Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേടാം, സൈഡ് ബിസിനസ്സിലൂടെ മാസം 50,000 രൂപ!

bismi നാട്ടിൽ തിരിച്ചെത്തി ബിസിനസ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മാതൃകയാക്കാവുന്നതാണ് ബിസ്മി ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ വിജയകഥ...

നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ വന്നു സ്ഥിരതാമസമാക്കിയപ്പോൾ സ്ഥിരവരുമാനത്തിന് റിസ്ക് കുറഞ്ഞ, വിജയിക്കാവുന്ന ഒരു ലഘു സംരംഭമായിരുന്നു നാസറിന്റെ മനസ്സിൽ. അതു വിജയം കൊണ്ടുവന്ന കഥയാണ് ബിസ്മി ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റേത്. വടക്കഞ്ചേരിക്കടുത്ത് പ്രധാനിയിലാണ് സംരംഭം പ്രവർത്തിക്കുന്നത്.  

എന്താണു ബിസിനസ്?

തിന്നാൻ തയാർ വിഭവങ്ങളായ ചപ്പാത്തി, പത്തിരി, നൂൽപുട്ട്, പൊറോട്ട എന്നിവ ഉണ്ടാക്കി വിൽ‌ക്കുന്നതാണ് ബിസിനസ്. ഓർഡറുകൾ അനുസരിച്ച് വെള്ളയപ്പവും വിവിധ കറികളും ഉണ്ടാക്കുന്നു. അതിരാവിലെ നാലു മണി മുതൽ ജോലികൾ ആരംഭിക്കുന്നു.

എന്തുകൊണ്ട് ഈ ബിസിനസ്?

27 വർഷം റിയാദിൽ ജോലി ചെയ്തു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ േബക്കറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംരംഭം തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചത്. പിന്നെ അത് തിന്നാൻ തയാർ വിഭവങ്ങളിലേക്കെത്തി.

പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപ് വിപണിയെക്കുറിച്ച് നന്നായി പഠിച്ചു. മെച്ചപ്പെട്ട ലാഭവിഹിതം തരുമെന്നും കണ്ടു. ചോദിച്ചിടത്തുനിന്നെല്ലാം ഓർഡർ ലഭിക്കുകയും ചെയ്തതോടെ സ്വന്തം കുടുംബാംഗങ്ങളുടെ സഹായത്തോടെ സംരംഭത്തിനു തുടക്കമിട്ടു. ഇപ്പോൾ അഞ്ചു ജോലിക്കാരും ഏകദേശം അഞ്ചു ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപവും ഉണ്ട്.  

പ്രാദേശികമായ വാങ്ങലുകൾ

പ്രാദേശികമായി ലഭിക്കുന്ന മെച്ചപ്പെട്ട അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഉൽപന്നങ്ങൾ ഉണ്ടാക്കുക. ഫോണിൽ വിളിച്ചു പറഞ്ഞാൽ സാധനങ്ങൾ കൃത്യമായി എത്തിച്ചുതരും. യാതൊരു ക്ഷാമവും ഇക്കാര്യത്തിൽ ഇല്ല. കടം കിട്ടാറില്ല. സ്ഥിരമായി വാങ്ങുന്നതിനാൽ ഗുണനിലവാരത്തിൽ മാത്രമാണു ശ്രദ്ധിക്കുന്നത്. 

ഓർഡർ അനുസരിച്ച് വിൽപന

x-default

ഓർഡർ അനുസരിച്ചു മാത്രമാണ് വിൽപന. ൈലനിൽ പോയി സപ്ലൈ ചെയ്യുന്ന രീതി ഇവിടെ ഇല്ല. എന്നാൽ മുൻകൂട്ടി വിളിച്ചു പറയുന്ന ഓർഡറുകൾക്ക് ഡോർ ഡെലിവറി നൽകാറുണ്ട്. തുടക്കത്തിൽ ചെറിയ നോട്ടിസുകൾ വഴിയും കാർഡുകൾ വഴിയും മറ്റു പ്രാദേശിക രീതികളിലും പരസ്യങ്ങൾ ചെയ്തിരുന്നു. പിന്നീട് മൗത്ത് ടു മൗത്ത് പബ്ലിസിറ്റി  മാത്രം. ഇപ്പോൾ ധാരാളം സ്ഥിരം ഉപഭോക്താക്കളുണ്ട്. പ്രാദേശികമായിത്തന്നെയാണ് കൂടുതൽ വിൽപനയും. അതുകൊണ്ട് വലിയൊരു കിടമത്സരം ഈ രംഗത്ത് അനുഭവപ്പെടുന്നില്ല.

30 ദിവസവും പ്രവർത്തനം

സീസൺ അനുസരിച്ച് ഉൽപാദനത്തിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും 30 ദിവസവും സ്ഥാപനം പ്രവർത്തിക്കുന്നു. ദിവസവും ഏകദേശം 300 ചപ്പാത്തിയും 1000 പത്തിരിയും 500 നൂൽപുട്ടും 700 പൊറോട്ടയും ഉണ്ടാക്കാറുണ്ട്. സീസണുകളിൽ കച്ചവടം വർധിക്കും. പ്രതിദിനം 9,000 രൂപയുടെ വിറ്റുവരവുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മാസം 2,70,000 രൂപയുടെ കച്ചവടം നടക്കുന്നു. ഇതിൽ 25 ശതമാനം വരെ അറ്റാദായം ഉറപ്പാണ്. അതിൻപ്രകാരം  67,500 രൂപയുടെ അറ്റാദായം കണക്കുകൂട്ടാം. 

5 ലക്ഷം രൂപയുടെ നിക്ഷേപം

ചപ്പാത്തി േമക്കിങ് മെഷീൻ (രണ്ടെണ്ണം), മിക്സിങ് മെഷീൻ (രണ്ടെണ്ണം), ഗ്യാസ് അടുപ്പുകൾ (രണ്ടെണ്ണം), വിറക് അടുപ്പ് (ഒന്ന്), മറ്റ് തട്ടുകൾ, പാത്രങ്ങൾ അങ്ങനെ എല്ലാം കൂടി അഞ്ചുലക്ഷം രൂപയുടെ നിക്ഷേപമാണ് നിലവിൽ ഉള്ളത്. ബന്ധുവായ അബ്ദുൾ റഹിമാനും നാല് തൊഴിലാളികളും കൂടാതെ ഭാര്യ സഫിയയും മക്കളും സഹായത്തിനുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽനിന്നാണ് വായ്പ. അതിൻപ്രകാരമുള്ള സബ്സിഡിയും ലഭിച്ചു. എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരമായിരുന്നു സബ്സിഡി. സ്ഥിരനിക്ഷേപത്തിന്റെ 30 ശതമാനം വരെ സബ്സിഡിയായി കിട്ടിയത് വളരെ സഹായകരമായി. 

വിജയരഹസ്യങ്ങൾ

∙കടമായി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നില്ല.

∙മുൻകൂർ ഓർഡറുകൾക്ക് ഡോർ ഡെലിവറി സംവിധാനം.

∙അതിരാവിലെ മാത്രം നിർമാണജോലികൾ തുടങ്ങുന്നതിനാൽ ചൂടാറാത്ത ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നു.

∙മാന്യമായ ഉൽപന്നം, മാന്യമായ വില എന്നതാണു പ്രവർത്തനരീതി.

∙ ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളാണ് ഉപയോഗിക്കുക. 

∙അരി വാങ്ങി കഴുകി പൊടിച്ച് വറത്തെടുക്കുന്നു.

∙കാറ്ററിങ് സർവീസുകൾ, കല്യാണ പാർട്ടികൾ, കുടുംബത്തിലെ വിശേഷങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു വ്യാപാരം.

പുതു സംരംഭകർക്ക്

ആർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന ബിസിനസ് മേഖലയായി ഇത്തരം ചൂടാറാവിഭവങ്ങളെ കാണാം. വീട്ടമ്മമാർ‌ക്കു നന്നായി തിളങ്ങാൻ പറ്റിയ മേഖലയാണിത്. പാർട് ടൈം സംരംഭം എന്ന നിലയിലും തുടങ്ങാം. മൂന്നു ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപത്തിൽ ലളിതമായി ആരംഭിക്കാവുന്നതേയുള്ളൂ. ക്രമേണ നല്ലൊരു വിതരണ ശൃംഖല വളർത്തിയെടുക്കാം. കടം അധികം നൽകേണ്ടി വരികയില്ല എന്നതും മെച്ചപ്പെട്ട ലാഭവിഹിതം കിട്ടുന്നതും ഈ സംരംഭത്തിന്റെ പ്രത്യേകതകളായി പറയണം. തുടക്കത്തിൽ രണ്ടു ലക്ഷം രൂപയുടെ കച്ചവടം പിടിച്ചാൽ പോലും ഒരു 50,000 രൂപയുടെ അറ്റാദായം പ്രതീക്ഷിക്കാം. 

വിലാസം: ബിസ്മി ഫുഡ് പ്രോഡക്ട്സ്  

പ്രധാനി, വടക്കഞ്ചേരി പി.ഒ.,

പാലക്കാട്

Read more:Lifestyle Malayalam Magazine, Business Success Stories