Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺമക്കളെ വളർത്തണം ഈ അച്ഛനെപ്പോലെ, വൈറലായി ഒരു ഫേസ്ബുക് പോസ്റ്റ്!

Mumbai Father സ്ത്രീകളെ കാണേണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കി മുംബൈ സ്വദേശിയായ ഒരച്ഛൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്...

ഒരു സ്ത്രീ പ്രസവിച്ചത് ആൺകുഞ്ഞിനെയാണെന്ന് അറിയുമ്പോൾ അതു ഭാഗ്യമെന്നും പെൺകുഞ്ഞിനെയാണെന്നറിയുമ്പോൾ ഭാവിയിൽ നല്ല ചിലവാകുമല്ലോ എന്നും പറയുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. ആൺകുട്ടി കരഞ്ഞാൽ, അയ്യേ പെൺകുട്ടികളെപ്പോലെ കരയാതിരിക്കൂ, നമ്മൾ ആൺകുട്ടികൾ ധീരരായിരിക്കണം എന്നു പറയുന്ന സമൂഹത്തിൽ.. സത്യത്തിൽ ആണിനൊരു രീതിയെന്നോ പെണ്ണിനൊരു രീതിയെന്നോ ഒന്നും കാലം നമുക്കു മുന്നിൽ വച്ചതല്ല, മാനസികമായി തെല്ലും പുരോഗമിക്കാത്ത മനസുകളിൽ നിന്ന് ഉടലെടുക്കുന്നതാണവ. കുട്ടിക്കാലം തൊട്ടു മാതാപിതാക്കൾ പറഞ്ഞുകൊടുക്കും പോലെയാണ് വളരുമ്പോൾ മിക്ക കുട്ടികളും പെരുമാറുക. സ്ത്രീകളെ കാണേണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കി മുംബൈ സ്വദേശിയായ ഒരച്ഛൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.

''ഞങ്ങൾക്ക് മകനുണ്ടായപ്പോൾ ഒരുപാടുപേർ ഭാര്യയെ അഭിനന്ദിച്ചു പറഞ്ഞു, ഇനി നിനക്ക് ആശ്വസിക്കാം, വീട്ടിലൊരു ആണു പിറന്നല്ലോ എന്ന്. അവരുടെ മാനസികാവസ്ഥയെക്കുറിച്ചോർത്ത് ഞാനും ഭാര്യയും ചിരിച്ചെങ്കിലും ഇങ്ങനെയാണ് ആളുകളിലേറെയും ചിന്തിക്കുന്നതെന്നു മനസിലാക്കി. എനിക്കൊരു മകനുണ്ടായതിൽ അതിയായ സന്തോഷമുണ്ടായിരുന്നു, പക്ഷേ എനിക്കറിയാമായിരുന്നു അവനെ ശരിയായി തന്നെ വളർത്തണമെന്ന്.

അവൻ വികാരങ്ങൾ പ്രകടിപ്പിച്ചാലും കരഞ്ഞാലും അതൊരു പ്രശ്നമല്ല‌െന്ന് ഞങ്ങൾ അവനെ മനസിലാക്കി. ഒന്നു കരഞ്ഞെന്നു കരുതി നീ എന്ന ആൺകുട്ടിയിൽ ഒരു കുറച്ചിലും സംഭവിക്കുകയില്ലെന്ന് ഞാനും ഭാര്യയും അവനോട് സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നു. സ്ത്രീകളെ തുല്യരായി ബഹുമാനിക്കാനും ഫുട്ബോളോ ക്രിക്കറ്റോ പോലുള്ള ചെറിയ കളികളിൽ പോലും അവരെ കളിയാക്കി സംസാരിക്കരുതെന്നും പഠിപ്പിച്ചു. അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത്.

തൊട്ടടുത്ത ദിവസം പാർക്കിൽ അവർ ഫുട്ബോൾ കളിക്കുകയായിരുന്നു. അപ്പോഴാണ് അവർക്കൊപ്പമുണ്ടായിരുന്ന ഒരു ചെറിയ പെൺകുട്ടി ബോൾ തട്ടാൻ തുടങ്ങുമ്പോൾ അടുത്തു നിന്ന മറ്റൊരു ആൺകുട്ടി ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞത് '' ഒരു പെണ്ണിനെപ്പോലെ അടിക്കരുത്, നമ്മൾ കളിയിൽ തോൽക്കും'' എന്നായിരുന്നു അത്, കേട്ടപാതി എല്ലാവരും ചിരിക്കാനും തുടങ്ങി.

ആ ചെറിയ പെൺകുട്ടി ഭയന്നു വിറക്കുന്നതുപോലെയുണ്ടായിരുന്നു. പിന്നീട് ആരെങ്കിലും എന്തെങ്കിലും പറയുംമുമ്പ് എന്റെ മകൻ അവൾക്കരികിലേക്കു ചെന്നു പറഞ്ഞു, ''പെണ്ണിനെപ്പോലെ തന്നെ ബോൾ അടിക്കൂ, അങ്ങനെയാണ് വിജയിക്കേണ്ടത് എങ്ങനെയാണെന്ന് നാം അവരെ കാണിച്ചു കൊ‌ടുക്കേണ്ടത് ''.. സത്യം പറയട്ടെ, അതു കേട്ടതോടെ അവൾ ആഹ്ലാദിക്കുന്നതു കാണാമായിരുന്നു, പിന്നീടവൾ ഒരു റോക്ക്സ്റ്റാറിനെ പോലെയാണ് കളിച്ചത്.

ഒരച്ഛൻ എന്ന നിലയ്ക്ക് എനിക്കതേറെ അഭിമാനമായിരുന്നു, കാരണം ഇന്നു നാം വളര്‍ത്തുന്ന ആൺകുട്ടികളാണ് നാളത്തെ പുരുഷന്മാർ ആകുന്നത്. എ​ല്ലാദിവസവും സ്ത്രീശാക്തീകരണത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും നാം കേൾക്കുന്നുണ്ട്, പക്ഷേ സ്ത്രീകളെ ശാക്തീകരിക്കേണ്ടതില്ലെന്നാണ് ഞാൻ എന്റെ മക്കളെ പഠിപ്പിക്കുന്നത്, അവർ നേരത്തെതന്നെ ശാക്തീകരിക്കപ്പെട്ടവരാണ്. അവരെ ശാക്തീകരിക്കാൻ ശ്രമിക്കുന്നതിലൂടെ അവർ ബലഹീനരാണെന്നും അവർക്കു നമ്മുടെ സഹായം ആവശ്യമുണ്ടെന്നുമാണ് തെളിയിക്കുന്നത്. സത്യം എന്തെന്നാൽ, സ്ത്രീകൾ ലോകം ഭരിക്കാൻ വരെ ശക്തരാണ്, ആകെ വേണ്ടത് ലോകം അവരോടു കൂടെ നിന്നാൽ മാത്രംമതി, വീട്ടിലോ, ജോലി സ്ഥലത്തോ തെരുവിലോ ആയിക്കൊള്ളട്ടെ അവർ അർഹിക്കുന്ന ബഹുമാനം നൽകുക..''

ഇത്രയും മനോഹരമായി മക്കളിൽ പോസിറ്റീവ് ചിന്താഗതി നിറച്ച അച്ഛനും അമ്മയ്ക്കും ആശംസകളുടെ പ്രവാഹമാണിപ്പോൾ. നിങ്ങൾ വളർത്തുന്നതു പോലെയുള്ള ആൺകുട്ടികളെയാണ് ഈ ലോകത്തിനു വേണ്ടതെന്നും, നിങ്ങൾ വളർത്തുന്ന മക്കൾ ദയയുടെയും തുല്യതയുടെയും മൂല്യങ്ങൾ മനസിലാക്കിയാണ് വളരുന്നത് അവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും തുടങ്ങി പോസ്റ്റിനു താഴെ അഭിനന്ദനങ്ങൾ നിറയുകയാണ്. അതെ, ആ അച്ഛൻ പറഞ്ഞതുപോലെ ഇന്നു നാം വളർത്തുന്ന ആൺകുട്ടികളിൽ നല്ല മൂല്യം നിറയ്ക്കൂ, ഭാവിയിൽ അവർ പുരുഷന്മാരാകുമ്പോൾ സ്ത്രീകളെ അക്രമിക്കുന്നതിനും അപമാനിക്കുന്നതിനും പകരം അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരന്മാര്‍ ആയിത്തീരും.