Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയല്ല ഇവരുടെ തൊഴിൽ, മൂന്നാം ലിംഗക്കാർ വേട്ടയാടപ്പെടുമ്പോൾ... അന്വേഷണ പരമ്പര

transgenders2

സുരക്ഷിതമല്ലാത്ത പെണ്ണിടങ്ങള്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍, സമൂഹം അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു വിഭാഗം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. ആണ്‍ശരീരത്തില്‍ നിന്നും പെണ്‍ശരീരത്തിലേക്ക് കൂടു വിട്ടു കൂടുമാറിയവര്‍, ആണത്വത്തില്‍ നിന്നും സ്ത്രീത്വത്തിലേക്ക് മനസിനൊപ്പം ശരീരവും മാറ്റി പ്രതിഷ്ഠിച്ചവര്‍, സ്വന്തം അസ്തിത്വം അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞവര്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭിന്നലിംഗക്കാര്‍. ജന്മം കൊണ്ടല്ല, തിരിച്ചറിവുകൊണ്ടാണ് ലിംഗനീതി നിശ്ചയിക്കപ്പെടേണ്ടത് എന്ന് മനസിലാക്കി ആണ്‍ പെണ്‍ വേഷപ്പകര്‍ച്ച നടത്തിയ ന്യൂനപക്ഷമായ ആ ജനവിഭാഗം, എന്താണ് ഈ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്? എന്താണ് നാം ഉള്‍പ്പെടുന്ന സമൂഹം അവര്‍ക്ക് സമ്മാനിക്കുന്നത് ? ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇവിടെ സ്ത്രീക്കും പുരുഷനും സുരക്ഷാ നിയമങ്ങള്‍ ഉണ്ട്. സ്ത്രീപീഡനത്തിനും പുരുഷപീഡനത്തിനും കേസുകളും അവ തീര്‍പ്പാക്കാന്‍ അദാലത്തുകളുമുണ്ട്. എന്നാല്‍ ഭിന്നലിംഗക്കാര്‍ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കാര്യത്തിലോ? കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേരിടുന്ന പ്രശ്‌നങ്ങളില്‍ 90 ശതമാനവും ലൈംഗീക അതിക്രമങ്ങള്‍ തന്നെയാണ്. ഈ പ്രശ്‌നത്തിനുമേല്‍ പരാതിപ്പെടാനായി പോലീസ് സ്റ്റേഷനിലെത്തിയ ഒരു ട്രാന്‍സ്‌ജെന്‍ഡറിന് പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയത് കയ്‌പ്പേറിയ അനുഭവം.

പുരുഷന്മാരെ ആകര്‍ഷിക്കുന്നരീതിയില്‍ പെരുമാറുന്നതിന്റെ ഫലമാണ് നീയെല്ലാം നേരിടുന്ന ഈ കടന്നു കയറ്റങ്ങള്‍. ലൈംഗീകത തൊഴിലാക്കി ജീവിക്കുന്നവരല്ലേ നിങ്ങള്‍. എന്റെ കൂടെപ്പോരുന്നോ...? നിയമപാലകന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിന് നല്‍കിയ മറുപടി. അതായത് നിയമത്തിനു മുന്നില്‍ പോലും തഴയപ്പെട്ട അവസ്ഥ.

transgenders1

എന്ത് നിയമമാണ് ഇവിടെ ഞങ്ങള്‍ക്കായിട്ടുള്ളത്? സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലുറപ്പിനേക്കാള്‍ ഞങ്ങള്‍ക്കാവശ്യം മറ്റുള്ളവര്‍ കൈകടത്താത്ത സ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ്. ലൈംഗീകത്തൊഴിലാളികളായ ധാരാളം സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്, അതുകൊണ്ട് നാട്ടിലെ സ്ത്രീകള്‍ എല്ലാവരും അത്തരക്കാരാകുന്നുണ്ടോ? ഇല്ല, അതുപോലെ തന്നെയാണ് ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കാര്യവും. വളരെ ചെറിയൊരു വിഭാഗം ലൈംഗീകത തൊഴിലാക്കുന്നവരായിട്ടുണ്ടാകാം. എന്നാല്‍ അതിന്റെ പേരില്‍ എല്ലാവരെയും അടച്ച് ലൈംഗീകത്തൊഴിലാളികളായി മുദ്രകുത്തുന്നത് ശരിയല്ല, ട്രാന്‍സ്‌ജെന്‍ഡറായ വിനീത് പറയുന്നു.

തെരുവില്‍ നിന്നും തുടങ്ങുന്ന കഴുകന്‍ കണ്ണുകള്‍
തൊഴിലിടങ്ങളില്‍ മാത്രമല്ല, എല്ലായിടത്തും ലൈംഗീകതയുടെ കഴുകന്‍ കണ്ണുകളാണ് ഭിന്നലിംഗക്കാരെ കാത്തിരിക്കുന്നത്. സ്ത്രീ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടും സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതുകൊണ്ടുമാണ് സ്ത്രീകളെ പോലെ വേഷം ധരിക്കുന്നത്. എന്നാല്‍ അതിനെ കച്ചവടതന്ത്രമായി വിലയിരുത്തപ്പെടുന്നു.

മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നല്ലൊരു വിഭാഗം ഭിന്നലിംഗക്കാരും. എന്നാല്‍ ഭിന്നലിംഗക്കാര്‍ ആണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അര്‍ഹിക്കുന്ന തൊഴില്‍ ലഭിക്കുന്നില്ല. സ്ത്രീയും പുരുഷനും ദൈവത്തിന്റെ പരസ്പരപൂരകങ്ങളായ സൃഷ്ടികള്‍, ലോകം അംഗീകരിച്ച ഈ തത്വത്തിനു പുറത്തു നില്‍ക്കുന്നു എന്നതാണ് ഭിന്നലിംഗക്കാരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. വഴിപിഴയ്ക്കാതെ ജീവിക്കാനുള്ള ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് , ഭിന്നലിംഗക്കാരി എന്ന വ്യക്തിത്വം മറിച്ച് വച്ച് തങ്ങളില്‍ പലരും സ്ത്രീയോ പുരുഷനോ ആയി ജോലി ചെയ്യുന്നത് എന്ന് ഇവര്‍ പറയുന്നു.

താമസിക്കാന്‍ ഒരിടമെന്ന സ്വപ്നം
ഭിന്നലിംഗക്കാരിയായ ഒരുവള്‍ കാണുന്ന ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന് സമാധാനപരമായി താമസിക്കാന്‍ ഒരിടമാണ്. ഭിന്നലിംഗമാണ് താന്‍ എന്ന തുറന്നു പറച്ചിലോടു കൂടി തന്നെയാണ് ഇവര്‍ താമസസൗകര്യം തേടുന്നത്. എന്നാല്‍, അതും ലഭിക്കുന്നില്ല. വനിതാ ഹോസ്റ്റലുകളും പുരുഷ ഹോസ്റ്റലുകളും ഭിന്നലിംഗക്കാരെ പുറത്താക്കുന്നു. വാടകയ്ക്ക് വീട് നല്‍കുന്നതിന് വീട്ടുടമസ്ഥന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു. ഭിന്നലിംഗക്കാരുടെ സദാചാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ക്ക് വാടക വീട് പോലും നിഷേധിക്കുന്നത്.

ഒടുവില്‍ ഹോട്ടല്‍ മുറികളിലും ലോഡ്ജുകളിലും അഭയം തേടേണ്ട അവസ്ഥ. എന്നാല്‍ ഇതിനു വേണ്ട ഭീമമായ തുക കണ്ടെത്താന്‍ തക്ക തൊഴിലോ വരുമാനമോ ഇക്കൂട്ടര്‍ക്കില്ല എന്നത് വളരെ നഗ്‌നമായ യാഥാര്‍ഥ്യം. കൊച്ചിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഭിന്നലിംഗക്കാരിയായ ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനം 10000 രൂപയാണ്, എന്നാല്‍ ഏകദേശം തുല്യമായ തുക തന്നെ താമസ സൗകര്യത്തിനായി ലോഡ്ജില്‍ ചിലവഴിക്കേണ്ടി വരുന്നു. ഇത് നൂറുകണക്കിന് ആളുകളില്‍ ഒരാളുടെ കാര്യം, ഇനിയും എത്രപേര്‍ ബാക്കി.

അതുപോലെ തന്നെ ഭിന്നലിംഗക്കാരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍. സിനിമാ തീയറ്ററുകളിലും ബസ് സ്റ്റാന്‍ഡിലും മറ്റും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മൂത്രപ്പുരകള്‍ ഉണ്ട്. എന്നാല്‍ ഭിന്നലിംഗക്കാരായവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യങ്ങള്‍ പോലും അവഗണിക്കപ്പെടുന്നു. സര്‍ക്കാര്‍ നിയമം മൂലം അംഗീകരിച്ചവരുടെ അവസ്ഥയാണ് ഇത് എന്നോര്‍ക്കണം.

മൂന്നാം ലിംഗക്കാര്‍ സുരക്ഷിതരല്ലാത്ത നാലാമിടങ്ങള്‍
ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവരെ വലിയൊരു പ്രശ്‌നമാക്കി ചിത്രീകരിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട് എന്ന് ഇക്കൂട്ടര്‍ ഊന്നി പറയുന്നു. പുരുഷവേശ്യകളെന്നും മറ്റും പറഞ് ഭിന്നലിംഗക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തിന്റെ കണ്ണില്‍ ഇവരെ വലിയ തെറ്റുകാരാക്കുന്ന രീതിയില്‍ നാലിടങ്ങള്‍ മാറിയിരിക്കുന്നു. അടിസ്ഥാന രഹിതമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നവരെ പോലും ബാധിക്കുന്നു. തൊഴിലിടങ്ങളില്‍ നിന്ന് പോലും ഇവര്‍ പുറത്താക്കപ്പെടുന്ന അവസ്ഥ.

ഫേസ്ബുക്കില്‍ നിന്നും മറ്റു സമൂഹമാധ്യമങ്ങളില്‍ നിന്നും ട്രാന്‌സ്‌ജെന്‍ഡറുകളുടെ ചിത്രമെടുത്ത് ദുരുപയോഗം ചെയ്യുന്ന ആളുകള്‍ ഇനിയുമേറെ. ഇവര്‍ക്ക് വേണ്ടി സംസാരിക്കാനും പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ഒരു നേതൃത്വം ഇല്ല എന്നതിനാല്‍ തന്നെ അനേകം മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തില്‍, അറിയപ്പെടാത്ത ഒന്നായി ഇതും അവശേഷിക്കുന്നു.

ഭിന്നലിംഗക്കാര്‍ക്കും പ്രത്യേക നിയമനിര്‍മാണം വേണം
ഭിന്നലിംഗക്കാരെ അംഗീകരിച്ചുകൊണ്ടുള്ള നിയമങ്ങള്‍ വന്നെങ്കിലും അത് കടലാസ് നിയമങ്ങള്‍ മാത്രമാകുകയാണ്. സമൂഹം ഈ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നില്ല. അതുകൊണ്ടാണ്, പോലീസ് സ്റ്റേഷനില്‍ നിന്നുപോലും തിക്താനുഭവങ്ങള്‍ ഉണ്ടായത്. അതിനാല്‍ സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ ഭിന്നലിംഗക്കാര്‍ക്കായും നിയമ നിര്‍മ്മാണം അനിവാര്യമാണെന്ന് ഈ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ വ്യക്തമാക്കുന്നു.

നിലവില്‍ തങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ നല്ലൊരുപങ്കും ശ്രദ്ധയില്‍പ്പെടാതെ പോകുകയാണ്. മനുഷ്യാവകാശ കമ്മീഷനില്‍ പരാതി കൊടുക്കുമ്പോള്‍ മാത്രമാണ് അൽപമെങ്കിലും പരിഗണിക്കപ്പെടുന്നത്. ആയതിനാല്‍ സമൂഹത്തിലെ മറ്റേതൊരു വ്യക്തിക്കും നല്‍കുന്നപോലെ തുല്യമായ സംരക്ഷണ നിയമങ്ങള്‍ ഭിന്നലിംഗക്കാരുടെ കാര്യത്തിലും അനിവാര്യമാണ്. തെരുവിലും തൊഴിലിടങ്ങളിലും തങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗീക ചൂഷണങ്ങള്‍, വ്യക്തി ഹത്യകള്‍, പരിഹാസങ്ങള്‍ ഇവയ്‌ക്കെല്ലാം നിയമം കൊണ്ട് മറുപടി നല്‍കാനായാല്‍ മാത്രമേ, ഭാവിയില്‍ എങ്കിലും ഭിന്നലിംഗക്കാര്‍ക്ക് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. 

( തുടരും... )