Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഭാട വിവാഹം ഒഴിവാക്കി കര്‍ഷക കുടുംബങ്ങളെ സഹായിച്ച് ദമ്പതികൾ

Wedding അഭയ് ദിവാരെയും വധു പ്രീതി കുമ്പാരെയും

സ്വന്തം വിവാഹം നാടും നാട്ടുകാരും അറിഞ്ഞ് ആഘോഷമായി നടക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇക്കാര്യത്തിൽ പൊതുവെ ആരും ഒരു കോംപ്രമൈസിന് തയ്യാറാവാറില്ല. എന്നാൽ, വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാക്കാൻ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്ന യുവത്വത്തിന് മുന്നിൽ വ്യത്യസ്തരാകുകയാണ് അമരാവതിയിൽ നിന്നുള്ള അഭയ് ദിവാരെ-പ്രീതി കുമ്പാരെ എന്നീ ദമ്പതികളുടെ വിവാഹം.

തങ്ങളുടെ വിവാഹം ലളിതമാക്കി നടത്തി വിവാഹത്തിനായി ചെലവഴിക്കേണ്ട തുക ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുകയാണ് ഈ ദമ്പതിമാർ. വിവാഹം ഉറപ്പിച്ച സമയത്തു തന്നെ തങ്ങളുടെ വിവാഹം ലളിതമാക്കി നടത്തണമെന്ന് അവർ തീരുമാനിച്ചിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ അവരും കൂടെ നിന്നു. 

നാഗ്പൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്‌സസില്‍ ഐആര്‍എസ് ഓഫീസര്‍ ട്രെയിനിങ്ങിലാണ് വരനായ  അഭയ്. പ്രീതി മുംബൈയിലെ ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് മാനേജരും. യുപിഎസ്‌സി പരീക്ഷയ്ക്കു വേണ്ടി പരിശീലനം നടത്തുന്ന വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആർഭാടങ്ങൾ ഒഴിവാക്കി കഴിഞ്ഞ ഞായറാഴ്ച്ച ആയിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ചന്ദ്രകാന്ത് വാങ്കഡെ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങു നടന്ന ഹാൾ മുഴുവൻ  കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ വിവരിക്കുന്ന പോസ്റ്ററുകളും ബാനറുകളുമായിരുന്നു നിറഞ്ഞു നിന്നത്. മാത്രമല്ല, കടക്കെണി മൂലം  ആത്മഹത്യ ചെയ്ത പത്തു കര്‍ഷകരുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് വിവാഹവേദിയില്‍ ഇരുപതിനായിരം രൂപവെച്ച് നല്‍കി നവദമ്പതികള്‍. ഇതിനു പുറമെ അമരാവതിയിലെ അഞ്ചു വായനശാലകളിലേക്ക് 52,000 രൂപ വിലവരുന്ന മത്സരപരീക്ഷാ പുസ്തകങ്ങള്‍ ഇവര്‍ സംഭാവന ചെയ്തു.

സമൂഹത്തിലെ ചിന്തകൾക്ക്  മാറ്റം വരുത്താനും സാമൂഹ്യ ബോധം ജനിപ്പിക്കാനും തങ്ങളുടെ പ്രവർത്തി സഹായകമാകുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. ഇരുവരെയും പിന്തുണച്ച മാതാപിതാക്കളാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ നിര്‍ധന കുടുംബങ്ങള്‍ എവിടെ ജീവിക്കുന്നുവെന്ന് തേടികണ്ടെത്തിയത്. രാജ്യത്തെ വിവാഹങ്ങള്‍ക്ക് ശരാശരി ചെലവഴിക്കുന്ന തുകയെ സംബന്ധിച്ച് ഒരു സര്‍വേയും നടത്തി വരനായ അഭയ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ വിവാഹത്തിനു മാത്രമായി ഇന്ത്യക്കാര്‍ ചെലവാക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ പോലും മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ വിവാഹത്തിനായി ചെലവഴിക്കുന്നു. വിദര്‍ഭയിലെ ആത്മഹത്യാ കേസുകള്‍ വര്‍ധിക്കുന്നതിന് ഒരു കാരണം വിവാഹം മൂലമുള്ള പ്രാരാബ്‌ധമാണ്.

ചപ്പാത്തിയും അരിയും, പരിപ്പുകറിയും സബ്ജിയും  മാത്രം ഉൾപ്പെടുത്തിയായിരുന്നുവിവാഹസദ്യ. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികള്‍ക്കായി കോച്ചിങ്ങ് ക്ലാസ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്.

Your Rating: