ADVERTISEMENT

ന്യൂയോർക്ക് സിറ്റിയിൽ അണ്ഡാശയ ക്യാൻസർ ബാധിച്ച് മരിച്ച ഒരു സ്ത്രീ തന്റെ മരണശേഷം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവുകയാണ്. ബ്രൂക്ലിനിലെ 38 കാരിയായ കേസി മക്കിന്റൈർ, തന്റെ മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തിലെഴുതിയ പോസ്റ്റാണിപ്പോൾ ആയിരക്കണക്കിന് രോഗികൾക്ക് സഹായകമായി തീർന്നിരിക്കുന്നത്. ‘നിങ്ങൾ ഇതു വായിക്കുമ്പോൾ ഞാൻ മരിച്ചിട്ടുണ്ടാവും, എന്നോട് ക്ഷമിക്കൂ. എങ്കിലും ആശുപത്രി ചെലവിനും മറ്റുമായി കടം വാങ്ങുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നവർക്ക് വേണ്ടി ചിലത് ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്’.  ഇതായിരുന്നു കേസിയുടെ പോസ്റ്റ്. 

ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ചെലവേറിയ ചികിത്സകളാണ്. പലപ്പോഴും ഇത്തരം ഭീമാകാരമായ ചികിത്സാ ചെലവുകൾ താങ്ങാനാവാതെ പലരും കടത്തിൽ മുങ്ങുന്ന കാഴ്ച കാണാനാകും. തനിക്ക് നല്ല ചികിത്സ ലഭിച്ചതിൽ ഏറെ ഭാഗ്യവതിയാണ് എന്ന് പറഞ്ഞ കേസി ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഒരു ക്യാമ്പെയിൻ ആരംഭിച്ചത്. ‘RIP മെഡിക്കൽ ഡെബ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ 139,000 ലധികം ഡോളർ സമാഹരിച്ചു.

നാലാം ഘട്ട അണ്ഡാശയ അർബുദത്തോട് പോരാടുമ്പോൾ ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും, മറ്റുള്ളവർക്കും ഇത് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു ക്യാമ്പയിൻ തുടങ്ങാൻ പദ്ധതിയിട്ടതെന്നുമാണ് കേസി മക്കിന്റൈർ പറഞ്ഞത്. ഇതുവരെ മക്കിന്റൈറിന്റെ പ്രചാരണം 17 മില്യൺ ഡോളർ വരെ അടയ്ക്കാത്ത മെഡിക്കൽ ബില്ലുകൾ ഇല്ലാതാക്കാൻ സഹായിച്ചു.

ഈ വനിത പങ്കുവച്ച പോസ്റ്റ് ആയിരങ്ങളിലേക്ക് എത്തി. ‘ RIP മെഡിക്കൽ ഡെബ്റ്റ്’ എന്ന വെബ്‌സൈറ്റാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 16 ദശലക്ഷം ആളുകൾക്ക് കുറഞ്ഞത് 1,000 ഡോളർ മെഡിക്കൽ കടബാധ്യതയും,  മൂന്ന് ദശലക്ഷം ആളുകൾക്ക് 10,000 ഡോളറിലധികം ബാധ്യതയുമുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com