അർബുദമടക്കം ഒന്നിനു പിറകെ ഒന്നായി രോഗങ്ങൾ, 10 ശസ്ത്രക്രിയ: പ്രകൃതിയെ സ്നേഹിച്ച് ആത്തിക്ക തിരിച്ചുപിടിച്ച ജീവിതം

Mail This Article
പ്രായവും ശാരീരിക അവശതകളും മറന്ന്, ജീവിക്കുന്ന ഓരോ നിമിഷവും ആനന്ദകരമാക്കി മാറ്റുന്ന ഒരു 60 വയസ്സുകാരിയുണ്ട് കോഴിക്കോട് എലത്തൂരിൽ. ചെട്ടികുളം കൊരമ്പയിൽ ആത്തിക്കയാണ് ചുറ്റുമുള്ളവർക്കു ആത്മവിശ്വാസവും കരുത്തുമായി ജീവിക്കുന്നത്. ഈ പ്രായത്തിനിടെ ആത്തിക്കയുടെ ശരീരത്തിൽ നടത്തിയത് 10 ശസ്ത്രക്രിയകൾ. ആദ്യം ഗർഭപാത്രം നീക്കം ചെയ്തു. പിന്നെ അർബുദം കവർന്ന മാറിടം. അങ്ങനെ പരീക്ഷണങ്ങൾ ഏറെ നേരിട്ടു. പക്ഷേ, ആത്തിക്കയുടെ മനഃശക്തിക്കു മുന്നിൽ രോഗങ്ങൾ തോറ്റു. കീമോ ചെയ്തപ്പോൾ മുടി പോയതായിരുന്നു ആകെ ഒരു സങ്കടം. എന്തിന് കൂടുതൽ സങ്കടപ്പെടണമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം. ‘‘എന്റെ സന്തോഷം, എന്റെ ആരോഗ്യം, എന്റെ ഊർജ്ജം അതെല്ലാം ഈ വീട്ടുമുറ്റത്താണ്. ഇത് ഉപേക്ഷിച്ചു പോകാൻ ഞാൻ ഒരിക്കലും തയാറാകില്ല. ഇതാണെന്റെ ജീവിതവും. എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതും ഈ വീട്ടുമുറ്റമാണ്.’’ ആത്തിക്ക തന്റെ കൃഷിയോടുള്ള പ്രണയം പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
20 വർഷം മുൻപ് മുളക് വിത്തിട്ട് തുടങ്ങി
രോഗ പരാധീനതകൾ അലട്ടി തുടങ്ങിയ കാലത്ത് വേദനകളെല്ലാം മറക്കാൻ ആത്തിക്ക കണ്ടെത്തിയ വഴിയായിരുന്നു കൃഷി. പച്ചക്കറികൾ മാത്രമല്ല, പലനിറം പൂക്കളുള്ള ചെടികളും ആത്തിക്കയുടെ വീട്ടുമുറ്റത്തുണ്ട്. ഒരു മുളക് തൈ നട്ടാണ് ആത്തിക്കയുടെ തുടക്കം. ഇന്ന് വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവർ മുറ്റത്തുനിന്ന് തന്നെ കൃഷി ചെയ്തെടുക്കുന്നുണ്ട്. ഒരിക്കൽ ക്യാൻസർ വന്നതുകൊണ്ട് തന്നെ വിഷമയമല്ലാത്ത പച്ചക്കറികൾ സ്വന്തം ആവശ്യത്തിന് ഇവർ വിളയിച്ചെടുക്കുകയാണ്.
രോഗക്കിടക്കയിൽ നിന്നുപോലും ഓടിയെത്തുന്നത് ഈ കൃഷിയിലേക്കാണ്. വീട്ടുമുറ്റത്ത് ചെറിയൊരു പൂന്തോട്ടം നിറയെ പൂക്കൾ. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതാണ്. ആ അവശതകൾ നന്നായി അലട്ടുന്നുണ്ട്. പക്ഷേ, അതൊന്നും ആത്തിക്ക പ്രശ്നമാക്കുന്നില്ല. ഈ പണിയെല്ലാം ചെയ്തു നടക്കുമ്പോൾ വേദനകളെ താൻ മറക്കുമെന്ന് ആത്തിക്ക പറയുന്നു. ‘‘കീമോ കഴിഞ്ഞാൽ എട്ടു പത്ത് ദിവസം വിശ്രമം ആയിരിക്കും. അപ്പോൾ ഞാൻ വീടിനകത്തേക്ക് ചുരുങ്ങും. പക്ഷേ മനസ്സ് എപ്പോഴും ചെടികൾക്കും പച്ചക്കറികൾക്കും ഇടയിലായിരിക്കും. എങ്ങനെയെങ്കിലും പുറത്തിറങ്ങണം, പണി ചെയ്യണം എന്ന ചിന്ത മാത്രമായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി വീട്ടിനുള്ളിൽ ചടഞ്ഞിരിക്കുമ്പോൾ നമ്മൾ ഒന്നുകൂടി ക്ഷിണിതരായി മാറും. ജോലി ചെയ്യുകയാണെന്ന് വിചാരിക്കണ്ട. നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യണം.’’
ഭക്ഷണവിതരണവും അച്ചാർ വിൽപനയും
പൂന്തോട്ടത്തിലെ ചെടികൾ മാത്രമല്ല ചെടിച്ചട്ടികൾ വരെ ആത്തിക്ക ഉണ്ടാക്കിയെടുത്തതാണ്. ആത്തിക്കയുടെ പൂച്ചട്ടികൾക്ക് ആവശ്യക്കാരേറെയാണ്. ഒരു വീട്ടമ്മ വേദനകൾ മറക്കാൻ ചെയ്യുന്ന പ്രവൃത്തികൾ പ്രശംസയ്ക്കും അപ്പുറമാകുന്നത് ഇങ്ങനെയൊക്കെയാണ്. ഭക്ഷണ വിതരണവും അച്ചാർ വിൽപനയും ഉണ്ട്. ഇതിനെല്ലാം എവിടെ നിന്നാണ് സമയം എന്ന ചോദ്യത്തിന് ആത്തിക്കയുടെ മറുപടി ഇങ്ങനെ:‘‘നമ്മൾ തളർന്നാൽ, നമ്മുടെ പ്രിയപ്പെട്ട മനുഷ്യരും തളരും. തളരാതെ പിടിച്ചുനിൽക്കാൻ ഞാൻ കണ്ടെത്തിയ വഴികളാണ് ഇതൊക്കെ. ക്യാൻസറാണ് എന്നറിഞ്ഞ സമയം ഞാൻ വിഷമിച്ചു. അന്ന് എല്ലാം കൈവിട്ടു പോകുമോ എന്ന തോന്നലായിരുന്നു. അവിടെനിന്നും ഇത്രയൊക്കെ ചെയ്യാൻ എനിക്ക് സാധിക്കുന്നത് ഇതിനോടൊക്കെ ഇഷ്ടമുള്ളതുകൊണ്ടാണ്. വേദനകളും ബുദ്ധിമുട്ടുകളും എപ്പോഴും അലട്ടും. കാലിനൊക്കെ നല്ല വേദനയുണ്ട്. മുട്ടുമാറ്റി വെച്ചതാണ്. വേറെയും ഒന്ന് രണ്ട് ശസ്ത്രക്രിയകൾ കാലിനും ചെയ്തിട്ടുണ്ട്. മനസ്സ് ചെല്ലുന്നിടത്ത് ശരീരം ചെന്നില്ലെങ്കിലും നമുക്ക് ആവുന്ന പോലെയൊക്കെ ജോലികൾ ചെയ്തു നടക്കുകയാണെങ്കിൽ മറ്റു കാര്യങ്ങളൊക്കെ മറന്നുപോകും. മക്കൾ എപ്പോഴും പറയും ഇതൊക്കെ നിർത്തി ഉമ്മയ്ക്ക് വിശ്രമിച്ചൂടെ എന്ന്. അങ്ങനെ ഇരുന്നാൽ ഇരുന്നു പോവുകയേ ഉള്ളൂ. എന്റെ അസുഖങ്ങൾ കൂടുകയും ചെയ്യും. അങ്ങനെ വരാതിരിക്കാനാണ് ഞാൻ ഇതൊക്കെ ചെയ്തു നടക്കുന്നത്.’’
ആത്തിക്കയുടെ ഇഷ്ടങ്ങൾക്കെല്ലാം പിന്തുണ നൽകി ഭർത്താവ് അഹമ്മദ് കുട്ടിയും കൂടെയുണ്ട്. ഇടയ്ക്ക് കുടുംബത്തിനൊപ്പവും കുടുംബശ്രീ അംഗങ്ങൾക്കൊപ്പവുമെല്ലാം യാത്രകളുംയും നടത്താറുണ്ട് ആത്തിക്ക.