Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴേ നിക്ഷേപിക്കാം, ഈ വർഷം നികുതി ലാഭിക്കാം

Investment in mutual funds

കഴിഞ്ഞ മാർച്ചിൽ ആദായനികുതി ലാഭിക്കാനായി നിക്ഷേപം നടത്താൻ നെട്ടോട്ടം ഓടിയത് ഓർമയുണ്ടോ? അടുത്ത തവണ ഈ ഓട്ടം ഒഴിവാക്കണമെന്നും അന്നേ മനസ്സിൽ തീരുമാനിച്ചിട്ടുണ്ടാവാം. എങ്കിൽ വൈകേണ്ട, 80സി പ്രകാരം നികുതിയിളവു നേടാൻ ഏറ്റവും അനുയോജ്യ മാർഗമായ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചു തുടങ്ങാം. ഇഎൽഎസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീംസ്) അഥവാ ഓഹരിബന്ധിത സമ്പാദ്യ പദ്ധതികൾ ആണ്  ഇതിന് ഉചിതം. നികുതിയിളവുള്ള നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന നേട്ടം ലഭ്യമാക്കുന്ന പദ്ധതിയാണിത്. മൂന്നു വർഷമേ ലോക് ഇൻ പീരിയഡ് ഉള്ളൂ. അതു പൂർത്തിയാക്കിയ തുക പുനർനിക്ഷേപിച്ച് വീണ്ടും ഇളവു നേടാം. കാലാവധിക്കുശേഷം കിട്ടുന്ന തുകയ്ക്കു നികുതിയില്ലെന്നതും നേട്ടം വർധിപ്പിക്കുന്നു. 

എസ്‌ഐപിയുടെ നേട്ടങ്ങൾ

ഇഎൽഎസ്‌എസ് പദ്ധതികളിൽ നേട്ടങ്ങൾ പലതാണ്. മാസം 500 രൂപ അടച്ചും തുടങ്ങാം. ചെറിയ തുക വീതം അടയ്ക്കുന്നതിനാൽ വിപണി പിന്നോട്ടടിച്ചാലും വലിയ നഷ്ടം സംഭവിക്കില്ല. വിപണി ഇറങ്ങുമ്പോൾ വില കുറയുമെന്നതിനാൽ കൂടുതൽ യൂണിറ്റുകൾ നേടാം. ഉദാഹരണത്തിന്, 22 രൂപ വില ഉണ്ടായിരുന്ന ഫണ്ട് 20 രൂപയായി എന്നു കരുതുക. അപ്പോൾ 500 രൂപയുടെ മാസഗഡുവിൽ 22 നു പകരം 25 യൂണിറ്റുകൾ കിട്ടും. 

മറിച്ച് വില 25 ആയാൽ 22 എണ്ണമേ കിട്ടൂ. ഇത്തരത്തിൽ കയറ്റിറക്കങ്ങളിൽ വാങ്ങുന്നതിനാൽ  ശരാശരി വാങ്ങൽ വില കുറവായിരിക്കും. വൻതുക ഒന്നിച്ചിടുന്നതിനെക്കാൾ ലാഭത്തിൽ യൂണിറ്റുകൾ എസ്‌ഐപി വഴി സ്വന്തമാക്കാം.  അത് അന്തിമനേട്ടം വർധിപ്പിക്കും. ‘റുപ്പീ കോസ്റ്റ് ആവറേജിങ്' എന്നാണ് ഇതിനു പറയുന്നത്.

ഈ നിക്ഷേപം കൂട്ടുപലിശയടക്കം പെരുകുന്നു. 22 വർഷം മുൻപു തുടങ്ങിയ ഒരു പദ്ധതിയിൽ തുടക്കം മുതൽ പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചയാൾക്ക് 2016 അവസാനത്തോടെ 80 ലക്ഷത്തോളം രൂപ നേടാൻ കഴിയും. ദീർഘകാലയളവിൽ നേട്ടവും കൂടുന്നു. കൂട്ടുപലിശയുടെ ഈ വളർച്ചാ മാജിക് ആണ് എസ്‌ഐപിയുടെ ഏറ്റവും വലിയ ആകർഷണീയത.  

എസ്ഐപിയിൽ എല്ലാ മാസവും ഒരേ തുക തന്നെ അടയ്ക്കണമെന്നാണ്. എങ്കിലും അതിൽ വ്യത്യാസം വരുത്താം. 5,000 രൂപയുടെ എസ്‌ഐപി തുടങ്ങിയിട്ട് പിന്നീട് പണത്തിനു ബുദ്ധിമുട്ടായാൽ നിലവിലെ എസ്‌ഐപി ക്ലോസ് ചെയ്‌തിട്ട് 3,000 രൂപയുടെ പുതിയതു തുടങ്ങി നിക്ഷേപം തുടരാം. അതുപോലെ മാസഗഡു വർധിപ്പിക്കാനും സൗകര്യമുണ്ട്. 

80സിയുടെ നികുതിസൗജന്യമാണ് ഈ പദ്ധതികൾക്കു ലഭിക്കുക. സമാന ഇളവുള്ള പദ്ധതികളാണ് പിപിഎഫ്, യുലിപ് എന്നിവ. പിപിഎഫ് ആദായത്തിനു സ്ഥിരതയുണ്ട്. പക്ഷേ, അത് 8.5% നിലവാരത്തിലാണ്. ഇഎൽഎസ്‌എസ് ആദായം ദീർഘകാല വാർഷിക ശരാശരിയിൽത്തന്നെ 16 മുതൽ 20% വരെയാണ്. യുലിപ്പിൽ യഥാർഥ വരുമാനം എത്രയെന്നറിയാൻ 10–15 വർഷം വരെകാത്തിരിക്കണം. ഇഎൽഎസ്‌എസ്സിൽ മൂന്നുവർഷമേ ലോക് ഇൻ പീരിയഡ് ഉള്ളൂ. അതിനു ശേഷം എപ്പോൾ വേണമെങ്കിലും പിൻവാങ്ങാം. നിക്ഷേപം തുടർന്നാൽ നേട്ടം വർധിപ്പിക്കാം.  

നിങ്ങളുടെ ബാങ്ക്, ഷെയർ ബ്രോക്കർ, മ്യൂച്വൽ ഫണ്ട് കമ്പനി, ഫിനാൻഷ്യൽ അഡ്വൈസർ എന്നിവർ വഴിയെല്ലാം എസ്ഐപി തുടങ്ങാം. ഒരു മ്യൂച്വൽ ഫണ്ട് കമ്പനിയിൽനിന്ന് അവരുടെ പദ്ധതി മാത്രമേ വാങ്ങാനാകൂ.

നേരിട്ടു വാങ്ങാം 

ഇപ്പോൾ ഇടനിലക്കാരില്ലാതെ നേരിട്ടും ഫണ്ട് വാങ്ങാം. ഡയറക്‌ട് പ്ലാൻ എന്നറിയപ്പെടുന്ന ഇവയ്ക്ക് ഏജന്റ് കമ്മിഷൻ ഇല്ല. കമ്മിഷൻ വളരെ ചെറിയ തുകയാണ്. പക്ഷേ, കൂടുതൽ യൂണിറ്റുകൾ വാങ്ങുകയും കൂടുതൽ കാലം കൈവശം വയ്ക്കുകയും ചെയ്യുന്നതിനാൽ ഈ ചെറിയ കുറവു പോലും ഭാവിയിൽ വലിയ നേട്ടമാകും. അതിനാൽ ഡയറക്ട് പ്ലാൻ വഴി നിക്ഷേപിച്ചാൽ നേട്ടം കൂട്ടാം. പക്ഷേ, താരതമ്യം ചെയ്ത് നല്ല പദ്ധതി കണ്ടെത്താൻ കഴിവും സമയവുമുണ്ടെങ്കിലേ ആ വഴി പോകാവൂ. 

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പാൻകാർഡും എസ്ബി അക്കൗണ്ടും വേണം. കൂടാതെ, കെവൈസി (നോ യുവർ കസ്റ്റമർ) രേഖകളും. ആവശ്യമായ നിർദേശം കൊടുത്താൽ മാസം തോറും നിങ്ങളുടെ അക്കൗണ്ടിൽനിന്നു പണം എടുത്ത് ഫണ്ടിൽ നിക്ഷേപിക്കും. ഓരോ മാസവും അതിനായി ബുദ്ധിമുട്ടേണ്ട. മാസം തോറുമോ മൂന്നു മാസത്തിലോ നിശ്ചിത തുക നിങ്ങൾ നിർദേശിക്കുന്ന ഫണ്ടുകളിൽ 

ഓൺലൈനായി നിക്ഷേപിക്കും. 

എസ്‌ബി അക്കൗണ്ടിൽനിന്ന് എത്ര പണം, ഏതു തീയതിയിൽ, ഏതെല്ലാം എസ്‌ഐപിയിൽ നിക്ഷേപിക്കണം എന്നതു സംബന്ധിച്ച നിർദേശങ്ങളടങ്ങുന്ന കത്തു കൊടുത്താൽ ബാങ്ക് നിങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചു നിക്ഷേപിക്കും. സ്വന്തമായി ഡിപ്പോസിറ്ററി അക്കൗണ്ട് എടുത്താൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളെയും ഇലക്‌ട്രോണിക് രൂപത്തിൽ സൂക്ഷിക്കാം.

നികുതി ലാഭിക്കാൻ മികച്ച 5 മ്യൂച്വൽ ഫണ്ടുകൾ 

1. ആക്സിസ് ലോങ്ടേം ഇക്വിറ്റി ഫണ്ട്

ഏഴു വർഷത്തെ പ്രവർത്തനചരിത്രവും 10,000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള  ഏറ്റവും വലിയ ഇഎൽഎസ്എസ്. കലക്കൻ പ്രവർത്തനവുമായി എക്കാലവും മുന്നിൽ നിൽക്കുന്ന ഫണ്ട്. നിക്ഷേപകരുടെ വിശ്വാസത്തിനു തെളിവാണ് ഈ മുൻനിര സ്ഥാനം. മൂന്നു വർഷമായി 22% വാർഷിക നേട്ടവും പഞ്ചനക്ഷത്ര റേറ്റിങ്ങും നിലനിർത്തുന്നു. അഞ്ചുവർഷത്തിൽ 20 ശതമാന  ത്തിലധികം വളർച്ച. നിക്ഷേപത്തിന്റെ 55–70% വരെ വൻകിട ഓഹരികളിലും. 30–40% മിഡ്‌ക്യാപ്പിലും.   

നഷ്‌ടസാധ്യത കൂടിയ മിഡ്‌ക്യാപ് നിക്ഷേപം നിയന്ത്രിച്ചും ചെറുകിട ഓഹരികൾ ഒഴിവാക്കിയും സ്ഥിരത കൈവരിക്കുന്നു. അനുകൂലസമയത്ത് ഇതര ഫണ്ടുകളെ വെല്ലുന്ന നേട്ടം. പ്രതികൂല സമയത്ത് നഷ്‌ടം മയപ്പെടുത്താനുള്ള കഴിവു തെളിയിച്ച ഫണ്ട്. സ്വകാര്യബാങ്കിങ്, ഭവനവായ്‌പാരംഗം, ഓട്ടമൊബീൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്ന  പോർട്ഫോളിയോ നല്ല വളർച്ച സൂചിപ്പിക്കുന്നു.

2. റിലയൻസ് ടാക്സ് സേവർ

നഷ്ടസാധ്യതയും ആദായസാധ്യതയും കൂടിയ പദ്ധതി. വൻകിട ഓഹരികളെക്കാൾ മിഡ്‌ക്യാപ്, സ്മോൾക്യാപ് ഓഹരികൾക്ക് പ്രാമുഖ്യം നൽകുന്ന നിക്ഷേപതന്ത്രമാണ് റിലയൻസ് ടാക്സ് സേവറിന്റേത്. അനുകൂലഘട്ടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം. പക്ഷേ, ദുർദിനങ്ങളിൽ പിടിച്ചുനിൽക്കാൻ പാടുപെടും. ഉയർന്ന ലാഭത്തിനായി കൂടിയ നഷ്‌ടം സഹിക്കാൻ തയാറുള്ളവർക്കു യോജിച്ചത്. നഷ്‌ടത്തെ ഭയപ്പെടുന്നവർ നിക്ഷേപിക്കരുത്. 54 ശതമാനത്തിലധികം നിക്ഷേപവും ചെറുകിട, മധ്യനിര ഓഹരികളിൽ. മൂന്നു വർഷ വളർച്ച 30 ശതമാനത്തിനടുത്താണ്. ശക്‌തമായ തിരുത്തലിൽ  ചെറുകിട, മധ്യനിര ഓഹരികൾ കൂപ്പുകുത്താം. ഇതു നേട്ടത്തെ  ബാധിക്കും.

3. ഫ്രാങ്ക്‌ളിൻ ഇന്ത്യ ടാക്സ് ഷീൽഡ്

സുസ്ഥിരമായ വളർച്ച നേടുന്ന ഫണ്ട്. മുൻനിരയിലെത്താൻ നിക്ഷേപതന്ത്രത്തിൽ വെള്ളം ചേർക്കില്ല. 55–70 ശതമാനം നിക്ഷേപവും മുൻനിര ഓഹരികളിൽ. വളർച്ചാസ്ഥിരത നിലനിർത്തുന്നു. ദീർഘകാല നേട്ടത്തിന്റെ കാര്യത്തിൽ എപ്പോഴും കാറ്റഗറി ശരാശരിയിലും മുന്നിൽ. മൂന്നുവർഷ വാർഷിക ശരാശരി 23 ശതമാനത്തിനടുത്താണ്.  അഞ്ചുവർഷത്തിൽ 17 ശതമാനത്തിലധികം ആദായം. 

4. ഐഡിബിഐ ഇക്വിറ്റി അഡ്‌വാന്റേജ് ഫണ്ട് 

60 ശതമാനത്തോളം മധ്യനിര– ചെറുകിട ഓഹരികളിലായതിനാൽ മിഡ്ക്യാപ് തിളങ്ങുമ്പോൾ നേട്ടം കൂടും. അവയുടെ തകർച്ചയിൽ നേട്ടം ഇടിയും. നഷ്‌ടസാധ്യത കൂടിയ ഫണ്ട്. ഇത് കണക്കിലെടുത്തുവേണം നിക്ഷേപം. നഷ്‌ടസാധ്യത ഉയർന്നതെങ്കിലും പഞ്ചനക്ഷത്ര റേറ്റിങ് നേടാനും അത് നിലനിർത്താനും കഴിയുന്നു. മൂന്നുവർഷത്തിൽ  25 ശതമാനത്തിലധികം വളർച്ച. നഷ്‌ടസാധ്യത  നേരിടാൻ കരുത്തുള്ളവർ തിരുത്തലിൽ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുക.  

5. ബിർല സൺലൈഫ് ടാക്‌സ് പ്ലാൻ

മൂന്നു വർഷത്തിൽ 23.5ഉം അഞ്ചു വർഷത്തിൽ 18ഉം ശതമാനം വളർച്ച നേടിയ പദ്ധതി. 47 ശതമാനത്തോളം തുക മുൻനിര ഓഹരികളിലാണ്. 50 ശതമാനം മധ്യനിര ഓഹരികളിലും. ബാക്കി സ്മോൾ ക്യാപ്പിലും നിക്ഷേപിച്ചാണ് ഈ നേട്ടം കൈവരിച്ചത്.   ചതുർനക്ഷത്ര റാങ്കാണ് ഈ ഫണ്ടിനുള്ളത്.

Read More..  Sampadhyam, Investments