ടൂറിസ്റ്റായി ഇന്ത്യയിലെത്തി, രത്തൻ ടാറ്റയുടെ വളർത്തമ്മയായി! സ്ഥാപിച്ചത് 1,59,000 കോടി രൂപയുടെ കമ്പനി
Mail This Article
രത്തൻ ടാറ്റയെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാർ ഉണ്ടാവില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കോടീശ്വരന്‍, മനുഷ്യസ്‌നേഹി, മൃഗസ്‌നേഹി, ഏതുകാര്യത്തിലും എന്നും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാള്‍ അങ്ങനെ അദ്ദേഹത്തിനു വിശേഷണങ്ങൾ ഏറെയാണ് . ടാറ്റ കമ്പനി ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയതും ലോകപ്രശസ്തമാവുന്നതുമെല്ലാം അദ്ദേഹത്തിന്റെ കാലത്താണ്. രത്തൻ ടാറ്റയുടെ ഈ വളർച്ചയ്ക്കു പിന്നിൽ അദ്ദേഹത്തിന്റെ വളർത്തമ്മ സിമോൺ ടാറ്റയുടെ പങ്ക് വളരെ വലുതാണ്.
ജനീവയിൽ ജനിച്ചു വളർന്ന സിമോൺ ഒരു 1953ൽ ഒരു ടൂറിസ്റ്റായാണ് ഇന്ത്യയിൽ ആദ്യമായി എത്തുന്നത്. ഈ അവസരത്തിലാണ് സിമോൺ ടാറ്റ നേവൽ ടാറ്റയെ കണ്ടുമുട്ടുന്നത്. ഇരുവരും ഏതാനും വർഷങ്ങൾ ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു. വിവാഹ ശേഷം സിമോൺ ഇന്ത്യയിൽ സ്ഥിര താമസമാക്കി. പിന്നീട് രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റയ്ക്ക് അവർ ജന്മം നൽകി.
ടാറ്റയുടെ ബിസിനസിലേക്ക്
1962-ൽ ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്മെയിൽ മാനേജിങ് ഡയറക്ടറായി എത്തിയതോടെയാണ് ടാറ്റ ഗ്രൂപ്പുമായുള്ള സിമോൺ ടാറ്റയുടെ പ്രൊഫഷനൽ ജീവിതം ആരംഭിച്ചത്. ബിസിനസ് മേഖലയിലെ പരിചയക്കുറവുണ്ടായിട്ടും ലാക്മെയെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ സൗന്ദര്യവർധക വസ്തുക്കളിലുള്ള സിമോൺ ടാറ്റയുടെ വൈദഗ്ധ്യം നിർണായക പങ്ക് വഹിച്ചു. 1987 ൽ ടാറ്റ ഇൻഡ്സ്ട്രീസ് ബോർഡിലെത്തിയ സിമോൺ 1988 ൽ ലാക്മെ ചെയർപേഴ്സണായി. 20 വർഷം ഈ കമ്പനിയിൽ അവർ സേവനമനുഷ്ഠിച്ചു.
ട്രെൻഡിന്റെ ഉദയം
1996ൽ, വസ്ത്രവ്യാപാരത്തിലേക്ക് കടക്കാനുള്ള തന്ത്രപരമായ നീക്കത്തിന് സിമോൺ ടാറ്റ നേതൃത്വം നൽകി. തുടർന്ന് ലാക്മെ ഹിന്ദുസ്ഥാൻ യുണിലിവറിന് വിറ്റു. ഈ ഫണ്ട് ഉപയോഗിച്ചാണ് ട്രെൻഡ് സ്ഥാപിക്കുന്നത്. ട്രെൻഡിന് കീഴിലാണ് ടാറ്റയുടെ ജനകീയ ബ്രാൻഡുകളായ വെസ്റ്റ് സൈഡ്, സൂഡിയോ, സ്റ്റാർ ബസാർ തുടങ്ങിയവ. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം 2023 ഡിസംബറിൽ ട്രെൻഡിന്റെ വിപണി മൂല്യം 1 ലക്ഷം കോടിക്കു മുകളിലായിരുന്നു.
ജീവകാരുണ്യത്തിലേക്കും
സിമോൺ ടാറ്റയുടെ സംഭാവനകൾ ബിസിനസിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. 2006 വരെ ട്രെൻഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച അവർ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നിലവിൽ 94 വയസുള്ള സിമോൺ ടാറ്റ, സർ രത്തൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർപേഴ്‌സൺ എന്ന നിലയിലും ചിൽഡ്രൻ ഓഫ് ദ് വേൾഡ് (ഇന്ത്യ) ട്രസ്റ്റ്, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്‌സ് തുടങ്ങിയ വിവിധ ട്രസ്റ്റുകളുടെ ട്രസ്റ്റി എന്ന നിലയിലും നിരവധി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു.
ടാറ്റ കുടുംബം
സിമോൺ ടാറ്റയുടെ മകൻ നോയൽ ടാറ്റ ഇപ്പോൾ ട്രെൻഡിന്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു. നോയൽ ടാറ്റയുടെ ഭാര്യ ആലു മിസ്‌ത്രി, ടാറ്റ ഗ്രൂപ്പിലെ ഒരു പ്രധാന ഓഹരി ഉടമയായ പരേതനായ പല്ലോൻജി മിസ്‌ത്രിയുടെ മകളാണ്. അവരുടെ കൊച്ചുമക്കളായ ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവർ അവരുടെ അമ്മാവനായ രത്തൻ ടാറ്റയുടെ മാർഗനിർദേശപ്രകാരം ടാറ്റ കുടുംബ പാരമ്പര്യം തുടരാൻ ഒരുങ്ങുകയാണ്. എങ്കിലും അത് കാണാൻ നിൽക്കാതെ രത്തൻ ടാറ്റ വിടപറഞ്ഞിരിക്കുകയാണ്.