മിസ്റ്റർ മൻസൂർ, ഈ തമാശ കേട്ട് ചിരിക്കാൻ മനസ്സില്ല; ആവാം, അൽപം അന്തസ്സ് !

Mail This Article
സ്ത്രീയെ ലൈംഗികോപകരണമായാണോ പുരുഷന്മാർ കാണുന്നത്? പെണ്ണിനൊപ്പം കിടപ്പറ പങ്കിടുന്നതു മാത്രം മനസ്സിൽ കണ്ടുനടക്കുന്നവരായി പുരുഷന്മാരിൽ ചിലരെങ്കിലും മാറിയോ? അല്ലെങ്കിൽ പിന്നെ എന്ത് ധൈര്യത്തിലാണ് തൃഷയ്ക്കൊപ്പമുള്ള കിടപ്പുമുറി രംഗം അഭിനയിക്കാൻ അവസരം കിട്ടിയില്ലെന്ന് മൻസൂർ അലിഖാൻ വിളിച്ചു കൂവിയത്? നിലവാരത്തകർച്ചയുടെ അങ്ങേയറ്റമായിരിക്കുന്നു മൻസൂറിന്റെ വാക്കുകൾ. പെണ്ണിനു മാത്രമല്ല സാധാരണ ബുദ്ധിയിൽ ചിന്തിക്കുന്ന ആർക്കും അറപ്പുളവാക്കുന്ന വാക്കുകളായിട്ടേ തോന്നൂ. അതിഗുരുതരമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടും അത് തെറ്റാണെന്ന് അംഗീകരിക്കാൻ ഇപ്പോഴും മൻസൂറിന്റെ സാമാന്യ ബുദ്ധി സമ്മതിക്കുന്നില്ല. മാപ്പ് പറയാൻ താൻ തയാറല്ലെന്ന് അയാൾ തറപ്പിച്ചു പറയുന്നു. ആർക്കെതിരെയും എന്തും വിളിച്ചുപറയാനുള്ള ലൈസൻസ് ആരാണ് മൻസൂറിനു കൊടുത്തത്? സിനിമയിൽ ക്രൂരമായ വില്ലൻ വേഷങ്ങൾ ചെയ്ത് ജീവിതത്തിലും ക്രൂരതയുടെ നേർ ചിത്രമായിരിക്കുകയാണ് മൻസൂർ അലി ഖാന്
സ്ത്രീ ശരീരത്തെ ലൈംഗികാസക്തി ശമിപ്പിക്കാനുള്ള ഉപാധി മാത്രമായി കാണുന്നത് കേട്ടിരിക്കാനാവില്ല. ലൈംഗിക ചുവ കലർന്ന സംസാരവും നോട്ടവും ചേഷ്ടകളുമെല്ലാം കടുത്ത കുറ്റകൃത്യങ്ങളായിത്തന്നെ പരിഗണിക്കണം. തക്കതായ ശിക്ഷയും നൽകണം.

കരുത്ത് + സംസ്കാരം + അന്തസ്സ് = പെണ്ണ്
മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് ശക്തമായിത്തന്നെയാണ് തൃഷ പ്രതികരിച്ചത്. മൻസൂറിനെപ്പോലെയുള്ള ഒരാളുമായി സ്ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും തന്റെ കരിയറില്‍ ഒരിക്കലും അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും തൃഷ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു. നടി എന്ന നിലയിലല്ല, മറിച്ച് അന്തസ്സുള്ള, നിലപാടുള്ള, സംസ്കാരമുള്ള ഒരു പെണ്ണ് എന്ന നിലയിലാണ് പ്രതികരിച്ചത്. പിന്നാലെ തൃഷയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തി. അപ്പോഴും പക്ഷേ ഭൂരിഭാഗം പേരും മൗനത്തിൽ തുടരുകയാണ്. അതിനർഥം അവർ മൻസൂറിനെ ഭയപ്പെടുന്നു എന്നു തന്നെയാണ്.
നടപടി വേഗത്തിലാകട്ടെ
മന്‍സൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തുകഴിഞ്ഞു. ഐപിസി സെക്‌ഷൻ 509 ബി പ്രകാരവും മറ്റു വകുപ്പുകളും പ്രകാരം മൻസൂറിനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് നിർദേശിച്ചതായും കമ്മിഷൻ അറിയിച്ചു. മൻസൂർ അലി ഖാൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ അപലപിക്കുന്നതായും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ തൃഷയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ നടപടി. പക്ഷേ പ്രമുഖർക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടപടിയെടുത്താൽ പോര, സാധാരണക്കാരുടെ ഇത്തരം അനുഭവങ്ങളിലും ഇതേ തീവ്രതയോടെ, വേഗത്തിൽ നടപടി കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.
മാറ്റമില്ലാതെ മൻസൂറിന്റെ ‘പഴയമുഖം’
രക്തത്തിലലിഞ്ഞു ചേർന്ന സ്വഭാവം അത്ര പെട്ടെന്നൊന്നും മാറില്ലെന്നാണ് പുതിയ പരാമർശത്തിലൂടെ മൻസൂർ തെളിയിച്ചത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള മൻസൂർ ഇപ്പോഴും പഴയ പ്രതാപത്തോടെ സിനിമയിൽ സജീവമായി തുടരുന്നുണ്ടെങ്കിൽ അയാളെ പിന്തുണയ്ക്കാൻ ആളുകൾ സിനിമയിലുണ്ടെന്നതാവാം കാര്യം. 2001ലാണ് യുവതിയുടെ പീഡനപരാതിയിൽ മൻസൂറിനെ 7 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. പിന്നീടത് കള്ളക്കേസ് ആണെന്ന് മൻസൂർ തെളിയിച്ചെന്നും കോടതി അയാളെ വിട്ടയച്ചെന്നും പറയപ്പെടുന്നു. 2012ൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിലും മൻസൂർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് നിയമത്തിന്റെ ആനുകൂല്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.

ഈ തമാശയ്ക്കു ചിരിക്കാൻ മനസ്സില്ല
തൃഷയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായപ്പോൾ അത് തമാശയായി പറഞ്ഞതാണെന്നായിരുന്നു മൻസൂറിന്റെ വിശദീകരണം. മിസ്റ്റർ മൻസൂർ, ഇത്തരം അപ്രിയമായ തമാശകൾ താങ്കൾക്ക് രസകരമായി തോന്നിയേക്കാം. എന്നാൽ താങ്കളെപ്പോലെയല്ല എല്ലാവരും. അന്തസ്സോടെ ജീക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട് ഈ സമൂഹത്തിൽ. ഇത്തരം തമാശകൾ അവരോടു വേണ്ട. ഇതൊക്കെ കേട്ട് കുലുങ്ങി ചിരിച്ച് മിണ്ടാതിരിക്കുന്ന ആളുകളെ മാത്രമേ താങ്കൾ കണ്ടിട്ടുണ്ടാവുകയുള്ളു. പക്ഷേ എല്ലാവരും അങ്ങനെയല്ല. പെണ്ണ് കരുത്തുറ്റവളാണ്, പ്രതിരോധിക്കാൻ കഴിവുള്ളവളാണ്, പ്രതികരണശേഷിയുള്ളവളാണ്, ഉറച്ച നിലപാടുള്ളവളാണ്. ഓർത്താൽ നല്ലത്!