Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ദിവസം കൊണ്ട് 5.5 ലക്ഷം രൂപ!!!

finance

ഈ തലക്കെട്ടു കണ്ടാൽ സംശയമില്ല. എല്ലാവരും ആവേശത്തോടെ, കൊതിയോടെയാകും ബാക്കി വായിക്കുക. നമ്മുടെ ഈ ആക്രാന്തം ഉപയോഗപ്പെടുത്തി പണം തട്ടിക്കാൻ വല വിരിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്.

ഈയിടെ ഒരു വായനക്കാരൻ അയച്ച കത്ത് നോക്കുക. "ഞങ്ങളുടെ നിർദേശം അനുസരിച്ച ട്രേഡർക്കു 10 ദിവസം കൊണ്ട് കിട്ടിയത് 5,55,000 രൂപ. 250000 അലോറ (കോഡ് 539693) 8.05 രൂപയ്ക്കു വാങ്ങാൻ 10 ദിവസം മുൻപു ഞങ്ങൾ നൽകിയ കോൾ അദ്ദേഹം പ്രവർത്തികമാക്കി. ഇന്നു വില 10.27 രൂപ. ലാഭം 5.5 ലക്ഷം രൂപ. അതിനാൽ ഇന്നത്തെ വിലയ്ക്കു 2,50,000 അലോറ നിങ്ങളും വാങ്ങുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടാർജറ്റ് വിലയായ 22 രൂപയിലേക്ക് എത്തും. വലിയ നേട്ടം നിങ്ങളെ കാത്തിരിക്കുന്നു."

മൊബൈൽ ഫോണിലൂടെ ഇത്തരത്തിലുള്ള മെസേജുകൾ ദിവസവും കിട്ടുന്നു. ഞാൻ ഇന്നു വരെ ഷെയർ ട്രേഡിങ് നടത്തിയിട്ടില്ല. പേടിയാണ്. പക്ഷേ തുടർച്ചയായി വരുന്ന ഇത്തരം മെസേജുകൾ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു. ഇതു പിന്തുടർന്ന് ഇടപാടു നടത്തുന്നതിൽ അപാകത ഉണ്ടോയെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്.

ഒരുപക്ഷേ, നിങ്ങളിൽ പലർക്കും ഇതുപോലുള്ള മെസേജുകൾ കിട്ടുന്നുണ്ടാകാം. അതിൽ പലരും പിന്നാലെ പോയി പണവും നഷ്ടമാക്കുന്നു. ഒരിക്കലും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുക. ആധികാരികമായി തന്നെ മുന്നറിയിപ്പു നൽകുകയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

വിപണി കൂടുതൽ ഉയരത്തിലേക്കു പോയാൽ തട്ടിപ്പുകാർ ഇനിയും പല രൂപത്തിൽ അവതരിക്കും. ഈ പശ്ചാത്തലത്തിലാണ് സെബി വ്യാപകമായ ബോധവൽക്കരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി മാധ്യമങ്ങളിൽ വൻതോതിൽ പരസ്യം നൽകുന്നുമുണ്ട്. അതിൽ പറയുന്നത് ഇതാണ്. അപരിചിതരിൽനിന്നു ചോദിക്കാതെ കിട്ടുന്ന എസ്എംഎസ് ഇൻവെസ്റ്റ്മെന്‍റ് ടിപ്സുകളിലൂടെ പ്രയോജനം ലഭിക്കുന്നത് അവർക്കാണ് നിങ്ങൾക്കല്ല. അതു തന്നെയാണ് സമ്പാദ്യത്തിനും വായനക്കാരോടു പറയാനുള്ളത്. ജാഗ്രതൈ! ''ബാക്കിവരുന്നതല്ല സമ്പാദിക്കേണ്ടത്"

നിക്ഷേപ ഗുരു വാറൻ ബഫറ്റിന്റെ ഓഹരിയെ കുറിച്ചുള്ള രണ്ട് നിയമങ്ങൾ ലോകപ്രശസ്തമാണ്. നിയമം ഒന്ന്– ഓഹരിയിൽ ഒരിക്കലും പണം നഷ്ടപ്പെടുത്തരുത്. നിയമം രണ്ട്– ഒന്നാമത്തെ നിയമം ഒരിക്കലും മറക്കരുത്. സമ്പത്തിലേക്കുള്ള പാതയിൽ വഴികാട്ടിയാകുന്ന അദ്ദേഹത്തിന്റെ ചില മന്ത്രങ്ങൾ താഴെപ്പറയുന്നു.

ബാക്കിവരുന്നതു സമ്പാദിക്കരുത്– ചെലവു കഴിച്ചു ബാക്കിയുള്ളതാണ് നാം മിച്ചം പിടിക്കുന്നത്. അങ്ങനെ ചെയ്യരുത്. പകരം മിച്ചം പിടിക്കേണ്ടത് ആദ്യം മാറ്റി വച്ച ശേഷം ബാക്കിയേ ചെലവാക്കാവൂ.

ആവശ്യമില്ലാത്തതു വാങ്ങരുത്– നിങ്ങൾക്ക് ആവശ്യമില്ലാത്തത് ഒരിക്കലും വാങ്ങരുത്. ഈ ശീലം തുടർന്നാൽ താമസിയാതെ നിങ്ങൾക്ക് ആവശ്യമുള്ള പലതും വിൽക്കേണ്ടി വരും.

വേണം രണ്ട് വരുമാനമാർഗം– ഒരൊറ്റ വരുമാനത്തെ മാത്രം ആശ്രയിക്കരുത്. മിച്ചം പിടിക്കുന്നത് ശരിയായി നിക്ഷേപിച്ച് അതിനെ രണ്ടാമത്തെ വരുമാന മാർഗമാക്കാം.

റിസ്ക് എടുക്കേണ്ടത് എങ്ങനെ?– രണ്ടു കാലും കൊണ്ട് ആരും പുഴയുടെ ആഴം അളക്കില്ല. ഒരു കാൽ സുരക്ഷിതമായി വച്ചിട്ടു മറ്റേ കാൽകൊണ്ടാണ് ആഴം അളക്കുക. നിക്ഷേപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ വേണം. ഒരു വശത്ത് സുരക്ഷ ഉറപ്പാക്കിയ ശേഷം റിസ്ക്കെടുക്കുക.

Read more on : SampadyamLifestyle Magazine