Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷാധിപതി പറഞ്ഞ പാഠങ്ങൾ!

Economic tips

മഴയും മഞ്ഞും മൂടുപടമിട്ട ഇടുക്കിയിലെ ഒരു നനഞ്ഞ പ്രഭാതം. വട്ടവടയിൽ ഒരു മീറ്റിങ്ങിനു പോകാൻ അതിരാവിലെ ഇറങ്ങിയതാണ്. എടിഎമ്മിൽ കയറണം എന്നുപറഞ്ഞപ്പോൾ ഡ്രൈവർ ചെറുതോണിയിലെ എടിഎമ്മിനു സമീപം വണ്ടി നിർത്തി. ഞാൻ പണം എടുത്ത് തിരിച്ചുകയറുമ്പോൾ ഒരാൾ ഡ്രൈവറുടെ അടുത്തേക്കു വന്നിട്ടു ചോദിച്ചു. ''തന്നേക്കട്ടെ?''

''ശരി, തന്നേക്കൂ.'' ഡ്രൈവർ പറഞ്ഞു.

സംഭവം മറ്റൊന്നുമല്ല, ലോട്ടറിയാണ്. ഡ്രൈവർ ഗണേശൻ മൂന്നോ നാലോ ലോട്ടറി വാങ്ങി.

ഏതാനും മാസം മുൻപ് ഗണേശന് 65 ലക്ഷം രൂപയാണ് ലോട്ടറി അടിച്ചത്. നികുതി എല്ലാം കഴിഞ്ഞ് 42 ലക്ഷത്തോളം രൂപ കയ്യിൽ കിട്ടി. അതും ഇതുപോലൊരു യാത്രയ്‌ക്കിടയിൽ ഇതേ വിൽപനക്കാരൻ ഇതുപോലെ തന്നേക്കട്ടെ എന്നു ചോദിച്ചു കൊടുത്ത ലോട്ടറിക്ക്. അന്ന് 10 ലോട്ടറിയാണ് ഗണേശൻ എടുത്തത്.

കഴിഞ്ഞ 25 വർഷമായി ഗണേശൻ ലോട്ടറി എടുക്കുന്നുണ്ട്. ലോട്ടറി അടിച്ച ശേഷവും അതേ രീതിയിൽ തന്നെ ലോട്ടറി എടുക്കുന്നു. കഴിഞ്ഞയാഴ്‌ച വീണ്ടും 25,000 രൂപ അടിച്ചു എന്ന് ഗണേശൻ പറഞ്ഞു. ഒരു ദിവസം ശരാശരി 100 രൂപയെങ്കിലും ലോട്ടറിക്ക് മുടക്കുന്നു. ഇങ്ങനെ ഒരു വർഷം 30,000 രൂപയോളം മുടക്കുന്നു. ഇതേവരെ 10 ലക്ഷം രൂപയെങ്കിലും ഇങ്ങനെ ചെലവാക്കിയിട്ടുണ്ടാകുമെന്ന് ഞാൻ കണക്കുകൂട്ടി.

കഴിഞ്ഞ 30 വർഷമായി ഡ്രൈവറായി ജോലിനോക്കുകയാണ് ഗണേശൻ. ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടാണ് തുടക്കം. പിന്നീടു ജീപ്പിലേക്കു മാറി. 10 വർഷം മുൻപ് സ്വന്തമായി ഒരു കാർ വാങ്ങി. നാലു വർഷം മുൻപ് അതൊരു ഇന്നോവയാക്കി. മാസം 40,000 രൂപ വരെ ഓടിക്കിട്ടുന്നു. വണ്ടിയുടെ വായ്‌പാ അടവും ചെലവുകളും കഴിഞ്ഞ് 15,000–20,000 രൂപ മിച്ചം കിട്ടും. അതുകൊണ്ടാണ് ജീവിതം.

''രണ്ടറ്റവും ഒരു വിധം കൂട്ടിമുട്ടിച്ചുപോകുന്നു സാറേ".

വട്ടവടയിലേക്കുള്ള യാത്രയിൽ ഗണേശൻ പറഞ്ഞു.

വളരെ നാളുകൾക്കു ശേഷമാണ് ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ച ഒരാളെ അടുത്തുകിട്ടുന്നത്. ഒരാളെ സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും പണം ഉണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് ആ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് എന്ന തത്ത്വശാസ്‌ത്രം ഗണേശനെ പഠിപ്പിച്ചുകൊടുത്തിട്ടുതന്നെ കാര്യം എന്നു ഞാൻ തീരുമാനിച്ചു.

''ലോട്ടറി അടിച്ചശേഷം ആളുകളുടെ പ്രതികരണം എങ്ങനെ ആയിരുന്നു?'' ഞാൻ ചോദിച്ചു.

''ലോട്ടറി അടിച്ച് ആരും രക്ഷപെട്ടിട്ടില്ല എന്നാണ് സാറേ എല്ലാവരും പറയുന്നത്. വന്നതുപോലെ ഈ പണം പോകാൻ അധികകാലതാമസം ഉണ്ടാകില്ല എന്നും അവരെല്ലാം പറയുന്നു. പക്ഷേ, എനിക്കു വാശിയാണ്. ഞാൻ അവരു പറയുന്നതു തെറ്റാണ് എന്ന് തെളിയിച്ചുകൊടുക്കും.'' ഗണേശൻ പറഞ്ഞു.

വളരെ നല്ലത് എന്നു മനസ്സിൽ പറഞ്ഞ് ഞാൻ ഗണേശനോടു ചോദിച്ചു

"കിട്ടിയ പണം എന്തൊക്കെ ചെയ്‌തു?"

"20 ലക്ഷം രൂപ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടു. കുറച്ചു കടം ഉണ്ടായിരുന്നത് വീട്ടി. സ്വർണം പണയത്തിലുണ്ടായിരുന്നത് എടുത്തു. വർഷം ഒരു ലക്ഷം രൂപ അടവുള്ള ഒരു ഇൻഷുറൻസ് പോളിസി എടുത്തു. 10 വർഷം അടച്ചാൽ മതി."

"വണ്ടിയുടെ വായ്‌പ ബാക്കി എത്രയാണ്? അത് അടച്ചുതീർക്കുന്നതല്ലേ നല്ലത്?" ഞാൻ ചോദിച്ചു.

"ഇല്ല സാറേ. എന്തെങ്കിലും ഒരു ബാധ്യത ഇരിക്കുന്നതു നല്ലതാണ്. വണ്ടി ഓടിച്ച് അതിൽ നിന്നു കിട്ടുന്ന പണം കൊണ്ടുതന്നെ വായ്‌പ അടച്ചുതീർക്കണം."

അതു നല്ല തീരുമാനം ആണല്ലോ എന്നു മനസ്സിൽ പറഞ്ഞ് ഞാൻ അടുത്ത ചോദ്യം ചോദിച്ചു.

"ഒന്നു രണ്ടു വണ്ടികൾ കൂടി എടുത്ത് ട്രാവൽ ബിസിനസ്  ഒന്നു മെച്ചപ്പെടുത്തിക്കൂടെ?" ഞാനിങ്ങനെ ചോദിക്കാൻ കാരണം ഗണേശൻ പലരുടെയും ഇഷ്ടഡ്രൈവറാണ്. നന്നായി, സുരക്ഷിതമായി വണ്ടി ഓടിക്കും എന്നതുമാത്രമല്ല കാരണം. നമ്മുടെ എന്താവശ്യത്തിനും ഒരു സഹായി ആയി കൂടെയുണ്ടാകും. ഒരിക്കൽ ഗണേശനെ സവാരിക്ക് വിളിച്ചിട്ടുള്ളവർ പിന്നെ ഗണേശനെ മാത്രമേ വിളിക്കൂ എന്നത് ഉറപ്പാണ്.

അതുകൊണ്ട് ട്രാവൽ ബിസിനസ്സിൽ ഗണേശനു വലിയ വളർച്ചാ സാധ്യത ഞാൻ മനസ്സിൽ കണ്ടു. പക്ഷേ, അയാളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.

"പലരും എന്നോടിങ്ങനെ പറഞ്ഞു സാറേ. ഞാൻ നശിച്ചു കാണണം എന്ന ആഗ്രഹത്തിലാണ്, അവർ അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയാം."

"അതെന്താ ഗണേശാ അങ്ങനെ? ബിസിനസ് തുടങ്ങുന്നതു നല്ലതല്ലേ?"

"നല്ലതൊക്കെ തന്നെ. പക്ഷേ വണ്ടി വാങ്ങി ശമ്പളത്തിന് ആളെ വെച്ച് ഓടിച്ചാലൊന്നും ലാഭകരമാകില്ല സാറേ. മാത്രമല്ല ജോലി ചെയ്യുന്നപോലെയല്ലോ മറ്റുള്ളവരെക്കൊണ്ട്

ജോലി ചെയ്യിപ്പിക്കുന്നത്. അതിന് പ്രത്യേക വൈഭവം വേണം. അതില്ലെങ്കിൽ എപ്പോൾ പാപ്പരായി എന്നുചോദിച്ചാൽ മതി."

പുറകേ വന്ന വണ്ടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കു

ന്നതു കണ്ട് വഴി കൊടുത്ത് ഗണേശൻ പറഞ്ഞു.

അതു ശരിയാണെന്നു സമ്മതിച്ച് ഞാൻ ചോദിച്ചു: "ലോട്ടറി അടിച്ച ഭൂരിഭാഗം പേരും ഏതാനും വർഷങ്ങൾക്കുള്ളിൽ പഴയ അവസ്ഥയിലായിട്ടുണ്ട്. എന്താണ് അതിനുകാരണം എന്നറിയാമോ?"

"അറിയാം സാർ. അവരുടെ ദുശ്ശീലം, പിന്നെ പണം കൂടുതൽ കിട്ടിയ ശേഷമുണ്ടാക്കിയ പുതിയ കൂട്ടുകെട്ടുകൾ, യഥേഷ്ടം പണം കിട്ടുമ്പോൾ ശീലമാകുന്ന ധൂർത്ത്, ഇതൊക്കെയാണു കാരണം. എനിക്ക് ലോട്ടറി അടിച്ചു. പണം കിട്ടിയ പിറ്റേ ദിവസം തന്നെ ഞാൻ എന്റെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. അതുകൊണ്ട് ഇനി എനിക്ക് എന്തെങ്കിലും പേടിക്കാനുണ്ടോ സാർ?" ഗണേശൻ തിരിച്ചുചോദിച്ചു.

ഗണേശൻ പറഞ്ഞത് എനിക്കു മനസ്സിലായില്ല. അതു മനസ്സിലാക്കി അയാൾ തുടർന്നു.

"സാർ, ലോട്ടറിയിൽനിന്നു കിട്ടിയ പണം അതുപോലെ ഉണ്ട്. പക്ഷേ, ആ പണം എന്നിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞാൻ എന്റെ പഴയ ജോലി അതേപോലെ ആത്മാർഥമായി ചെയ്യുന്നു. ലോട്ടറിയിൽനിന്നു കിട്ടിയ പണം എനിക്ക് അൽപം സുരക്ഷിതത്വ ബോധം തന്നിട്ടുണ്ടെന്നതു ശരിയാണ്. അല്ലാതെ മറ്റൊന്നുമില്ല. ഞാൻ ഇതേവരെ എങ്ങനെ ജീവിച്ചോ അതുപോലെ ഇനിയും ജീവിക്കും."

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. പറഞ്ഞു കൊടുക്കാൻ ആലോചിച്ചുറപ്പിച്ചിരുന്ന സാമ്പത്തിക തത്ത്വശാസ്‌ത്രങ്ങൾ എല്ലാം ഞാൻ സ്വയം വിഴുങ്ങി. അപ്പോൾ ഗണേശന്റെ ചോദ്യം, "സർ ലോട്ടറി എടുക്കാറുണ്ടോ?"

"ഇല്ല."

"അല്ലേലും ലോട്ടറി ഒന്നും സാറിനെ പോലുള്ളവർക്ക് ഉള്ളതല്ല. അതൊക്കെ ഞങ്ങൾക്കുള്ളതാ. അല്ലാതെ ഇത്രയും പണം ഞങ്ങൾക്ക് സ്വപ്‌നത്തിൽ പോലും കാണാൻ കഴിയില്ലല്ലോ."

ഞാൻ മറുപടി പറയാതെ പുറത്തേക്കു നോക്കിയിരുന്നു