പ്രായം: 16, ജോലി: 100 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ; ഇത് പ്രാഞ്ജലിയുടെ വിജയഗാഥ!
Mail This Article
പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നു നമ്മൾ പറയുമ്പോൾ, അത് പ്രായമായവർക്ക് മാത്രമല്ല, കഴിവും പ്രതിഭയും തെളിയിക്കുന്ന ആരുടെ കാര്യത്തിലും സത്യമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നും കോളേജ് പഠനത്തിന് ബാഗും തൂക്കിയിറങ്ങേണ്ട പ്രായത്തിൽ പ്രാഞ്ജലി അവസ്തി എന്ന ഇന്ത്യക്കാരി 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയുടെ ഉടമയായി മാറി. വെറും 16 വയസിലാണ് ഏവരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ നേട്ടം ഈ പെൺകുട്ടി കൈവരിക്കുന്നത്. വളർന്നുവരുന്ന ഒരു ടെക് വിദഗ്ദ മാത്രമല്ല, Delv.AI. എന്ന AI സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും ഉടമയുമാണ് പ്രാജ്ഞലി.
വർധിച്ചുവരുന്ന ഓൺലൈൻ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തിൽ ഗവേഷകരെ മികച്ച രീതിയിൽ സഹായിക്കാനും വിവരങ്ങൾ ലഭിക്കാനും സഹായിക്കുകയാണ് പ്രാഞ്ജലിയുടെ കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി രൂപയാണ് ഈ ചെറിയ പെൺകുട്ടിയുടെ വലിയ കമ്പനിയുടെ മൂല്യം. ഏഴു വയസു മുതൽ കോഡിംഗ് പഠിക്കാൻ ആരംഭിച്ച പ്രാജ്ഞലിയുടെ വഴികാട്ടിയും സഹായിയുമെല്ലാം കംപ്യൂട്ടർ എൻജിനിയർ കൂടിയായ പിതാവാണ്.
ഇന്ത്യയിൽ നിന്നും ഫ്ലോറിഡയിലേയ്ക്ക് താമസം മാറിയതോടെയാണ് പ്രാജ്ഞലിയുടെ ജീവിതവും മാറി മറിഞ്ഞത്. മെഷീൻ ലേണിംഗിൽ പ്രവർത്തിക്കുന്ന ഫ്ലോറിഡ ഇന്റേണൽ യൂണിവേഴ്സിറ്റി ലാബിൽ ഇന്റേണായി പിന്നീട് പ്രവേശിച്ചു. അതിനുമുമ്പ് രണ്ടു വർഷത്തോളം ഗണിതവും കംപ്യൂട്ടർ സയൻസും പെൺകുട്ടി പഠിച്ചിരുന്നു. കോവിഡ് കാലം പ്രാജ്ഞലിയ്ക്ക് ശരിക്കും അനുഗ്രഹമായി എന്നുപറയുന്നതാകും നല്ലത്. മഹാമാരി ലോകത്തെയും സ്കൂളുകളെയും വെർച്വൽ ആക്കി മാറ്റിയപ്പോൾ, ഇന്റേൺഷിപ്പ് സ്ഥാപനത്തിൽ ആഴ്ചയിൽ ഏകദേശം 20 മണിക്കൂർ ജോലി ചെയ്യാനുള്ള അവസരം അവൾ ഉപയോഗിച്ചു.
2022 ജനുവരിയിലാണ് പ്രാജ്ഞലി ബിസിനസ് ആരംഭിക്കുന്നത്. തുടങ്ങുമ്പോൾ, ഏകദേശം 3.7 കോടി രൂപയുടെ നിക്ഷേപം വെറും പതിനാറുവയസുള്ള പെൺകുട്ടി സമാഹരിച്ചു. ഇന്ന് 100 കേടി മുല്യമുള്ള കമ്പനിയുടമയായ അവൾ തനിക്കൊപ്പം 10 പേർക്കുകൂടി ജോലി നൽകുന്നുണ്ട്. ഒരേസമയം ഒരു കമ്പനി നടത്തുകയും സ്കൂളിൽ പോവുകയും ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ തന്നെ തൽക്കാലം കോളേജ് വിദ്യാഭ്യാസം പിന്നീട് മതിയെന്ന തീരുമാനത്തിലാണ് പ്രാജ്ഞലി അവസ്തി. എങ്കിലും ഭാവിയിൽ തന്റെ സംരംഭകത്വ യാത്രയ്‌ക്കായി ബിസിനസ് കഴിവുകൾ നേടുന്നതിനായി ഉന്നത വിദ്യാഭ്യാസം നേടാൻ പദ്ധതിയിടുന്നുമുണ്ട്.