വിധി ജീവിതം തളർത്തി, വീൽചെയറിലിരുന്ന് പൊരുതി ആയിരങ്ങൾക്ക് ആശ്വാസമായി പ്രീതി

Mail This Article
പ്രീതി ശ്രീനിവാസന്റെ ജീവിതം ഒരു സെക്കൻഡിന്റെ അംശം കൊണ്ട് മാറിമറിഞ്ഞത് 18-ാം വയസ്സിൽ ഒരു അപകടത്തിൽ പെട്ടതോടെയായിരുന്നു. സിക്സറുമടിച്ച്, ക്രീസിലൂടെ റൺസിനായി തലങ്ങും വിലങ്ങും ഓടിപാഞ്ഞുനടന്നിരുന്ന പ്രീതിയെന്ന ക്രിക്കറ്റുകാരിയെ ഒരു വീൽചെയറിലേയ്ക്ക് ഒതുക്കി ക്ലീൻ ബൗൾഡ് ആക്കിക്കളഞ്ഞു വിധിയെന്ന ഓൾ റൗണ്ടർ. എന്നാൽ വിക്കറ്റ് നഷ്ടപ്പെട്ട് ക്രീസിൽ നിന്നും തലകുനിച്ച് ഇറങ്ങിപ്പോരാൻ പ്രീതി തയാറല്ലായിരുന്നു. ഇന്ന്, തന്നെപ്പോലെ സുഷുമ്‌നാ നാഡിക്ക് മുറിവേറ്റവർക്കു പുനരധിവാസവും ശാരീരിക പരിശീലനവും കൗൺസിലിംഗും പ്രതീക്ഷയും നൽകുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സോൾഫ്രീ എന്ന സ്ഥാപനം നടത്തി സമൂഹത്തിനാകെ മാതൃകയായവുകയാണ് ഈ വനിത. ഒന്നു മനസുതുറന്ന് സംസാരിക്കാൻ, നിങ്ങളുടെ വേദനകൾ കേൾക്കാൻ ഒരു വ്യക്തി. ജീവിതം എറിഞ്ഞുടച്ച എല്ലാ വെല്ലുവിളികളെയും പ്രീതി നേരിട്ടത് തന്റെ മനോധൈര്യം കൊണ്ടാണ്. സഹായം ആവശ്യമുള്ളപ്പോൾ മറ്റുള്ളവർക്കായി അവർ സഹാനുഭൂതിയുടെ പാത വെട്ടിത്തുറന്നു.
നാലാമത്തെ വയസുമുതൽ ക്രിക്കറ്റ് കളിച്ചിരുന്ന പ്രീതി എട്ട് വയസ്സുള്ളപ്പോൾ തമിഴ്നാട് സംസ്ഥാന ടീമിന് വേണ്ടി കളിയ്ക്കുകയും അണ്ടർ 19 സംസ്ഥാന ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പക്ഷേ, 18 വയസ്സുള്ളപ്പോൾ എല്ലാം മാറിമറിഞ്ഞു. പുതുച്ചേരി ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചിരുന്ന പ്രീതി വെള്ളത്തിൽ കളിക്കുന്നതിനിടെ പെട്ടെന്ന് ബോധമറ്റുവീണു. സുഷുമ്നാ നാഡിക്ക് സാരമായി പരിക്കേറ്റ പ്രീതി അന്നുമുതൽ കഴുത്തിന് താഴെ തളർന്ന് ഒട്ടും ചലിക്കാനാവാത്ത അവസ്ഥയിലേയ്ക്ക് തള്ളപ്പെട്ടു. പൂർണ ശക്തിയോടെ പന്ത് എറിയാൻ കഴിഞ്ഞിരുന്ന അവൾ ചെറുവിരൽപോലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്കായി. ഈ കഷ്ടപ്പാടുകളിലെല്ലാം അവളുടെ മാതാപിതാക്കൾ പാറ പോലെ അവൾക്കൊപ്പം നിന്നു. അവളെ പരിപാലിക്കുന്നതിനായി പിതാവ് ജോലി ഉപേക്ഷിക്കുകയും താമസം ചെന്നൈയിൽ നിന്നും തിരുവണ്ണാമലയിലേക്ക് മാറ്റുകയും ചെയ്തു. മാതാപിതാക്കളുടെ അചഞ്ചലമായ സ്നേഹവും പിന്തുണയും, പ്രീതിയും അവിശ്വസനീയമായ മനോബലവും, അവരെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ സഹായിച്ചു.
ബിഎസ്‌സി സൈക്കോളജി കറസ്‌പോണ്ടൻസ് കോഴ്‌സിലേക്ക് പ്രവേശനം നേടാൻ പ്രീതി ശ്രമിച്ചുവെങ്കിലും കോളജുകൾ ഭിന്നശേഷി സൗഹൃദമല്ലാത്തതിനാൽ നിരസിക്കപ്പെട്ടു. “നിങ്ങളെപ്പോലുള്ളവർ എന്തിനാണ് പഠിക്കാൻ വരുന്നത്?” എന്ന് അധികൃതർ തന്നോട് ചോദിച്ചതായി പ്രീതി പറയുന്നു. എന്നാൽ അവരുടെ അച്ഛൻ എല്ലാവിധ പുസ്തകളും വാങ്ങിക്കൊണ്ടുവന്ന് മകളെ സ്വയം പഠിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം വീണ്ടും നല്ല റൺറേറ്റിലേയ്ക്ക് നീങ്ങിതുടങ്ങിയപ്പോഴാണ് അച്ഛന്റെ വിയോഗം. അച്ഛൻ 2007-ൽ ഹൃദയാഘാതം മൂലം മരിച്ചു. പിന്നാലെ അമ്മയ്ക്കും ഹൃദയാഘാതം ഉണ്ടായി. അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്ക് പോകേണ്ടി വന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പകച്ചുനിന്ന നിമിഷങ്ങൾ. വീൽചെയറിലിരുന്ന് ജോലിയെടുക്കേണ്ട അവസ്ഥ.
ഈ സമയത്ത്, അവരുടെ സുഹൃത്തുക്കൾ ബിരുദം നേടേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടിരുന്നു. പ്രായോഗിക പരീക്ഷകൾ ഇല്ലാത്തതിനാൽ പ്രീതി ബിഎസ്‌സി മെഡിക്കൽ സോഷ്യോളജി പഠിച്ചു. കൗൺസിലിങ് സൈക്കോളജി ചെയ്യാൻ ആഗ്രഹിച്ചെങ്കിലും അവർ മനഃശാസ്ത്രത്തിൽ എംഎസ്‌സിയും ചെയ്തു.“എന്റെ ശബ്ദം മാത്രമാണ് എനിക്ക് ഉള്ളത് എന്നതിനാൽ ആളുകളെ അതിലൂടെ സഹായിക്കാം എന്ന് ഞാൻ കരുതി” പ്രീതി പറയുന്നു. ഇന്ന് തന്റെ സംരംഭമായ 'സോൾഫ്രീ' എന്ന ചാരിറ്റബിൾ ട്രസ്റ്റിലൂടെ നട്ടെല്ലിന് പരിക്കേറ്റ നൂറുകണക്കിന് ആളുകൾക്ക് ചിറകുകൾ നൽകുകയാണ് ഈ വനിത. ട്രസ്റ്റിന്റെ പുനരധിവാസ കേന്ദ്രമായ സോൾഫ്രീ ഇൻസ്പയർ (ഇന്റഗ്രേറ്റഡ് സ്‌പൈനൽ റീഹാബിലിറ്റേഷൻ സെന്റർ) 2013 മുതൽ നട്ടെല്ലിന് ക്ഷതമേറ്റവർക്ക് സമഗ്രമായ ചികിത്സ, പുനരധിവാസം, വൈദ്യസഹായം, വിദ്യാഭ്യാസം, കൗൺസിലിങ്, തൊഴിലവസരങ്ങൾ എന്നിവ സൗജന്യമായി നൽകുന്നുണ്ട്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ താമസയിടം ഇതുവരെ 200-ലധികം വൈകല്യമുള്ളവരെ അന്തസ്സോടെ ജീവിക്കാൻ സഹായിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരിയാണെങ്കിലും ഞാനും ജീവിക്കാൻ അർഹയാണ്. അതുപോലെ ജീവിക്കാനുള്ള ഓരോരുത്തരുടേയും ആഗ്രഹം ഞങ്ങൾ പുനഃസ്ഥാപിക്കുന്നു. ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ വീക്ഷണകോണിൽ നിന്ന് സ്വാശ്രയത്വം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഹൈഡ്രോതെറാപ്പി, സ്പോർട്സ്, കൗൺസിലിംഗ് സെഷനുകൾ, പരിശീലന സെഷനുകൾ, ടൈലറിംഗ്, കംപ്യൂട്ടർ ക്ലാസുകൾ എന്നിവയടക്കം നിരവധി പ്രവർത്തനങ്ങൾ പ്രീതിയുടെ സോൾഫ്രീ ഫൗണ്ടേഷൻ ഇന്ന് തളർന്നുപോയവർക്ക് നൽകിവരുന്നു. ആവശ്യമുള്ളവർക്ക് വീൽചെയറുകളും വൈദ്യസഹായവും നൽകുന്നണ്ട്. ലോകം പ്രീതിയുടെ മുമ്പിൽ വാതിൽ കൊട്ടിയടച്ചപ്പോൾ , മാറ്റങ്ങളും അവസരങ്ങളും സൃഷ്ടിക്കാൻ അവൾ സ്വയം തീരുമാനിച്ചിടത്തുനിന്നാണ് ഇന്ന് ആയിരങ്ങൾക്ക് ആശ്വാസമാകുന്ന പ്രസ്ഥാനം ഉടലെടുത്തത്. ഒരിക്കൽ തന്റെ വൈകല്യത്തിന്റെ പേരിൽ വിദ്യാഭ്യാസം നിരസിച്ചവർക്കുള്ള മറുപടിയെന്നവണ്ണം പ്രീതി ശ്രീവാസ്തവ ഇപ്പോൾ മദ്രാസിലെ ഐഐടിയിൽ നിന്ന് പിഎച്ച്ഡി പഠിക്കുകയാണ്.