Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു തരി പൊന്നില്ലാതൊരു ഗംഭീര വിവാഹം !

irish-valsamma

ഏറെ പുതുമയുണ്ട് ഐറിഷ് വത്സമ്മയെന്ന പേരിന്. അതുപോലെ തന്നെയാണ് ഐറിഷിന്റെ ജീവിതവും, ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു കാട്ടുമരം പോലെയാണ്. മരത്തിനു മണ്ണിനോടുള്ളതുപോലെയാണ് ഐറിഷ് എന്ന ചെറുപ്പക്കാരന് പ്രകൃതിയോടുള്ള പ്രണയവും. അതുകൊണ്ടു തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രത്യേകതയുള്ള വിവാഹമായി ഐറിഷിന്റെയും ഹിതയുടെയും വിവാഹം മാറിയതും. 

രണ്ടു മാസങ്ങൾക്കു മുൻപാണ് കോഴിക്കോട്ടുകാരനായ ഐറിഷ് വത്സമ്മ ഫെയ്‌സ്ബുക്കിൽ തന്റെ വിവാഹം ക്ഷണിച്ചു കൊണ്ട് ഒരു പോസ്റ്റിടുന്നത്. വിവാഹത്തിന്റെ ചടങ്ങുകൾ ഒന്നും ഇല്ലെങ്കിലും അന്ന് എല്ലാവരും എത്തണമെന്നും ഒരു മരം നട്ടുകൊണ്ട് താനും ഹിതയും വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയുമാണെന്നായിരുന്നു ആ പോസ്റ്റ്. തുടർന്നങ്ങോട്ട് ഐറിഷിന്റെ ജീവിതം ഒരു പൂമരം പോലെയായിരുന്നു. നിറയെ പൂക്കൾ പൊഴിക്കുന്ന വൃക്ഷം പോലെ കോഴിക്കോടുള്ള കുന്നുമ്മൽ എന്ന വീട് മുഴുവൻ ഐറിഷിന്റെയും സുഹൃത്തുക്കളെ കൊണ്ട് നിറഞ്ഞു, ഓരോ ദിവസവും അവർ ആഘോഷങ്ങളാക്കി മാറ്റി, അതോടൊപ്പം പ്രകൃതിയെ മരങ്ങളാൽ സമ്പന്നമാക്കാൻ ഐറിഷ് തന്റെ സൈക്കിൾ  യാത്രയുമാരംഭിച്ചു.

irish1

പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിനിന്റെ പ്രവർത്തകരാണ് ഐറിഷും  ഹിതയും. രണ്ടുപേരും കണ്ടു മുട്ടിയതും ഇതേ മരങ്ങളുടെ ബന്ധത്തിലൂടെ തന്നെ. ഹിതയുടെ പിതാവ് തികഞ്ഞ പ്രകൃതി സ്നേഹിയായതിനാൽ അദ്ദേഹത്തിലൂടെയാണ് ഇരുവരും ഒന്നിക്കാനുള്ള തീരുമാനമെടുത്തത്. ഐറിഷിന്റെയും ഹിതയുടെയും ഒപ്പം ഹിതയുടെ സഹോദരി മിലീനയുടെയും വിവാഹം നടത്താനും അങ്ങനെയാണ് കുടുംബം തീരുമാനിക്കുന്നത്. 

കോഴിക്കോടുള്ള കുന്നുമ്മൽ എന്ന വീട് ഒരു പ്രകൃതി കേന്ദ്രം കൂടിയാണ്. ഒരു വിവാഹം വഴി പ്രകൃതിയിലേയ്ക്കൊരു മടക്കമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. താലി കേട്ടോ, മാല ചാർത്താലോ തുടങ്ങി ആചാരങ്ങളുടെ യാതൊരു സാന്നിധ്യവും ഇല്ലാതെ മരത്തൈ നട്ടു കൊണ്ട് തന്നെയാണ്  വിവാഹ ജീവിതത്തിലേയ്ക്ക് രണ്ടു ദമ്പതിമാരും പ്രവേശിയ്ക്കാൻ തീരുമാനിച്ചതും . " സമം" എന്ന പേരിൽ  തുടങ്ങാനൊരുങ്ങുന്ന സൗഹൃദപദ്ധതിയിലേയ്ക്കുമാണ് ഇവർ വിവാഹത്തിനൊപ്പം സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നത്. പ്രകൃതിയ്ക്ക് നഷ്ടപ്പെട്ട സമതുലനാവസ്ഥ , മനുഷ്യന്റെ സമാധാനം എന്നിവ പ്രകൃതിയിലേക്ക് ചേർന്ന് ജീവിക്കുക വഴി തിരികെയെത്തിക്കുക, അതിനു വേണ്ടി പഠനം നടത്തുക, സാധ്യമായ എല്ലാ വഴികളിലൂടെയും പരിസ്ഥിതിയുടെ തുലനാവസ്ഥ തിരികെ കൊണ്ട് വരുകയും അതുവഴി മനുഷ്യനെ സമാധാനമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നീ ആശയങ്ങളാണ് സമത്തിനുള്ളത്. ഓരോ മനുഷ്യനും ആവശ്യമായ മാനസിക-ശാരീരിക ചികിത്സകളും ഈ വീട്ടിൽ ലഭ്യമാണ്. നൃത്തം, ചിത്രം, പരിസ്ഥിതി, വായന തുടങ്ങി മനുഷ്യന്റെ മനസ്സുമായി ബന്ധപ്പെട്ട ഏതു വഴികളും ഇവിടെ ആസ്വദിയ്ക്കാനും മണ്ണിലേക്ക് മടങ്ങി മനുഷ്യനായി മാറാനും എല്ലാ സുഹൃത്തുക്കളെയും സമം സ്വാഗതം ചെയ്യുന്നുമുണ്ട്. പ്രകൃതിയും മനുഷ്യനും ഒന്നായി മാറുന്ന അവസ്ഥ തന്നെയാണ് സമം എന്ന് ഐറിഷിന്റെ പിതാവ് പറയുന്നു. 

വൈകുന്നേരം മൂന്നു മണിയ്ക്ക് ശേഷമാണ് ഇവരുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. രണ്ടു ദമ്പതിമാരും തങ്ങളുടെ സ്ഥിരം വേഷങ്ങളിൽ തന്നെ ജീവിതത്തിലെ ആ പ്രധാന ചടങ്ങിനെത്തി. കല്യാണത്തിന്റേതായ വേഷപ്പകർച്ചകളോ ആഭരണത്തിന്റെ ഭ്രമമോ ഇല്ലാതെ എത്തിയ വധൂവരന്മാരുടെ കയ്യിൽ നാട്ടിലെ പ്രായം ചെന്ന ദമ്പതിമാർ മരത്തൈ നൽകി. അത് ഇരുവരും ചേർന്ന് നട്ടു. അതുതന്നെയായിരുന്നു വിവാഹത്തിന്റെ ഏറ്റവും മനോഹരവും പ്രാധാന്യമേറിയതുമായ ചടങ്ങും. പിന്നീട് ഇരുവർക്കും ചടങ്ങിന്റെ അടയാളമായി ഓലത്തൊപ്പി കൂടി അണിയിച്ചതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങളുടെ കാലം കൂടലായിരുന്നു അത്. ആട്ടവും പാട്ടും തനി നാടൻ രീതിയിലുള്ള പ്രകൃതി ദത്തമായ ഭക്ഷണവും ഐറിഷിന്റെയും ഹിതയുടെയും സുഹൃത്തുക്കളുടെ സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടി ചേർക്കലുമായിരുന്നു. ദൂരങ്ങളിൽ നിന്നെത്തിയവർ പോലും ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും സഹായിച്ചും വരുന്നവർക്ക് മരത്തൈകൾ വിതരണം ചെയ്തും ഓടി നടന്നു. 

irish3

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വിവാഹങ്ങളുടെ സാധ്യതകൾക്ക് സ്വയം പാഠമാവുകയായിരുന്നു ഐറിഷ് എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ കുടുംബവും. പൊന്നിനും സൗന്ദര്യത്തിനും വേണ്ടി മുടങ്ങുന്ന വിവാഹങ്ങളുടെ കണക്കുകൾ എടുത്താൽ ഒരുപക്ഷെ കേരളം ഇപ്പോഴും അത്ര പിന്നിലാകില്ല, എന്നാൽ അത്തരം വാർത്തകൾക്കിടയിലേയ്ക്ക് ആദർശം പറയാൻ മാത്രമല്ല പ്രവർത്തിക്കാനും കൊള്ളാം എന്നുറപ്പിക്കുന്നു ഈ ദമ്പതികൾ. ആഭരണത്തിലും പട്ടിലും ഒന്നുമല്ല വിവാഹങ്ങളുടെ പ്രസക്തിയെന്നും സ്നേഹത്തിലും പ്രകൃതിയുടെ താളത്തിലുമാണതെന്നും ഈ ദമ്പതികൾ പറയുന്നു. ഐറിഷിന്റെ സുഹൃത്തായ മനോജ് രവീന്ദ്രൻ പറഞ്ഞത് പോലെ ഇത് ഈ നൂറ്റാണ്ടിന്റെ വിവാഹമാണ്. ഒരുപാട് പുതിയ ചെറുപ്പക്കാർക്ക് മാറ്റത്തിന്റെ വഴി തുറന്നു കൊടുക്കാൻ പര്യാപ്തമായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവാഹം.