Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ അളവിൽ നിക്ഷേപിച്ചാൽ മതി, സമ്പത്ത് വർദ്ധിപ്പിക്കാൻ സൂപ്പർ പ്ലാൻ!

Small Investment in gold

ഭാവിയിൽ മകളുടെ വിവാഹാവശ്യം മുൻനിർത്തി ഇപ്പോഴേ അൽപാൽപമായി സ്വർണം വാങ്ങി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ? എങ്കിൽ മാസം തോറും ക്രമമായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി പോലെ മികച്ചൊരു മാർഗം വേറെയില്ല. സ്വർണത്തിൽ നിക്ഷേപിച്ച് സമ്പത്തു വളർത്താൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ട്‌ വഴി ചിട്ടയോടെയും ക്രമമായും ചെറിയ അളവില്‍ നിക്ഷേപം നടത്തി സ്വര്‍ണശേഖരം വര്‍ധിപ്പിക്കാം

ഭാവിയിൽ വില കൂടും

പത്തു വര്‍ഷം കൊണ്ട് ഗോള്‍ഡ്‌ ഇടിഎഫില്‍നിന്നു നിക്ഷേപകര്‍ക്കുണ്ടായ വാര്‍ഷികാദായം 9.6 ശതമാനം ആണെന്ന് വാല്യു റിസർച് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്, മഞ്ഞ ലോഹത്തില്‍ നിന്നുള്ള ആദായം ഏതാനും വർഷമായി കുറവാണ്. എന്നാൽ ഭാവി മികച്ചതായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ ഖനികള്‍ കണ്ടെത്തുന്നില്ല. ലോകമെമ്പാടും സ്വർണഖനനം കുറയുകയാണ്. അതേസമയം ഖനനച്ചെലവ്‌ കുതിച്ചുയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആഗോള വിപണിയിൽ സ്വർണത്തിന്റെ ലഭ്യതയും ആവശ്യകതയും തമ്മില്‍ വലിയ അന്തരം സൃഷ്ടിക്കപ്പെടും. ദീര്‍ഘകാല ലക്ഷ്യമിട്ടു സ്വർണത്തില്‍ നിക്ഷേപം നടത്തിയവർക്കും നടത്താനിരിക്കുന്നവർക്കും സുവർണകാലമാണു വരാനിരിക്കുന്നത്‌.

നിക്ഷേപിക്കാൻ നല്ല സമയം

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു മികച്ച സമയമാണ്. മധ്യ–ദീർഘകാലാടിസ്ഥാനത്തിൽ നല്ല നേട്ടം പ്രതീക്ഷിക്കാം. അതിനാൽ ഇപ്പോൾത്തന്നെ വാങ്ങാൻ തുടങ്ങുക. സ്വര്‍ണവില ഉയർന്നാൽ ചില്ലറ നിക്ഷേപകര്‍ക്ക്‌ ആകര്‍ഷണീയമായ വിലയ്ക്കു വാങ്ങാൻ പ്രയാസമായിരിക്കും.

സ്വർണനിക്ഷേപത്തിനു മ്യൂച്വല്‍ ഫണ്ട്‌

ഏറ്റവും സുഗമമായും സുരക്ഷിതമായും ചെലവു കുറഞ്ഞ രീതിയിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനു വേണ്ടിയുള്ളതാണ് ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ട്‌. ഗോള്‍ഡ്‌ ഇടിഎഫിന്റെ (എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍) യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇവ.

സ്വർണത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളാണ്‌ ഗോള്‍ഡ്‌ ഇടിഎഫ്‌. സ്വർണത്തിന്റെ വിപണിവിലയെ ആശ്രയിച്ചായിരിക്കും ഗോള്‍ഡ്‌ ഇടിഎഫിന്റെ മൂല്യം. വിപണിവിലയ്‌ക്ക്‌ അനുസരിച്ച്‌ ഏതു സമയത്തും ഈ യൂണിറ്റുകള്‍ വിറ്റു പണമാക്കി മാറ്റാം.

ഗോള്‍ഡ്‌ എസ്‌ഐപി

ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) അല്ലെങ്കില്‍ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍ (എസ്‌ടിപി) ആണ്‌. കയ്യിൽ ഒതുങ്ങുന്ന തുകയ്ക്കു കുറഞ്ഞ അളവില്‍ (ഗ്രാം) സ്വര്‍ണം ക്രമമായും സ്ഥിരമായും വാങ്ങി നിങ്ങളുെട സ്വർണശേഖരം വർധിപ്പിക്കാം. സമ്പത്തു വളർത്താം. ഈ സംവിധാനത്തില്‍ നിശ്ചിത തുക മാസം തോറുമോ മൂന്നു മാസത്തിലോ നിക്ഷേപിക്കാം.എസ്‌ഐപിക്കു വേണ്ടിയുള്ള തുക നിക്ഷേപകന്റെ ബാങ്ക്‌ അക്കൗണ്ടില്‍നിന്നു ഡെബിറ്റ്‌ ചെയ്യും. എസ്‌ടിപിക്കു വേണ്ടിയുള്ളത്‌ സോഴ്‌സ്‌ സ്‌കീമില്‍ നിന്നു ട്രാന്‍സ്‌ഫര്‍ ചെയ്‌തും ഗോള്‍ഡ്‌ ഫണ്ടില്‍ നിക്ഷേപിക്കും. അങ്ങനെ ഓരോ മാസവും/പാദവും തുക കൃത്യമായി ഡെബിറ്റ്‌ ചെയ്യപ്പെടും. അതുപയോഗിച്ച് അതതു ദിവസത്തെ എൻഐവിയിൽ യൂണിറ്റുകൾ വാങ്ങി നിങ്ങളുടെ ശേഖരത്തിൽ കൂട്ടും. ഈ സ്വർണശേഖരണ പദ്ധതിയിലൂടെ ഭാവിയിലെ വിവാഹം, വാര്‍ഷികാഘോഷം, ജന്മദിനം, ഉത്സവങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സ്വർണം സ്വന്തമാക്കാം.

സ്വർണത്തിന്റെ സ്ഥാനം

പരമ്പരാഗതമായി സ്വർണത്തോട്‌ അമിത താല്‍പര്യമുള്ളവരാണ്‌ ഇന്ത്യക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളും നമ്മൾ തന്നെ. നമ്മെ സംബന്ധിച്ച്‌ സ്വർണം ഒരു നിക്ഷേപം മാത്രമല്ല, സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ്‌. ആളുകളുടെ ഹൃദയത്തില്‍ ഇത്‌ അഗാധമായി പതിഞ്ഞിരിക്കുന്നു.

ഇന്ത്യക്കാർക്കു സ്വർണം വാങ്ങുന്നതിനു പലകാരണങ്ങളുണ്ട്‌. വിവാഹം പോലുള്ള മംഗളകാര്യങ്ങളിൽ സ്വര്‍ണത്തിന്റെ പങ്കു വളരെ വലുതാണ്‌.

സ്വർണമായി വാങ്ങുന്നതു വലിയ പ്രശ്നമാണ്. എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുമെന്നതും മോഷണം, കവർച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകളും  പ്രശ്നം തന്നെ. ഇതെല്ലാം ഒഴിവാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് മ്യൂച്വല്‍ ഫണ്ട്‌ വഴിയുള്ള സ്വർണനിക്ഷേപം.

വൈവിധ്യവൽക്കരണത്തിലൂടെ സുരക്ഷ

പ്രായോഗികബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപകന്‍ തന്റെ പോർട്ഫോളിയോയിൽ സ്വർണം കൂടി ഉൾപ്പെടുത്തിയിരിക്കും. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ മൂലം നിങ്ങളുടെ നിക്ഷേപത്തിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും 2012 ലെ യൂറോസോണ്‍ പ്രതിസന്ധിയിലും ഓഹരിവിലയില്‍ വന്‍ ഇടിവുണ്ടായപ്പോൾ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു മാറിയത് ഉദാഹരണമാണ്. അതായത്, പ്രതികൂല സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സ്വർണം നിക്ഷേപകനെ സഹായിക്കും. അതിനാൽ നിങ്ങളുടെ നിക്ഷേപ പോർട്ഫോളിയോയിൽ തീർച്ചയായും ഒരു ഭാഗം സ്വർണം കൂടി ഉൾപ്പെടുത്തിയിരിക്കണം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam