Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ വായ്പ, സഹായം വൈകില്ല : തോമസ് ഐസക്ക്

Minister Thomas Issac

സംസ്ഥാന സർക്കാർ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയ പശ്‌ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ അഭിമുഖം..

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനുള്ള സഹായവിതരണം എന്ന് ആരംഭിക്കും?

ഗവൺമെന്റ് ഓർഡർ ഇറങ്ങിക്കഴിഞ്ഞു. 900 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ പണം നൽകി തുടങ്ങാനാകുമെന്നു കരുതുന്നു. എന്തായാലും ഈ വർഷം നടപ്പാക്കിയിരിക്കും. വിദ്യാർഥിയും സർക്കാരും ചേർന്ന് മുതൽ അടച്ചാൽ പലിശയും പിഴയും ഒഴിവാക്കാൻ ബാങ്ക് തയാറാകണം. ബാങ്കുകൾ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാടും സഹകരണവും പ്രസക്തമാണ്. അതിനായി മുഖ്യമന്ത്രി തലത്തിൽ ചർച്ചകൾ തുടരും. അതിനു ശേഷമേ പാക്കേജ് കൃത്യമായി പറയാനാകൂ. എവിടെ അപേക്ഷിക്കണം? നടപടി ക്രമങ്ങളെന്ത്? തുടങ്ങിയ കാര്യങ്ങളും അറിയിക്കും. 

ബാങ്കുകൾ ഇതിനു തയാറാകുമോ?

നിഷ്ക്രിയാസ്തിയായ വായ്പ തിരിച്ചു പിടിക്കാൻ ബാങ്കിനു വലിയ ചെലവുണ്ട്. സർഫാസി ആക്ട് പ്രകാരം അതിനുള്ള കമ്പനികളെ ഏൽപിക്കണം. എന്നിട്ട് ജപ്തി നടപടി വഴി വേണം തിരിച്ചു പിടിക്കൽ. അതിനു സമയം എടുക്കും. എന്നാൽ സർക്കാരിന്റെ പദ്ധതിയുമായി സഹകരിച്ചാൽ അതൊന്നും കൂടാതെ മുതൽ തിരിച്ചു കിട്ടും. തിരിച്ചുപിടിക്കലിനുള്ള ചെലവു കണക്കാക്കുമ്പോൾ കാര്യമായ നഷ്ടവും വരില്ല.

വായ്പകളുടെ പലിശയും പിലയും ഇളവു ചെയ്യുകയെന്നത് നടപ്പിലാകുമോ?

2016ൽ തിരച്ചടവു തുടങ്ങിയവ, നേരത്തേ നിഷ്ക്രിയാസ്തിയായവ എന്നിങ്ങനെ രണ്ടു തരത്തിലാണ് വായ്പകൾ. ഇതിൽ തിരിച്ചടവു തുടങ്ങിയവയുടെ കാര്യം എടുക്കാം. ആറു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കാണ് പ്രധാനമായും സഹായം. പഠനകാലത്തെ പലിശ കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകും. അതിനുശേഷം ജോലി കിട്ടാത്തതിനാൽ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് സർക്കാർ മുതലിന്റെ 60 ശതമാനം നൽകും. ഇതിൽ ആദ്യ വർഷം 90 ശതമാനമാണ് കൊടുക്കുക. സ്വാഭാവികമായും ബാക്കി അടയ്ക്കാൻ വലിയ ബുദ്ധിമുട്ടില്ല. ബാങ്കിനെ സംബന്ധിച്ചു മുതൽ അതതു വർഷം കൃത്യമായി തിരിച്ചുകിട്ടും. 2016 ൽ തിരച്ചടവു തുടങ്ങിയ വായ്പകൾ നിഷ്ക്രിയാസ്തിയാകാതെ ഇരിക്കുന്നതിനാൽ ഇതിനകം നിഷ്ക്രിയമായതിനോട് അൽപം വിട്ടുവീഴ്ച ചെയ്യുക. ഇതാണ് 

ഞങ്ങൾ ബാങ്കുകൾക്കു മുന്നിൽ വയ്ക്കുന്ന വാഗ്ദാനം.  തയാറായാൽ അതിന്റെ നേട്ടം ബാങ്കുകൾക്കുണ്ടാകും.

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കേണ്ടതില്ലെന്ന പൊതുധാരണ ഈ പദ്ധതി ശക്തിപ്പെടുത്തില്ലേ?

ഇത് കടം എഴുതിത്തള്ളലല്ല. മറിച്ച് തിരിച്ചടവിനെ പ്രോൽസാഹിപ്പിക്കലാണ്. കഴിയുന്നതുപോലെ തിരിച്ചടച്ചാലേ സഹായം കിട്ടൂ. 

മറ്റേതു വായ്പകളേക്കാളും ഉയർന്ന പലിശയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് . പലിശ കുറയ്ക്കാൻ എന്തെങ്കിലും നടപടി?

വായ്പ തിരിച്ചടവ് കുറയാൻ പല കാരണങ്ങളുണ്ട്. കോഴ്സ് കഴിഞ്ഞാൽ ജോലി കിട്ടില്ല, കിട്ടിയാലും ശമ്പളം കുറവായിരിക്കും. അതിനാൽ തിരിച്ചടവ് മുടങ്ങും. അതുപോലെ മോശം കോഴ്സുകളും അവയുടെ ഉയർന്ന ഫീസും പ്രശ്നമാണ്. പ്രത്യേകിച്ച് കേരളത്തിനു പുറത്തെ സ്ഥാപനങ്ങളിൽ. അവർ തന്നെ ബാങ്ക് വായ്പ അറേഞ്ച് ചെയ്തു കുട്ടികളെ ചേർക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തുള്ള   കോഴ്സുകൾക്ക് സഹായം നൽകേണ്ടെന്നാണ് തീരുമാനം. പക്ഷേ, ദയനീയാവസ്ഥ പരിഗണിച്ചു നഴ്സിങ് കോഴ്സുകളെ  ഉൾപ്പെടുത്തും.  

ആരോഗ്യ ഇൻഷുറൻസിൽ കോടിക്കമക്കിനു രൂപ കുടിശികയുള്ളതിനാൽ സൗജന്യ ചികിത്സാപദ്ധതി നിഷേധിക്കപ്പെടാമെന്നു റിപ്പോർട്ടുണ്ട്. എന്താണ് വസ്തുത?

പറയുന്നതുപോലെ അത്ര വലിയ കുടിശികയൊന്നും ഇല്ല. കാരുണ്യയിൽ   തുക കൊടുക്കാനുണ്ട്.  ഇതിൽ സർക്കാർ ആശുപത്രികളോട് ചെലവായ തുകയുടെ കൃത്യമായ കണക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ഒരു രോഗിക്ക് രണ്ടു ലക്ഷം അനുവദിച്ചാലും പലപ്പോഴും അത്ര ആകില്ല. ബാക്കി അവിടെ കിടക്കും. ഇതിന്റെ കണക്കു കിട്ടിയശേഷം അതനുസരിച്ചാവും ബാക്കി തുക നൽകുക. സ്വകാര്യ ആശുപത്രികളിൽ ബിൽ നൽകുന്നതനുസരിച്ച് തുക അനുവദിക്കുകയാണ്. പലവിധ കാരണങ്ങളാൽ തുക അനുവദിക്കാൻ കാലതാമസം ഉണ്ടായിട്ടുണ്ടാകാം. അതും പരിഹരിക്കാൻ ശ്രമിച്ചു വരുന്നു. 

ടോട്ടൽ ഹെൽത്ത് ഗാരന്റിക്കായി പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞു. പാവപ്പെട്ടവർക്കായി കേന്ദ്രസർക്കാരിന്റെ സൗജന്യചികിൽസ ഇപ്പോഴേയുണ്ട്. നമുക്ക് ഇവിടെ കാരുണ്യയും. അതോടൊപ്പം ഫീസ് മേടിച്ച് ബാക്കിയുള്ളവരെയും കൂടി ഇൻഷുറൻസിനു കീഴിൽ കൊണ്ടുവരാനാണ് പദ്ധതി. നിലവിൽ 30,000 രൂപയ്ക്കാണ് കവറേജ്. അതു പര്യാപ്തമല്ല. അത് അൻപതിനായിരമോ എഴുപതിനായിരമോ ആക്കി വർധിപ്പിക്കും. സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ രാജ്യാന്തര നിലവാരത്തിലാക്കാനും മികച്ച ഡോക്ടർമാരെ ലഭ്യമാക്കാനും ആർദ്രം പദ്ധതിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. 

ഇതിന്റെ ഭാഗമായി ഈ വർഷം 4000 ഡോക്ടർമാർ പുതുതായി എത്തുകയാണ്. എറണാകുളം ജില്ലയിൽ ജനറൽ ആശുപത്രി, കാൻസർ ആശുപത്രി എന്നിവയ്ക്കായി 600 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. മൊത്തം 4,000 കോടി നീക്കിവച്ചിരിക്കുന്നു. ഒപ്പം രോഗം വരാതിരിക്കാനും ജീവിതശൈലീരോഗങ്ങളെ മറികടക്കാനുമുള്ള പദ്ധതികളും ഉണ്ട്. വയോധികർക്കായി പാലിയേറ്റീവ് കെയർ പദ്ധതികളും. അഞ്ചു വർഷം കൊണ്ട് ആരോഗ്യരംഗത്ത് വീണ്ടും മികച്ചൊരു മോഡലാകാൻ കേരളത്തിനു കഴിയും. 

ബാങ്കിങ് ചാർജുകൾ തോന്നിയവിധം വർധിപ്പിക്കുന്നതിനെതിരെ എന്തെങ്കിലും ചെയ്യാനാകുമോ?

20–30 വർഷത്തേക്കുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വായ്പ നൽകുന്ന ബാങ്കിങ് രീതിയാണു പ്രശ്നം. പരമാവധി അഞ്ചു വർഷം കാലാവധിയുള്ള നിക്ഷേപമാണ് അതിനുപയോഗിക്കുന്നത്. പദ്ധതികൾ സമയത്തു പൂർത്തിയാകില്ല. അതോടെ വായ്പ കിട്ടാക്കടമാകും. ഇങ്ങനെ നിഷ്ക്രിയാസ്തി വർധിക്കുന്നത് ബാങ്കുകളെ പ്രശ്നത്തിലാക്കിയിരിക്കുന്നു. ഇവിടെ ഫീസ് വർധിപ്പിച്ച് പ്രശ്നം മറികടക്കാൻ ബാങ്കുകൾ ശ്രമിക്കുന്നു. കേരളത്തിൽ 18 ലക്ഷത്തോളം ക്ഷേമപെൻഷൻ അക്കൗണ്ടുകളുണ്ട്. ഈ സീറോ ബാലൻസ് അക്കൗണ്ടിലെ കുറഞ്ഞ തുക (മിനിമം ബാലൻസ്) എസ്ബിഐ ഈയിടയ്ക്ക് 3,000 രൂപയാക്കി. 1,000 രൂപ പെൻഷൻ കിട്ടുന്നവർ ഇത്രയും തുക എങ്ങനെ അക്കൗണ്ടിൽ സൂക്ഷിക്കാനാണ്? എന്തായാലും ശക്തമായ പ്രക്ഷോഭം വഴി ബാങ്കിനെ കൊണ്ട് അതു തിരുത്തിച്ചു. 

പലതരം തട്ടിപ്പു പദ്ധതികളിൽ മലയാളി ചെന്നു ചാടുകയാണ്. ഇതിനെതിരെ എന്താണു സർക്കാരിനു ചെയ്യാനാകുന്നത്?

റെഗുലേറ്റർമാരുടെ ഉത്തരവാദിത്തമാണ് അത്. സുരക്ഷിതമായ നല്ല പദ്ധതികൾ ‍ലഭ്യമാക്കുകയാണ് ഇവിടെ സർക്കാരിനു ചെയ്യാവുന്ന കാര്യം.

ഇത്തരം പദ്ധതികൾ സർക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ടോ?

കെഎസ്എഫ്ഇ ചിട്ടി. കേരളത്തിലെ പരമ്പരാഗതവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമാർഗം സർക്കാർ തന്നെ ലഭ്യമാക്കുകയാണ്. ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ഓൺലൈനായി ചേരാവുന്ന വിധമാണ് പ്രവാസി ചിട്ടി. 10 ലക്ഷം വിദേശമലയാളികളെങ്കിലും ചേരുമെന്നാണു പ്രതീക്ഷ. 5,000 രൂപ മുതൽ കൈയിലുള്ളതുപോലെ നിക്ഷേപിക്കാം.

ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്?

റിസ്കുള്ള നിക്ഷേപങ്ങളാണ്. പക്ഷേ റിസ്ക് എടുത്താലേ നേട്ടമുണ്ടാക്കാനാകൂ. ഇന്നു നാട്ടിൽ വില കിട്ടാനുള്ള വഴി വലിയ വീടാണ്. അതുകൊണ്ട് വൻതുക മുടക്കി വീടു പണിയുന്നതിൽ കുറ്റം പറയാനാകില്ല. എന്നാൽ വിദേശത്തടക്കം കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകകൊണ്ട് മലയാളി വീടു പണിയുമ്പോൾ കേരളത്തിനു ഗുണമില്ല. നിർമാണ സാമഗ്രികളെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നാണു 

വരുന്നത്. അതിനാൽ ഇവിടെ പെയ്യുന്ന മഴ മണിക്കൂറിനുള്ളിൽ അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നതുപോലെ നമ്മുടെ പണവും ഒഴുകിപ്പോകുകയാണ്. 

കേരള ബാങ്ക് എന്നത്തേക്കു പ്രതീക്ഷിക്കാം?

റിസർവ് ബാങ്കിന്റെ ലൈസൻസ് കിട്ടാൻ ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും എടുക്കാം. 

കിഫ്ബി എന്ന ആശയത്തെക്കുറിച്ച് വിശദമാക്കാമോ?

നാടിന്‍റെ വികസനത്തിനു ഫണ്ട് വേണം. അതു കണ്ടെത്താനുള്ള പുതിയ ആശയമാണ് കിഫ്ബി. കറക്കു കമ്പനിയല്ല. ഒരു  പുതിയ ധനകാര്യ സ്ഥാപനം, ഒരു പുതിയ റവന്യു മോഡൽ പരിചയപ്പെടുത്താനുള്ള ശ്രമമാണെന്നും പറയാം.  ഭാവിയിൽ  സർക്കാരിനു കിട്ടുമെന്നുറപ്പുള്ള വരുമാനം കാണിച്ച് ഇന്നു വായ്പയെടുക്കുന്നു. ഇവിടെ ഞങ്ങൾ ഈടു  വയ്ക്കുന്നത്  ഭാവിവരുമാനമാണ്. റിസ്ക് ഉണ്ട്. റിസ്ക് എടുക്കാതെ  ഒന്നും നേടാനാകില്ല. 

സർക്കാർ 50,000 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യവർഷം നടത്തിയിരിക്കുന്നത്.  ഇതിനെല്ലാം  ഫലം ഉണ്ടാകും. വിദ്യാഭ്യാസ  പദ്ധതികളുടെ  ഫലം  വന്നു കഴിഞ്ഞു. 1.5 ലക്ഷം കുട്ടികളാണ് സർക്കാർ വിദ്യാലയങ്ങളിലേക്ക്  പുതുതായി എത്തിയത്. 

വരുമാനം കിട്ടിയിട്ട് പദ്ധതി തുടങ്ങാമെന്നു കരുതിയാൽ ഒന്നും നടക്കില്ല.  കൊച്ചി റിഫൈനറിയോട് അനുബന്ധിച്ചു പുതിയ പെട്രോ കെമിക്കൽ പാർക്കിനു  വലിയ സാധ്യതയാണുള്ളത്. പക്ഷേ, ഇപ്പോൾ പ്രാവർത്തികമാക്കണം. ഇല്ലെങ്കിൽ  ഗുണമില്ല.  2000 കോടി രൂപയാണ്  കിഫ്ബി   പദ്ധതിക്കായി നൽകുക. ഇത്തരം പല പദ്ധതികളും   കിഫ്ബിയുടെ മുന്നിലുണ്ട്