ഹിറ്റായി ബിടെക്കുകാരിയുടെ പാനിപുരി കട, അന്ന് വന്നത് ബൈക്കിൽ ഇന്ന് ഥാറിൽ; അഭിനന്ദന പ്രവാഹം

Mail This Article
പഠനം കഴിഞ്ഞാൽ ഉടൻ ജോലിയിൽ പ്രവേശിക്കുക എന്ന പരമ്പരാഗത വഴികളിൽ നിന്നും വ്യതിചലിച്ച് സ്വന്തം ബിസിനസും സ്റ്റാർട്ടപ്പുകളും തുടങ്ങുന്ന യുവതലമുറയാണിന്ന് കൂടുതൽ. ഈ പറഞ്ഞതുമായി ചേർത്തുവായിക്കാമെങ്കിലും തപ്സിയുടെ ബിസിനസിന് ഏറെ പ്രത്യേകതകളുണ്ട്. ബിടെക്കിൽ ബിരുദം നേടിയ ശേഷമാണ് തപ്സി ഉപാധ്യായ എന്ന 21കാരിയായ ഡൽഹി സ്വദേശിനി തന്റെ ബിസിനസ് ആരംഭിച്ചത്.
പാനി പുരിയടക്കമുള്ള തെരുവു ഭക്ഷണങ്ങൾ പലപ്പോഴും അനാരോഗ്യപരമായ ചുറ്റിപ്പാടിലും മറ്റും തയാറാക്കപ്പെടുന്നവയാണെന്ന ആരോപണം ഉയരുന്ന കാലത്ത് ആരോഗ്യകരമായ ഭക്ഷണം വിളമ്പുക എന്നതാണ് തന്റെ ചെറിയ സംരംഭം കൊണ്ട് ഈ യുവതി ലക്ഷ്യമിടുന്നത്. ഒരു ചെറിയ പാനിപുരി സ്റ്റാളിൽ നിന്നുമാരംഭിച്ച ബിസിനസ് ഇന്ന് 40 ഓളം സ്റ്റാളുകളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. സംരംഭം തുടങ്ങുന്ന കാലത്ത് തപ്സി ഒരു മോട്ടോർ സൈക്കിളിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാലിന്ന് തന്റെ സ്റ്റാളുകൾ വിപണന സ്ഥലത്തേയ്ക്ക് എത്തിയ്ക്കാനും കൊണ്ടുപോകാനുമെല്ലാം മഹീന്ദ്രയുടെ ഥാർ ആണ് തപ്സി ഉപയോഗിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ഈ പെൺകുട്ടി നേടിയ വിജയത്തിനു സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

തപ്സി ഉപാധ്യായ ' ബിടെക് പാനി പുരി വാലി ' എന്നാണ് അറിയപ്പെടുന്നത്. ഈ യുവസംരംഭകയുടെ ആദ്യ പാനി പൂരി സ്റ്റാൾ ഡൽഹി തിലക് നഗറിൽ മാത്രാമായിരുന്നു. എന്നാലിപ്പോൾ ഇന്ത്യയിലുടനീളം തനിക്ക് 40-ലധികം സ്റ്റാളുകളുണ്ടെന്ന് അവർ തന്നെ പറയുന്നു. തപ്സിയുടെ അഭിപ്രായത്തിൽ, രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പാനിപുരി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചപ്പോൾ ആദ്യം മനസിൽ തെളിഞ്ഞത് തെരുവ് ഭക്ഷണങ്ങളിലെ രാജാവായ പാനിപുരി തന്നെയായിരുന്നുവെന്നും അത് പതിവിൽ നിന്നും വ്യത്യസ്തമായി ആരോഗ്യപൂർണമായ രീതിയിൽ എങ്ങനെ വിളമ്പാം എന്നുമായിരുന്നു ചിന്തയെന്നും തപ്സി പറയുന്നു.
ആളുകൾക്ക് നല്ലതും ആരോഗ്യകരവും കുറ്റബോധമില്ലാത്തതുമായ തെരുവ് ഭക്ഷണം മിതമായ നിരക്കിൽ നൽകുക എന്ന ലക്ഷ്യത്തോടെ തപ്സി ആരംഭിച്ച ബിടെക് പാനിപുരി വാലി പെട്ടെന്ന് തന്നെ ഹിറ്റായി. സാധാരണ ഉണ്ടാക്കുന്ന രീതിയിൽ നിന്നും മാറി തപ്സി എയർ ഫ്രയറിലാണ് പുരി ഉണ്ടാക്കുന്നത്. അതുപോലെ ഇതിൽ ഒഴിയ്ക്കുന്ന പാനികൾ എല്ലാം തന്നെ വീട്ടിൽ നിന്ന് ഉണ്ടാക്കിയതാണ്. ഒന്നിലും മായമോ കളറോ ചേർക്കാറില്ലെന്നും തപ്സി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വിവരിക്കുന്നു.
ഒറ്റയ്ക്കാണ് തപ്സി ബിസിനസ് ആരംഭിച്ചതെങ്കിലും നിരവധി സഹപാഠികളെ ഒപ്പം ചേർത്ത് ബിസിനസ് വിപുലമാക്കി. അടുത്തിടെ എംടെക് ബിരുദധാരിയ്ക്കൊപ്പം ചേർന്ന് ജനക്പുരിയിലും പരിസരത്തും 'ബിടെക് പാനി പുരി വാലി' എന്ന പേരിൽ സ്റ്റാളുകൾ ആരംഭിച്ചിരുന്നു. ആദ്യകാലത്തൊക്കെ ഏറെ വെല്ലുവിളികളും എതിർപ്പുകളും നേരിടെണ്ടിവന്നിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽപ്പോലും തന്റെ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്നും തപ്സി വ്യക്തമാക്കുന്നു.
ബിരുദം നേടിയ ശേഷം എന്തിനാണ് പാനി പൂരി വിൽക്കുന്നതെന്ന് പലരും തന്നോട് ചോദിക്കുന്നുണ്ടെന്നും ഒരു സ്ത്രീ തെരുവിലിറങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാൽ വീട്ടിലേക്ക് ഇരുട്ടുവീഴും മുമ്പ് മടങ്ങാൻ പോലും ചിലർ ആവശ്യപ്പെടാറുണ്ടെന്നും അവർ പറയുന്നു. പഠനവും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാൻ തന്നെയാണ് തപ്സിയുടെ തീരുമാനം. മഹീന്ദ്ര കമ്പനി ഉടമയായ ആനന്ദ് മഹീന്ദ്ര 'ബിടെക് പാനി പുരി വാലി' തന്റെ പാനി പൂരി വണ്ടിയെ മഹീന്ദ്ര ഥാറിൽ കയറ്റുന്നതിന്റെ വിഡിയോ പങ്കിടുകയും അവളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തതോടെ തപ്സി വീണ്ടും താരമായി മാറിയിരിക്കുകയാണ്.