Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ മുറിക്കുന്നു ഒറിജിനൽ വിവാഹകേക്ക്, 61 വർഷത്തിനുശേഷവും

wedding-cake ആൻ ഫ്രെഡ്രിക്സും കെൻ ഫ്രെഡ്രിക്സും

ഇങ്ങനെയും വിവാഹ വാർഷികമാഘോഷിക്കാമോയെന്നു തോന്നിപ്പോകും അമേരിക്കൻ ദമ്പതികളുടെ വാർഷികാഘോഷ വിശേഷങ്ങളറിയുമ്പോൾ. 1955 ഓഗസ്റ്റ് 19നു വിവാഹിതരായതാണ് ഫ്ലോറിഡക്കാരായ ആൻ ഫ്രെഡ്രിക്സും കെൻ ഫ്രെഡ്രിക്സും. അന്ന് വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ ഒരു കഷണംകൂടി മുറിച്ചാണ് അവർ 61ാം വാർഷികം ആഘോഷിച്ചത്. എന്തൊരു വെറൈറ്റി അല്ലേ.. 

സാറ്റ്‌ലൈറ്റ് ബീച്ചിലെ താമസക്കാരായ ദമ്പതികൾ ഓരോ വർഷവും കേക്കിന്റെ ഓരോ കഷണം മുറിച്ചാണ് വാർഷികം ആഘോഷിക്കുന്നത്. ഒറിജിനൽ കേക്കിന്റെ മുകൾഭാഗത്തെ പാളിയാണ് ഇപ്പോഴും ഇവരുടെ വാർഷികത്തിനു മധുരമേകാൻ ഒപ്പംകൂടുന്നത്. 

ആൻ ഫ്രെഡ്രിക്സിന്റെ മുത്തശ്ശി ആറു പതിറ്റാണ്ടു മുൻപ് വിവാഹസമ്മാനമായി ഉണ്ടാക്കി നൽകിയതാണ് മൂന്നു ലെയറുള്ള ഫ്രൂട്ട് കേക്ക്. അക്കാലത്ത് അതൊരു പതിവായിരുന്നു. ഓരോ വാർഷികത്തിനുശേഷവും കേക്ക് ഭദ്രമായി പൊതിഞ്ഞ് ഒരു കോഫി കാനിലിട്ട് സൂക്ഷിക്കും. കഴിക്കാനെടുക്കുമ്പോൾ അൽപം ബ്രാൻഡി തൂകും. അതോടെ കേക്ക് സ്മാർടാകുമെന്ന് ഇരുവരും പറയുന്നു. 

പഴക്കമേറെയുണ്ടെങ്കിലും കേക്ക് കഴിച്ചതുകൊണ്ട് ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇരുവർക്കും വന്നിട്ടുമില്ല. ഇത്രയും വർഷത്തെ ഉപയോഗത്തിനുശേഷം ഇനി ഏതാനും ഇഞ്ചുകളുടെ വലിപ്പത്തിലേ കേക്ക് അവശേഷിക്കുന്നുള്ളൂ. തങ്ങൾ അടുത്തവർഷവും കേക്കു മുറിക്കുമെന്നാണ് ഇരുവരും പറയുന്നത്. വിവാഹസമയത്തെന്നപോലെ സന്തോഷത്തിലാണ് 61ന് വർഷത്തിനുശേഷവും ദമ്പതികൾ. 

സൈറകുസ് സർവകലാശാലയിൽവച്ചാണ് ആനും കെന്നും പരിചയപ്പെടുന്നത്. കെൻ സംഗീത വിദ്യാർഥിയും ആൻ നഴ്സിങ് വിദ്യാർഥിയുമായിരുന്നു. 23 വർഷം സംഗീത അധ്യാപകനായി ജോലിയെടുത്തു ഇപ്പോൾ 85 കാരനായ കെൻ. 81 കാരിയായ ആൻ 27 വർഷം മെഡിക്കൽ സെന്ററിൽ നഴ്സായിരുന്നു. 1971 മുതലാണ് ഇവർ സാറ്റ‌ലൈറ്റ് ബീച്ചിൽ താമസം തുടങ്ങിയത്.

Your Rating: