Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലമല്ലിത് അതിജീവനം; വിസ്മയമായൊരു ഫോട്ടോഷൂട്ട്

Not as simple, But I conquered Not as simple, But I conquered. Model: Deepthi, Photo : Harikrishnan.

ഇവരെ നമുക്ക് പരിചയപ്പെടണമെന്നാഗ്രഹമുണ്ടെങ്കിലും കണ്ടാൽ മിണ്ടാൻ നമ്മൾ മടിക്കും. സമൂഹം ഏർപ്പെടുത്തിയ ചില വിലങ്ങുകൾ ആൺ പെൺ മനസുകളിൽ ഇവർക്കുമീതെയുണ്ട്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസും അല്ലെങ്കിൽ പെണ്ണിന്റെ ശരീരവും ആണിന്റെ ചിന്തകളുമായി തങ്ങളുടെ നിലനിൽപിനുവേണ്ടി പോരടിക്കുന്നവർ ശസ്ത്രക്രിയയിലൂടെ ശാരീരികമാറ്റങ്ങൾ വരുത്തിയാലും സമൂഹം മനസുകൊണ്ട് അംഗീകരിക്കാത്തവർ...ട്രാൻസ് എന്ന ചിത്രപ്രദർശനം കാണിച്ചു തന്നതിവരുടെ പ്രശ്നങ്ങളും ജീവിത കാഴ്ചപ്പാടുകളും നൊമ്പരങ്ങളുമാണ്. 'വനിത' മാഗസിൻ ഫൊട്ടോഗ്രാഫർ ഹരികൃഷ്ണന്റെ ഫ്രെയിമുകൾ കാഴ്ചക്കാരുടെ മനസിൽ ആഴത്തിൽ പതിയുന്നവയാണ്. ട്രാൻസ് ജെൻഡർ ആയവരെക്കണ്ടപ്പോഴുള്ള കൗതുകം, അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഒക്കെയാണ് പോപ്പ് ആർട്ട് ശൈലിയിൽ എടുത്തിരിക്കുന്ന ഈ ചിത്രങ്ങളിലൂടെ ഹരികൃഷ്ണൻ കാണിച്ചുതരുന്നതും. 1950കളിൽ ഇംഗ്ലണ്ടിലും പിന്നീട് അമേരിക്കയിലും തരംഗമായ പോപ്പ് ആർട്ട് (Pop Art) ശൈലിയാണ് ഈ ഫോട്ടോ സീരീസ്. ആശയത്തെ നേരിട്ട് ആസ്വാദകനിലേക്ക് എത്തിക്കാനുള്ള ശക്തിമായ ഉപാധിയായിട്ടാണ് പോപ്പ് ആർട്ട് ഫൊട്ടോഗ്രഫി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞ, നീല, ചുവപ്പ്, പച്ച, കറുപ്പ് തുടങ്ങി പോപ്പ് ആർട്ടിസ്റ്റുകൾ കൂടുതലായി ഉപയോഗിക്കുന്ന നിറങ്ങളാണ് ഈ ഫോട്ടോ സീരീസിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് കേവലം ഫ്രെയ്മുകൾക്ക് വർണം ചാർത്തുന്ന നിറക്കൂട്ടുകളല്ല; ചിത്രങ്ങളിലെ വ്യക്തികൾ ലോകത്തിനു വെളിപ്പെടുത്തുന്ന അവരുടെ മനസിന്റെ ആഹ്ളാദമാണ്. യാഥാസ്ഥിതിക സമൂഹം അവർക്ക് നിഷേധിച്ച വർണങ്ങളുടെ ആഘോഷമാണ്. എട്ട് ചിത്രങ്ങളിലൂടെ മൂന്ന് മോഡലുകൾ കാഴ്ചക്കാർക്ക് ചില മുറിപ്പാടുകൾ സമ്മാനിക്കുന്നുണ്ട്.

തങ്ങളുടെ മനസറിവില്ലാതെ കിട്ടിയ ജീവിതം മുറുകെപ്പിടിച്ച് നൊമ്പരങ്ങൾ മറന്ന് ഇവർ ജീവിക്കുകയാണ്. അതിശക്തമായ അതിജീവനത്തിന്റെ നേർക്കാഴ്ചകളാണിവയൊക്കെയും. സോനു,ദീപ്തി,ശീതൾ എന്നിവരാണ് ഹരിയുടെ ഫ്രെയിമുകളിലൂടെ നമ്മുടെ മനസ് കീഴടക്കുന്നത്.

Mind or Body, Which is the nest Mind or Body, Which is the nest. Model: Sheetal, Photo : Harikrishnan.

ശീതൾ (തൃശൂർ)

മോഡൽ ആകുവാനുള്ള വിളിവന്നപ്പോൾ ഒരു പാട് സന്തോഷവും അഭിമാനവും തോന്നി. ജനങ്ങൾക്ക് ട്രാൻസ്ജെൻഡറായ ആൾക്കാരെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റിയെന്നാണ് അഭിനന്ദനങ്ങളിൽ നിന്ന് മനസിലാകുന്നത്. ഞങ്ങളെപോലുള്ള പലർക്കും ഈ ഫൊട്ടോഷൂട്ട് നല്ലൊരും പ്രചോദനമാണ്. ട്രാൻസ് ജെൻഡർ ബോഡിയെ ആളുകൾ മനസിലാക്കുന്നതിൽ സന്തോഷം.

In climax...but only between ears In climax...but only between ears. Model: Sheetal, Photo : Harikrishnan.

ദീപ്തി (ഗുരുവായൂർ)

ട്രാൻസ് ജെൻഡറായതിൽ ഏറ്റവും സന്തോഷം തോന്നുന്നതിപ്പോഴാണ്, ട്രാൻസ്ജെൻഡറായതിൽ ഇതുവരെ സന്തോഷം തോന്നിയിരുന്നില്ല...എന്നാൽ TRANS എന്ന ചിത്രപ്രദർശനം കഴിഞ്ഞതോടെ ധാരാളം അഭിനന്ദനങ്ങൾ വരുന്നു. സ്ത്രീയായി പരിഗണിക്കപ്പെടുന്നതിൽ സന്തോഷം. ഇപ്പോൾ ബാംഗ്ളൂരിലാണ്, ഇവിടെയും ആളുകൾ തിരിച്ചറിയുന്നു. ഫൊട്ടോഷൂട്ടിന് വരുമ്പോൾ പേടിയുണ്ടായിരുന്നു, ആളുകൾ ഇതെങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച്. ശീതളും സോനുവും നല്ല സപ്പോർട്ട് തന്നു.

സുഹൃത്ത് അനന്യയുമൊത്താണ് എക്സിബിഷൻ കാണാനെത്തിയത്. അനന്യയ്ക്ക് റേഡിയോ ജോക്കിയാവുക എന്നത് ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു, എകിസിബിഷനെത്തിയപ്പോൾ ഫൊട്ടോഗ്രാഫർ ഹരികൃഷ്ണനോട് ഈ ആഗ്രഹം പങ്കുവച്ചു, പിറ്റേദിവസം രാവിലെ തയ്യാറാകണം ഒരു സ്ഥലം വരെ പോകുവാനുണ്ടെന്ന് വൈകിട്ട് ഹരികൃഷ്ണൻ പറഞ്ഞിരുന്നു. രാവിലത്തെ യാത്ര റേഡിയോ മാംഗോയുടെ ഓഫിസിലേക്കായിരുന്നു. നീനയോടൊപ്പം ടൈം പാസ് എന്ന പരിപാടിയുടെ ഭാഗമാകാൻ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ RJ ആയി റേഡിയോ മാംഗോയിൽ അനന്യ ടൈ പാസിൽ പരിപാടി അവതരിപ്പിച്ചു. ട്രാൻസ് ജെൻഡറാണെന്ന് പറയുന്നതിൽ ഇപ്പോൾ അഭിമാനമുണ്ട്, ധാരാളം അവസരങ്ങൾ ഞങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Scissored the curls away...in tune to dips and ups. Scissored the curls away...in tune to dips and ups.. Model: Sonu and Deepthi Photo : Harikrishnan.

സോനു (തിരുവന്തപുരം)

ട്രാൻസ്ജെൻഡർ ആയ ആൾക്കാർക്കുവേണ്ടിയുള്ള സംഘടനകളിലെ സജീവ പ്രവർത്തകനാണ്, ബോധവത്ക്കരണപരിപാടികളിലൂടെ ട്രാൻസ് ജെൻഡറായ ആൾക്കാർക്ക് കൂടുതൽ ആത്മവിശ്വാസം പകരാമെന്ന് വിശ്വസിക്കുന്നു. ആദ്യമായിട്ടാണ്  ഫൊട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാകുമെന്ന് വിശ്വസിക്കുന്നു.

Mirroring you and Me. Am in you, You are in me Mirroring you and Me. Am in you, You are in me. Model: Sonu Photo : Harikrishnan.

വെല്ലുവിളികൾ‌...

ഭിന്നലിംഗക്കാരായ വ്യക്തികളെ മോഡലാക്കി ഒരു ഫോട്ടോ ഷൂട്ട്. അതും ന്യൂഡ് ഫൊട്ടോഗ്രഫി. എന്നാൽ, ഈ വിഭാഗത്തിൽ പെട്ട ആളുകൾ നേരിടുന്ന സാമൂഹികവും വ്യക്തിപരവും വൈകാരികവുമായ അവസ്ഥകൾ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന ഒന്നാവണം ആ ഫോട്ടോ സീരീസ്, അല്ലെങ്കിൽ അതും അവരെ ചൂഷണം ചെയ്യുന്ന ഒന്നാകില്ലേ എന്ന ചിന്തകളിൽ നിന്നും രൂപം കൊണ്ടതാണ് ഇതിന്റെ ഫ്രെയിം ബ്യൂട്ടി. കൊച്ചിയിലെ ഷൂട്ടിങ് ഫ്ലോറിൽ നാല് മണിക്കൂറുകൊണ്ടാണ് ഈ എട്ട് ചിത്രങ്ങളും എടുത്തത്.

Miseries to showering ecstasy Miseries to showering ecstasy. Model: Sheetal, Photo : Harikrishnan.

കൃത്രിമത്വത്തിന്റെ നേർക്കാഴ്ചകളാണിതൊക്കെയെന്ന് പറയുവാൻ ഇവിടെ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ ഒന്നും പ്രകൃതിദത്തമല്ല. കത്രിക, കടലാസ് പക്ഷികൾ, ഫ്ളെക്സ്, പ്ലാസ്റ്റിക് കസേര, സിന്തറ്റിക് നിറങ്ങൾ... എന്നിങ്ങനെ കൃത്രിമവും നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്നതുമായ വസ്തുക്കളാണ് കലാബിംബങ്ങളായി മാറുന്നത്. ജന്മം കൊണ്ട് പ്രകൃതി വരയ്ക്കുന്ന അസ്തിത്വത്തിന് അപ്പുറം മനസും ജീവിതപരിസരങ്ങളും സാഹചര്യങ്ങളും ഒരു വ്യക്തിയുടെ സ്വത്വബോധത്തെ സ്വാധീനിക്കും എന്നടയാളപ്പെടുത്തുകയാണ് ഈ ബിംബങ്ങളിലൂടെ.

This may his glare, so i am special This may his glare, so i am special. Model: Sheetal, Photo : Harikrishnan.

ഞാൻ നിന്നിലുണ്ട്, നീ എന്നിലും

നിറം വാരിപ്പൂശി നിൽക്കുന്ന പുരുഷശരീരമുണ്ടായിരുന്ന സ്ത്രീ, ജന്മം സമ്മാനിച്ച ദൗർഭാഗ്യത്തിൽ നിന്നും മോചനം നേടിയവൾ, കൂട് തുറന്നു വിട്ട കടലാസു കിളികൾ മനസാണോ ശരീരമാണോ കൂട് എന്ന് കാഴ്ചക്കാരോട് ചോദിക്കുന്നു...മഞ്ഞ നിറത്തിന്റെ പശ്ചാത്തലത്തിൽ മുഖം തേടുന്ന കണ്ണാടിയുമായി ഒരു ചിത്രമുണ്ട്, സോനുവിന്റെ ചിത്രം. ഞാൻ നിന്നിലുണ്ട്, നീ എന്നിലും... കണ്ണാടിയിൽ സ്വന്തം രൂപം കാണുമ്പോൾ കാഴ്ചക്കാരൻ പതറും, ഇത് ഞാൻതന്നെയണല്ലോ എന്ന തിരിച്ചറിവ് അവന് അസ്വസ്ഥതയുണ്ടാക്കും. 

Don't lie...I know all the colours Don't lie...I know all the colours. Model: Sheetal, Photo : Harikrishnan.

The Two Fridas

പ്രശസ്തയായ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോയുടെ The Two Fridas എന്ന ചിത്രത്തിന്റെ ആവിഷ്കാരമാണ് Scissored the curls away...in tune to dips and ups എന്ന ചിത്രം.  ഫ്രിഡയുടെ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും അവർ കരകയറിയത്, അവരുടെ ദ്വന്ദവ്യക്തിത്വത്തിന്റെ പ്രതിരൂപങ്ങളായി വിശദീകരിക്കപ്പെടുന്ന ചിത്രങ്ങൾ. TRANS ന്റെ  പ്രതിസന്ധികളിൽ നിന്ന് മികവിലേയ്ക്കുള്ള ഉയർച്ചയാണ് Scissored the curls away കാണിച്ചു തരുന്നത്. സോനുവും ദീപ്തിയുമാണ് ഈ ചിത്രത്തിൽ.

The Two Fridas The Two Fridas is an oil painting by Mexican artist Frida Kahlo.

ആൾക്കാർക്ക് ഇവരോടുള്ള അരുതായ്ക(ഭയം) മാറ്റുക, അവരുടെ വേദനകളുടെ നേർക്കാഴ്ചകളാവുക എന്ന ലക്ഷ്യത്തിനുള്ള അംഗീകാരമായിട്ടാണ് കാഴ്ചക്കാരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആണിനെയും പെണ്ണിനെയും പോലെ ഈ ഭൂമിയുടെ അവകാശികളാണ് ട്രാൻസ് എന്ന വിളിപ്പേരുള്ള ഈ ഭിന്നലിംഗ സമൂഹവും എന്ന സത്യം വിളിച്ചു പറയുകയാണ് ഹരികൃഷ്ണന്റെ ഓരോ ഫ്രെയ്മുകളും. കാഴ്ചകളാവട്ടെ കാഴ്ചക്കാരുടെ കണ്ണുകളിലല്ല... മനസിലാണ്.

Harikrishnan ഹരികൃഷ്ണൻ

Photographer

Hari Krishnan

Mail ID- hariphotograph@gmail.com

Phone - 9656282519