Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംരംഭത്തിനായി ജോലി ഉപേക്ഷിച്ചു, ഇന്ന് ഒരുലക്ഷം മാസവരുമാനം!

Sumi

വീട്ടിൽ അമ്മ സ്വന്തമായി നടത്തുന്ന ചെറിയൊരു സ്റ്റിച്ചിങ് ഷോപ്പും ഡ്രസ് മെറ്റീരിയലുകളുടെ കച്ചവടവും കുട്ടിക്കാലം മുതലേ കണ്ടുവളർന്ന പെൺകുട്ടിയാണ് സുമി വിവേര. സ്വാഭാവികമായും ആ മേഖലയോട് മനസ്സുകൊണ്ട് ഒരു ആഭിമുഖ്യവും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞ് മൈക്രോബയോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചെങ്കിലും അത് ഏറെനാൾ തുടർന്നില്ല. വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് സ്വന്തമായൊരു സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ചു.

ജീൻസിനൊപ്പം പെൺകുട്ടികൾ ഉപയോഗിക്കുന്ന മൂന്നോ നാലോ കൂർത്തകളുമായി 2007 ൽ ആയിരുന്നു തുടക്കം. വിവിധ ഷോപ്പുകളിൽ കയറിയിറങ്ങി തുണി സിലക്ട് ചെയ്തു, എന്നിട്ട് പരിചയത്തിലുള്ള ഒരു തയ്യൽക്കടയിൽ ചെന്ന് ചെയ്യേണ്ട ഡിസൈൻ പറഞ്ഞു കൊടുത്ത് തയ്ച്ചു വാങ്ങി. അതിന്റെ ചില ഫോട്ടോകൾ എടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. വളരെ പെട്ടെന്ന് അവയ്ക്കെല്ലാം ആവശ്യക്കാരുണ്ടായി. അതെല്ലാം വിറ്റു പോയി.

അതോടെയാണ് ഓൺലൈൻ ബിസിനസിന്റെ സാധ്യതകൾ മനസ്സിലാക്കി ഈ രംഗത്ത് മുന്നോട്ടു പോകാൻ തീരുമാനിച്ചത്. തുടക്കത്തിൽ ഫെയ്സ്ബുക്കും വാട്സാപ്പുമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. ഒരു പുതിയ പ്രോഡക്ട് ഇറക്കുന്നതിനു രണ്ടു ദിവസം മുൻപ് ഒരു പ്രിവ്യൂ പോസ്റ്റ് ഇടും. അതു കഴിഞ്ഞ് പ്രോഡക്ട് വരുമ്പോൾ വിശദാംശങ്ങളും കൂടുതൽ ഫോട്ടോകളും പോസ്റ്റ് ചെയ്യും.

ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് അന്വേഷണങ്ങൾ വരുന്ന മുറയ്ക്ക് സൈസ് ചാർട്ട് അയച്ചു കൊടുക്കുകയാണ് ആദ്യം ചെയ്യുന്നത്. അതു കൃത്യമാക്കി ഓർഡറുകൾ സ്വീകരിക്കുന്നു. പണം അക്കൗണ്ടിലേക്ക് എത്തുന്നതോടെ കുറിയർ വഴി ഉൽപന്നം അയച്ചു കൊടുക്കുന്നു.

പേയ്മെന്റിന് ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ വിവിധ ഓപ്ഷനുകൾ ഉണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ളവർക്ക് 20 ദിവസം വരെ ഡെലിവറി സമയം എടുക്കാറുണ്ട്. കുറിയർ ചാർജ് എക്സ്ട്രാ വാങ്ങും. സൈസിൽ പ്രശ്നം വരാറില്ലെങ്കിലും ഉൽപന്നം കയ്യിലെത്തുമ്പോൾ ഏതെങ്കിലും വിധത്തിൽ ഇഷ്ടക്കേടു തോന്നുന്നവർക്ക് സാധനം തിരിച്ചയയ്ക്കാം. നൽകിയ പണം മടക്കികൊടുക്കാറില്ല, പകരം അടുത്ത ഓർഡറിൽ ആ തുക വരവുവച്ചു നൽകും. ഓൺലൈൻ വഴി ഹോൾസെയിൽ ബിസിനസും ചെയ്യുന്നുണ്ട്. അതുൾപ്പെടെ പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു.

പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവരുടെ കയ്യിൽ ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ എന്തെങ്കിലും ഓഫറുകളുണ്ടായാൽ നന്നായിരിക്കും. ഞാൻ തുടങ്ങിയ കാലത്ത് ഇന്ത്യയ്ക്കുള്ളിൽ എവിടെയും കുറിയർ ചാർജ് ഈടാക്കാതെ ഫ്രീയായി അയച്ചു കൊടുത്തിരുന്നു. കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു ഈ ഓഫർ. പിന്നെ  ഗുണനിലവാരത്തിലും ഡിസൈനിലും നൂറുശതമാനം ശ്രദ്ധ വേണം. ഓൺലൈനിൽ നമ്മുടെ പോസ്റ്റ് കണ്ടിട്ട് ഒരു കസ്റ്റമർ കോണ്‍ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് നമ്മളെ കിട്ടാതെ പോകരുത്. ഒരു മെസേജ് കിട്ടിയാൽ പെട്ടെന്നു തന്നെ മറുപടി കൊടുക്കാൻ നോക്കുക. രണ്ടു ദിവസം നമ്മൾ സ്ഥലത്തില്ലെങ്കിൽ ആ വിവരം കാണിച്ച് ഓൺലൈനിൽ മെസേജ് ഇടണം.– സുമി പറയുന്നു.

ഓൺലൈൻ ഷോപ്പുകളിൽ നമ്മുടെ കയ്യിലുള്ള സാധനങ്ങൾ നന്നായി പ്രസന്റ് ചെയ്യാമെന്ന മെച്ചമുണ്ട്. ഒരു കടയിൽ കയറിയാൽ നൂറു കണക്കിനു പീസുകൾക്കിടയിൽ നല്ലതു പലതും കാണാതെ പോകാം. എന്നാലിവിടെ എത്ര ചെറിയ പ്രത്യേകതകൾ വരെയും ശ്രദ്ധിക്കപ്പെടും.

അതുപോലെ ഒരു ഷോപ്പ് സ്വന്തമായി തുടങ്ങണമെങ്കിൽ വലിയ തുക തന്നെ ചെലവാകും ഇവിടെ അതു വേണ്ടിവരുന്നില്ല. ബിസിനസ് വർധിച്ചതോടെ സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങി. ഏതാനും ജീവനക്കാരുമുണ്ട്. അതോടനുബന്ധിച്ച് ഒരു ഷോപ്പും ഇപ്പോൾ തുറന്നിട്ടുണ്ട്.

ആദ്യകാലത്ത് കൊച്ചിയിലെ തന്നെ വിവിധ കടകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ സിലക്ട് ചെയ്ത് വാങ്ങിയിട്ട് ഡിസൈൻ നൽകി തയ്പ്പിച്ചു വിൽക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നേരിട്ടു പോയി തുണിത്തരങ്ങൾ വാങ്ങുന്നു.

സുമി വിവേര

എക്സോറ്റിക്ക ഡിസൈനർ ക്ലോത്ത്സ്

ഹൈക്കോടതിക്കു സമീപം

എറണാകുളം

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam