഭാവമാണ് വേണ്ടത്. തിരുവാതിരക്കളിയിൽ ഭാവത്തിന് പ്രാധാന്യമൊന്നും ആരും കൊടുക്കാറില്ല. പക്ഷേ, പാടുന്ന വരികളുടെ അർഥവും അതിനു പിന്നിലെ സന്ദർഭവും മനസിലാക്കി കളിക്കുമ്പോൾ ഭാവം താനേ വരും. അപ്പോൾ കളിയുടെ ഭംഗിയും കൂടുമെന്നാണ് സാവിത്രി മുത്തശ്ശിയുടെ അഭിപ്രായം.

Thiruvathira ആലുവ തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ നിന്ന് ചിത്രം; മഹേഷ് മംഗലശേരി

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായെത്തിയ 11 മുത്തശ്ശിമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായത് തിരുവാതിര ശീലുകളുടെ രീതിയെക്കുറിച്ചായിരുന്നു. ഒരേ പദം വ്യത്യസ്ത ഈണത്തിലാണ് തിരുവനന്തപുരത്തും തൃശൂരും, കോഴിക്കോട്ടുമുള്ളവർ പാടിക്കളിക്കുന്നത്. ദേശവ്യത്യാസം തിരുവാതിരക്കളിപ്പാട്ടുകളെ ബാധിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷേ,യുവജനോത്സവ വേദികളിലെ തിരുവാതിരക്കളിയെ ബാധിക്കാറില്ല. മൽസരത്തിന് കാലങ്ങളായി പിന്തുടരുന്നത് ഒരേ പാട്ടുകളും കുമ്മിയുമൊക്കത്തന്നെയാണ്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലോ നമ്പൂതിരിയില്ലങ്ങളിലെ കല്യാണ ചടങ്ങുകളിലോ പൂത്തിരുവാതിരയ്ക്കോ ഒക്കെ കളിക്കുമ്പോഴാണ് തിരുവാതിര‌ക്കളിയെ അതിന്റെ പൂർണ്ണതയോടെ അറിയാനും ആസ്വദിക്കാനുമാവുന്നത് എന്നാണ് മിക്കവരുടേയും അഭിപ്രായം

സവർണ ജാതിക്കാർ മാത്രം അനുഷ്ഠിച്ചു വരുന്ന കളിയാണ് തിരുവാതി‌രക്കളിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടെങ്കിലും, കളി പഠിക്കാൻ വരുന്നവരുടെ മതമോ ജാതിയോ ചോദിച്ച് ആരെയും ഇതുവരെ മാറ്റി നിർത്തിയിട്ടില്ലെന്ന് പേരാമംഗലം സ്വദേശിയായ കൗമുദി മുത്തശ്ശി. ആറേഴു കൊല്ലമായിട്ട് കളി പഠിക്കാൻ വരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോൾ ധനുമാസത്തിലും മറ്റും മിക്ക ക്ഷേത്രങ്ങളിലും തിരുവാതിരക്കളിയും ഉറക്കമൊഴിക്കലുമൊക്കെ നടത്തുകയും മൽസരങ്ങൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് സ്കൂൾ, കോളേജ് മൽസരവേദികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന തിരുവാതിരക്കളിയ്ക്ക് പുനർജ്ജീവൻ വച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

തിരുവാതിരക്കളിപ്പാട്ടിലെ ഹൈന്ദവ പുരാണ കീർത്തനങ്ങൾക്ക് പകരം പൊതുവായ സാമൂഹ്യവിഷയങ്ങളൊക്കെ ചേർത്ത് പാടിയാൽ ഈ കലാരൂപത്തെ കുറച്ച് കൂടി ജനകീയമാക്കാനാകില്ലേയെന്ന ചോദ്യത്തിന്, ‘അതിലൊന്നും ഒരു തെറ്റുമില്ല, ഞങ്ങൾക്കീ പ്രായത്തിൽ മാറ്റങ്ങളുണ്ടാക്കാനൊന്നും കഴിയില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് അതൊക്കെ ആകാമല്ലോ’ എന്നായിരുന്നു കൂട്ടത്തിൽ പ്രായം കുറഞ്ഞ പ്രമോദിനിയമ്മ മുത്തശ്ശിയുടെ മറുപടി.

സ്കൂളിലെ പ്രോഗ്രാമുകൾക്കുവേണ്ടി പഠിപ്പിക്കുമ്പോൾ ദേവീ ദേവന്മാരെ സ്തുതിക്കുന്ന വരികളൊക്കെ ഒഴിവാക്കണമെന്ന് ചില മാനേജുമെന്റുകൾ ശഠിക്കാറുണ്ട്. അവർക്കു വേണ്ടി കേരളത്തെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളൊക്കെ ചേർത്തുവച്ചുകൊണ്ടാണ് തിരുവാതിരക്കളിപ്പാട്ട് ഇപ്പോൾ ചിട്ടപ്പെടുത്താറുള്ളതെന്ന് ആര്യ മുത്തശ്ശിയുടെ മരുമകളായ നൃത്താധ്യാപിക നന്ദിനി പറഞ്ഞു. പാട്ടൊന്നും പഠിക്കാതെ ‘വൺ ടൂ ത്രീ ഫോർ, വൺ ടൂ ത്രീ ഫോർ’ എന്ന രീതിയിലാണ് മൽസരത്തിന് വേണ്ടിയുള്ള പഠിപ്പിക്കൽ. ആ കളിയിൽ ലയമില്ലെന്നും നന്ദിനിടീച്ചർ കൂട്ടിച്ചേർത്തു.

അക്കാദമി ആദരവോടെ നൽകിയ പുരസ്ക്കാര ഫലകങ്ങൾ എല്ലാവരും നെഞ്ചോടുചേർത്ത് പിടിച്ചിരുന്നു. ഓരോരുത്തരുടേയും പ്രത്യേകം ഫോട്ടോ പതിപ്പിച്ച് നൽകിയ പ്രശംസാഫലകം കാണിച്ചു തന്നിട്ട് ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ശ്രീദേവി മുത്തശ്ശിയുടെ പരിഭവം. ‘ ഇതിപ്പോ എന്താ എന്റെ ഫോട്ടോയല്ലേ. ശിവന്റേയും പാർവതിയുടേയും ഫോട്ടോയുള്ള ഒരു സമ്മാനം നൽകിയാൽ പോരായിരുന്നോ ഇവർക്ക്’. സെൽഫിക്കാലത്തിൽ സ്വന്തം ഫോട്ടോയ്ക്ക് നേരെ മുഖം തിരിക്കുന്ന ഈ മുത്തശ്ശിയുടെ പരിഭവത്തിൽ ഒരു കൊച്ചുകുട്ടിയുടെ വാക്കുകളിലെ നിഷ്കളങ്കത

പ്രായവും യാത്രാക്ലേശവും വകവയ്ക്കാതെ കലാകാരികളായ ഈ 11 വയോവൃദ്ധകൾ ഒരേ മുറ്റത്ത് ഒത്തുകൂടിയത് അവർക്ക് കലയോടുള്ള സ്നേഹം കൊണ്ടായിരുന്നു. ജീവിതം ഇക്കാലമത്രയും ഏതെല്ലാം വിധത്തിലുള്ള മുറിവുകൾ ഇവർക്ക് നൽകി. അതിനെയൊക്കെ മറന്ന് ആശ്വാസം കണ്ടെത്താനാകുന്നതെന്ന് ആടിപ്പാടി കളിക്കുമ്പോൾ തന്നെയാണ്.‘വയസ്സായില്ലേ വെറുതേയിരുന്നു കൂടേ’ എന്നാണ് പലരുടേയും പരിഹാസം. എന്നാൽ ചോടുവയ്ക്കാൻ കാലനങ്ങിയില്ലെങ്കിലും മുദ്രകാണിക്കാൻ കൈയനങ്ങുന്നുണ്ടല്ലോ, കൈയനങ്ങിയില്ലെങ്കിലും പാടാൻ നാവനങ്ങുന്നുണ്ടല്ലോ, നാവനങ്ങാതെ വന്നാലും ഭാവത്തോടെ കണ്ണുകളനങ്ങുമല്ലോ.. അതെ കളിക്കാതിരിക്കാൻ ഇവർക്കാവതില്ല. കല ഒരിക്കലും അന്യം നിന്നു പോകുന്നില്ല. കലയെ സ്നേഹിക്കുന്നവർ അന്യമാകുമ്പോൾ കല ക്ഷയിക്കാൻ തുടങ്ങുന്നുവെന്നു മാത്രം.
 

Your Rating: