Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കാക്കയ്ക്ക് മടിക്കൈയിൽ ഒരു വീടുണ്ട് !

crow മടിക്കൈ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ കെ.വി. യമുനയുടെ മടിയിലിരുന്നു ഭക്ഷണം കഴിക്കുന്ന കാക്ക.

കാക്കെ കാക്കെ കൂടെവിടെ എന്നല്ല, വീട് എവിടെ എന്നു തന്നെ തെളിച്ചു ചോദിക്കണം. കാരണം ഈ കാക്കയ്ക്കു കാസർകോട് മടിക്കൈയിൽ സുന്ദരനൊരു വീടുണ്ട്! മോനേ എന്നു നീട്ടി വിളിച്ചാൽ, വീട്ടുടമയുടെ മടിയിൽ വന്നിരിക്കാവുന്നത്ര ആത്മബന്ധമുള്ള കാക്കയാണ് മടിക്കൈ ഗ്രാമത്തിലെ കൗതുകം. പ്രമുഖ പൂരക്കളി കലാകരൻ മടിക്കൈ ബാലകൃഷ്ണ പണിക്കരുടെ വീട്ടിലെ അംഗം പോലെയാണ് ഈ കാക്കയിപ്പോൾ.

ഇനി കാക്ക വിളിച്ചിട്ടു പണിക്കരോ ഭാര്യ യമുനയോ കേട്ടില്ലെന്നിരിക്കട്ടെ, നേരെ അടുക്കളയിലേക്കു പറന്നിറങ്ങും. പൂരക്കളി കലാകാരനായ ബാലൻ പണിക്കരുടെ വീട്ടിൽ യാദൃശ്ചികമായി എത്തിയ കാക്കയ്ക്ക് നാലു വർഷം പിന്നിടുമ്പോൾ വീട്ടുകാരെക്കാൾ സ്വാതന്ത്ര്യം. ദിവസവും ഊഴം തെറ്റാതെ മൂന്നു തവണ ഇതു പണിക്കരുടെ വീടായ മടിക്കൈ കണിച്ചിറ നിടുങ്കണ്ടയിലെ ആനന്ദഭവനത്തിൽ വന്നുപോകുന്നു. രാവിലെ 7. 30, ഉച്ചയ്ക്ക് 1. 30, വൈകിട്ടു അഞ്ച് എന്നിങ്ങനെ. രാവിലെ പണിക്കരുടെയോ ഭാര്യയുടെയോ മടിയിലിരുന്നേ ഭക്ഷണം കഴിക്കൂ.

ദോശ, പൂരി, അരി എന്നിവയാണ് ഇഷ്ടഭക്ഷണം. ഭക്ഷണം കഴിച്ചാൽ പിന്നെ ഒരു നിമിഷം നിൽക്കാതെ ഒരു പോക്കാണ്. കഴുത്തിന്റെ ഭാഗത്തെ പ്രത്യേക അടയാളം വച്ചാണു ഇവർ കാക്കയെ തിരിച്ചറിയുന്നത്. കാക്ക വീട്ടിൽ എത്തിയതിനു പിന്നിലും ഒരു കഥയുണ്ടെന്നു വീട്ടുകാർ: മാതാവ് മരിച്ചതിന്റെ 13–ാം ദിവസം ചടങ്ങുകൾ പൂർത്തിയാക്കി യമുന പണിക്കരുടെ വീട്ടിലേക്കു തിരിച്ചെത്തിയ ദിവസം മുതൽ കാക്ക ഇവിടെ നിത്യസന്ദർശകനാണത്രേ!
 

Your Rating: