Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ നാണംകെടുത്തും ഈ ഗ്രാമം

Old Lady Representative Image

മാതാ-പിതാ-ഗുരു-ദൈവം എന്നാണു തത്വം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായി കാണണം. എന്നാൽ ജന്മം നൽകി പാലൂട്ടി വളർത്തിയ അമ്മയെയും ചോര നീരാക്കി അധ്വാനിച്ചു വളർത്തിയ അച്ഛനെയും നിഷ്കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ തലമുറയ്ക്കു യാതൊരു മടിയുമില്ല. അതിനുള്ള ഉത്തമോദാഹരണമാണ് രാജ്യത്തു വർദ്ധിച്ചു വരുന്ന വൃദ്ധമന്ദിരങ്ങൾ. റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പലനടകളിലുമെല്ലാം അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ ഒരിക്കൽ അവരെയും വാർദ്ധക്യം ബാധിക്കും എന്ന് ഓർക്കുന്നില്ല. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്? ചിന്തിച്ചിട്ടുണ്ടോ? ഏറെ പ്രസക്തമായ ആ ചോദ്യത്തിന്  ഉചിതമായ ഉത്തരം നല്‍കുകയാണ് ചൈനീസ് ഗ്രാമമായ ഹുയാങ്‌ഫെങ്. ‌

മാതാപിതാക്കളെ ഉപേക്ഷിച്ചു  ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്നു പറയുന്ന മക്കളുടെ പേരുകള്‍ എഴുതിയ ബില്‍ ബോര്‍ഡുകള്‍ പൊതുഇടങ്ങളില്‍ സ്ഥാപിക്കുകയാണ് ഈ ഗ്രാമം ചെയ്യുന്നത്. അതുകൊണ്ടു മാത്രമായില്ല, പേരും ചിത്രവും വ്യക്തിഗത വിവരങ്ങളും അവരുടെ സ്വഭാവ സവിശേഷതകളും വിവരിച്ചുകൊണ്ടാണ് 'മിടുക്കരായ' ഈ മക്കളെ ഗ്രാമം ലോകത്തിനു പരിചയപ്പെടുത്തുന്നത്. അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ നാണംകെടുത്തും അതാണ് ഗ്രാമത്തിന്റെ നിയമം. ഗ്രാമത്തിൽ മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരത്തിൽ  വ്യത്യസ്ത ആശയവുമായി ഗ്രാമീണര്‍ രംഗത്തെത്തിയത്.

ഈ അറ്റകൈ പ്രയോഗത്തിന് മുൻപായി ഗ്രാമമുഖ്യന്‍ മാതാപിതാക്കളെ നോക്കേണ്ട കടമയെക്കുറിച്ച് ആളുകളെ ഉപദേശിച്ചു നോക്കി. ആ ഉപദേശത്തിന് പുല്ലുവിലയാണ് ചിലര്‍ നല്‍കിയത്. അതോടെ ചില കടുത്ത തീരുമാനത്തിലേക്ക് ഗ്രാമമുഖ്യൻ കടന്നു. മാതാപിതാക്കളെ നോക്കാത്തവരെ പൊതുജനത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ഗ്രാമ മുഖ്യനും കൂട്ടരും തീരുമാനിച്ചു. അങ്ങനെയാണ് ബിൽബോർഡ് ആശയം നടപ്പിലാക്കുന്നത്. ഇനി, ബില്‍ബോര്‍ഡിലും പരിഹാരമുണ്ടായില്ലെങ്കില്‍ അച്ഛനമ്മമാരെ ഉപേക്ഷിച്ച ഓരോരുത്തരുടേയും പേരുകള്‍ മൈക്ക്‌സെറ്റ് വെച്ച് ലൗഡ്‌സ്പീക്കറിലൂടെ വിളിച്ചുപറയാനാണ് ഗ്രാമീണരുടെ അടുത്ത ശ്രമം. ഈ തീരുമാനം നടപ്പിലാക്കാതെ നോക്കേണ്ടത് ഗ്രാമീണരുടെ ചുമതലയാണ്.

വൃദ്ധ മാതാപിതാക്കളുടെ ജീവിതചെലവിനായുള്ള പണം മക്കള്‍ നല്‍കണമെന്നാണു ചൈനീസ് നിയമം. മക്കള്‍ അതു ചെയ്തില്ലെങ്കില്‍ മാതാപിതാക്കൾക്കു  കോടതിയെ സമീപിക്കാം. ആയിരത്തിലധികം വൃദ്ധ മാതാപിതാക്കള്‍ ഈ ഗ്രാമത്തിൽ മക്കളെ കോടതികയറ്റി എന്നതാണു സത്യം.  മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചതോടെ 2013ല്‍ ചൈന നിയമം കര്‍ക്കശമാക്കിയിരുന്നു. വൃദ്ധരായ മാതാപിതാക്കള്‍ക്ക് വൈകാരികമായി പിന്തുണ നല്‍കണമെന്നും ഒറ്റക്കാണ് അവർ താമസിക്കുന്നത് എങ്കിൽ അവരെ പതിവായി സന്ദര്‍ശിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള വ്യവസ്ഥകളോടെയാണ് നിയമം പരിഷ്കരിച്ചിരുന്നത്. എന്തായാലും അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ഈ ഗ്രാമത്തിൽ ആരും ഇനി ചിന്തിക്കില്ല.