Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ടിൽ തപ്പുന്ന ഭിന്നലിംഗക്കാർ, അവസാനമില്ലാത്ത ചൂഷണങ്ങൾ 

Transgender Representative image

ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായി ഒരു നയം രൂപീകരിച്ച സംസ്ഥാനം എന്ന പേരിൽ കേരളത്തിന്റെ പേര് ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. 2015 ൽ 20 പേജുകളിലായി എഴുതപ്പെടുകയും അംഗീകാരം നേടുകയും ചെയ്ത ട്രാൻസ്‌ജെൻഡർ പോളിസി പ്രകാരം സ്ത്രീയെയും പുരുഷനെയും പോലെ മൂന്നാം ലിംഗമായി ഭിന്നലിംഗക്കാരെയും അംഗീകരിച്ചു. ഇത് പ്രകാരം സർക്കാരിന്റെ എല്ലാവിധ അപേക്ഷകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്ഥാനം ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാനും തീരുമാനമായി. ഒപ്പം എല്ലാ ഭിന്നലിംഗക്കാർക്കും സൗജന്യ നിയമ സംരക്ഷണത്തിനും തീർപ്പായി. എന്നാൽ ഇതുകൊണ്ട് മാത്രം ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായോ? ഇല്ലെന്ന് ഉറപ്പിച്ചു പറയുന്നത് ഈ വിഭാഗത്തിൽപ്പെട്ടവർ  തന്നെയാണ്. 

സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യമായി ഭിന്നലിംഗക്കാരെ കാണണം എന്ന് നിയമം വന്നു. എന്നാൽ ഈ നിയമം ഇപ്പോഴും കടലാസിനുള്ളിൽ മാത്രമായി ഒതുങ്ങിക്കിടക്കുകയാണ്. തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്നതിന് താല്പര്യം കാണിക്കുന്ന ഭിന്നലിംഗത്തിൽപ്പെട്ടവർക്ക് വേണ്ടപിന്തുണയോ തൊഴിലോ ലഭിക്കുന്നില്ല. ഇനി ദിവസക്കൂലിക്ക് എന്തെങ്കിലും തൊഴിൽ ലഭിച്ചാലോ, വേതനത്തിന്റെ കാര്യം വരുമ്പോൾ അവിടെ തഴയപ്പെടുന്നു. ഭിന്നലിംഗത്തിൽപ്പെട്ടവർ പൊതുവെ കായികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യാനാണ് താത്പര്യപ്പെടുന്നത്. കരകൗശലവസ്തുക്കളുടെയും നിത്യോപയോഗ വസ്തുക്കളുടെയും നിർമ്മാണം, അടുക്കളത്തോട്ടം തുടങ്ങി ചെറുകിട സംരംഭങ്ങളിലൂടെ ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഇക്കൂട്ടർക്ക് കഴിയുമെങ്കിലും അതിനായുള്ള സാമൂഹിക പിന്തുണ ലഭിക്കുന്നില്ല. അതിനാൽ ജീവിക്കാൻ മാർഗ്ഗങ്ങൾ ഇല്ലാതെ വരുമ്പോൾ തെരുവിലേക്കിറങ്ങാൻ നിര്‍ബന്ധിതരാകുന്നവർ നിരവധി. 

Transgender Representative image

''ട്രാൻസ്‌ജെൻഡർ പോളിസി രൂപീകരിച്ചപ്പോൾ അതിനെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ, അതിൽ പറയുന്ന പലകാര്യങ്ങളും ഫലത്തിൽ വന്നിട്ടില്ല. ഇപ്പോഴും ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സമൂഹത്തിൽ നിന്നുള്ള അവഗണന തന്നെയാണ്. ആ അവസ്ഥ ഒന്ന് മാറിക്കിട്ടിയാൽ തന്നെ വലിയൊരു പരിധി വരെ ആശ്വാസമാകും. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ, ഭിന്നലിംഗക്കാർ എന്നത് സമൂഹത്തിന് ഇപ്പോഴും ഒരു കൗതുക വസ്തുവാണ്. തൊഴിൽ ചെയ്ത് അന്തസ്സായി ജീവിക്കാനുള്ള അവകാശം ഞങ്ങൾക്ക് നിഷേധിക്കുന്നത്  ഈ സമൂഹം തന്നെയാണ്'' ട്രാൻസ്ജെൻഡറായ സീമ പറയുന്നു. 

തൊഴിലില്ലായ്മ തന്നെ പ്രധാന പ്രശ്‌നം

ജീവിക്കുവാനായി കൽപ്പണി മുതൽ അടുക്കളപ്പണി വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഭിന്നലിംഗക്കാരുണ്ട്. എന്നാൽ യാതൊരു കാരണവശാലും ഭിന്നലിംഗക്കാർക്ക് ജോലി നൽകില്ലെന്ന വാശിയിലാണ് സമൂഹം. വ്യാജഭിന്നലിംഗക്കാർ സമൂഹത്തിന് ബോധിക്കാത്ത രീതിയിൽ പിടിച്ചുപറിയും ലൈംഗിക വ്യാപാരവും ഒക്കെയായി നടക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. 3000 ൽ പരം ഭിന്നലിംഗക്കാർ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്, എന്നാൽ ഇതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് മേൽപ്പറഞ്ഞ തൊഴിലിൽ ഏർപ്പെടുന്നത്. എന്നാൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ ഒന്നടങ്കം പ്രതിഫലിക്കുന്നതാകട്ടെ ഇവരുടെ പ്രതിച്ഛയായും.

ഇക്കാരണത്താലാണ് ജീവിക്കുന്നതിന് വേണ്ടി പല ഭിന്നലിംഗക്കാരും സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് പലതൊഴിലും സ്വീകരിച്ച് ജീവിക്കുന്നത്. ''കൊച്ചിയിൽ വന്ന ശേഷം ജോലിയെടുത്ത ജീവിക്കണം എന്ന ആഗ്രഹത്തോടെ ഞാൻ പല തൊഴിൽ ദാതാക്കളെയും സമീപിച്ചു. എന്നാൽ എല്ലായിടത്തു നിന്നും നിരാശയായിരുന്നു ഫലം. ചിലയിടങ്ങളിൽ മോശം പ്രതികരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജോലി മതിയാക്കേണ്ടി വന്നു. ഏറെ ക്ലേശിച്ചത് ശേഷമാണ്, കൊച്ചിയിൽ അത്യാവശ്യം ഭേദപ്പെട്ട ശമ്പളത്തോടെ ഒരു നല്ല ജോലി ലഭിക്കുന്നത്. എന്നാൽ അപ്പോൾ തടസ്സമായി വന്നത് താമസസൗകര്യമായിരുന്നു. എന്റെ ശമ്പളത്തിന് തുല്യമായ വാടക നൽകിയാണ് താമസസൗകര്യം കണ്ടെത്തിയത്'' കൊച്ചിയിൽ താമസക്കാരിയായ ട്രാൻസ്‌ജെൻഡർ തൃപ്തി പറയുന്നു.

Transgender Representative image

സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്നവർക്ക് പിന്നെയും ഒരു വിജയസാധ്യതയുണ്ട്. അതുകൊണ്ടാണ് ഒട്ടുമിക്ക ഭിന്നലിംഗക്കാരും മേക്കപ്പ് പോലെയുള്ള സ്വയം തൊഴിൽ രംഗം സ്വീകരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിനും വേണ്ടത്ര സർക്കാർ പിന്തുണ ലഭിക്കുന്നില്ല. 

താമസം ഷെഡുകളിലും നാലാംകിട ലോഡ്ജുകളിലും 

സ്വസ്ഥമായി അന്തിയുറങ്ങാൻ ഒരു കിടക്കപ്പായ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നമ്മുടെ നാട്ടിലെ ഭിന്നലിംഗക്കാർക്ക് ഇങ്ങനെ ആശിക്കാൻ അവകാശമില്ല. ഇനി അഥവാ അങ്ങനെ ഒരാഗ്രഹം അവരുടെ മനസ്സിൽ ഉണ്ട് എങ്കിൽ ഭിന്നലിംഗക്കാർ എന്ന ഐഡന്റിറ്റി മറച്ചു വച്ചുകൊണ്ടാവണം ആഗ്രഹം പൂർത്തീകരിക്കാൻ. കൊച്ചി നഗരത്തിൽ സൗത്ത്, കലൂർ ഭാഗങ്ങളിലായി വളരെ ചുരുങ്ങിയ സൗകര്യങ്ങളോടു കൂടിയ ലോഡ്ജുകളിലാണ് ഭീന്നലിംഗക്കാർ താമസിക്കുന്നത്. ഇതിനായി ഈടാക്കുന്നതാകട്ടെ കഴുത്തറപ്പൻ വാടകയും. സ്ത്രീരൂപത്തിലേക്ക് മാറുവാൻ മാത്രമല്ല, സ്ത്രീകൾ ആഗ്രഹിക്കുന്ന സുരക്ഷ ഇവരും ആഗ്രഹിക്കുന്നു എന്നതിനാൽ വരുമാനം മുഴുവൻ വാടകയിനത്തിൽ പോകുകയാണ് ചെയ്യുന്നത്. വാടകവീടുകൾ ഭിന്നലിംഗത്തിൽപ്പെട്ടവർക്ക് ലഭ്യമല്ല, വനിതകളുടെ ഹോസ്റ്റലിലും പുരുഷന്മാരുടെ ഹോസ്റ്റലിലും പ്രവേശനമില്ല, പിന്നെ എവിടെയാണ് ഭിന്നലിംഗത്തിൽപ്പെട്ടവർ അന്തിയുറങ്ങേണ്ടത്? പരിഹാരം ഒന്നേയുള്ളൂ ഭിന്നലിംഗത്തിൽപ്പെട്ടവർക്ക് താമസിക്കുന്നതിനായി ജില്ലയിൽ ഒന്ന് എന്ന രീതിയിലെങ്കിലും ഒരു ഹോസ്റ്റൽ സർക്കാർ ആരംഭിക്കുക. 

പഠിക്കാൻ ആഗ്രഹമുണ്ട് , പക്ഷെ വഴിയെവിടെ ?

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഭിന്നലിംഗക്കാരിയായ പ്രീതിക ഈ വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് ഓഫീസറായി സ്ഥാനമെടുത്തപ്പോൾ ആ സംഭവത്തെ ഏറെ അഭിമാനത്തോടെയാണ് കേരളം നോക്കിക്കണ്ടത്. എന്നാൽ, ഇവിടുത്തെ ഭിന്നലിംഗക്കാർക്ക് എന്തുകൊണ്ട് അതിനു സാധിക്കുന്നില്ല? ഉത്തരം ഒന്നേയുള്ളൂ, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത. ഇന്ന് സമൂഹത്തിൽ കാണുന്ന ഭിന്നലിംഗക്കാരിൽ നല്ലൊരുപങ്കും പലവിധ സാമൂഹിക സമ്മർദ്ദങ്ങളാൽ പഠിത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ്. ഇവരിൽ പലരും തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ട് എങ്കിലും അതിനുള്ള സാഹചര്യങ്ങൾ വിരളമാണ്. 

Transgender Representative image

'ഭിന്നലിംഗക്കാരെ സാമൂഹികവും സാമ്പത്തികവുമായ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് അവർക്ക് മികച്ചരീതിയിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനുള്ള നടപടികൾക്ക് സർക്കാർ തന്നെ നേതൃത്വം നൽകണം. ഭിന്നലിംഗക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ റെസിഡൻഷ്യൽ സ്‌കൂൾ തുറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ, ഇത്തരം നടപടികൾക്ക് പിന്തുണ നൽകി സർക്കാർ മുന്നോട്ട് വരികയാണെങ്കിൽ അതൊരു ചരിത്രമാകും', ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റായ വിജയരാജമല്ലിക പറയുന്നു. 

അവസാനമില്ലാത്ത ചൂഷണങ്ങൾ 

താൻ ഒരു ഭിന്നലിംഗക്കാരി / ഭിന്നലിംഗക്കാരൻ ആണ് എന്ന് ഒരു വ്യക്തി തിരിച്ചറിയുന്ന നിമിഷം മുതൽ പലവിധ ചൂഷണങ്ങൾക്കും ആ വ്യക്തി വിധേയനായിക്കൊണ്ടിരിക്കും. സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായി നടന്ന പഠനപ്രകാരം 51% ഭിന്നലിംഗക്കാർക്ക് അവർ ഭിന്നലിംഗക്കാരാണ് എന്ന ഒറ്റക്കാരണം കൊണ്ട് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നു. തൊഴിലിടങ്ങളിൽ തൊഴിൽ നിഷേധിക്കപ്പെടുന്നവരുടെ നിരക്ക് 100% ആണ്.54% ഭിന്നലിംഗക്കാരുടെ മാസാവരുമാനം 5000 രൂപയ്ക്ക് താഴെയാണ്.11.6% ഭിന്നലിംഗക്കാർക്ക് മാത്രമേ സ്ഥിരമായ തൊഴിലും വരുമാനവും ഉള്ളൂ.

52% ഭിന്നലിംഗക്കാർക്ക് പൊലീസിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ 70.3% ഭിന്നലിംഗക്കാർക്ക് ആവശ്യം എന്തായാലും പോലീസിനെ സമീപിക്കാൻ ഭയമാണ്. 89% ഭിന്നലിംഗക്കാർ തൊഴിലിടങ്ങളിൽ പലവിധത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. 28% ഒരു വർഷത്തിനുള്ളിൽ പങ്കാളികളാൽ തന്നെ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഭിന്നലിംഗക്കാരാണ് എന്ന കാരണം കൊണ്ട് തങ്ങൾ നേരിടുന്ന ആക്രമങ്ങൾക്കുമേൽ പരാതി നൽകാൻ ധൈര്യപ്പെടാത്തത് 98% ആളുകളാണ്. സമൂഹം ഒറ്റപ്പെടുത്തുമോ എന്ന ഭയം കാരണം തങ്ങളുടെ ഭിന്നലിംഗവ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നവരുടെ നിരക്ക് 78% ആണ്. 51% പേര് കുടുംബത്തിൽ നിന്ന് തന്നെ തങ്ങളുടെ ഭിന്നലിംഗവ്യക്തിത്വം ഒളിച്ചു വയ്ക്കുന്നു.

44% ഭിന്നലിംഗക്കാർ തങ്ങളുടെ വ്യക്തിത്വവും ശരീരവും തമ്മിൽ താതാത്മ്യം പ്രാപിക്കാത്തതിൽ ലജ്ജിച്ച് കഴിയുന്നു. 81% ഭിന്നലിംഗക്കാർ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വം മാറ്റാൻ ആഗ്രഹിക്കുന്നു, എന്നാൽ വേണ്ട പിന്തുണ ലഭിക്കാത്ത കാരണത്താൽ നടക്കാതെ പോകുന്നു. 91% ഭിന്നലിംഗക്കാരും ലിംഗമാറ്റ  ശസ്ത്രക്രിയക്ക് വിധേയരാകാത്തവരാണ്. 41% ഭിന്നലിംഗക്കാർ സമൂഹം തങ്ങളെ അംഗീകരിക്കില്ല എന്ന ധാരണയിൽ തന്നെ ജീവിക്കുന്നവരാണ്.  സർക്കാർ പുറത്തുവിട്ട കണക്കുകളാണിവ, ഇവയെ മുൻനിർത്തിയാണ് ആദ്യത്തെ ട്രാൻസ്‌ജെൻഡർ പോളിസി കേരളം രൂപീകരിച്ചതും. എന്നാൽ ആർക്കാണ് അതിന്റെ ഫലം ലഭിക്കുന്നത് എന്ന ചോദ്യത്തിന് മുന്നിൽ എല്ലാവരും നിശ്ശബ്ദരാകുന്നു. 

പരിമിതികളിൽ മുങ്ങിയ ട്രാൻസ്‌ജെൻഡർ പോളിസി 

സർക്കാർ നേതൃത്വത്തിലുള്ള പദ്ധതികളിൽ ജോലി, പ്രത്യേക പരിഗണന, സൗജന്യ നിയമസഹായം തുടങ്ങി ട്രാൻസ്‌ജെൻഡർ പോളിസി പ്രകാരം ഭിന്നലിംഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ അക്കമിട്ടു പറയുമ്പോഴും ഇതെല്ലം എപ്പോൾ എങ്ങനെ എവിടെ നിന്നും ലഭ്യമാകും എന്ന കാര്യത്തിൽ ആശങ്കമാത്രം ഫലം. നിയമത്തിന്റെ കണ്ണിൽ പെടാതിരുന്ന ഭിന്നലിംഗക്കാർ ഇന്ന് നിയമത്തിന് മുന്നിലെത്തി, അങ്ങനെ എന്നെങ്കിലും ഒരിക്കൽ പദ്ധതിയുടെ ഫലം തങ്ങൾക്ക് ലഭ്യമാകും എന്ന പ്രതീക്ഷയിൽ പ്രതികരിക്കാതെ ഇരിക്കുകയാണ് ഭിന്നലിംഗക്കാർ.

അതേസമയം, ട്രാൻസ്‌ജെൻഡർ പോളിസിയിലെ അപാകതകൾ തുടരുകയും ചെയ്യുന്നു.  കേരളത്തിന്റെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയില്‍ ഭിന്നലിംഗക്കാരെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള വകുപ്പില്ല എന്നത് തന്നെയാണ് പ്രധാന പോരായ്മ. കാരണം ഇവിടുത്തെ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം ഇത്തരത്തിലുള്ള അവഗണനയും കാലിയാക്കളുമാണ്. ഭിന്നലിംഗക്കാരുടെ കാര്യത്തില്‍ പഴയ ബ്രിട്ടീഷ് നിയമങ്ങള്‍ തന്നെയാണ് ഇപ്പോഴും തുടർന്ന് വരുന്നത്. അതായത് ഭിന്നലിംഗക്കാർ  വിവാഹിതരായാല്‍ സ്വത്തുസംബന്ധിച്ചതും അനന്തരാവകാശികളെ സംബന്ധിച്ചതുമായ കാര്യങ്ങൾക്കുമേൽ ട്രാൻസ്‌ജെൻഡർ പോളിസിയിൽ വ്യക്തതയില്ല. മാത്രമല്ല, ഭിന്നലിംഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഭിന്നലിംഗമാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുമുണ്ട്. ഈ നയങ്ങൾക്ക് ഭേദഗതി ആവശ്യമാണ്. 

transgender-01-10-16-2 Representative image

വേണം നിയമസഭയിൽ ഒരു ഭിന്നലിംഗ പ്രതിനിധി 

തങ്ങൾ സമൂഹത്തിന്റെ പല മണ്ഡലങ്ങളിലും തഴയപ്പെടുന്നതിന്റെ പ്രധാന കാരണം, തങ്ങൾക്കു വേണ്ടി സംസാരിക്കാൻ ആരും ഇല്ലാത്തതുകൊണ്ടാണ് എന്ന് ഭിന്നലിംഗക്കാരിൽ പലരും വിശ്വസിക്കുന്നു. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടക്കുന്നുണ്ട് മാർച്ചുകൾ നടക്കുന്നുണ്ട്, എന്നാൽ ഇതുകൊണ്ട് മാത്രമായില്ല. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും, സമൂഹത്തിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഭരണരംഗത്ത് ഒരു ഭിന്നലിംഗ പ്രതിനിധി അനിവാര്യമാണ്. പലവിധ സംവരണങ്ങളുടെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തുന്ന എങ്കിൽ അത് നാളയുടെ വലിയൊരു ശരിയും ചരിത്രവുമാകും.  

( അവസാനിച്ചു )

related stories
Your Rating: