Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളേ... പണമിടപാടുകൾ നടത്തും മുൻപേ അറിയണം ഈ വിവരങ്ങൾ!

Money ഇന്ത്യയിലുള്ള എൻആർഇ അക്കൗണ്ടുകളിൽ നിന്നോ ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകളിൽനിന്നോ പണം മറ്റ് എൻആർഇ അക്കൗണ്ടുകളിലേക്കു മാറ്റാം.

ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും. ദീർഘകാലത്തേക്കു വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരും പ്രവാസി ഇന്ത്യക്കാരാണ്. ജോലിക്കും മറ്റുമായി ഇത്തരത്തിൽ വിദേശത്തേക്കു പോകുന്നവർ ആ സാമ്പത്തിക വർഷം മുതൽ തന്നെ എൻആർഐ സ്റ്റാറ്റസിൽ എത്തും. 

നിയമങ്ങൾക്കു വിധേയം

ഒരാൾ പ്രവാസി ഇന്ത്യക്കാരനാണെന്നു നിർവചിക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമാ), ആദായനികുതി നിയമം എന്നിവയുമായി ബന്ധപ്പെട്ടാണ്. 

ബാങ്ക് അക്കൗണ്ടുകളിൽ വിദേശ നാണയത്തിൽ നടത്തുന്ന ഇടപാടുകൾ, ഓഹരികളിലും ഭൂമിയിലും മറ്റ് ആസ്തികളിലും നടത്തുന്ന നിക്ഷേപം, വിദേശത്തു നേടിയ പണം കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും തുടങ്ങിയവയൊക്കെ ഫെമായിൽ നിർവചിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ആസ്തികളും വ്യത്യസ്ത വരുമാന മാർഗങ്ങളിലെ ആദായനികുതി സംബന്ധിച്ച കാര്യങ്ങളുമാണ് ആദായനികുതി നിയമത്തിന്റെ പരിധിയിലുള്ളത്. 

എൻആർഇ അക്കൗണ്ട്

എൻആർഇ അക്കൗണ്ടുകൾ അഥവാ നോൺ റസിഡന്റ് (എക്സ്റ്റേണൽ) റുപ്പി അക്കൗണ്ടുകൾ പ്രവാസികൾക്കു തുടങ്ങാവുന്ന സാധാരണ സേവിങ്സ് അക്കൗണ്ടുകളാണ്. ഇന്ത്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ടിൽ വിദേശത്തുനിന്നു അംഗീകൃത കറൻസികളിൽ പണം അയയ്ക്കുകയോ അവധിക്കാലത്ത് ഇന്ത്യയിലെത്തുമ്പോൾ വിദേശ കറൻസിയായും ട്രാവലേഴ്സ് ചെക്കായും തുക നിക്ഷേപിക്കുകയോ ആവാം. 

ഇന്ത്യയിലുള്ള എൻആർഇ അക്കൗണ്ടുകളിൽ നിന്നോ ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകളിൽനിന്നോ പണം മറ്റ് എൻആർഇ അക്കൗണ്ടുകളിലേക്കു മാറ്റാം. സാധാരണ സേവിങ്സ് അക്കൗണ്ടുകളിലെ പോലെ പലിശ ലഭിക്കും. സ്ഥിരനിക്ഷേപങ്ങൾക്കു ലണ്ടൻ ഇന്റർബാങ്ക് നിരക്കുകളുടെ അടിസ്ഥാനത്തിലാണു പലിശ നൽകുക. അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന തുക എപ്പോൾ വേണമെങ്കിലും വിദേശത്തേക്കും അയയ്ക്കാം.

എൻആർഒ അക്കൗണ്ട്

ജോലിക്കായി വിദേശത്തേക്കു പോകുന്നതിനു മുൻപ് നിലവിലുള്ള ബാങ്ക് അക്കൗണ്ട് എൻആർഒ അക്കൗണ്ടായി മാറ്റാവുന്നതാണ്. ഇന്ത്യയിൽ താമസിക്കുന്നവരുമായി ജോയിന്റ് ആയിട്ടും അല്ലാതെയും പ്രവാസി ഇന്ത്യക്കാർക്ക് എൻആർഒ അക്കൗണ്ട് തുടങ്ങാം.  സേവിങ്സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എൻആർഒ അക്കൗണ്ടുകളിൽ ഇന്ത്യൻ രൂപയിലാണു വിനിമയം.

പലിശയ്ക്ക് ആദായനികുതി നൽകണം. 

വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു സാമ്പത്തിക വർഷത്തിൽ ദശലക്ഷം യുഎസ് ഡോളറിനു തുല്യമായ തുക വരെ നിയന്ത്രണങ്ങൾക്കു വിധേയമായി വിദേശത്തേക്കു പിൻവലിക്കാം. നാട്ടിലെ വരുമാനത്തിന് ആദായനികുതി നൽകിയശേഷമാണ് ഇത് അനുവദിക്കുക. 

എഫ്സിഎൻആർ അക്കൗണ്ട്

യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിങ്, യൂറോ, ജാപ്പനീസ് യെൻ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ എന്നിങ്ങനെ ആറു വിദേശ കറൻസികളിൽ തുടങ്ങാവുന്ന സ്ഥിരനിക്ഷേപമാണ് ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ അഥവാ എഫ്സിഎൻആർ അക്കൗണ്ടുകൾ.

ഒന്നുമുതൽ അഞ്ചുവർഷം വരെയുള്ള കാലാവധിക്ക് ഈ അക്കൗണ്ട് തുടങ്ങാം. നിക്ഷേപത്തുകയ്ക്കും പലിശത്തുകയ്ക്കും ആദായനികുതി നൽകേണ്ടതില്ല. ഇന്ത്യൻ രൂപയിൽ അക്കൗണ്ട് തുടങ്ങാനാകില്ല. എൻആർഇ അക്കൗണ്ടിലേക്കു പണം അടയ്ക്കുന്നതുപോലെ എഫ്സിഎൻആർ അക്കൗണ്ടുകളിലേക്കും പുറത്തുനിന്നു പണം അടയ്ക്കാം.  മുതലും പലിശയും പൂർണമായും വിദേശത്തേക്കു പിൻവലിക്കാം. വിദേശ കറൻസികളുടെ വിലയിലുണ്ടാകുന്ന വ്യത്യാസവും നഷ്ടസാധ്യതയും നിക്ഷേപത്തെയും ബാധിക്കും.

എഫ്സിആർ അക്കൗണ്ട്

വിദേശത്തേക്കു മടങ്ങിപ്പോകണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ ഇന്ത്യയിൽ വന്നു താമസിക്കുന്നവർക്കു തങ്ങളുടെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാൻ സഹായിക്കുന്നതാണ് ഫോറിൻ കറൻസി റസിഡന്റ് അക്കൗണ്ടുകൾ. ഇത്തരം അക്കൗണ്ടുകളിലുള്ള സമ്പാദ്യങ്ങൾക്ക് ആദായനികുതി നൽകേണ്ടതില്ല. ഏഴു വർഷം 

വരെ വെൽത്ത് ടാക്സും ബാധകമല്ല. 

ഫോറിൻ കറൻസി റസിഡന്റ് അക്കൗണ്ടിലുള്ള തുക ഇന്ത്യയിലും വിദേശത്തും നിക്ഷേപിക്കുന്നതിനും ചെലവാക്കുന്നതിനും നിയന്ത്രണങ്ങളില്ല. പിൽക്കാലത്ത് വിദേശത്തേക്കു മടങ്ങുമ്പോൾ ഇത്തരം അക്കൗണ്ടുകളിലുള്ള ബാലൻസ് തുക എൻആർഇ, എഫ്സിഎൻആർ തുടങ്ങിയ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്യാം. 

ഹൈബ്രിഡ് നിക്ഷേപങ്ങൾ

എൻആർഇ, എഫ്സിഎൻആർ അക്കൗണ്ടുള്ളവർക്ക് ഉയർന്ന വരുമാനം ലഭിക്കുന്ന രീതിയിൽ ചില ബാങ്കുകളെങ്കിലും ഹൈബ്രിഡ് നിക്ഷേപ സ്കീമുകൾ നൽകുന്നുണ്ട്. പ്രവാസി നിക്ഷേപങ്ങളുടെ പലിശയോടൊപ്പം വിദേശ കറൻസികളിൽ അവധി വ്യാപാരം നടത്തി ലഭിക്കുന്ന ലാഭം കൂടി ഇവിടെ നിക്ഷേപകനു ലഭിക്കുന്നു. 

യൂണിയൻ ബാങ്കിന്റെ യൂണിയൻ സ്മാർട് ഡിപ്പോസിറ്റ് ഇത്തരത്തിലുള്ള അക്കൗണ്ടാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപം അഞ്ചുലക്ഷം രൂപയെങ്കിലും ആയിരിക്കണമെന്നും നിക്ഷേപ കാലാവധി 12 മാസം ആയിരിക്കണമെന്നും നിബന്ധനയുണ്ട.് 

നാട്ടിലേക്കു തിരിച്ചു വന്നാൽ

പ്രവാസ ജീവിതത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവരുന്നവരെ സാധാരണഗതിയിൽ നോട്ട് ഓർഡിനറിലി റസിഡന്റ് അഥവാ (എൻഒആർ) എന്നു പരിഗണിക്കപ്പെടും. രണ്ടുവർഷമെങ്കിലും പ്രവാസിയായിരുന്ന ആൾ ഇന്ത്യയിലേക്കു മടങ്ങിവന്നാൽ ഒൻപതു വർഷം വരെ എൻഒആർ ആയിരിക്കും. ഇങ്ങനെ നാട്ടിൽ തിരിച്ച് എത്തുമ്പോൾ എൻആർഇ, ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകളായി മാറ്റാം. സ്ഥിര നിക്ഷേപങ്ങൾ അവയുടെ കാലാവധി വരെ തുടരുകയുമാവാം. 

എൻആർഇ സേവിങ്സ് അക്കൗണ്ട് എൻഒ ആർ അക്കൗണ്ട് ആയി മാറ്റാവുന്നതാണ്. കൂടാതെ നാട്ടിൽ താമസിക്കുന്നവർക്ക് വിദേശ കറൻസിയിൽ തുടങ്ങാവുന്ന ഫോറിൻ കറൻസി റസിഡന്റ് അക്കൗണ്ടുകളും ഉണ്ട്.

അടുത്ത ബന്ധുക്കളുടെ പേര് എൻആർഇ അക്കൗണ്ടിൽ ചേർക്കാൻ സാധിക്കില്ലെങ്കിലും, ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നവർക്ക്, നാട്ടിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളെയും സൂഹൃത്തുക്കളെയും തങ്ങളുടെ അക്കൗണ്ടിൽ ഇടപാടു നടത്തുന്നതിനായി അധികാരപ്പെടുത്താവുന്നതാണ്. മാൻഡേറ്റ് ലെറ്റർ അഥവാ ലെറ്റർ ഓഫ് അതോറിറ്റി എന്നറിയപ്പെടുന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ടു ബാങ്കിൽ‌ നൽകിയാൽ ഇതു സാധ്യമാകും.  

ഒരു പ്രത്യേക എൻആർഇ അക്കൗണ്ടിൽ അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്കു പണം പിൻവലിക്കാൻ മാത്രം അധികാരപ്പെടുത്തുന്ന സ്പെസിഫിക് പവർ ഓഫ് അറ്റോർണി പോലെയാണ് മാൻഡേറ്റ് ലെറ്റർ അഥവാ ലെറ്റർ ഓഫ് അതോറിറ്റി