പഠിക്കാൻ മനസുണ്ടെങ്കിൽ പ്രായം മാറിനിൽക്കും; 90-ാം വയസിൽ ബിരുദാനന്തര ബിരുദം നേടി മിന്നി പെയ്ൻ
Mail This Article
73 വർഷങ്ങൾക്കിപ്പുറം മിന്നി പെയ്ൻ എന്ന വനിത ഒരിക്കൽക്കൂടി വിദ്യാർഥിനിയായി മാറി. കാലങ്ങൾക്ക് മുമ്പ് നിർത്തിയിടത്തുനിന്നും വീണ്ടുമാരംഭിച്ച് തൊണ്ണൂറാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ചരിത്രത്തിലൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ അമേരിക്കൻ അമ്മൂമ്മ. നോർത്ത് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ആയിരക്കണക്കിന് സഹ ബിരുദധാരികൾക്കൊപ്പം തന്റെ അക്കാദമിക് യാത്ര പൂർത്തിയാക്കി അഭിമാനത്തോടെ നിൽക്കുന്ന മിന്നി പെയ്ൻ ലോകത്തോട് വിളിച്ചുപറയുന്നത് വിദ്യാഭ്യാസം കൈവരിക്കാൻ പ്രായമൊരു പ്രശ്നമല്ലെന്നാണ്. ഇന്റർ ഡിസിപ്ലിനറി പഠനത്തിലാണ് ഇവർ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്. തന്റെ കോഴ്‌സ് വർക്ക് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ യുഎൻടി വിദ്യാർഥിനി എന്ന ബഹുമതിയും മിന്നി പെയ്‌ൻ സ്വന്തമാക്കി.
ദാരിദ്ര്യത്തെ പഠനം കൊണ്ട് തോൽപ്പിച്ച വനിത
സൗത്ത് കരോലിന ടെക്സ്റ്റെൽ മില്ലിലെ തൊഴിലാളികളായിരൂന്നു മിന്നി പെയ്നിന്റെ മാതാപിതാക്കൾ. അത്യന്തം ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം. വിദ്യാഭ്യാസമില്ലാത്ത മിൽ തൊഴിലാളികളുടെ കുട്ടി, 1950-ൽ ഹൈസ്കൂൾ ബിരുദം നേടി, ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ഗുമസ്തയായി ജോലി ആരംഭിച്ചതിനൊപ്പം ജൂനിയർ കോളജിലും ചേർന്നു. അറിവ് നേടാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ആ പെൺകുട്ടിയ്ക്ക്. 1961ൽ മിന്നി ഡെയ്‌ലിനെ വിവാഹം കഴിച്ചു. മക്കളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ വർഷങ്ങളോളം വീടിനുള്ളിൽ ഒതുങ്ങിപ്പോയി. എന്നാൽ അറിവെന്ന തീനാളം അവരുടെ ഉള്ളിൽ ഒരു ജ്വാലയായ് കത്തിക്കൊണ്ടേയിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് അറിവ് പകർന്ന് നൽകുന്ന അധ്യാപികയായിട്ടായിരുന്നു.
68-ാം വയസ്സിൽ, ട്രാൻസ്ക്രിപ്ഷനിസ്റ്റും വേഡ് പ്രോസസറുമായ മിന്നി തന്റെ 30 വർഷത്തെ കരിയറിൽ നിന്ന് വിരമിക്കുകയും ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു. ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി, യുഎൻടി കാമ്പസിൽ മൂന്ന് ജേർണലിസം ക്ലാസുകളും ബിസിനസ് കോഴ്സും പഠിച്ചു. താൻ എപ്പോഴും തന്നെത്തന്നെ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന തന്റെ തത്വശാസ്ത്രത്തിലൂന്നിയാണ് വീണ്ടും പഠിക്കാൻ മിന്നി തീരുമാനിക്കുന്നത്. ബിരുദം നേടുമ്പോൾ മിന്നിയ്ക്ക് 73 വയസ്സായിരുന്നു. പ്രായമുള്ള ഒരാൾ എന്നതിലുപരി തങ്ങളിൽ ഒരാളായിട്ടാണ് മറ്റ് വിദ്യാർഥികൾ തന്നോട് പെരുമാറിയിരുന്നതെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടമാണ് തന്റെ പഠനകാലമെന്നും മിന്നി പറയുന്നു. ഇപ്പോൾ 90-ാമത്തെ വയസിൽ, അതായത് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി 73 വർഷത്തിന് ശേഷം ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ബിരുദാനന്തര ബിരുദം നേടി ചരിത്രം രചിച്ചിരിക്കുകയാണ് മിന്നി പെയ്ൻ.