Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാമോ ? വിനീത് വിവാഹിതയാണ് !

Vineeth വിനീത്

സ്ത്രീ വേഷം കെട്ടുന്ന പുരുഷന്മാർ, ടിവി ഷോയിൽ ആയാലും നാടകത്തിലായാലും അതിഭാവുകത്വം മൂലം അരോചകമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഭിന്നലിംഗക്കാർ ഈ വേഷം ഏറ്റെടുത്തതോടെ അവജ്ഞത ആരാധനയായി മാറി. ഇത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ 'സുന്ദരിയാണ്' വിനീത്. വോഡഫോണ്‍ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ 5 വർഷത്തോളം വിനീത് പ്രേക്ഷകരെ ചിരിപ്പിച്ചു. പിന്നീട് മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിലേക്ക് വേഷ പകർച്ച നടത്തിയ വിനീതിന് ഒരു സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിലേക്ക് ഉയരാൻ അധിക നാൾ വേണ്ടി വന്നില്ല.ഇതെല്ലാം എല്ലാവർക്കും ഏറെക്കുറെ അറിയാവുന്ന കാര്യങ്ങൾ, എന്നാൽ , കഴിഞ്ഞ 9 വർഷമായി വിനീത് വിവാഹിതയാണെന്ന് എത്രപേർക്കറിയാം? ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന ഒരു ട്രാൻസ്ജെണ്ടർ വിവാഹം വിനീതിന്റെതാവാം. തന്റെ എല്ലാ വളർച്ചയ്ക്കും പിന്നിൽ തന്റെ ഭർത്താവാണെന്ന് വിനീത് പറയുന്നു. വിനീതിന്റെ വിശേഷങ്ങളിലേക്ക് .....

1. വിനീത് എങ്ങനെയാണ് സ്വയം പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്?

ഒരു സ്ത്രീയെന്ന് പരിചയപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ, പൂർണ്ണമായും അതിനു സമയമായിട്ടില്ല. ഞാൻ ഒരു ട്രാൻസ്ജെണ്ടർ ആർടിസ്റ്റ് ആണ്. അഭിനയവും മേക്കപ്പും ആണ് പ്രധാന മേഖലകൾ. സ്വദേശം തിരുവനന്തപുരം. പ്രമുഖ ചാനലുകളിലെ ഹാസ്യ പരിപാടികളിലെ സ്ത്രീ വേഷം ചെയ്തു കൊണ്ടായിരുന്നു തുടക്കം. ഭിന്നലിംഗക്കാരുടെ കഥപറയുന്ന അർദ്ധനാരി എന്ന സിനിമയിലും മറ്റു ചില തമിഴ് സിനിമകളിലും അഭിനയിച്ചു.

Vineeth വിനീത്

2. അഭിനയത്തിൽ ശ്രദ്ധിച്ചു കൊണ്ടിരുന്ന വിനീത് എങ്ങനെയാണ് മേക്കപ്പിന്റെ ലോകത്ത് എത്തിയത് ?

ചാനൽ പരിപാടികൾക്ക് വേണ്ടി ഞാൻ തന്നെയാണ് എനിക്ക് മേക്കപ്പ് ഇടാറുള്ളത്. പലപ്പോഴും, വളരെ നാച്വറൽ ആണ്. നന്നായിട്ടുണ്ട് എന്നെല്ലാമുള്ള കമന്റുകൾ ലഭിക്കുമായിരുന്നു. ചാനൽ പരിപാടികളെ ഒരു സ്ഥിരവരുമാനമായി കാണാൻ കഴിയില്ല. അപ്പോൾ, സ്വന്തമായി ഒരു ബൂട്ടിക്ക് തുടങ്ങാൻ പദ്ധതിയിട്ട് ഇരിക്കുമ്പോഴാണ്, എങ്കിൽ പിന്നെ എനിക്ക് അറിയാവുന്ന വിദ്യ തൊഴിൽ ആക്കി മാറ്റിയാലെന്താ എന്ന് തോന്നിയത്. ഏകദേശം ഒന്നര വർഷം മുൻപായിരുന്നു അത്. ഉടൻ തന്നെ മേക്കപ്പ് പ്രൊഫെഷണൽ ആയി പഠിക്കാൻ ചേർന്നു. അങ്ങനെയാണ് ഈ രംഗത്തേക്ക് എത്തുന്നത്.

3. മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിൽ തിളങ്ങാൻ ചാനലുകൾ നൽകിയ സെലിബ്രിറ്റി ഇമേജ് സഹായിച്ചിട്ടുണ്ടോ?

തീർച്ചയായും. എന്നെ പലരും അറിയുന്നത് തന്നെ ഞാൻ ചെയ്ത പ്രോഗ്രാമുകളിൽ കൂടിയാണ്. കൂടുതൽ പേരും മേക്കപ്പിനായി എന്നെ സമീപിക്കുന്നതും ആ ഒരു പേരില് തന്നെയാണ്. നാച്വറൽ മേക്കപ്പാണ് എന്നതും, മേക്കപ്പ് ചെയ്യാൻ എത്തുന്നത് ഒരു സെലിബ്രിറ്റി ഇമേജ് ഉള്ളയാളാണ് എന്നതുമാണ്‌ ഒട്ടനവധിപ്പേരെ ആകർഷിക്കുന്നത്. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഞാൻ മേക്കപ്പ് ചെയ്തു കഴിഞ്ഞു. വിവാഹങ്ങൾ കൂടാതെ, സ്റ്റേജ് ഷോകൾ, ഈവെന്റുകൽ എന്നിവയ്ക്കും ഞാൻ മേക്കപ്പ് ചെയ്യുന്നുണ്ട്.

Vineeth വിനീത് സ്ത്രീവേഷം സ്വീകരിക്കുന്നതിനു മുമ്പും ശേഷവും

4. അവിനാഷ്, ജാന്മണി...തുടങ്ങി ട്രാൻസ്ജെണ്ടർ മേക്കപ്പ് ആർട്ടിസ്റ്റുകൾ വർദ്ധിച്ചു വരികയാണല്ലോ, എന്താണ് ഇതിനുള്ള ഒരുകാരണം ?

ഞാൻ മേക്കപ്പ് ചെയ്ത പല മണവാട്ടികളോടും ഞാൻ ഇത് ചോദിച്ചിട്ടുണ്ട്. വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകളേക്കാൾ ക്രിയേറ്റിവിറ്റി ഞങ്ങൾക്കാണ് എന്നാണ് പലരും പറഞ്ഞത്. മാത്രമല്ല, പുരുഷന്മാരായ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അടുത്ത് പലരും കംഫർട്ടബിൾ അല്ല. അത് കൊണ്ടാണ് ഇങ്ങനെ ഒരു സാധ്യത ട്രാൻസ്ജെണ്ടേഴ്സിനു വർദ്ധിച്ചു വരുന്നത്. ഞങ്ങൾ മേക്കപ്പ് മാത്രമേ ചെയ്യൂ, വസ്ത്രം ധരിപ്പിക്കാൻ അസ്സിസ്റ്റ്സ് ആയി സ്ത്രീകൾ ഉണ്ടാകും.

5. എന്നാണ് ഒരു പുരുഷനായി ജീവിക്കാനാവില്ല എന്ന് വിനീത് തിരിച്ചറിഞ്ഞത് ?

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അതെനിക്ക് മനസിലായത്. എനിക്ക് കൂടുതലും കൂട്ട് പെണ്‍കുട്ടികളുമായിട്ടായിരുന്നു. എന്നാൽ എന്താണ് ഭിന്നലിംഗമെന്നൊ , ഞങ്ങളുടെ അവകാശമെന്താണ് എന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. പത്താം ക്ലാസ് കഴിയുന്നത്‌ വരെ വളരെ വേദനിച്ചാണ് കഴിഞ്ഞത്. ഇങ്ങനെ ആയതിൽ ഞാൻ എന്നെ തന്നെ ശപിച്ചിട്ടുണ്ട്. വീട്ടിലും കൂട്ടുകാർക്കിടയിലും ഒറ്റപ്പെട്ടു. പത്താം ക്ലാസിനു ശേഷം ഉപരിപഠനത്തിനായി നഗരത്തിലേക്ക് വന്നപ്പോഴാണ് ഞാൻ മാത്രമല്ല ഇങ്ങനെ, എന്നെപ്പോലെ നൂറുകണക്കിന് ആളുകൾ ഉണ്ടെന്നു മനസിലായത്. ഞങ്ങൾ ഭിന്നലിംഗക്കാർക്ക് ഒരു പ്രത്യേകതയുണ്ട്, ഞങ്ങളുടെ ഗണത്തിൽ പെട്ടവരെ എത്ര വലിയ ആൾക്കൂട്ടത്തിൽ വച്ചും തിരിച്ചറിയാനാകും. അങ്ങനെ , ജീവിക്കാനായി സ്വയം ആത്മ വിശ്വാസം ഉണ്ടാക്കിയെടുക്കുകയായിരുന്നു.

Vineeth വിനീത്

6. സ്ത്രീയായി ജീവിക്കാൻ തുടയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ?

എന്നിൽ ഉള്ളത് സ്ത്രൈണതയാണ്. അപ്പോൾ ഞാൻ ജീവിക്കേണ്ടത് സ്ത്രീയായി തന്നെയല്ലേ? ഇപ്പോൾ പൂർണ്ണമായും ഒരു സ്ത്രീയുടെ രൂപ ഭാവങ്ങളിലേക്ക് മാറിയിട്ട് 8 വർഷം കഴിഞ്ഞു. വീട്ടില് നിന്നെല്ലാം ആദ്യം വലിയ എതിർപ്പായിരുന്നു. എന്നാൽ , ഞാൻ അത് കാര്യമാക്കിയില്ല. ഇപ്പോൾ സമൂഹം എന്നെ അംഗീകരിക്കാൻ തുടങ്ങിയതോടെ വീട്ടിലെ അന്തരീക്ഷവും മാറി. അനിയനും അമ്മയുമെല്ലാം ഇപ്പോൾ എന്റെ ഈ രൂപത്തെകുറിച്ച് പരാതിയൊന്നും പറയാറില്ല. പിന്നെ എല്ലാ കാര്യത്തിലും എന്നും പൂർണ്ണപിന്തുണ നൽകുന്നത് ഭർത്താവാണ്?

7. ഭർത്താവോ? വിനീത് വിവാഹിതയാണ് ? എങ്ങനെയായിരുന്നു വിവാഹം?

തീർച്ചയായും. വിവാഹം കഴിഞ്ഞിട്ട് 9 വർഷങ്ങളായി.ആർക്കും അധികമറിയാത്ത ഒരു കാര്യമാണത്. അദ്ദേഹം തൃശൂർ സ്വദേശിയാണ്, ഡോക്ടർ ആണ്. ഞാൻ ഒരു സെലിബ്രിറ്റി ലെവലിലേക്ക് എത്തുന്നതിന് ഏറെ മുൻപ് ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായവരാണ്. എനിക്ക് വേണ്ടി വിവിധ ഓഡിഷനുകൾക്ക് അപേക്ഷ അയച്ചതും മേക്കപ്പ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ പ്രചോദനം നൽകിയതും എല്ലാം അദ്ദേഹമാണ്. അദ്ദേഹമില്ലെങ്കിൽ എനിക്ക് ഇത്തരമൊരു വളർച്ചയില്ല.

10 വർഷങ്ങൾക്ക് മുൻപ് എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്. 3 മാസത്തോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പിന്നീട് തൃശൂർ വച്ച് എന്റെ ഒരു പരിപാടി നടന്നപ്പോൾ നേരിൽ കണ്ടു. 4 മാസത്തിനു ശേഷം വിവാഹവും നടന്നു. എന്റെ ട്രാൻസ്ജെണ്ടർ സുഹൃത്തുക്കൾ പലരും വിവാഹം കഴിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇത്ര ദീർഘ നാളത്തെ ഒരു ബന്ധം ഉണ്ടായിട്ടില്ല. എന്റെ പണമോ പ്രശസ്തിയോ കണ്ടല്ല അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടതും സരക്ഷിക്കുന്നതും. എന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ എതിർപ്പൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ അതല്ല സ്ഥിതി. അത് കൊണ്ട് തൽക്കാലം അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും കലങ്ങിത്തെളിയും എന്ന പ്രതീക്ഷയിലാണ് ഞാൻ.

Vineeth വിനീത് വധുവിനെ ഒരുക്കുന്നു

8. ഒരു ട്രാൻസ്ജെണ്ടർ സ്ത്രീ എന്ന രീതിയിൽ സമൂഹത്തിൽ നിന്നും മോശം അനുഭവങ്ങള ഉണ്ടായിട്ടുണ്ടോ?

എന്നെ ടിവിയിലൂടെ എല്ലാവർക്കും അറിയുന്നതിനാൽ അത്തരം അനുഭവങ്ങള നേരിട്ട് ഉണ്ടായിട്ടില്ല. എന്നാൽ ഫേസ്ബുക്കിൽ കമന്റ് ആയും ചാറ്റ് ആയും ഞരമ്പ് രോഗികൾ വരുന്നത് സ്ഥിരമാണ്. ചിലർ വളരെ മോശം കാര്യങ്ങൾ പറയും. മേക്കപ്പ് വർക്കിന്റെ ആവശ്യത്തിനായി ഞാൻ പരസ്യപ്പെടുത്തിയ എന്റെ മൊബൈൽ നമ്പർ പോലും പലരും ദുരുപയോഗം ചെയ്യുന്നുണ്ട് . അനാവശ്യ വാട്സാപ് സന്ദേശങ്ങൾ ചിലർ അയക്കാറുണ്ട്. അതെല്ലാം അവരുടെ വൈകൃതങ്ങൾ എന്നെ ഞാൻ കരുതുന്നുള്ളൂ. ഞാനിതൊന്നും കാര്യമാക്കുന്നില്ല. എന്നെ ഇത് കൊണ്ടൊന്നും തളർത്താനും കഴിയില്ല. പക്ഷേ നമ്മുടെ സമൂഹം ഭിന്നലിംഗക്കാരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു എന്നത് വളരെ വലിയ സത്യമാണ്.

9. ഭാവി പരിപാടികൾ ?

ആദ്യത്തെ ലക്‌ഷ്യം പൂര്ണ്ണമായും സ്ത്രീ രൂപത്തിലേക്ക് മാറുക എന്നത് തന്നെയാണ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ആയുള്ള ചികിത്സകൾ നടന്നു കൊണ്ടിരിക്കുന്നു. അവസാന ഭാഗമായ സർജറി പൂർത്തിയാക്കണം. അമൃത ആശുപത്രിയിലാണ് ഇതിനു വേണ്ട ചികിത്സകൾ നടക്കുന്നത്. ഇടക്ക് രണ്ടു തമിഴ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് വന്നതിനാൽ ഓപ്പറേഷൻ മാറ്റി വയ്ക്കുകയായിരുന്നു. പിന്നെ , പ്രൊഫെഷനിൽ കൂടുതൽ ശ്രദ്ധിക്കണം. സ്വന്തമായി ബ്രൈടൽ മേക്കപ്പിന് വേണ്ടി മാത്രം ഒരു സ്റ്റുഡിയോ തുടങ്ങണം എന്നുണ്ട്. പിന്നെ സ്വന്തമായി ഒരു വീട് വയ്ക്കണം. ഇതൊക്കെയാണ് ഭാവി പദ്ധതികൾ.

Vineeth വിനീത്
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.