102 കാരി പിറന്നാൾ ആഘോഷിച്ചത് ആകാശത്തുനിന്നും താഴേക്ക് ചാടി; ഇതൊക്കെയാണ് ഈ മുത്തശ്ശിയുടെ ത്രിൽ!
Mail This Article
പലതരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും 102 വയസ്സുകാരിയുമായ ഒരു അമ്മൂമ്മ തന്റെ പിറന്നാളാഘോഷിച്ചത് കുറച്ച് വ്യത്യസ്തമായ രീതിയിൽ തന്നെയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവറായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഫോക്കിൽ നിന്നുള്ള സൈനിക വിദഗ്ധയായ മാനെറ്റ് ബെയ്‌ലി. വിമൻസ് റോയൽ നേവൽ സർവീസിലെ മുൻ അംഗമായ ബെയ്‌ലി തന്റെ ജന്മദിനം ആഘോഷിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനുമാണ് ഇത് നടത്തിയത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ഈജിപ്തിലെ വിമൻസ് റോയൽ നേവൽ സർവീസിൽ (റെൻസ്) ബെയ്‌ലി സേവനമനുഷ്ഠിച്ച ആൾ ആയതിനാൽ തന്നെ അമ്മൂമ്മയെ സംബന്ധിച്ച് ഇത് അത്ര വലിയ കാര്യമൊന്നുമല്ലായിരുന്നു. പാരച്യൂട്ട് ചാട്ടം നടത്തിയ ഒരു സുഹൃത്തിന്റെ 85 വയസ്സുള്ള പിതാവിനെക്കുറിച്ച് കേട്ടതിന് ശേഷമാണ് താൻ സ്കൈഡൈവിങ്ങിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്ന് ബെയ്‌ലി പറയുന്നു. 85 വയസ്സുള്ള ഒരാൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, തനിക്കും കഴിയുമെന്ന് സ്വയം വിശ്വസിച്ച ബെയ്‌ലി അമ്മൂമ്മ അങ്ങനെ ചരിത്രം സ്വന്തം പേരിൽ എഴുതിക്കുറിച്ചു.
ഇതിനു മുമ്പ് തന്റെ നൂറാം ജന്മദിനത്തിന് 130 മൈൽ വേഗതയിൽ ഫെരാരി കാർ ഓടിച്ചത് ഉൾപ്പെടെയുള്ള ധീരമായ പ്രകടനങ്ങളും അമ്മൂമ്മയുടെ പേരിലുണ്ട്. ഒരു പാരച്യൂട്ടറെ വിവാഹം ചെയ്തപ്പോഴും യുദ്ധത്തിൽ പങ്കെടുത്തപ്പോഴും സ്കൈ ഡൈവിങ്ങിനെ കുറിച്ചോ പാരച്യൂട്ട് ഡൈവിങ്ങിനെ കുറിച്ചോ, ബെയ്‌ലി അമ്മൂമ്മ ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതിന് സമയമായെന്നും പ്രായമായി എന്ന് കരുതി ഒന്നും ചെയ്യാനാവാതെ പിന്തിരിഞ്ഞു ഓടുകയല്ല വേണ്ടതെന്നും തന്റെ സാഹസിക പ്രകടനങ്ങൾ കൊണ്ട് കാണിച്ചുതരികയാണ് ഇവർ.
7,000 അടി ഉയരത്തിൽ നിന്നാണ് ബെയ്‌ലി മുത്തശ്ശി സ്കൈ ഡൈവിങ് നടത്തിയത്. തന്റെ പ്രകടനത്തിലൂടെ നാട്ടിൽ തന്നെയുള്ള മൂന്ന് പ്രാദേശിക സ്ഥാപനങ്ങൾക്ക് വേണ്ടി 10,000 പൗണ്ടിലധികം സ്വരൂപിക്കുകയും ചെയ്തു. സ്കൈ ഡൈവിങ് ചെയ്യുന്നതിന് മുൻപ് വെയിൽസ് രാജകുമാരന്റെ വ്യക്തിപരമായ കത്ത് ഉൾപ്പെടെയുള്ള പിന്തുണയും ബെയ്‌ലിക്ക് ലഭിച്ചിരുന്നു. ആർമിയിൽ നിന്നും സേവനം അവസാനിപ്പിച്ച് തിരികെ എത്തിയ അന്നുമുതൽ മുത്തശ്ശി സന്നദ്ധ സേവനത്തിനായി ജീവിതം മാറ്റിവച്ചയാളാണ്. പലതരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ ഈ അമ്മൂമ്മയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.