Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ പോകില്ല ഒരിക്കലും, സുദീർഘ പ്രണയത്തിന് 10 ടിപ്സ്

Love Representative Image

പ്രണയം പലവിധത്തിലാണ്. ചിലരൊക്കെ നേരംപോക്കിനു വേണ്ടി പ്രണയിക്കുമ്പോൾ ചിലർ പ്രണയത്തിനു വേണ്ടി ജീവൻ പോലും ത്യജീക്കാൻ തയ്യാറാകും. പരസ്പര വിശ്വാസവും സഹകരണവും മനസിലാക്കലുമൊക്കെ തന്നെയാണ് പ്രണയത്തിന് അടിസ്ഥാനമായും വേണ്ടത്. സുദീർഘ പ്രണയത്തിന് വേണ്ട 10 സിമ്പിൾ ടിപ്സ് ആണ് ഇവിടെ പറയുന്നത്.

1 നിങ്ങൾ നിങ്ങളായിരിക്കണം

പ്രണയത്തിൽ ഒളിയ്ക്കലും മറയ്ക്കലും ഒന്നും വേണ്ട. നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കണം, നിങ്ങൾ ആഗ്രഹിക്കുന്നതെന്താണെന്നും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം സത്യസന്ധതയോടെ തുറന്നു പറയാം. ഇത്തരം ബന്ധങ്ങൾ ഏറെക്കാലം നീണ്ടുനിൽക്കും.

2 പങ്കാളിയ്ക്കും വ്യക്തിത്വമുണ്ട്

നിങ്ങള്‍ക്കു വ്യക്തിത്വമുള്ളതുപോലെ തന്നെ പങ്കാളിയ്ക്കും വ്യക്തിത്വമുണ്ടെന്നു മനസിലാക്കാന്‍ ശ്രമിക്കുക. രണ്ടുപേരുടെയും സ്വഭാവങ്ങളും താൽപര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. പരസ്പരം അവയെല്ലാം ചോദിച്ചറിഞ്ഞ് കൂടുതൽ മനസിലാക്കി പെരുമാറാൻ ശ്രമിക്കുക.

3 ഈഗോയ്ക്കു ഗുഡ്ബൈ

പ്രണയത്തിലും സൗഹൃദത്തിലും ഒരിക്കലും കടന്നുകൂടരുതാത്ത കാര്യമാണ് ഈഗോ. ഞാനാണു വലുത് എന്നെക്കാളും മികച്ചത് മറ്റൊന്നുമില്ല, അപ്പുറത്തു നിൽക്കുന്നയാൾ തന്നെ എല്ലായ്പ്പോഴും താഴ്ന്നു തരണം എന്നൊക്കെ ചിന്തിക്കുന്ന പ്രണയങ്ങൾ ഏറെക്കാലം നിലനിൽക്കില്ല.

4 നല്ല കേൾവിക്കാരാകാം‌

പങ്കാളിയ്ക്കു പറയാനുള്ള കാര്യങ്ങൾ എല്ലാം ക്ഷമയോടെ കേൾക്കാൻ തയ്യാറാവണം. നല്ല കേൾവിക്കാരനായാൽ മാത്രമേ പ്രണയിതാവിന്റെ ഇഷ്ടങ്ങൾ മനസിലാക്കാനും കഴിയൂ.

5 കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കാതിരിക്കൂ

ചിലരുണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും എവിടെയെങ്കിലും ഒരു കുറ്റം കണ്ടുപിടിച്ചിരിക്കും. ഇതു സ്നേഹിക്കുന്നയാളുടെ മനസിനെ എത്രത്തോളം വേദനിപ്പിക്കുമെന്നും ഓർക്കില്ല. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും വിമർശനങ്ങളും ഒക്കെയാവാം, പക്ഷേ എല്ലായ്പ്പോഴും ഇതുതന്നെയായാൽ ബന്ധം തകരാന്‍ വേറൊന്നും വേണ്ട.

6 അഭിനന്ദനങ്ങൾ ആവോളമാവാം

പ്രണയിക്കുന്നയാൾ ചെയ്യുന്ന ചെറിയ കാര്യങ്ങളെപ്പോലും അഭിനന്ദിക്കാം. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നതിനേക്കാൾ സന്തോഷം നൽകുന്നവയാണ് അഭിനന്ദനങ്ങൾ

7 തെറ്റുകൾ അംഗീകരിക്കാം‌

ഞാൻ മാത്രമാണു ശരി, എനിക്കു തെറ്റു പറ്റില്ല എന്ന മനോഭാവം ആദ്യം മാറ്റണം. തെറ്റു പറ്റാത്തവരായി ആരുമില്ല. തനിക്കു തെറ്റുപറ്റിയെന്നു തോന്നിയാൽ അത് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നതിലാണു മഹത്വം.

8 ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണ്ടറിഞ്ഞു ചെയ്യാം

പങ്കാളിയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിർബന്ധബുദ്ധി ചെലുത്താതിരിക്കാം. പ്രണയത്തിനു വേണ്ടി ചിലപ്പോഴൊക്കെ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കുന്നതിലും കുഴപ്പമില്ല. ഒരാള്‍ ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാകുമ്പോൾ സ്വാഭാവികമായും പ്രണയിതാവും തന്റെ ഇഷ്ടങ്ങൾ നീക്കിവയ്ക്കാനും ഇഷ്ടക്കേടുകൾ പലതും അംഗീകരിക്കാനും തയ്യാറാവും.

9 താരതമ്യം വേണ്ടേവേണ്ട

ഒരിക്കലും മറ്റൊരാളെ ചൂണ്ടിക്കാട്ടി അതുപോലെ പ്രണയിക്കാൻ നിർബന്ധിക്കരുത്. ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിന് അനുസരിച്ചാണ് പ്രണയിക്കുക. മറ്റൊരാളുടേതു പോലെ ആകുവാൻ പറയുമ്പോൾ അത് അനുകരണം മാത്രമാകും, അത്തരം പ്രണയങ്ങളിൽ അധികം വൈകാതെ യഥാർഥ സ്വഭാവം പുറത്തു വരുകയും പിന്നീട് അംഗീകരിക്കാൻ കഴിയാതെ വരികയും ചെയ്യും.

10 സ്നേഹം അളക്കേണ്ട

പ്രണയിക്കുമ്പോൾ അളവും തൂക്കവുമൊന്നും നോക്കേണ്ട. തനിക്കു കിട്ടുന്ന പ്രണയത്തേക്കാൾ ഇരട്ടി തിരിച്ചു പ്രണയിക്കാം.