‘പുരുഷൻമാർ ഇത്രയും ശല്യക്കാരോ?’മകളെ വീട്ടിലേക്കു തിരിച്ചയച്ച് പിതാവ്; ഉപജീവനമാർഗം മുടങ്ങി കുംഭമേളയിലെ ആ പെൺകുട്ടി

Mail This Article
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം കാരണം ഗത്യന്തരമില്ലാതെയാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേക്കു തിരിച്ചയച്ചത്
മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയതാണ് മധ്യപ്രദേശിലെ നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടി. ആളുകൾ കുടുന്ന സ്ഥലത്തും ഉത്സവങ്ങളിലുമെല്ലാം മാല വിൽക്കുന്നതിനായി അവൾ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി അവള്‍ക്കു ജോലി ചെയ്യാൻ സാധിക്കുന്നില്ല. ഇതിനു പ്രധാന കാരണം അവളുടെ വിഡിയോ വ്യാപകമായി പ്രചരിച്ചതാണ്. മഹാകുംഭമേളയിൽ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
വിഡിയോ പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ അവളെ തേടിയെത്താൻ തുടങ്ങി. ഇതോടെ ഉപജീവനമാർഗമായ മാലവിൽപനയും മുടങ്ങുന്ന അവസ്ഥയാണ്. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’ എന്നാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ജോലിചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ വിഡിയോ പകർത്താൻ വന്ന ഒരാളുടെ ഫോൺ പെൺകുട്ടി തട്ടിമാറ്റുന്ന വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അവസാനം മാല വിൽക്കുന്ന സ്ഥലത്തുനിന്ന് മുഖം മറച്ച് പെൺകുട്ടി രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്.
‘ഇന്ത്യയിലെ പുരുഷന്മാർ ഇത്രയും ശല്യക്കാരോ? മാലകൾ വിൽക്കാനാണ് മധ്യപ്രദേശിൽ നിന്നുള്ള ഈ നിർധന കുടുംബം മഹാകുംഭമേളയിൽ എത്തിയത്. പിറകെ വരുന്ന ഈ പുരുഷന്‍മാരിൽ നിന്ന് അവളെ രക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. അവരുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ ഇല്ലാതാകുന്നത്.’ – എന്ന കുറിപ്പോടെയാണ് പെൺകുട്ടി നേരിടുന്ന പ്രതിസന്ധികളെ ചിത്രീകരിച്ചു കൊണ്ടുള്ള വിഡിയോ എത്തിയത്. ‘ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇങ്ങനെ ഉപദ്രവിക്കരുത്.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി.