Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധീരയോദ്ധാക്കൾക്കു മനസു നിറഞ്ഞൊരു സല്യൂട്ട്

Indian Soldiers

ഓരോ പട്ടാളക്കാരന്റെയും ജീവിതം വാക്കുകൾക്കതീതമാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് കാതങ്ങൾക്കപ്പുറം രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുകയാണവർ. മരം കോച്ചുന്ന തണുപ്പും ഉള്ളുവരെ പൊള്ളിക്കുന്ന ചൂ‌ടും വകവെക്കാതെ രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സ്വന്തം ജീവൻ പണയം വച്ചു കാവൽ നിൽക്കുന്നവർ. സുഖലോലുപതയിൽ കഴിയുമ്പോൾ നാമൊക്കെ എപ്പോഴെങ്കിലും അവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? മരണത്തിന്റെ നിഴലുമായാണ് അവരുടെ ഓരോ ദിവസവും തുടങ്ങുന്നത്. നാളെയെക്കുറിച്ച് ഉറപ്പു പറയാൻ കഴിയാതെ, രാജ്യത്തിനു വേണ്ടി സുഖസന്തോഷങ്ങൾ ബലി കഴിക്കുന്നവർ. ആറ്റുനോറ്റുണ്ടായ പിഞ്ചുകുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിയാതെ നിത്യനിദ്രയിലേക്ക് ആണ്ടിറങ്ങേണ്ടി വന്നവരുണ്ട്. ഇത്തരത്തിൽ പട്ടാളക്കാരനായ പ്രിയതമനെക്കുറിച്ചു പറയുന്ന ഒരു വിധവയുടെ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന വിഡിയോ ഒരു പട്ടാളക്കാരന്റെ ജീവിതത്തെ, അയാളുടെ നഷ്ടങ്ങളെ തുറന്നു കാണിക്കുന്നു. ഭാര്യയുടെ ഓർമകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. തന്നെക്കുറിച്ചുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പോലും ഭർത്താവ് എഴുതിവച്ചിരുന്നുവെന്ന് ഒരു ഡയറി ഉയർത്തിക്കാണിച്ച് അവർ പറയുന്നു. അല്ലെങ്കിലും പ്രിയപ്പെട്ടവരെ വിട്ടു കടലുകൾക്കപ്പുറം കഴിയുന്ന അവർ തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങളൊക്കെ പങ്കുവെക്കുന്നത് ആ ഡയറിയിലായിരിക്കുമല്ലോ. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ പെണ്ണുകാണാൻ വന്നതു മുതൽ ഓർത്തെടുക്കുകയാണ് ആ ഭാര്യ. തന്നെപ്പുറത്തു കൊണ്ടുപോയിരുന്നതും തനിക്കു വേണ്ടി ഒരു സാരി വാങ്ങിച്ചതുമെല്ലാം അവർ കാണിക്കുന്നു. ആ സാരി ഇപ്പോൾ മാഞ്ഞുപോയിട്ടുണ്ട്, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയതുപോലെ എന്ന് നിറമിഴികളോടെയാണ് അവർ പറയുന്നത്.

എന്തിനാണു ഗർഭിണിയായ തന്നെ ഉപേക്ഷിച്ച് എന്നെന്നേക്കുമായി പോയത്? അതിനു ശേഷം തങ്ങൾ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് അറിയാമോ? ഇന്നു മകൻ വളർന്നു വലുതായി. അവൻ പുറത്തു പോകാമെന്നു പറയുമ്പോഴും താൻ താൽപര്യമില്ലെന്നു പറയും. എങ്കിലും അങ്ങു ചെയ്തത് ഉചിതമായ കാര്യമാണെന്നു പറഞ്ഞു നടന്നു നീങ്ങുകയാണ് ആ ഭാര്യ.

അതെ ഓരോ പട്ടാളക്കാരും അവന്റെ ജീവൻ നൽകിയാണു നമ്മളെ സംരക്ഷിക്കുന്നത്. ആ ധീരയോദ്ധാക്കൾക്കു നൽകാം മനസു നിറഞ്ഞൊരു സല്യൂട്ട്.