അമേരിക്കയിൽ ജഡ്ജിയായപ്പോഴും ഇന്ത്യൻ പൈതൃകം മറന്നില്ല; സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ജയ ബാഡിഗ

Mail This Article
യുഎസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുഗു സ്വദേശിയാണ് ജയ ബാഡിഗ. ഇന്ത്യൻ വംശജയായ ജയ ബാഡിഗയെ യുഎസ് സംസ്ഥാനമായ കലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജിയായി നിയമിച്ചു. എന്നാൽ ഈ നിയമനം അല്ല യഥാർഥത്തിൽ വാർത്തയിൽ ഇടം പിടിച്ചത്.ബാഡിഗയുടെ സത്യപ്രതിജ്ഞാ വിഡിയോയാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
അമേരിക്കയിൽ ജീവിക്കുകയും പൗരത്വം നേടുകയും ചെയ്ത ആളായിട്ട് കൂടി തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സന്ദർഭത്തിൽ ജയ സ്വീകരിച്ചത് അങ്ങേയറ്റം പൈതൃകവും സാംസ്കാരികവുമായ വഴിയായിരുന്നു. സംസ്കൃതത്തിലാണ് ജയ ബാഡിഗ സത്യപ്രതിജ്ഞ ചെയ്തത്.
ജഡ്ജിയുടെ വ്യത്യസ്തമായ സത്യപ്രതിജ്ഞ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സംസ്കൃത ഭാഷയെ ലോകത്തിന്റെ നാനാകോണുകളിലേക്ക് എത്തിക്കാൻ ജയയുടെ ഈ ശ്രമം കാരണമായെന്ന് പലരും കമന്റ് ചെയ്തു. സ്വന്തം ഭാഷയെയും സംസ്കാരത്തെയും മറക്കാതെ എത്ര ഉന്നത പദവിയിൽ എത്തിയാലും ഇതുപോലെ പ്രവർത്തിക്കാനും പെരുമാറാനും നമുക്കൊക്കെ സാധിക്കണമെന്ന് പലരും ചൂണ്ടിക്കാണിച്ചു.
ആരാണ് ജയ ബാഡിഗ?
ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിൽ ജനിച്ച ഇന്ത്യൻ-അമേരിക്കൻ അറ്റോർണി, അംഗീകൃത ഫാമിലി ലോ സ്പെഷ്യലിസ്റ്റ് ജയ ബാഡിഗ, യുഎസ് സംസ്ഥാനമായ കലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. 2022 മുതൽ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിൽ കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജയ. ഡെമോക്രാറ്റ് പാർട്ടി അംഗമായ ബാഡിഗ, 2020-ൽ കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് കെയർ സർവീസസിലും 2018-ൽ കലിഫോർണിയ ഗവർണറുടെ ഓഫിസ് ഓഫ് എമർജൻസി സർവീസസിലും അറ്റോർണിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാക്രമെന്റോ കൺട്രി പബ്ലിക് ലോ ലൈബ്രറിയുടെ അഭിപ്രായത്തിൽ, ബാഡിഗ ഒരു സർട്ടിഫൈഡ് ഫാമിലി ലോ സ്പെഷ്യലിസ്റ്റാണ്. കൂടാതെ പത്ത് വർഷത്തിലേറെയായി ഫാമിലി ലോയിൽസേവനമനുഷ്ഠിച്ചും വരുന്നു.