ADVERTISEMENT

മറ്റുള്ളവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് ഒരു മര്യാദയുമില്ലാതെ തുറിച്ചു നോക്കുന്നത് അവരുടെ അവകാശമാണെന്നും അതുവളരെ സാധാരണമാണെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. ആ നോട്ടത്തെ ഇഷ്ടപ്പെടാതെ ചോദ്യം ചെയ്താൽ, ‘ആ ഭാഗം എടുത്തുകാട്ടുന്നതു പോലുള്ള വസ്ത്രം ധരിച്ചതു കൊണ്ടല്ലേ ഞങ്ങൾ നോക്കിയത്, അതിലെന്താ തെറ്റ്?’ എന്ന മറു ചോദ്യം കൊണ്ടായിരിക്കും അവർ ന്യായീകരിക്കുന്നത്. ശാരീരിക പ്രത്യേകതകൾ കൊണ്ടോ ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടോ ശരീരത്തിലെ ചില ഭാഗങ്ങൾക്ക് അസാധാരണമായി വലുപ്പം വയ്ക്കുന്ന ചിലരുണ്ട്. ചില വസ്ത്രങ്ങളിടുമ്പോൾ ആ പോരായ്മ വെളിപ്പെടാറുമുണ്ട്. ‘‘അവൾ കാണിച്ചു നടക്കുന്നതിനു കുഴപ്പമില്ല, ഞങ്ങൾ നോക്കുന്നതിനാണ് കുഴപ്പം’’ എന്ന മട്ടിൽ, സ്ത്രീശരീരത്തോട് എന്തുമാകാമെന്ന ചിന്ത മാറ്റാൻ കാലമായെന്ന് ഓർമപ്പെടുത്തുന്നതാണ് സമീപകാലത്ത് നടന്ന ചില സംഭവങ്ങൾ. ആൺ‍നോട്ടങ്ങൾക്കു മുൻപിൽ ചൂളി നിൽക്കാനല്ല, ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞ് നിയമത്തിന്റെ സഹായത്തോടെ അത്തരമാളുകളെ നേരിടാനും അവർ ചങ്കൂറ്റം കാട്ടിത്തുടങ്ങി.

ദ്വയാർഥപ്രയോഗം കൊണ്ടും കൂർത്തനോട്ടം കൊണ്ടും പെൺശരീരങ്ങളെ അപമാനിക്കാൻ മടിക്കാത്തവരോടാണ്: നിങ്ങൾ സാറ ബാർട്ട്‌മാൻ എന്നൊരു സ്ത്രീയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ജീവിതത്തിലെ യാതൊരു സന്തോഷങ്ങളുമറിയാതെ 26–ാം വയസ്സിൽ മരിച്ചുപോയൊരു പാവം പെണ്ണ്. അവൾ മരിച്ചതല്ല, പെൺശരീരങ്ങളോടുള്ള ആസക്തി തീരാത്തവർ അവളെ ഉപദ്രവിച്ചു കൊന്നതാണ്.

1789 ൽ‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ഭാഗ്യഹീനയായ ആ പെൺകുട്ടി ജനിച്ചത്. കാലം അവൾക്കായി കാത്തുവച്ചത് നരകസമാനമായ ദുരന്തങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കൊയ്കൊയ് (Khoekhoe) എന്ന നാടോടി ഇടയ ഗോത്രത്തിലാണ് സാറ ജനിച്ചത്. വളരെ ചെറുപ്പത്തിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട അവൾ വീട്ടുജോലി ചെയ്താണ് ജീവിച്ചത്. കൗമാര‌ത്തിൽത്തന്നെ ഒരു കൊയ്കൊയ് യുവാവിനെ വിവാഹം ചെയ്ത സാറയ്ക്ക് കുഞ്ഞുങ്ങൾ ജനിച്ചു. അധികം വൈകാതെ ആ കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു. പക്ഷേ അന്നൊന്നും തന്നെക്കാത്തിരിക്കുന്നത് കൊടിയ അപമാനങ്ങളുടെ, ദുരന്തങ്ങളുടെ ഘോഷയാത്രയാണെന്ന് ആ പാവം പെണ്ണറിഞ്ഞിരുന്നില്ല. ശൈശവത്തിൽത്തന്നെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചുള്ള സങ്കടത്തെ അതിജീവിക്കും മുൻപ് ഡച്ച് അധിനിവേശക്കാർ അവളുടെ പങ്കാളിയുടെ ജീവനെടുത്തു.

അക്കാലത്താണ് അവൾ പീറ്റർ സീസർ എന്ന വ്യാപാരിയെ കണ്ടുമുട്ടുന്നതും കേപ്ടൗണിലുള്ള അയാളുടെ വീട്ടിൽ ജോലിക്കായി എത്തുന്നതും. നൂറ്റാണ്ടുകളോളം, ജീവനോടെയും മരിച്ച ശേഷവും, ഒരു പ്രദർശന വസ്തുവായി അലയാനുള്ള അവളുടെ ശാപം അവിടെ തുടങ്ങുകയായിരുന്നു. ആ വീട്ടിൽ വച്ചാണ് പീറ്ററിന്റെ സഹോദരൻ ഹെൻഡ്രിക് സീസറും അയാളുടെ സുഹൃത്തും സർജനുമായ അലക്സാണ്ടർ ഡൺലോപും സാറയെ കാണുന്നത്. സാറയുടെ ശരീരഘടനയിലെ വ്യത്യാസം ആ സുഹൃത്തുക്കളിൽ കൗതുകമുണർത്തി. സ്റ്റെറ്റോപിജിക് എന്ന അവസ്ഥ മൂലം മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് നിതംബ വളർച്ച കൂടുതലുള്ളയാളായിരുന്നു സാറ. ഒരു ഡോക്ടർ കൂടിയായ അലക്സാണ്ടറിന് സാറയുടെ ഈ ശാരീരികാവസ്ഥയെക്കുറിച്ചു ബോധ്യമുണ്ടായിരുന്നതിൽ അവളെ പ്രദർശിപ്പിച്ച് പണമുണ്ടാക്കാമെന്ന് അയാൾ തീരുമാനിച്ചു. ഇതിനെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുകയും ഇംഗ്ലിഷിൽ ഒരു കരാറുണ്ടാക്കി സാറയെക്കൊണ്ട് അതിൽ ഒപ്പുവയ്പ്പിക്കുകയും ചെയ്തു. അങ്ങനെ സാറയെ ഒപ്പം കൂട്ടിയ അവർ ‘ഹോട്ടൻറോട്ട് വീനസ്’ എന്ന പേരിൽ ഒരു ഫ്രീക്ക് ഷോ സംഘടിപ്പിച്ചു. ആളുകളുടെ കൗതുകവും ലൈംഗികാഗ്രഹവും മുതലെടുത്ത് സാറയെ അൽപവസ്ത്രധാരിയാക്കി യുറോപ്പിൽ പലയിടത്തും അവർ പ്രദർശിപ്പിച്ചു പണമുണ്ടാക്കി. അന്നു മുതൽ വംശീയ കൊളോണിയൽ ചൂഷണത്തിന്റെ നേർക്കാഴ്ചയായിരുന്നു സാറയുടെ ജീവിതം.

മനുഷ്യനും മൃഗവും തമ്മിലുള്ള ‘മിസിങ് ലിങ്ക്’ ആയി അവതരിപ്പിക്കപ്പെട്ട അവളെ കാണാനും ശാരീരിക പ്രത്യേകതയെ അപമാനിക്കാനും പലയിടത്തും സ്ത്രീകളടക്കം എത്തി. തങ്ങളെപ്പോലെ അഭിമാനവും വ്യക്തിത്വവുമുള്ളൊരു സ്ത്രീയാണ് കേവലമൊരു പ്രദർശനവസ്തുവായി മുന്നിൽനിൽക്കുന്നതെന്ന ചിന്ത പോലുമില്ലാതെ വർണവെറി മൂത്ത സ്ത്രീകളും പുരുഷന്മാരും അവളെ നിരന്തരം അപമാനിച്ചു. അടിമക്കച്ചവടം നിർത്തലാക്കിയ 1807-ലെ അടിമവ്യാപാര നിയമം പാസായതോടെ സാറയെ കാണാനെത്തുന്നയാളുകളുടെ എണ്ണം കുറഞ്ഞു. അവളെ പ്രദർശിപ്പിച്ചു നേടുന്ന വരുമാനത്തിൽ കുറവു വന്നതോടെ സംഘാടകർ ബ്രിട്ടനിലേക്കും അയർലൻഡിലേക്കും സാറയെ കൊണ്ടുപോയി പ്രദർശിപ്പിച്ചു. അതിനും വിലക്ക് നേരിടേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോൾ ഹെൻഡ്രിക് സീസർ സാറയെ പാരിസിലെ മദ്യശാലകളിലെത്തിച്ചു. പിന്നീടവളെയൊരു മൃഗപരിശീലകനു കൈമാറിയ ശേഷം അയാൾ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി.

sarah-sp
സാറ ബാട്ട്മാന്റെ പ്രദർശിപ്പിക്കുന്നതിന്റെ രേഖാചിത്രം∙ കടപ്പാട്: ബ്രിട്ടിഷ് ലൈബ്രറി
sarah-sp
സാറ ബാട്ട്മാന്റെ പ്രദർശിപ്പിക്കുന്നതിന്റെ രേഖാചിത്രം∙ കടപ്പാട്: ബ്രിട്ടിഷ് ലൈബ്രറി

വംശീയ പക്ഷപാതിത്വത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായതു കൂടാതെ ശാസ്ത്രപഠനത്തിനും അവൾ വിധേയയാക്കപ്പെട്ടു. പ്രമുഖ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനും കംപാരിറ്റീവ് അനാട്ടമിയിലെ പ്രഗത്ഭരിലൊരാളുമായ ജോർജ്സ് കുവിയർ സാറയെ സന്ദർശിക്കുകയും അവളുടെ ശരീരഘടനയുടെ ചിത്രം പകർത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തു. ഫ്രാൻസിലെത്തുമ്പോൾ സാറ ശാരീരികമായും സാമ്പത്തികമായും ഏറെത്തളർന്നിരുന്നു. ഫ്രാൻസിലെ സാമ്പത്തികമാന്ദ്യം മൂലം പണംമുടക്കി ആളുകൾ സാറയുടെ പ്രദർശനത്തിനെത്താതായതോടെ അവർക്ക് ലൈംഗികത്തൊഴിലും ചെയ്യേണ്ടി വന്നു. 1815 ഡിസംബർ 29 ന്, ഏകദേശം 26 വയസ്സുള്ളപ്പോൾ സാറ ബാർട്ട്മാൻ ഈ ലോകത്തോടു വിട പറഞ്ഞു. വസൂരിയോ ന്യുമോണിയയോ ഏതെങ്കിലും ലൈംഗികരോഗമോ ആകാം മരണകാരണമെന്നു പറയപ്പെടുന്നു. മരണകാരണങ്ങളെക്കുറിച്ചറിയാൻ പോസ്റ്റ്‌മോർട്ടം ചെയ്യാനൊന്നും ആരും തയാറായില്ല.

ജീവിച്ചിരുന്നപ്പോൾ അവളുടെ ശരീരത്തെ മനുഷ്യന്റെ ലൈംഗിക തൃഷ്ണയടക്കാനാണ് ഉപയോഗിച്ചിരുന്നതെങ്കിൽ മരണശേഷം ശാസ്ത്രത്തിനായിരുന്നു അവളുടെ ശരീരഭാഗങ്ങൾ വേണ്ടിയിരുന്നത്. ശാസ്‌ത്രതാൽപര്യത്തിന്റെ പേരിൽ അവളുടെ മസ്തിഷ്കം, ജനനേന്ദ്രിയം, നിതംബം, അസ്ഥികൂടം എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. 1970കളുടെ അവസാനം വരെ ആ പ്രദർശനം തുടർന്നു. മരിച്ചിട്ടും ഒരു സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ പോലും പ്രദർശിപ്പിക്കുന്നത് സ്ത്രീകളുടെ അന്തസ്സു കെടുത്തുന്ന പ്രവൃത്തിയാണെന്നു പ്രതിഷേധമുയർന്നതോടെയാണ് മ്യൂസിയത്തിൽനിന്ന് 1974 ൽ അസ്ഥികൂടം നീക്കം ചെയ്തത്. കവികളും ഗവേഷകരും നിയമജ്ഞരും സാറയുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ ജന്മനാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1994 ൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റ നെൽസൺ മണ്ടേല സാറയുടെ അവശിഷ്ടങ്ങൾ തിരികെ നൽകണമെന്ന് ഫ്രാൻസിനോട് അഭ്യർഥിച്ചു. ഫ്രഞ്ച് ദേശീയ അസംബ്ലിയിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം 2002 മാർച്ച് 6 ന് ഫ്രാൻസ് ഈ അഭ്യർഥന അംഗീകരിച്ചു. സാറയുടെ ഭൗതികാവശിഷ്ടങ്ങൾ 2002 മേയ് 6ന് അവളുടെ ജന്മനാടായ ഗാംതൂസ് താഴ്‌വരയിലെത്തിച്ചു. ഓഗസ്റ്റ് 9ന് സംസ്‌കരിക്കുകയും ചെയ്തു.

പെണ്ണിനെ വെറും ഭോഗവസ്തുവായി മാത്രം കണ്ട് അവളെ ആവോളം പീഡിപ്പിച്ചും അപമാനിച്ചും ചെറുപ്രായത്തിൽത്തന്നെ മരണത്തിനു വിട്ടുകൊടുത്തു. എന്നിട്ടും ആസക്തി തീരാതെ അവളുടെ മൃതദേഹാവശിഷ്ടങ്ങളെപ്പോലും വെറുതേ വിടാതിരുന്ന സമൂഹത്തിൽനിന്നു മോചനം നേടാൻ 200 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു സാറ ബാർട്ട്മാന്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പെണ്ണുടലിനോടുള്ള ആർത്തി തീരുന്നില്ല ചില ആൺനോട്ടങ്ങൾക്ക്. ശാരീരിക പ്രത്യേകതകളുടെ പേരിൽ, വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാറേണ്ടത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയല്ല, മറിച്ച് ആർത്തി പിടിച്ചുള്ള നോട്ടങ്ങളാണ്. പുരുഷന്മാരെപ്പോലെ അന്തസ്സായി ജീവിക്കാനുള്ള അവകാശം ഓരോ പെൺകുട്ടിക്കും ഈ ഭൂമിയിലുണ്ടെന്ന ഓർമപ്പെടുത്തലാണ് സാറയുടെ ജീവിതം.

English Summary:

Sarah Baartman: A Symbol of Female Body Shaming and Colonial Exploitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com