Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പീക്ക്' ആയിട്ടില്ല, നിക്ഷേപിക്കുക, നേട്ടമുണ്ടാക്കുക

CJ George ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടർ സി. ജെ. ജോർജ്

ഇപ്പോൾ വിപണിയിൽ ആശങ്കയ്ക്കു കാരണങ്ങളുണ്ട്. ഫണ്ടമെന്റ്‍്സ് അൽപം ദുർബലമാണ്. കോർപറേറ്റുകളുടെ വരുമാനം കൂടുന്നില്ല. എന്നിട്ടും വിപണി മുന്നോട്ടു നീങ്ങുന്നു. ഇതല്ല പൊതുവേ നാം കാണുന്നത്. കോർപറേറ്റുകൾ നല്ല വളർച്ച നേടുകയും അതനുസരിച്ച് ഓഹരി വില കൂടുകയും ചെയ്യുക എന്നതാണ്. ഇപ്പോൾ സ്ഥിതി അതല്ല. എന്നിട്ടും ഇന്ത്യൻ വിപണിയിലേക്കു നിക്ഷേപം ഒഴുക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യയിലെ മുൻനിര ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടർ സി. ജെ. ജോർജ്. 

കുതിപ്പിന്റെ കാരണങ്ങൾ

രണ്ടു മൂന്നു ദശാബ്ദമായി നിലനിന്നിരുന്ന ഒരു വേർതിരിവ് ഇല്ലായിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. ബ്ലാക് മണി പോയിട്ട് അക്കൗണ്ടഡ് മണി പോലും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാൻ ആളുകൾ തയാറായിരുന്നില്ല. ആദായനികുതിയോടുള്ള പേടിയായിരുന്നു കാരണം. ബ്ലാക് മണി കൂടുതലും റിയൽ എസ്റ്റേറ്റിലേക്കു പോയപ്പോൾ അക്കൗണ്ടഡ് മണി വൻതോതിൽ സ്വർണമായി മാറ്റി. എന്നാൽ ഈ രണ്ടു മാർഗങ്ങളിലും ഇൻകംടാക്സ് പിടി വീഴുമെന്നായതോടെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും പണം വന്നു തുടങ്ങി. അതും വന്‍തോതിൽ. ഈ ലിക്വിഡിറ്റി, അഥവാ പണലഭ്യതയാണ് ഇപ്പോഴത്തെ കുതിപ്പിനു പ്രധാന കാരണം.

ഭാവി പ്രതീക്ഷകളാണ് രണ്ടാമത്തേത്. ജിഎസ്ടി പോലുള്ള പരിഷ്കരണങ്ങൾ വളർച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പരിഷ്കരണങ്ങൾ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്നും വരും വർഷങ്ങളിൽ രാജ്യവും കോർപറേറ്റ് വരുമാനവും നല്ല വളർച്ച കൈവരിക്കുമെന്നുമാണ് വിലയിരുത്തൽ. ഇതാണു പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഈ രണ്ടുകാരണങ്ങളാൽ വിപണി താഴാൻ സാധ്യത കാണുന്നില്ല. മറിച്ച് ഉയരാനാണു സാധ്യത.

മ്യൂച്വൽ ഫണ്ടിൻെറ മികവ് – എസ്ഐപി വഴി മാത്രം ഇപ്പോൾ മാസം 6,000 കോടി രൂപയോളം എത്തുന്നു. ഇത് ഇനിയും കൂടും. അതനുസരിച്ച് മുന്നേറ്റം തുടരും. മ്യൂച്വൽ ഫണ്ട് വഴി എത്തുന്ന ഈ നിക്ഷേപത്തിന് ഒരു മികവുണ്ട്. വ്യക്തികൾ നടത്തുന്ന വാങ്ങലിലെ പോലെയുള്ള വിൽപന ഇവിടെ ഉണ്ടാകില്ല. കാരണം, പ്രഫഷനൽസ് നടത്തുന്ന പക്വതയാർന്ന നിക്ഷേപമാണിത്. അതു വിപണിക്കു കൂടുതൽ കരുത്തു പകരും. ദൂരവ്യാപകമായ ഫലം ഉണ്ടാകും.

വില അമിതമോ?– ഓഹരിവില അമിതമാണെന്നു പറയുന്നവരോട് ഒരു ചോദ്യം. വിപണി ചരിത്രം പരിശോധിച്ചാൽ തുടക്കത്തിൽ ബുക് വാല്യു അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. അതിനു ശേഷം ഡിവിഡൻഡ് അടിസ്ഥാനമാക്കി. ബുക് വാല്യു വച്ച് അഞ്ചും എട്ടും പത്തും മടങ്ങ് വിലയിൽ നാം ഓഹരി വാങ്ങി. പത്തു രൂപയുടെ ഓഹരി ആദ്യം 25 നു വാങ്ങി. പിന്നെ 50 രൂപയ്ക്കു വാങ്ങിയപ്പോൾ അതായി റൂൾ. 100 രൂപയായപ്പോൾ അതായി അടിസ്ഥാനം. ഓരോ തവണയും വർധിച്ച വിലയ്ക്കു വാങ്ങിയത് എന്തിന്‍റെ ബേസിലാണ്? വില അമിതമാണെന്നു പറഞ്ഞു മാറിയിരുന്നെങ്കിൽ സൂചിക മുകളിലേക്കു പോകുമായിരുന്നോ?

സൂചനകൾ പലത്– ഇപ്പോഴത്തെ മുന്നേറ്റം ഉയരത്തിൽ എത്തിയിട്ടില്ല. എന്നു പറയാൻ കാരണമുണ്ട്. പീക്കാകുമ്പോൾ സൂചനകളുണ്ടാകും. ജനം മുഴുവൻ വിപണിയിലേക്ക് ഇടിച്ചു കയറും, തുടർച്ചയായി ഇടപാടു നടത്തും. ഊഹക്കച്ചവടം പെരുകും. മുൻപേജിൽ പ്രധാന വാർത്തയാകും. നിങ്ങൾക്കു ചുറ്റുമുള്ളവരെല്ലാം ഓഹരിയെ കുറിച്ചു സംസാരിക്കും. 2000 ലും 2007 ലും ഇതെല്ലാം സംഭവിച്ചു. ഇതിൽ ഒന്നുപോലും ഇതുവരെ പ്രകടമല്ല. അതിനാൽ കൊടുമുടിയുടെ അറ്റമായിട്ടില്ലെന്ന് ഉറപ്പിക്കാം. ഇനിയും മുകളിലേക്കു കയറാനിരിക്കുന്നു. മാത്രമല്ല, വിപണി കുതിപ്പു നടത്തിയെന്ന് ഇപ്പോൾ പറയാനാകുമോ? മൂന്നു വർഷത്തിനുള്ളിൽ കാര്യമായ വർധന ഇല്ലെന്നതാണ് യാഥാർഥ്യം.

നിക്ഷേപകർ പക്വതയാർജിച്ചതിനാൽ ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകില്ലെന്ന ധാരണയും വേണ്ട. ലോകത്തിലെ ഏറ്റവും പക്വതയുള്ള അമേരിക്കയിൽ പോലും 2000 ത്തിലും 2007 ലും ഇത്തരം ആർത്തിപിടിച്ച നീക്കങ്ങളുണ്ടായി. അതിനാൽ ബുൾ റൺ ഉയരത്തിലെത്തിയാൽ ഇതെല്ലാം സംഭവിക്കും. പീക്കിനു തൊട്ടു മുൻ വർഷം സൂചികകൾ 30 ഉം 40 ഉം ശതമാനം കുതിക്കും. ഓരോ ദിവസവും പുത്തൻ ഉയരം തേടും. ഓരോ കയറ്റവും കുത്തനെയായിരിക്കും. ഇതെല്ലാം കാണുമ്പോൾ തിരിച്ചറിയണം, വീഴ്ച തൊട്ടടുത്തെത്തിയെന്ന്.

കൊറിയൻ ഇഷ്യൂ– നിലവിലെ സാഹചര്യത്തിലാണ് മേൽപ്പറഞ്ഞതെല്ലാം. പക്ഷേ, ആഗോള പ്രതിസന്ധി എപ്പോഴും ഉണ്ടാകാം. കൊറിയയിൽ പ്രശ്നം ഉണ്ടായാൽ അതിന്റെ ഫലം ഇവിടെയും ശക്തമായിരിക്കും. വിദേശ സ്ഥാപനങ്ങൾ വൻ വിൽപന നടത്തും. ഇതെല്ലാം എപ്പോഴും സംഭവിക്കാം. ജാഗ്രത വേണം.

ഇന്ത്യയിലെ പ്രശ്നങ്ങൾ– ഇവിടെ വലിയ പ്രശ്നങ്ങളുണ്ട്. കോർപറേറ് വരുമാനം കൂടുന്നില്ല. വളർച്ച കുറഞ്ഞു. സ്വകാര്യ മേഖലയിൽ നിക്ഷേപമേ നടക്കുന്നില്ല. ജിഎസ്ടിയോടെ അസംഘടിത മേഖലയിൽനിന്നും സംഘടിത മേഖലയിലേക്കുള്ള മാറ്റം അനിവാര്യമായതോടെ അക്കൗണ്ട് ചെയ്യപ്പെടാത്തിരുന്ന കണക്കുകൾ അക്കൗണ്ടഡായി. അതിനാൽ ഔദ്യോഗിക കണക്കിൽ വർധനയുമുണ്ട്. പക്ഷേ ഗ്രൗണ്ട് റിയാലിറ്റി മറ്റൊന്നാണ്.

ചെറുകിടക്കാർ ചെയ്യേണ്ടത്

ഇപ്പോൾ മികച്ച അവസരങ്ങൾ കണ്ടെത്തി നിക്ഷേപിക്കുക, നേട്ടമുണ്ടാക്കുക. പീക്കിന്‍റെ സൂചന പ്രകടമാകും വരെ ഇതു തുടരാം. സൂചന കണ്ടാലുടൻ വിറ്റു മാറുക. അത് വഴി കൂടുതൽ ലാഭം ഉറപ്പാക്കാം, നഷ്ടം ഒഴിവാക്കാം. ഓഹരിയിൽ ലാർജ് ക്യാപ്പാണ് സുരക്ഷിതം. ട്രാക്ക് റെക്കോർഡും കാര്യക്ഷമമായ മാനേജ്മെൻറും നല്ല ഡിവിഡൻഡ് കൊടുക്കുന്നതുമായവ. വില കൂടുതലായതിനാൽ മാറിനിൽക്കേണ്ട, ഒരു ഓഹരി പോലും വാങ്ങാം.

ചെറുകിടക്കാർ എന്നും സൂക്ഷിക്കണം. പ്രത്യേകിച്ച് സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ. പലതിന്റെയും വിലവർധന ആരേയും ആകർഷിക്കും. ഈ ട്രാപ്പിൽ പെടരുത്. ആർത്തികൊണ്ട്. ആരെങ്കിലും പറഞ്ഞതു കേട്ട് സ്മോൾ – മിഡ് ക്യാപ്പ് ഓഹരി വാങ്ങരുത്. നിർബന്ധമാണെങ്കിൽ മ്യൂച്വൽ ഫണ്ട് വഴിയാകാം. പ്രഫഷനലിസത്തോടെ വൈവിധ്യവൽക്കരിച്ചു നിക്ഷേപിക്കുന്നതിനാൽ സ്മോൾ – മിഡ് ക്യാപ് ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. എന്നെയോ നിങ്ങളെയോ പോലെ അല്ല, കാര്യങ്ങൾ ആഴത്തിൽ പഠിച്ചേ ഇവർ തീരുമാനമെടുക്കൂ. ഉദാഹരണത്തിന് ജിയോജിത്തിനെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചറിഞ്ഞിട്ടേ അതിൽ നിക്ഷേപിക്കൂ.

ആദ്യമായി വരുന്നവരും സമയവും വൈദഗ്ധ്യവും ഇല്ലാത്തവരും മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി പോകുക. യുവാക്കൾ എസ്ഐപിയിൽ ചേർന്നിരിക്കണം. ചെറിയ തുകയാണെങ്കിൽ മാസം ഇടുക. വലിയ തുക നാലഞ്ചു തവണയായി ഇട്ടാൽ ചാഞ്ചാട്ടത്തിന്‍റെ ആഘാതം കുറയ്ക്കാം. നല്ലതു തിരഞ്ഞെടുക്കാമെങ്കിൽ ഓഹരി വഴിയും എസ്ഐപിയാകാം. 25–50 ലക്ഷം പോലെ വലിയ തുകയിടുന്നതിനും കുഴപ്പമില്ല. അതും മൂന്നോ നാലോ തവണകളായി ചെയ്യുക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam