Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചേച്ചി നിങ്ങളെയും വിളിച്ചേക്കാം...

Woman on the phone

പരിചയമില്ലാത്ത ഏതോ നമ്പറിൽ നിന്നു മധുരമായ സ്ത്രീ ശബ്ദത്തിൽ ഒരു ഫോൺ കോൾ. അങ്ങനെയാണ് തുടങ്ങുക. നമ്പർ തെറ്റിപ്പോയതാണ്, സോറി എന്നു ക്ഷമാപണം നടത്തും, ചിലപ്പോൾ. ചിലപ്പോൾ പേരു വിളിച്ചു തന്നെയാണു സംസാരിക്കുക. ഫോൺ നമ്പർ എവിടെ നിന്നു കിട്ടി എന്നു ചോദിച്ചാൽ, പിന്നെ പറയാം എന്നാവും മറുപടി. പേര് എന്തുമാവാം. എന്നെ ചേച്ചീ എന്നു വിളിച്ചാൽ മതി എന്നു വാൽസല്യത്തോടെ ശാസിക്കും.

നിർദോഷമായ തമാശകൾ, സുഖകരമായ കുശലാന്വേഷണങ്ങൾ, വീട്ടു വിശേഷങ്ങൾ..അങ്ങനെ പോവും സംഭാഷണം. അതോടെ പെൺകുട്ടി വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കും. അതു കേട്ടു ചേച്ചിക്കു വല്ലാതെ സഹതാപം തോന്നും. മോളു വിഷമിക്കണ്ട. നമുക്കു വഴിയുണ്ടാക്കാം. പിന്നെ വീണ്ടും ചേച്ചി വിളിക്കും: മോളൂ, നല്ലൊരു ജോലിയുണ്ട്. കൈനിറയെ കാശും കിട്ടും. അങ്ങനെയങ്ങു പ്രലോഭനങ്ങളുടെ പട്ടിക തുറക്കും.

ആ വലയിൽ വീണവരിൽ ഒട്ടുമിക്കവരുടെയും കഥകൾ പിന്നീടാരും കേൾക്കില്ല. ചുരുക്കം ചില കഥകൾ മാത്രം പുറത്തു വരും. എതിർക്കുന്നവരെ വളച്ചെടുക്കാനും വഴികളുണ്ട്. നമുക്കൊന്നു നേരിട്ടു കാണണം എന്നു ക്ഷണിക്കും. കൂട്ടുകാരിയുടെ വീട്, അല്ലെങ്കിൽ ബന്ധുവീട് എന്നു പരിചയപ്പെടുത്തുന്ന ഏതോ വീട്ടിലാവും കൂടിക്കാഴ്ച. സ്നേഹത്തോടെ വച്ചു നീട്ടുന്ന ശീതളപാനീയത്തിൽ ചതിയുടെ കയ്പു മനസ്സിലാകില്ല. ബോധം വരുമ്പോഴേക്കു പലതും നഷ്ടപ്പെട്ടിരിക്കും. ആ ചതിക്കുഴിയിൽ നിന്നു പിന്നീടു മടക്കം എളുപ്പമല്ല.

അത്തരം കഥകൾക്കിടയിൽ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും വെള്ളിവെളിച്ചമാണു കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരി കാണിച്ച ജാഗ്രത. അവൾക്കും സഹപ്രവർത്തകർക്കും നന്ദി പറയുക. ഇനി അവളുടെ കഥ കേൾക്കുക.

പ്രമുഖ ജ്വല്ലറിയുടെ ഇൻഷൂറൻസ് വിഭാഗത്തിലാണ് അവൾക്കു ജോലി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ അവളുടെ കൂട്ടുകാരികൾക്കും സഹപ്രവർത്തകർക്കുമെല്ലാം അറിയാം. അതിന്റെ സഹാനുഭൂതി അവർക്കുണ്ട്. താളംതെറ്റിയ ദാമ്പത്യജീവിതത്തെ തുടർന്നു ഭർത്താവുമായി അകന്നാണ് അവൾ കഴിയുന്നത്. ആ അകൽച്ചയിലേക്കാണ് ആര്യ ചൂണ്ടയിട്ടത്. കഴിഞ്ഞമാസം 24ന് അവളുടെ മൊബൈൽ ഫോണിലേക്ക് ഒരു പരിചയക്കാരന്റെ കോൾ വന്നു: എന്നും നിനക്ക് ഈ ജോലിയുമായി അലഞ്ഞു നടന്നാൽ മതിയോ? നിന്നെപ്പോലുള്ള പെൺകുട്ടികൾ എന്തൊക്കെ ജോലി ചെയ്യുന്നു, എത്രയൊക്കെ സമ്പാദിക്കുന്നു, നിനക്കും വേണ്ടേ അതെല്ലാം?

അതേ. കൂടുതൽ നല്ല ജോലിയും കൂടുതൽ വരുമാനവും ആരാണ് ആഗ്രഹിക്കാത്തത്? അവളും അതാഗ്രഹിക്കുന്നുണ്ടായിരുന്നു. സീരിയൽ നടിമാരുടെ സഹായിയായി നിന്നാൽ കൈനിറയെ കാശു കിട്ടും, അയാൾ പറഞ്ഞു. ആ ജോലി ശരിയാക്കിത്തരുന്ന ഒരു സ്ത്രീയെ എനിക്കറിയാം. അവരെ പരിചയപ്പെടുത്തിത്തരട്ടെ? അവൾ അപകടം മണത്തു. വേണ്ട. എനിക്കു താൽപര്യമില്ല. എനിക്ക് ഇപ്പോഴുള്ള ജോലിയും ശമ്പളവും മതി. അവൾ പറഞ്ഞൊഴിഞ്ഞു.

തൊട്ടു പിന്നാലെ അടുത്ത വിളി വന്നു. ആര്യ എന്നാണു പേരു പറഞ്ഞത്. തലശേരി സ്വദേശിനിയാണെന്നു പരിചയപ്പെടുത്തി. ‘സീരിയൽ നടിമാരുടെ അസിസ്റ്റന്റായി ജോലി ശരിയാക്കാം. ഞാനും ഒരു സീരിയൽ നടിയാണ്. ദിവസം ആറായിരം മുതൽ പതിനായിരം രൂപ വരെ വരുമാനം കിട്ടും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ജോലി. നീ ഒന്നു മനസ്സുവച്ചാൽ മതി. നിനക്ക് ലാഭം മാത്രമേ ഉണ്ടാകൂ. വേണ്ടെന്നു പറഞ്ഞ് അവൾ ഫോൺ വച്ചു.

അവൾക്കു പേടി തോന്നിത്തുടങ്ങി. പക്ഷേ പിന്നെയും വിളി വന്നു കൊണ്ടിരുന്നു. ദിവസം എട്ടും പത്തും തവണ വിളിക്കും. അസഹനീയമായപ്പോൾ പെൺകുട്ടി സംഭവം സഹപ്രവർത്തകരുമായി പങ്കുവച്ചു. ചതിവലയുടെ ആ കണ്ണി അറുത്തില്ലെങ്കിൽ അവൾ മാത്രമല്ല, എത്രയോ പാവം പെൺകുട്ടികളുടെ ജീവിതം ചളിക്കുണ്ടിലാഴുമെന്ന് ആ സഹപ്രവർത്തകർ തിരിച്ചറിഞ്ഞു.

തുടർന്നും സീരിയൽ നടിയുമായി ബന്ധപ്പെടാനും തന്ത്രപരമായി കണ്ണൂരിലെത്തിക്കാനും അവർ ഉപദേശിച്ചു. ഇതനുസരിച്ചു നീങ്ങിയ പെൺകുട്ടിയെ തേടി വെള്ളിയാഴ്ച വീണ്ടും ആര്യയുടെ വിളിയെത്തി. ‘ വൈകിട്ട് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ എത്തിയാൽ മതി. പരശുറാം എക്സ്പ്രസിനു ഞാനും സ്ഥലത്തെത്തും. എന്റെ കൂടെ രണ്ടു പേരുണ്ടാകും. ഇന്ന് കണ്ണൂരിൽ മുറിയെടുക്കാം. നാളെ നമുക്ക് കോഴിക്കോട്ടേക്ക് പോകാം, മറ്റന്നാൾ എറണാകുളത്തേക്ക്. അതിനു തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തേക്ക്. നല്ല പൈസ കിട്ടും. നീ ഒന്നു കണ്ണടച്ചാൽ മതി.

വൈകിട്ടു വീണ്ടും വിളിയെത്തി ‘ നിന്റെ പരിചയത്തിൽ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെയും കൂട്ടിക്കോ, നീ മൂന്നു ദിവസത്തെ വസ്ത്രങ്ങളുമായി എത്തിയാൽ മതി, മറ്റൊന്നും വേണ്ട സഹപ്രവർത്തകരുടെ നിർദേശ പ്രകാരം യുവതി പറഞ്ഞു ‘ സമ്മതം. നാലുമണിയാകുമ്പോഴേക്കും സഹപ്രവർത്തകർ വിവരം റയിൽവേ പൊലീസിനെയും സിറ്റി പൊലീസിനെയും അറിയിച്ചു, റയിൽവേ സ്റ്റേഷനിലേക്കു പുറപ്പെട്ടു. സഹപ്രവർത്തകരും പൊലീസും മറഞ്ഞു നിന്നു.

എല്ലാം സീരിയൽ സ്റ്റൈൽ

പരശുറാം എക്സ്പ്രസിൽ നിന്നിറങ്ങിയ സുന്ദരിയായ യുവതിയെ കണ്ടു കാത്തു നിന്നവർ അദ്ഭുതപ്പെട്ടു. നിറപ്പകിട്ടാർന്ന, വില കൂടിയ ചുരിദാർ. കയ്യിൽ ട്രോളി ബാഗ്, പ്രൗഢമായ പെരുമാറ്റം. തങ്ങൾക്ക് ആളുമാറിയതാണോ എന്നു പോലും കാത്തു നിന്നവർ സംശയിച്ചു.

എന്റെ കൂടെ ഭർത്താവുമുണ്ട്, നമുക്കു മാറി നിന്നു സംസാരിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ മാറ്റി നിർത്തി. കയ്യിലെത്താൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു വീണ്ടും വിശദമായ ക്ലാസ്. അപ്പോഴേക്കു സഹപ്രവർത്തകരും പൊലീസും വളഞ്ഞു. കെണിയിൽ പെട്ടു എന്നു തിരിച്ചറിഞ്ഞതോടെ സീരിയൽ നടിയുടെ അഭിനയം പുറത്തു വന്നു. പിന്നെ സീരിയൽ സ്റ്റൈൽ കണ്ണീരും മൂക്കുപിഴയലുമായി. ‘എന്നെ രക്ഷിക്കണം ജീവിക്കാൻ വേറെ വഴിയില്ല എന്നായി ലൈൻ. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന ഭർത്താവ് മുങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.