Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ അമ്മയായി, അഞ്ചാം വയസ്സിൽ!! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ

Lina Medina ലിനാ മെഡിനാ തന്റെ കുഞ്ഞിനൊപ്പം

അടുത്തിടെയാണ് ഡൽഹിയിൽ ഒരുവയസായ കുട്ടി ശാരീരികമായി പ്രായപൂർത്തിയായെന്ന വാര്‍ത്ത പുറത്തു വന്നത്. പ്രായമാകും മുമ്പേയുള്ള ആർത്തവം എന്ന അർഥം വരുന്ന പ്രിക്വേഷ്യസ് പ്യൂബെർട്ടി എന്നാണ് ശാസ്ത്രലോകം ആ അവസ്ഥയെ വിളിച്ചത്. അതായത് കുട്ടിയായിരിക്കുമ്പോൾ തന്നെ കൗമാരകാലത്തെ ശാരീരിക സവിശേഷതകളിലേക്ക് എത്തിച്ചേരുന്ന അവസ്ഥ. കേൾക്കുമ്പോൾ ഞെട്ടൽ തോന്നുമെങ്കിലും വർഷങ്ങൾക്കു മുമ്പും ഇത്തരത്തിലൊരു അവസ്ഥയുണ്ടായിട്ടുണ്ട്. അന്ന് അഞ്ചാം വയസിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയാവുക മാത്രമല്ല ഒരു കുഞ്ഞിന്റെ അമ്മ കൂടിയായി.1939ൽ പെറുവിലാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ സംഭവം അരങ്ങേറിയത്.

Lina Medina ലിനാ മെഡിനയും കുഞ്ഞും. ലിനാ ഗർഭാവസ്ഥയില്‍

മാതൃത്വം അത്രമേൽ നിർമലമാണ്. ഒരു കുഞ്ഞിനെ പത്തുമാസം ചുമന്നു പ്രസവിച്ച് അതിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നിവർത്തിച്ച് ഓമനിച്ചു കഴിയുന്ന കാലം. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ഉത്തരവാദിത്തപ്പെ‌‌ട്ട കാലമെന്നും മാതൃത്വത്തെ വിശേഷിപ്പിക്കാം. അത്രത്തോളം തന്റെ കുഞ്ഞിനു വേണ്ടി ഓരോ അമ്മമാരും സ്വയം സമർപ്പിക്കുകയാണ്. പക്ഷേ കുഞ്ഞായിരിക്കുന്ന അവസ്ഥയിൽ തന്നെ അമ്മയായാലോ? അതാണ് പെറുവിലെ ടിക്രാപോ സ്വദേശിയായ ലിനാ മെഡിനാ എന്ന പെൺകുട്ടിയ്ക്കു സംഭവിച്ചത്. അഞ്ചു വയസും ഏഴു മാസവും പ്രായമുള്ളപ്പോൾ അവൾ തന്റെ കുഞ്ഞിനു ജന്മം നൽകി, അങ്ങനെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി.

വയർ അസാധാരണമായി വീർത്തു വന്നതോടെയാണ് ലിനയു‌ടെ മാതാപിതാക്കൾ അവളെ ആശുപത്രിയില്‍ എത്തിച്ചത്. ട്യൂമർ ആയിരിക്കും എന്നായിരുന്നു സംശയമെങ്കിലും കൂ‌ടുതൽ പരിശോധനയിൽ അവൾ ഏഴുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. ലിനയുടെ സ്തനങ്ങളും മറ്റു ലൈംഗിക അവയവങ്ങളുമെല്ലാം പ്രായപൂർത്തിയായവരുടേതു പോലെ വളർച്ചയെത്തിയിരുന്നു. തുടർന്നാണ് ലിനയ്ക്കു മൂന്നാം വയസു മുതൽ ആർത്തവം ഉണ്ടായിരുന്നുവെന്നു അമ്മ ഡോക്ടറെ അറിയിച്ചത്. എന്നാൽ എട്ടാംമാസം മുതൽ ലിനയ്ക്ക് ആര്‍ത്തവം ഉണ്ടായിരുന്നുവെന്നു ഡോക്ടർമാര്‍ കണ്ടെത്തി.

Lina Medina പ്രസവശേഷം ലിന മെ‍ഡിനാ ആശുപത്രിയിൽ

അങ്ങനെ 1939 മെയ് 13ൽ ശസ്ത്രക്രിയയിലൂടെ ലിന ജെറാർഡ് എന്ന ആൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിനു പത്തു വയസു പ്രായമാകുന്നതു വരേയ്ക്കും ജെറാർഡിനു മുന്നിൽ മൂത്ത സഹോദരി എന്ന നിലയിലായിരുന്നു വീട്ടുകാർ ലിനയെ വളർത്തിയത്. പിന്നീടു നടന്ന അന്വേഷണത്തിലാണ് ലിന അച്ഛനിൽ നിന്നുമാണ് ഗർഭിണിയായതെന്നു കണ്ടെത്തിയത്. ശേഷം ബലാത്സംഗം ചെയ്തതിന് ലിനയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷേ തെളിവുകളുടെ അഭാവം മൂലം പിന്നീട് അയാൾ വിട്ടയക്കപ്പെടുകയും ചെയ്തു.

1979 വരെ സാധാരണ ജീവിതം നയിച്ച ലിനയുടെ മകൻ പക്ഷേ തന്റെ നാൽപതാമത്തെ വയസിൽ ബോൺ മാരോ രോഗം ബാധിച്ചു മരിച്ചു. അന്നുതൊ‌‌ട്ടേ ലിനയുടെ പ്രസവവും മാതൃത്വുമെല്ലാം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിലായിരുന്നുവെങ്കിലും ഫോട്ടോഗ്രാഫുകളും ആശുപത്രി രേഖകളുമെല്ലാം ഈ അസാധാരണ സംഭവം യാഥാർഥ്യമാണെന്നു തെളിയിക്കുന്നതായിരുന്നു.

Lina Medina ലിനാ മെഡിനാ ഇന്ന്

പിന്നീട് ലിന റൈൾ ജുറാഡോ എന്നയാളെ വിവാഹം കഴിക്കുകയും 1972 ൽ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. ഒരായുസു മുഴുവൻ നേരിട്ട കളിയാക്കലുകൾക്കും വിവാദങ്ങൾക്കും എല്ലാം ഒടുവിൽ എല്ലാത്തിൽ നിന്നും ഓടിയൊളിച്ച് പെറുവിലെ ലിമാ എന്ന സ്ഥലത്ത് ലിന ജീവിക്കുന്നുണ്ട്. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ മാതൃത്വം എന്ന ഉത്തരവാദിത്തത്തിന്റെ ഭാരം പേറിയ മറക്കാനാവാത്ത ഓർമകൾക്കൊപ്പം...
 

Your Rating: