Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ വഴിമുടക്കുന്ന വ്യാജ ഭിന്നലിംഗക്കാർ

transgenders26-9-16-2

ഏതു രംഗത്തും വ്യാജന്മാർ ഉണ്ട് എന്നതുപോലെ തന്നെയാണ് ഭിന്നലിംഗക്കാരുടെ കാര്യത്തിലുമെന്ന് കൊച്ചി നഗരം തെളിവ് സഹിതം സമർത്ഥിക്കുന്നു. ഒരു പക്ഷെ, ഈ വ്യാജന്മാരാണ് ഇന്ന് യഥാർത്ഥ ഭിന്നലിംഗക്കാർ സമൂഹത്തിന്റെ വിവിധ കോണുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിനും വ്യക്തിഹത്യയ്‌ക്കും പിന്നിലെ പ്രധാനകാരണം.

സമയം രാത്രി 11 മണി, കൊച്ചി നഗരത്തിന്റെ തെരുവുകൾ മെല്ലെ മയക്കത്തിലേക്ക് വീണു തുടങ്ങിയിരിക്കുന്നു. നഗര വീഥികൾ വിജനമായി തുടങ്ങുന്ന ഈ സമയത്ത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, സൗത്ത് പാലത്തിന്റെ അടിവശം, കെഎസ്ആർടിസി ബസ്സ്റ്റാൻഡ് , ചിറ്റൂർ റോഡ് എന്നിവിടങ്ങളിൽ ശബ്ദമയമാകും. പെൺചന്തം വരുത്താനുള്ള പാഴ് ശ്രമത്തിൽ അണിഞ്ഞൊരുങ്ങി ഒറ്റയ്ക്കും കൂട്ടമായും നഗരവീഥികൾ പിടിച്ചടക്കുന്ന മനുഷ്യർ. ഭിന്നലിംഗക്കാർ എന്ന പേരിൽ നിരത്തിലിറങ്ങുന്ന ഇക്കൂട്ടർ യഥാർത്ഥ ഭിന്നലിംഗക്കാരല്ല , മറിച്ച് ക്രോസ്സ് ഡ്രെസ്സർ (സ്ത്രീ വേഷം ധരിച്ച ഇറങ്ങുന്ന പുരുഷൻ, മറിച്ചും) മാത്രമാണ് എന്ന് നഗരത്തിൽ അരങ്ങേറുന്ന ചില രാത്രികാല സംഭവങ്ങൾ തന്നെ വ്യക്തമാക്കുന്നു.

ഭിന്നലിംഗക്കാർ എന്ന വ്യാജേന സ്ത്രീ വേഷം ധരിച്ചെത്തുന്ന ഇക്കൂട്ടർ വഴിയാത്രക്കാരെ ഉപദ്രവിക്കുകയും അവരിൽ നിന്ന് പണവും മൊബൈൽ ഫോൺ മുതലയായ വിലപ്പെട്ട വസ്തുക്കളും തട്ടിയെടുക്കുന്നത് ഇവിടെ നിത്യ സംഭവമാകുന്നു. ലൈംഗീക ചേഷ്ടകളും വർത്തമാനങ്ങളുമായി അടുത്തെത്തുന്ന ഇക്കൂട്ടരുടെ പ്രധാനലക്ഷ്യം പിടിച്ചുപറി മാത്രമാണെന്ന് അനുഭവസ്ഥർ പറയുന്നു. കേരളത്തിലെ ഭിന്നലിംഗജനസംഖ്യ ഏകദേശം 3000 ത്തിനടുത്താണ് എന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ കൊച്ചിയിലെ മേൽപ്പറഞ്ഞ ചെറുപ്രദേശങ്ങളിൽ മാത്രം നൂറിൽ പരം 'ഭിന്നലിംഗക്കാരെ' ദിനം പ്രതികാണുന്നു. യഥാർത്ഥ ഭിന്നലിംഗക്കാർ സ്വന്തമായി തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കാനാഗ്രഹിക്കുമ്പോൾ വ്യാജന്മാർ പകൽ സമയങ്ങളിൽ നഗരത്തിലെ ലോഡ്ജുകളിൽ തമ്പടിച്ച് രാത്രികാലങ്ങളിൽ 'ഇര' തേടാനിറങ്ങുന്നു.

transgenders26-9-16-1

''ഭയമാണ് രാത്രി കട പൂട്ടി പുറത്തിറങ്ങാൻ''
'' രാത്രി ആകുമ്പോൾ ഒരുങ്ങി ഇറങ്ങുന്നവരിൽ പലരെയും ഞാൻ പകൽ സമയങ്ങളിലും കണ്ടിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം സാധാരണ പുരുഷന്മാരെപ്പോലെ തന്നെ വേഷം ധരിച്ച് സ്ത്രൈണതയോ ഭാവവ്യത്യാസമോ ഇല്ലാതെയാണ് ഇവരെ കാണാറ്. എന്നാൽ രാത്രി 11 മണി കഴിയുന്നതോടെ ഇവർ സ്ത്രീ വേഷധാരികളായി പുറത്തിറങ്ങും. മിക്കപ്പോഴും കൂട്ടമായാണ് ഇറങ്ങുക. ഹോട്ടലിൽ കയറി പകൽ സമയങ്ങളിൽ ഭക്ഷണം കഴിച്ചശേഷം മാന്യമായി പണവും നൽകി പോകുന്ന ഇക്കൂട്ടർ, രാത്രികാലങ്ങളിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ വിസമ്മതിക്കും. കൂട്ടമായി എത്തുന്ന ഇവരുടെ ലക്‌ഷ്യം വേറെയായതിനാൽ തർക്കിക്കാനും പണം വാങ്ങാനും ഒന്നും ഹോട്ടലുടമകൾ മെനക്കെടാറില്ല. വഴിയാത്രക്കാരുടെ പിന്നാലെ കൂടി പണം വാങ്ങുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അടുത്തിടെ വഴിയാത്രികനായ ഒരാളുടെ മൊബൈൽ തട്ടി എടുത്ത് ഇത്തരത്തിൽ ഒരു പെൺവേഷധാരി ഓടി, ഉടമ പുറകെ ഓടിയെങ്കിലും മൊബൈലുമായി കൂട്ടുകാരുടെ ഇടയിലേക്ക് ഓടിക്കയറിയ ക്രോസ്സ് ഡ്രെസ്സറിൽ നിന്നും ഫോൺ തിരിച്ചു വാങ്ങാൻ ആവശ്യപ്പെട്ട പണം നല്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഈ പ്രദേശത്ത് വളരെ മാന്യമായി ജീവിക്കുന്ന പല ഭിന്നലിംഗക്കാരുമുണ്ട്. ഞങ്ങൾ അവരെ കാണാറുമുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങൾ ക്രിമിനൽ സ്വഭാവവുമായി എത്തുന്ന ഇക്കൂട്ടർ യഥാർത്ഥ ഭിന്നലിംഗക്കാരല്ല എന്നുറപ്പാണ്. മനസ്സ് വച്ചാൽ പൊലീസിന് അത് എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളൂ. സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് വ്യാപാരിയായ അർഷാദ് സാക്ഷ്യപ്പെടുത്തുന്നു.

ഇതുകൊണ്ടും തീർന്നില്ല കാര്യം, ലൈംഗീക തൊഴിലാളികളെ പോലെ ആളുകളോട് അടുക്കാൻ നോക്കുന്ന ഈ വ്യാജ ഭിന്നലിംഗക്കാരുടെ തട്ടിപ്പിന് കൂടുതലും ഇരയാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. കൊച്ചി നഗരത്തിൽ ഇത്തരക്കാർ ഉണ്ട് എന്നും സൂക്ഷിക്കണമെന്നും മലയാളികൾ പഠിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ, വളരെ സൂക്ഷിച്ചതും കണ്ടും മാത്രമേ മലയാളികൾ ഇവരോട് ഇടപെടാറുള്ളൂ. ആയതിനാൽ ലൈംഗീകത്തൊഴിലിനായി നമ്പറുകളും മറ്റും കൈമാറി ബിഹാറികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാർക്കിടയിൽ നിന്നും ഈ വ്യാജന്മാർ വരുമാനം കണ്ടെത്തുന്നു. ഭിന്നലിംഗക്കാർ ഒന്നടങ്കം ലൈംഗീക തൊഴിലാളികളായി മുദ്രകുത്തപ്പെടുന്നത് ഈ വ്യാജന്മാരുടെ ഇത്തരം പ്രവൃത്തികൾ കൊണ്ടുമാത്രമാണ്.

കൊച്ചിക്കാർക്ക് ഭയം കൂട്ടായ ആക്രമണത്തെ
എറണാകുളം സൗത്ത്, കെഎസ്ആർടിസി സ്റ്റാൻഡ്, ചിറ്റൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലെ കാല്‍നടക്കാരായ ജനങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് സ്ത്രീവേഷത്തിൽ എത്തുന്ന ഇക്കൂട്ടർ. ഒതുക്കത്തിൽ കിട്ടിയാൽ ഒരു സംശയവും വേണ്ട പലരീതിയിലുള്ള ആക്രമണവും പ്രതീക്ഷിക്കാം. അതിൽ പ്രധാനം കൂട്ടത്തിൽ ഒരാൾ വന്ന് ബാക്കി കൂട്ടരുടെ അടുത്തേക്ക് ബലം പ്രയോഗിച്ച് വലിച്ചുകൊണ്ട് പോകുക, ദേഹത്ത് വന്ന് 'തട്ടുക' തുടങ്ങിയവയാണ്. രാത്രി 12 മണിക്കും പുലർച്ചെ 4 മണിക്കും ഇടയ്ക്ക് ഈ വഴിക്കുള്ള സഞ്ചാരം ദുഷ്കരം. ഇക്കൂട്ടരെ പേടിച്ച് റംസാൻ സമയത്ത് പുലർച്ചെ പള്ളിയിൽ പോകാൻ പോലും ഭയമായിരുന്നു എന്ന് പ്രദേശവാസി പറയുന്നു.

ചിറ്റൂർ റോഡിൽ അടുത്തിടെ ഇത്തരത്തിൽ സ്ത്രീവേഷധാരിയായി നിന്ന വ്യക്തിയോട് തർക്കിച്ച യുവാവിനെ ഇക്കൂട്ടർ നേരിട്ടത്, സാരി മടക്കിക്കുത്തി പട്ടിക കഷ്ണം എടുത്ത് അടിച്ച് അവശനാക്കിയാണ്. കൂട്ടം ചേർന്നുള്ള ഈ തല്ലിനിടയിൽ സ്ത്രീവേഷധാരികളായ ഇക്കൂട്ടരുടെ പുരുഷന് തുല്യമായ കായികബലം കാഴ്ചക്കാർക്ക് മനസിലായതാണ് എന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് പരാതിപ്പെട്ടിട്ട് യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇദ്ദേഹം കൂട്ടിക്കിച്ചേർത്തു.

transgenders26-9-16-3

നിശ്ശബ്ദരാകുന്ന നിയമപാലകർ
കൊച്ചി നഗരത്തിൽ ഇത്തരത്തിൽ വ്യാജ ഭിന്നലിംഗക്കാർ ക്രമാസമാധാനത്തിനും രാത്രി ജീവിതത്തിനും തടസ്സം സൃഷ്ടിക്കുന്നതായി പലപരാതികൾ കിട്ടിയിട്ടും ഇതിനുമേൽ നടപടി സ്വീകരിക്കാൻ പോലീസുകാർക്ക് കഴിയുന്നില്ല. പിടിക്കപ്പെടുമ്പോൾ ഭിന്നലിംഗക്കാർക്ക് അനുകൂലമായ നിയമങ്ങൾ പറഞ്ഞു തർക്കിച്ചും വനിതാ പോലീസുകാർ ഇല്ലാതെ തങ്ങളെ തൊടാൻ കഴിയില്ലെന്ന് പറഞ്ഞും മറ്റും ഇക്കൂട്ടർ തടിതപ്പുകയാണ് പതിവ്. ഇനി എങ്ങനെയെങ്കിലും സ്റ്റേഷനിൽ എത്തിച്ചാലോ, പുരുഷന്മാരോടൊപ്പം സെല്ലിൽ കിടത്താനാവില്ല, വ്യാജന്മാരാണ് എന്ന് തെളിയിക്കാനുള്ള ശാരീരിക പരിശോധകളും ഉടൻ സാധ്യമാകില്ല. സർക്കാർ പുതിയ ട്രാൻസ്‌ജെൻഡർ പോളിസി രൂപവത്കരിച്ചതിന്റെ ഭാഗമായി ഭിന്നലിംഗക്കാർ പ്രത്യേക നിയമ പരിഗണനന അർഹിക്കുന്നു. എന്നാൽ , പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പിടികൂടപ്പെടുന്നവരിൽ ആരാണ് യാഥാർത്ഥം ആരാണ് വ്യാജൻ എന്നറിയാൻ കഴിയാതെ നിയമപാലകരും വിയർക്കുകയാണ്. അതിനിടയിൽ നിയമപാലകരെ പലവിധത്തിൽ വശത്താക്കുന്നവരും കൂട്ടത്തിൽ ധാരാളം.

ഭിന്നലിംഗക്കാർ അംഗീകരിക്കപ്പെടാൻ വ്യാജന്മാരെ തടഞ്ഞേ തീരൂ
സമൂഹത്തിന്റെ പല ശ്രേണിയിലും ഭിന്നലിംഗക്കാരെ പ്രശ്‌നക്കാരും കൂട്ടത്തിൽ കൂട്ടാൻ കഴിയാത്തവരുമായി ജനങ്ങൾ കാണുന്നുണ്ട് എങ്കിൽ അവരെ കുറ്റം പറയാനാകില്ല. കാരണം, ഭിന്നലിംഗക്കാർ എന്ന പേരിൽ ഈ സമൂഹം ഭൂരിഭാഗവും കാണുന്നതും അറിയുന്നതും ഇത്തരത്തിൽ പിടിച്ചു പറിയും ലൈംഗീക തൊഴിലുമായി നടക്കുന്ന ക്രോസ് ഡ്രെസ്സർമാരെയാണ്. പണം മാത്രം ലക്ഷ്യമിട്ട് എത്തുന്ന ഇവർ യഥാർത്ഥത്തിൽ ഭിന്നലിംഗക്കാരുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. യഥാർത്ഥ ഭിന്നലിംഗക്കാർ പൊതുവെ ശാന്തരും ഏതെങ്കിലും വിധത്തിലുള്ള തൊഴിലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്തി ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്, മാത്രമല്ല അവർ തങ്ങളുടെ വ്യക്തിത്വം സ്വയം തിരിച്ചറിഞ്ഞവരാണ് എന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. മറ്റുള്ളവരെ അകാരണമായി ആക്രമിക്കാനും പണം തട്ടിയെടുക്കാനുമായി നടക്കുന്നവർ യഥാർത്ഥ ഭിന്നലിംഗക്കാർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടത് ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നിലനിൽപ്പിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. അല്ലാത്തപക്ഷം സർക്കാർ ഭിന്നലിംഗക്കാർക്കായി ഏർപ്പെടുത്തിയ നിയമങ്ങളും സ്വീകരിച്ച നയങ്ങളും ലക്‌ഷ്യം കാണാതെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടതായി വരും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് യഥാർത്ഥ ഭിന്നലിംഗക്കാരെ ഉയർത്തിക്കൊണ്ട് വരണമെങ്കിൽ നെല്ലും പതിരും തിരിച്ചറിഞ്ഞേ മതിയാകൂ.

തുടരും....