സ്ഥലം വിറ്റിട്ടാണെങ്കിലും ലോകം കാണാൻ ഇറങ്ങണം; ‘അടിപൊളി മൂഡല്ലേ മക്കളേ’! ആ ‘വൈറൽ’ ഉമ്മച്ചി പറയുന്നു!
Mail This Article
‘രണ്ട് സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാനിറങ്ങണം!’– ഇങ്ങനെ ഒരാൾ പറയണമെങ്കിൽ അതിന് തക്കതായ കാരണം കാണും. ഇനി ഇങ്ങനെ പറയുന്നത് 50 പിന്നിട്ട ഒരു ഉമ്മച്ചിയാണെങ്കിൽ വേറെ ‘വൈബാ’ണ്. നബീസക്ക് യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമാണ്. പക്ഷേ അതിനുള്ള അവസരം ഇന്നുവരെ ഉണ്ടായിട്ടില്ല. അതിന് അവസരം ഒരുക്കിയത് ഇളയ മകളും. രണ്ടുപേരും ചേർന്നാണ് മണാലിയിലേക്കു യാത്ര പോയത്. അവിടെയെത്തി മഞ്ഞിൽ വീണു കിടന്ന് ഒരു 16 കാരിയെപോലെ ആഹ്ലാദിക്കുന്ന നബീസയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ഞു വാരി മുകളിലേക്ക് എറിഞ്ഞുകൊണ്ട് തന്റെ കൂട്ടുകാരുടെപേരെടുത്ത് വിളിച്ചുപറഞ്ഞ് അത്യാഹ്ലാദത്തോടെ ചിരിക്കുന്ന നബീസയെയാണ് നബീസയെയാണ് നമ്മൾ കണ്ടത്. ‘നസീമ, സക്കീന, ഹാജിറ ഇങ്ങളൊക്കെ വീട്ടിലിരുന്നോടി മക്കളേ, എന്താ രസം. അടിപൊളി അല്ലേ എന്താ മൂഡ്, പൊളി മൂഡ്’ ഇ ഒറ്റ റീലിലൂടെയാണ് നബീസുമ്മ താരമായത്. നബിസുമ്മ ഒരു യാത്ര പോയി. അത്രയേ സംഭവിച്ചുള്ളു. പക്ഷേ ആ യാത്ര അവർക്ക് തുറന്നു നൽകിയത് മറ്റൊരു ലോകത്തേയ്ക്കുള്ള വാതിലാണ്.
നബീസ ഒരു സാധാരണ സ്ത്രീയാണ്. നമ്മുടെ കൊച്ചു കേരളത്തിലെ അനേകം സ്നേഹനിധികളായ ഉമ്മമാരിൽ ഒരാൾ. സ്വന്തം സ്വപ്നങ്ങൾ എന്താണെന്ന് പോലും ചിന്തിക്കാനുള്ള സമയമോ സാഹചര്യമോ ഇല്ലാതെ കുടുംബത്തിനു വേണ്ടി ഒറ്റയ്ക്ക് പോരാടി ജീവിക്കുന്ന ഒരു സാധാരണ അമ്മ. ഒന്നു മണാലി വരെ പോയതോടെ ഈ പറഞ്ഞ ‘ഓർഡിനറി ടാഗ്’ മാറ്റിയെടുത്തു നബീസുമ്മ. വീട്ടുകാരും കുറച്ചു ചുറ്റുവട്ടത്തുള്ളവരും മാത്രം അറിയുമായിരുന്ന നബീസുമ്മയെ ഇന്ന് നാലു പേരറിയുന്ന താരമാക്കി മാറ്റിയത് യാത്രയാണ്. ചെറുപ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ടു. പിന്നീട് മൂന്ന് പെൺകുട്ടികളെ ഒറ്റയ്ക്ക് വളർത്തി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു നബീസ. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം ഇഷ്ടങ്ങളെ കുറിച്ചോർക്കാൻ പോലും നബീസയ്ക്ക് സമയമുണ്ടായിരുന്നില്ല. ഇളയ മകൾ ജിഫ്ന ഉമ്മയുടെ കൈ പിടിച്ച് മഞ്ഞുറഞ്ഞ മലനിരകളിലേക്കു ചുവടു വച്ചപ്പോൾ പൊട്ടിച്ചെറിഞ്ഞത് കുറെയേറെ സാമൂഹിക കെട്ടുപാടുകളെക്കൂടിയായിരുന്നു. രണ്ടുപേരുംകൂടി യാത്രകൾ ചെയ്യാൻ തീരുമാനിച്ച ഇടത്തുനിന്നും അവരുടെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങി.
പറന്നു നടക്കാൻ ഇഷ്ടപ്പെട്ട ഉമ്മ
ഭർത്താവ് മരിച്ചതോടെ ജീവിതത്തിലെ സന്തോഷങ്ങളും നബീസയ്ക്കു നഷ്ടമായി. എവിടെയും അടിച്ചമർത്തപ്പെട്ടു. ഉച്ചത്തിൽ സംസാരിക്കാനോ സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനോ അവർക്കു കഴിഞ്ഞിരുന്നില്ല. ചുറ്റിലുമുള്ള പലരും അവരെ അതിൽ നിന്നെല്ലാം വിലക്കി. മക്കൾ വലുതാകുന്നതിനനുസരിച്ച് നബീസയുടെ മേലുള്ള നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും വർധിച്ചു. അമ്മയ്ക്കു വേണ്ടി സംസാരിക്കാൻ പെൺമക്കൾ പ്രാപ്തരായതോടെ കാര്യങ്ങളിൽ ചെറിയമാറ്റങ്ങൾ വന്നു. ഇളയ മകൾ ജിഫ്ന ഉമ്മയ്ക്ക് താങ്ങും തണലും അവരുടെ ശബ്ദവുമായി. ആൺതുണയില്ലാത്തതിനാൽ നമ്മൾ ശബ്ദം ഉയർത്താൻ പാടില്ലാത്തവരാണ് എന്നായിരുന്നു നബീസുമ്മയും കരുതിയിരുന്നത്. കാരണം ചുറ്റിലുമുള്ള സമൂഹം അവരെ അങ്ങനെയാണ് പാകപ്പെടുത്തിയതെന്ന് നബീസയുടെ ഇളയമകളും യാത്രകളുടെ സാരഥിയുമായ ജിഫ്ന പറയുന്നു.
‘ഉമ്മയും ഞാനും സഹോദരിമാരും സ്ത്രീകൾ ആയതുകൊണ്ട് തന്നെ പലയിടത്തും തോറ്റു കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആൺതുണയില്ലാത്തവരായതിനാൽ കുടുംബങ്ങളിൽ പോലും ഉമ്മയ്ക്ക് സ്ഥാനമില്ലായിരുന്നു. ഉമ്മയ്ക്ക് എല്ലാവരെയും പേടിയായിരുന്നു. ആര് എന്തു പറഞ്ഞാലും അതാണ് സത്യം എന്ന് വിശ്വസിച്ച് അത് അംഗീകരിച്ചാണ് ഉമ്മ ജീവിക്കുന്നത്. ആൺതുണ ഇല്ലാത്തതുകൊണ്ട് നമ്മൾ ഒതുങ്ങി ജീവിക്കണം എന്ന കൺസെപ്റ്റ് ആയിരുന്നു ഉമ്മയ്ക്ക്. ഒരുതരത്തിൽ അടിച്ചമർത്തലിലൂടെയാണ് ഞങ്ങൾ ഇന്നുവരെ ജീവിച്ചത്. ഏറ്റവും അടുത്തുള്ളവർ പോലും ഉമ്മയെ അടിച്ചമർത്തി. സ്ത്രീ, അവൾ ഒറ്റയ്ക്കാണെങ്കിൽ ഒതുങ്ങി കൂടണം. സമൂഹത്തിൽ സ്വതന്ത്രയായി ജീവിക്കാൻ പാടില്ല എന്ന അപ്രഖ്യാപിത നിയമത്തിന്റെ ഇരയാണ് എന്റെ ഉമ്മ.’’ ജിഫ്ന പറയുന്നു.
സ്ഥലം വിറ്റിട്ടാണെങ്കിലും ലോകം കാണണം
രണ്ടു സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാൻ ഇറങ്ങണമെന്നാണ് നബീസ പറയുന്നത്. 55 വയസ്സായപ്പോഴാണ് നബീസയ്ക്ക് ആ ഭാഗ്യമുണ്ടായത്. പുതിയ ലോകവും പുതിയ മനുഷ്യരെയും കാണാനും അറിയാനുമുള്ള അവസരമാണ് ഓരോ യാത്രകളും. യാത്ര എന്നതിലുപരി ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സ്ത്രി ആയതുകൊണ്ടുമാത്രം വേണ്ടെന്നു വെക്കേണ്ടി വന്ന ആഗ്രഹങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്കാണത്. ഒരു യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിൽ ജനിച്ച, ചെറിയ പ്രായത്തിൽ വിധവയായ നബീസ, വാർധക്യത്തിലേക്ക് കടക്കുന്നതിനൊപ്പം തന്റെ സ്വപ്നങ്ങളുടെ ലിസ്റ്റും പൊടിതട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. കടൽ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് നബീസ. ആ ഉമ്മയെ മഞ്ഞിന്റെ കടൽ തന്നെ കൊണ്ടു കാണിച്ചു കൊടുത്തു മകൾ. ‘‘നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അതിന് ആരെയും കാത്തു നിന്നിട്ട് കാര്യമില്ല. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളെക്കാണ് അറിയുന്നത്. അതുകൊണ്ട് ഒരു ദിവസമെങ്കിലും നമ്മൾ നമുക്കായി ജീവിക്കണം.’’–നബീസയും ജിഫ്നയും ഒരേസ്വരത്തിൽ പറയുന്നു. നാലാം ക്ലാസ് വരെ പഠിച്ച നബീസ ഇപ്പോൾ പത്താം ക്ലാസ് പഠനം പുനരാരംഭിച്ചിരിക്കുകയാണ്. ഈ ഏപ്രിലിൽ എസ്എസ്എൽസി തുല്യതാ പരീക്ഷ എഴുതാനിരിക്കുന്ന നബീസ തനിക്ക് ജീവിതത്തിൽ കൈവിട്ടു പോയതിൽ ചിലതെങ്കിലും തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നു. അതിന് തുണയായി, കരുത്തായി പെൺമക്കൾ ഒപ്പമുണ്ട്.
‘‘എനിക്ക് ചെയ്യാമെങ്കിൽ ആർക്കും പറ്റും. മുട്ടുവേദനയും കാലുവേദനയുമൊക്കെ ഉള്ള ആളാണ് ഞാൻ. വയസ്സായി. എങ്കിലും ഇങ്ങനെയൊരു അവസരം വന്നപ്പോൾ അത് നഷ്ടപ്പെടുത്തി കളയണമെന്ന് തോന്നിയില്ല അങ്ങനെയാണ് മണാലിയിലേക്കു പോയത്. തണുപ്പു സഹിക്കാനൊന്നും പറ്റിയില്ല. പക്ഷേ, ഞാൻ അതൊക്കെ ആസ്വദിച്ചു. ജീവിതത്തിൽ ഇങ്ങനെയുള്ള ചില നിമിഷങ്ങൾ നമ്മളെല്ലാവരും ആസ്വദിക്കണം. അറിയാൻ ശ്രമിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കഷ്ടപ്പാടും ബുദ്ധിമുട്ടും ടെൻഷനും പ്രയാസവുമൊക്കെ എല്ലാ മനുഷ്യർക്കുമുണ്ട്. കുറച്ചുസമയത്തേക്ക് അതൊക്കെ മാറ്റിവെച്ച് ഒന്നിറങ്ങണം. വീടിന്റെ പടി ഇറങ്ങിയാൽ തന്നെ പുതിയ ലോകമാണ്. സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ഒരു മനുഷ്യന് ജീവിക്കാനാവുന്നതിൽ പരം വേറെ ഒന്നും വേണ്ട.’’– നബീസ പറയുന്നു