Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പീഡനത്തിനും തടയാനാകാത്ത മൂർച്ചയുള്ള 22 ശബ്ദങ്ങൾ...

Laisha ഇസ്രായേൽ പ്രസിഡന്റിന്റെ പത്നി നിചേമ റിവ്‌ലിൻ പീഡനങ്ങൾ നേരിട്ട വനിതകൾക്കൊപ്പമുള്ള കൂടിക്കാഴ്ച്ചയ്ക്കിടയിൽ

‘ആണുങ്ങളല്ലേ, അവർ ദേഷ്യപ്പെടുക സ്വാഭാവികം. പെണ്ണുങ്ങളായ നമ്മൾ അതെല്ലാം സഹിച്ചും ക്ഷമിച്ചും വേണം ജീവിക്കാൻ...’ എന്ന് മുതിർന്ന സ്ത്രീകൾ വരെ മക്കളെയും ബന്ധുക്കളെയും ഉപദേശിക്കുന്ന ഇസ്രയേലി സമൂഹം. അവിടത്തെ അടിച്ചമർത്തലുകൾക്കും ലൈംഗികപീഡനങ്ങൾക്കും ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്ന 22 വനിതകൾ. അതിൽ ഇരുപതുകാരി മുതൽ അൻപതു കഴിഞ്ഞവർ വരെയുണ്ട്. ഇത്രയും നാൾ ആരോടും പറയാതെ അവർ ഒതുക്കി വച്ച പീഡനാനുഭവങ്ങളുടെ കാലത്തെപ്പറ്റി ലോകത്തിനു മുന്നിൽ വിളിച്ചു പറയുകയായിരുന്നു അവർ ഈ വനിതാദിനത്തിൽ. പുറംലോകം കേൾക്കരുതെന്നാഗ്രഹിച്ച ആ കാര്യങ്ങൾ, അവർക്കു മുന്നിലേക്കു തന്നെ ഇറങ്ങിനിന്ന് നെഞ്ചുറപ്പോടെ പറഞ്ഞു അവർ–ഇസ്രയേലി വനിതാ മാഗസനായ ‘ലേയ്ഷ’യിലൂടെ. മാത്രവുമല്ല മാഗസിന്റെ വനിതാദിനം സ്പെഷൽ പതിപ്പിന്റെ കവർപേജിലും ഈ 22 പേരുടെ ചിത്രമുണ്ടായിരുന്നു. ഓരോരുത്തരുടെയും അനുഭവങ്ങൾ അവരുടെ തന്നെ വാക്കുകളിൽ വിവരിക്കുന്ന വിഡിയോകളും മാഗസിൻ വെബ്സൈറ്റിലൂടെ നൽകി. കവർ പേജിൽ 22 പേർക്കൊപ്പം ഒരു കസേര ഒഴിച്ചിടുകയും ചെയ്തു– അത് തങ്ങൾക്കു നേരിടേണ്ടി വന്ന പീഡനത്തിന്റെ പിടിയിൽ നിന്ന് ഇനിയും മോചിതരാകാതെ ഒരുവാക്കു പോലും പറയാനാകാതെ നിശബ്ദരാക്കപ്പെട്ട ഒട്ടേറെ വനിതകൾക്കു വേണ്ടിയുള്ള ഇരിപ്പിടമായിരുന്നു.

Laisha അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നവർ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, പല വിഭാഗത്തിൽപ്പെട്ട, വിവിധ തൊഴിലുകളിൽ വ്യാപൃതരായ വനിതകളാണ് തങ്ങൾ നേരിട്ട പീഡനങ്ങളെപ്പറ്റി സംസാരിച്ചത്. പലർക്കും കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ലൈംഗികപീഡനങ്ങളുടെ കഥ വരെ പറയാനുണ്ടായിരുന്നു. ചിലരാകട്ടെ പലവട്ടം പീഡിപ്പിക്കപ്പെട്ടതിന്റെ ദുരിതം പേറി ജീവിച്ചവരാണ്. ലോകവനിതാദിനത്തോടനുബന്ധിച്ചുള്ള മാഗസിന്റെ ‘you cannot rape us to silence’ എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു ക്യാംപെയ്ൻ. ജനുവരിൽ ആരംഭിച്ച പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ നാലുപേരെ മാഗസിൻ ഇന്റർവ്യൂ ചെയ്ത് വാർത്ത നൽകി. അതേ മാതൃകയിൽ മറ്റുള്ളവർക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം സമൂഹമാധ്യമങ്ങളിലൂടെയും നൽകി. എന്താണ് അവർക്ക് നേരിടേണ്ടി വന്ന പീഡനം? എന്തു കൊണ്ട് അതിത്രയും കാലം മറച്ചുവച്ചു? സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ വനിതകളുമായി അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ലഭിച്ച ആശ്വാസം...തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിവരിച്ച് 56 വനിതകളാണ് രംഗത്തു വന്നത്. ആണുങ്ങളിൽ നിന്നും പെണ്ണുങ്ങളിൽ നിന്നുമേറ്റ പീഡനങ്ങളെപ്പറ്റി പറയാനുണ്ടായിരുന്നു അവർക്ക്. അവരിൽ 22 പേർ തങ്ങളുടെ ഫോട്ടോ സഹിതം തന്നെ വിവരണം നൽകാൻ തയാറായി. മറ്റുചിലർ അനുഭവം മാത്രം പറഞ്ഞു. ചിലരാകട്ടെ അവസാനനിമിഷം ഫോട്ടോ ഒഴിവാക്കി.

Laisha അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നവർ

ലൈംഗിക പീഡനത്തിനിരയാകുന്ന വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകയുമുണ്ടായിരുന്നു കൂട്ടത്തിൽ. നാൽപത്തിയെട്ടുകാരിയായ റോണി അലോനി രണ്ട് കുട്ടികളുടെ അമ്മയാണ്. മൂന്നു മുതൽ 12 വയസ്സു വരെ തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ഒരു ബന്ധുവിനെപ്പറ്റിയാണ് അവർ തുറന്നടിച്ചത്. 49കാരിയായ പട്രീഷ്യ ദോർ പറഞ്ഞത് കഴിഞ്ഞ 38 വർഷമായി അവരെന്റെ ശബ്ദം അടക്കിപ്പിടിച്ചു വച്ചിരിക്കുകയായിരുന്നുവെന്നാണ്. 11–ാം വയസിലേറ്റ പീഡനത്തിനൊടുവിൽ ആത്മാവു തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താനെന്നും പട്രീഷ്യ പറയുന്നു. 12 മുതൽ 14 വയസ്സുവരെ സമയത്ത് സ്വന്തം പിതാവിൽ നിന്നു തന്നെ പീഡനമേൽക്കേണ്ടി വന്ന ദുരവസ്ഥയാണ് അൻപത്തിയൊന്നുകാരിയായ ദാഫ്ന അർഗമാൻ പങ്കുവച്ചത്. ‘തെറ്റു ചെയ്തത് ഞാനല്ല, പിന്നെയെന്തിന് നിശബ്ദയായിരിക്കണം...’ എന്നാണ് 22 പേരും ശബ്ദമുയർത്തി ചോദിച്ചത്. ആ ശബ്ദത്തിനു മുഴക്കം പകർന്ന് ഇസ്രയേൽ പ്രസിഡന്റിന്റെ പത്നി നിചേമ റിവ്‌ലിൻ ഇവരെ വസതിയിലൊരു കൂടിക്കാഴ്ചക്കും ക്ഷണിച്ചിരുന്നു. ആ ഒത്തുചേരലിൽ നിചേമ പറഞ്ഞതിങ്ങനെ: ‘ഓർക്കുക, മുറിവേൽക്കപ്പെട്ടാൽ നിങ്ങളൊരിക്കലും ഒറ്റയ്ക്കാകില്ല. ചുറ്റിലും ഒരുപാടുപേരുണ്ട്. ആരുമില്ലെന്നു കരുതി, ഒറ്റപ്പെടുമെന്നു കരുതി, നിശബ്ദരായിരിക്കരുത്. നിശബ്ദരാക്കപ്പെട്ടിരിക്കുന്ന ഒരുപാടു സ്ത്രീകൾക്ക് തങ്ങളുടെ തടവു പൊട്ടിച്ച് പുറംലോകത്തേക്കിറങ്ങാനുള്ള താക്കോലാണ് നിങ്ങൾ 22 പേരുടെ ശബ്ദം ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്...ഈ ധൈര്യം മതി ജീവിതത്തിൽ മുന്നേറാൻ...’

Your Rating: