കഠിനമായ ഗർഭകാലം, രണ്ട് സിസേറിയൻ: ഭർത്താവിൽ നിന്ന് മാസംതോറും നികുതി ഈടാക്കി യുവതി

Mail This Article
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ്‍ തനിക്ക് നികുതി നൽകുന്നുണ്ടെന്നാണ് കാമില അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്.
‘വുമൻ ടാക്സ്’ എന്നാണ് കാമില ഈ നികുതിയെ വിളിക്കുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഭർത്താവ് തനിക്ക് 85 പൗണ്ട് (ഏകദേശം 9000 രൂപ) നൽകുന്നുണ്ടെന്നു കാമില പറയുന്നു. ഇത് പ്രകാരം ഒരുവർഷം 2500 പൗണ്ട് ( 2,63,783 രുപ) നൽകുന്നുണ്ടെന്നും കാമില വ്യക്തമാക്കുന്നു.
സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയാണ് കാമില ഈ തുക ചെലവഴിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനായാണ് പ്രധാനമായും കാമില ഈ തുക ചെലവഴിക്കുന്നത്. മാതൃത്വത്തിലൂടെ തനിക്കുണ്ടായ വൈകാരികവും മാനസികവുമായ പ്രശ്നങ്ങളെ ഇതിലൂടെ മറികടക്കാൻ ശ്രമിക്കുകയാണെന്നും കാമില പറയുന്നു. സമൂഹമാധ്യമത്തിലെത്തിയ വിഡിയോ വൈറലായതോടെ കാമിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ഇത് കുടുംബത്തിൽ അനാവശ്യ ചെലവുണ്ടാക്കുന്നതാണെന്നായിരുന്നു ചിലരുടെ പക്ഷം. ഒരു അമ്മയുടെ ത്യാഗത്തിനുള്ള പ്രതിഫലമാണിതെന്ന രീതിയിൽ കാമിലയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും എത്തി.
‘‘എനിക്ക് രണ്ട് ക്രൂരമായ ഗർഭകാലം ഉണ്ടായി. എല്ലാദിവസവും ഛർദിയായിരുന്നു. അതിനു ശേഷം സിസേറിയനുമായിരുന്നു. നിങ്ങൾ എന്തുകൊണ്ടാണ് ഭർത്താവിൽ നിന്ന് ‘വുമൻ ടാക്സ്’ ഈടാക്കാത്തത്? നിങ്ങൾ നിർബന്ധമായും ഈ നികുതി വാങ്ങിയിരിക്കണം. ’’– എന്നാണ് കാമില പറയുന്നത്. മാനിക്യൂറും പെഡിക്യൂറും ചെയ്യുന്നതിലൂടെ തനിക്കു വലിയ സന്തോഷം ലഭിക്കുന്നുണ്ടെന്നും ഇതിലൂടെ തന്റെ വേദനകൾ മറക്കുകയാണെന്നും കാമില പറയുന്നുണ്ട്. സ്ത്രീകൾക്ക് ഏറ്റവും കഠിനകാലമാണ് അത്. എന്നാൽ പുരുഷൻമാർക്ക് ഈ കാലം വളരെ സന്തോഷത്തോടെയായിരിക്കും ചെലവഴിക്കുന്നത്. അതുകൊണ്ടു തന്നെ അവർ നികുതി നൽകാൻ ബാധ്യസ്ഥരാണെന്നും യുവതി കൂട്ടിച്ചേർത്തു.