Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയ് മല്യ!

mlya വിജയ് മല്യ

ബോളിവുഡ് സൂപ്പർതാരങ്ങളെക്കാൾ ഗ്ലാമറുള്ള ബിസിനസുകാരനായിരുന്നു വിജയ് മല്യ. ഇന്ത്യയിലെ പ്രമുഖ മദ്യനിർമാണക്കമ്പനിയായ യുണൈറ്റഡ് ബ്രുവറീസ് ഗ്രൂപ്പിന്റെ (യുബി ഗ്രൂപ്പ്) അമരത്ത് വിജയ് മല്യ എത്തുന്നത് 28–ാം വയസ്സിൽ. പിതാവ് മിത്തൽ മല്യയുടെ മരണമാണ് 1983ൽ വിജയ് മല്യയെ ആ പദവിയിലെത്തിച്ചത്.

∙മറ്റൊരു പ്രമുഖ മദ്യക്കമ്പനിയായ ഷാ വാലസ് ആൻഡ് കമ്പനിയെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് വ്യവസായി മനുഛബ്രിയയുമായി മല്യ അക്കാലത്തുതന്നെ തർക്കത്തിലായി. ഇരുപതു വർഷത്തോളം വാർത്തകളിൽ നിറ‍ഞ്ഞുനിന്ന വഴക്കിനൊടുവിൽ 2005ൽ മല്യ ഷാ വാലസിനെ സ്വന്തമാക്കി.

dipika-2006 ദീപിക പദുക്കോൺ കലണ്ടർ ഗേൾ

∙കിങ്ഫിഷർ ബീയർ അവതരിപ്പിച്ചതോടൊപ്പം മല്യ ബിസിനസുകാരനിൽനിന്ന് ഷോ മാൻ ആയി വളർന്നു. കിങ് ഫിഷർ ഫാഷൻ– ലൈഫ്സ്റ്റൈൽ ബ്രാൻഡ് ആക്കി വളർത്താൻ ആവുന്നതത്രയും ചെയ്തു.

yana-gupta 2003 യാന ഗുപ്ത

∙ 2003ൽ കിങ്ഫിഷർ എയർലൈൻസ് എന്ന കമ്പനിക്കു രൂപം നൽകി. 2005ൽ ആദ്യ വിമാനങ്ങൾ സ്വന്തമാക്കി. അക്കൊല്ലം മേയിൽ മല്യയുടെ മകൻ സിദ്ധാർഥ് മല്യയുടെ 18–ാം ജന്മദിനത്തിലാണു വിമാന സർവീസുകൾ ആരംഭിച്ചത്.

വാർത്തകളിലും സമൂഹത്തിലും നിറഞ്ഞുനിൽക്കുക എന്ന മല്യയുടെ ലക്ഷ്യം കമ്പനിയുടെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ആഡംബരം നിറഞ്ഞ ഇക്കോണമി ക്ലാസ് യാത്ര ഒരുക്കി കിങ്ഫിഷർ ഇന്ത്യൻ വ്യോമയാനരംഗത്ത് അതിശയമായി.

katrina-2003 കത്രീന കൈഫ്

അഞ്ചു വർഷം ആഭ്യന്തര സർവീസ് പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉള്ളവർക്കേ വിദേശസർവീസ് നടത്താനാവൂ എന്ന നിയമം മറികടക്കാൻ, നേരത്തേ രംഗത്തുണ്ടായിരുന്ന എയർ ഡെക്കാന്റെ 26% ഓഹരി 550 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഈ ഇടപാടാണു കിങ്ഫിഷറിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ഡെക്കാൻ അർഹിക്കുന്നതിലും എത്രയോ കൂടുതലായിരുന്നു മല്യ നൽകിയ തുക. ജെറ്റ് എയർവേയ്സ് വിദേശത്തേക്കു സർവീസ് നടത്തുമ്പോൾ കിങ്ഫിഷറും അതു ചെയ്യണം എന്നതിനപ്പുറം ഒരു പഠനവും നടത്തിയില്ല.

Deepika-Padukone-with-Vijay-Mallya ദീപിക പദുക്കോൺ

∙ 2008ൽ ബെംഗളൂരു– ലണ്ടൻ സർ‌വീസിനു തുടക്കമിട്ടു. യാത്രക്കാർക്കു നൽകിയ സൗകര്യങ്ങൾ സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവരെപ്പോലും ഞെട്ടിച്ചു. ഇത് താങ്ങാനാവുന്ന ചെലവല്ല എന്നു കിങ്ഫിഷറിലെ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞെങ്കിലും വിലപ്പോയില്ല.

Kingfisher-Airlines കിങ്ഫിഷർ

∙ ഫോർമുല വൺ റേസിങ് രംഗത്തേക്കിറങ്ങിയതും അക്കാലത്തുതന്നെ. ഫോഴ്സ് ഇന്ത്യ എന്ന ടീം മല്യ സ്വന്തമാക്കി.

∙ ഇന്ധനവില കുതിച്ചുയർന്ന കാലം കൂടിയായിരുന്നു അത്. കിങ്ഫിഷറിന്റെ നഷ്ടം വർഷം തോറും കുതിച്ചു. 2009ൽ പ്രതിസന്ധി കടുത്തപ്പോൾ 100 പൈലറ്റുമാരെ പിരിച്ചുവിടുന്നതടക്കമുള്ള ചെലവുചുരുക്കലിനു നിർബന്ധിക്കപ്പെട്ടു.

∙ കിങ്ഫിഷറിനു നൽകിയ വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾ നിർബന്ധിതരായി. 2010 നവംബറിൽ ബാങ്കുകൾ 1355 കോടി രൂപ കമ്പനിയുടെ ഓഹരിയായി മാറ്റി. വായ്പ തിരിച്ചടവു കാലം ഒൻപതു വർഷത്തേക്കു നീട്ടുകയും രണ്ടുവർഷം മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു.

aisha-sharma 2016 ലെ കിങ്ഫിഷർ കലണ്ടറിൽ നിന്ന്

∙ കമ്പനി നെഗറ്റീവ് നിലവാരത്തിലെത്തിയെന്നുറപ്പായിട്ടും ഐഡിബിഐ ബാങ്ക് 900 കോടിയിലേറെ രൂപ 2009ൽ വായ്പ നൽകി. ഇതിലെ ക്രമക്കേട് ഇപ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു.

∙ 2011 അവസാനമായപ്പോഴേക്കും എയർ‌പോർട്ടുകൾക്കു നൽകാനുള്ള ഫീസ് കോടിക്കണക്കിനു രൂപ കുടിശികയായി. മുംബൈ വിമാനത്താവളക്കമ്പനി നിയമനടപടികൾ തുടങ്ങി.

∙ 2012 മാർച്ചിൽ രാജ്യാന്തര സർവീസുകൾ നിർത്തി. ആഭ്യന്തര സർവീസുകളും വെട്ടിക്കുറച്ചു. സേവന നികുതി അടച്ചില്ലെന്നാരോപിച്ച് സർക്കാർ നിയമ നടപടി തുടങ്ങി. കടബാധ്യത 7000 കോടി രൂപ കവിഞ്ഞു.

∙ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അവർ സമരം ചെയ്തു. വ്യോമയാന ഡയറക്ടർ ജനറൽ ഇടപെട്ടു. പറക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു. ബാങ്കുകൾ പ്രശ്നമുണ്ടാക്കിയപ്പോൾ മല്യ 5904 കോടി രൂപയുടെ പുതിയ ജാമ്യം നൽകി. ∙ 2012 നവംബറിൽ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോ യുബി ഗ്രൂപ്പിലെ ഏറ്റവും പ്രധാന കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ 53.4% ഓഹരി 11166.50 കോടി രൂപയ്ക്കു സ്വന്തമാക്കി.

∙ 2013 ഫെബ്രുവരിയിൽ പറക്കൽ ലൈസൻസ് റദ്ദായി. നഷ്ടം അപ്പോഴേക്ക് 16023 കോടി രൂപയായിരുന്നു. കിങ്ഫിഷർ രാജ്യത്തെ ഏറ്റവും വലിയ കിട്ടാക്കടങ്ങളിലൊന്നായി മാറി.

∙ ‘മനഃപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവർ’ എന്ന ഗണത്തിൽ കിങ്ഫിഷറിനെയും മല്യയെയും പെടുത്തി 2014 മേയിൽ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തുവന്നു. എസ്ബിഐ അടക്കം പല ബാങ്കുകളും വൈകാതെ ആ തീരുമാനമെടുത്തു. ഇത്തരം ഓരോ തിരിച്ചടിയെയും മല്യ കോടതികളിൽ ചോദ്യം ചെയ്തിട്ടുണ്ട്.

∙ എസ്ബിഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകളുടെ കൂട്ടായ്മയാണ് കിങ്ഫിഷറിനു വായ്പ നൽകിയത്. പലിശ സഹിതം ഇപ്പോൾ അവർക്കു തിരികെ കിട്ടേണ്ടത് 9000 കോടിയിലേറെ രൂപ.

∙ ഇപ്പോൾ ലണ്ടനിലുള്ള മല്യ 18ന് മുംബൈയിൽ ഹാജരാകണമെന്ന് ഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

2012 ഒക്ടോബർ നാലിന് കിങ്ഫിഷർ എയര്‍ലൈൻസ് സ്റ്റോർ മാനേജർ മാനസ് ചക്രവർത്തിയുടെ ഭാര്യ സുഷമ ഡൽഹിയിലെ വസതിയിൽ ജീവനൊടുക്കി. ആറുമാസമായി ഭർത്താവിനു ശമ്പളമില്ലാത്തതിനാലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ മരണത്തിലേക്കു നയിക്കുന്നതെന്ന് അവരുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

∙ 2003 കിങ്ഫിഷർ കലണ്ടർ അവതരിപ്പിച്ചു. ഫാഷൻ– മോഡലിങ്– സിനിമാ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഈവന്റ് ആയി ആ കലണ്ടർ ചിത്രീകരണം മാറി. പ്രശസ്ത മോഡലുകളും ബോളിവുഡ് നടിമാരും ഓരോ വർഷവും അണിനിരന്നു. ലോകത്തെ ഏറ്റവും മനോഹര ലൊക്കേഷനുകളിലായിരുന്നു ഫൊട്ടോഗ്രഫർ അതുൽ കസ്ബേക്കർ കലണ്ടർ ചിത്രീകരിച്ചത്. കിങ്ഫിഷറിന്റെ പ്രതിസന്ധികളൊന്നും കലണ്ടറിനെ ബാധിച്ചില്ല. ഇക്കൊല്ലവും കലണ്ടർ പിറന്നു.

∙ കത്രീന കൈഫും യാന ഗുപ്തയും അടക്കമുള്ളവരായിരുന്നു ആദ്യ കലണ്ടറിൽ.

∙2006ൽ ദീപിക പദുക്കോൺ കലണ്ടർ ഗേൾ ആയി

Your Rating: