ആർത്തവത്തെ വ്യത്യസ്തമായ ഗെയിമിലൂടെ അടുത്തറിയാം; ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കണം

Mail This Article
ആർത്തവം എന്നുകേൾക്കുമ്പോൾ ഇന്നും നമ്മൾ മുഖം ചുളിക്കും. എന്തോ പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ, മാറ്റി നിർത്തേണ്ടതായ എന്തോ ആണിതെന്ന കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമം ആണ് ശ്രദ്ധ കൾച്ചർ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടേത്. ‘ഗോ വിത്ത് ദി ഫ്ലോ’ എന്ന് പേരിട്ടിട്ടുള്ള ഗെയിമിലൂടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ആർത്തവത്തെ അവതരിപ്പിക്കാനാണ് ഇവരുടെ ശ്രമം. ആർത്തവം എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്നും ഇത് ഒളിച്ചു വെക്കേണ്ടതോ മറച്ചു വയ്ക്കേണ്ടതോ ആയിട്ടുള്ളതല്ല എന്നുമുള്ള അവബോധം സൃഷ്ടിക്കാനാണ് ‘ഗോ വിത്ത് ദ ഫ്ലോ’ എന്ന ഈ ബോർഡ് ഗെയിം ശ്രമിക്കുന്നത് .
ആർത്തവത്തെ അറിയാം ഗെയിമിലൂടെ
‘ഗോ വിത്ത് ദി ഫ്ലോ’ ഒരു വിദ്യാഭ്യാസ ബോർഡ് ഗെയിമാണ്. അത് ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഒന്നാണ്. ആർത്തവത്തിന്റെ ജീവശാസ്ത്രപരവും സാമൂഹിക,സാംസ്കാരിക, മനഃശാസ്ത്രപരമായ തലങ്ങളെക്കുറിച്ചു കുട്ടികളിൽ ആഴത്തിൽ അവബോധം സൃഷ്ടിക്കുക എന്ന നിലയിലാണ് ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്. മനഃശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. രഞ്ജിനി കൃഷ്ണനും ഡിസൈനറും വിഷൽ ആർട്ടിസ്റ്റുമായ ബി.പ്രിയരഞ്ജൻ ലാലും ചേർന്നാണ് ഈ ഗെയിം ഒരുക്കിയിരിക്കുന്നത്.
‘‘ആർത്തവം പലപ്പോഴും അസ്വസ്ഥതകൾക്കും നാണക്കേടുകൾക്കും കാരണമാകുന്ന ഒന്നാണെന്ന ആശയത്തിലാണല്ലോ നമ്മൾ ഇന്നും ജീവിക്കുന്നത്. ഈ ഗെയിം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അവർ ഒരുമിച്ചിരുന്ന് കളിച്ചു മനസ്സിലാക്കി എടുക്കുക എന്നുള്ളതാണ് അതിന്റെ ലക്ഷ്യം. 8-13 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ ഗെയിം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ മനസ്സിലാക്കാനാണ് ഗെയിമിലെ ഓരോ സ്റ്റെപ്പുകളും ക്രിയേറ്റ് ചെയ്തിരിക്കുന്നത്. നമ്മളിൽ പലർക്കും ഇന്നും ആർത്തവത്തെ കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠകളും ചർച്ച ചെയ്യാൻ ഒരു വേദിയില്ല. അതിന്റെ ശാസ്ത്രീയ കാര്യങ്ങളും അറിയില്ല ഗോ ‘ഗോ വിത്ത് ദി ഫ്ലോ’ കെട്ടുകഥകളെ ഇല്ലാതാക്കുകയും ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകളെ തകർക്കുകയും ചെയ്യുന്നതാണ്. ഗെയിം കളിച്ചു കഴിയുമ്പോൾ ആർത്തവവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയമായ ഏകദേശം അറുപതോളം വാക്കുകൾ കുട്ടികൾ പഠിച്ചു കഴിയും. പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ ആദ്യകാലങ്ങളിൽ ആർത്തവത്തെക്കുറിച്ച് കൃത്യമായി അറിയാതെയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെയും കടന്നുപോകുന്ന ഒരു ഘട്ടമുണ്ട്. അതിനെ എങ്ങനെ മറികടക്കാം എന്നാണ് ഞങ്ങൾ ഈ ഗെയിമിലൂടെ ഉദ്ദേശിക്കുന്നത്.’’– ഡോ. രഞ്ജിനി പറഞ്ഞു.
ആർത്തവസാക്ഷരത, ആർത്തവ അവബോധം എന്നിവയ്ക്ക് കൃത്യമായ ഒരു മാനം നൽകാൻ ഗെയിമിലൂടെ സാധിക്കുമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ഗെയിം ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു സമുദ്രത്തിലൂടെയുള്ള യാത്ര പോലെയാണ്. ഈ യാത്ര പൂർത്തിയാക്കാൻ നാലുകടലുകൾ കടക്കണം. ചോദ്യം ഉത്തരം എന്ന നിലയിലാണ് ഓരോ ഘട്ടങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഉത്തരം ശരിയായാൽ കപ്പൽ മുന്നോട്ടുപോകും തെറ്റിയാൽ അവർ അവിടെ കുടുങ്ങും. ആ സമയം ഓരോ ടാസ്ക് കാർഡുകൾ ഇവർക്ക് ലഭിക്കും. അത് പൂർത്തീകരിച്ചാൽ അവർക്കു മുന്നോട്ടു പോകാം ഈ രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ആർത്തവസാക്ഷരത നമ്മുടെ സമൂഹം ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്. അതിലേക്ക് കൂടിയാണ് ഈ പുതിയ ചുവടുവെപ്പ് വെളിച്ചം വീശുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് ഗെയിം കളിക്കുന്നതിലൂടെ ഇത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്നും ഇതിനെ പർവതീകരിച്ചു കാണേണ്ട ആവശ്യമില്ലെന്നും മനസ്സിലാക്കിയെടുക്കാൻ സാധിക്കുമെന്നും ഗെയിമിന്റെ സ്രഷ്ടാക്കൾ കരുതുന്നു.
‘ശ്രദ്ധ’ യിലൂടെ ആർത്തവത്തെ ശ്രദ്ധിക്കാം
ശ്രദ്ധ കൾച്ചറൽ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടെ നീണ്ട നാളത്തെ ഗവേഷണ പരിശ്രമങ്ങൾക്കൊടുവിലാണ് ‘ഗോ വിത്ത് ദി ഫ്ലോ’ ഗെയിം ജനിക്കുന്നത്. ഈ ഗെയിം ആദ്യം ആലോചിച്ചത് മലയാളത്തിൽ ആയിരുന്നെങ്കിലും ആർത്തവത്തെ പോസിറ്റിവ് ആയി സമീപിക്കുന്ന വാക്കുകളുടെ അഭാവം കാരണം ഇംഗ്ലിഷിലേക്ക് മാറുകയായിരുന്നു. ഭാവിയിൽ കൂടുതൽ പരിശ്രമങ്ങൾ നടത്തി ഗെയിമിന്റെ മലയാളം കൊണ്ട് വരാനാകും എന്ന പ്രതീക്ഷയിലാണ് ഡോ .രഞ്‌ജിനി. ഗെയിമിന്റെ ഭാഗമായി ഒരു ഗെയിം ബോർഡ്, ബുക്ക് ലെറ്റ് എന്നിവ ഉണ്ടാകും. ബുക് ലെറ്റിലായിരിക്കും ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാവുക. ഇത് ഒരു ഇല്ലസ്ട്രേറ്റഡ് ബുക്ക് ലെറ്റാണ്. ഇതു വായിച്ചാൽ തന്നെ പകുതിയിൽ അധികം കാര്യങ്ങൾ കുട്ടികൾക്കു മനസ്സിലാകുമെന്നും രഞ്ജിനി പറയുന്നു. അതുപോലെ ഗെയിം ബോർഡിന്റെ മറുഭാഗം ഒരു പിരിയഡ് ട്രാക്കർ കൂടിയാണ്. ഗെയിം കഴിയുന്നതോടെ ആ ബോർഡ് കുട്ടികൾക്ക് റൂമിൽ പിരിയഡ് ട്രാക്കർ ആയി ഉപയോഗിക്കാം.
ആത്മവിശ്വാസത്തോടെയും അവബോധത്തോടെയും ആർത്തവത്തെ നേരിടുന്ന ഒരു പുതിയ തലമുറ ഉണ്ടായി വരുക എന്നതാണ് ഗെയിമിന്റെ ലക്ഷ്യം. നിശബ്ദമായി സഹിക്കേണ്ട ഒന്ന് എന്നതിൽ നിന്ന് മാറി ശാസ്ത്രീയമായ അറിവിലൂടെയും ശരിയായ മനോഭാവ രൂപീകരണത്തിലൂടെയും ആസ്വാദ്യകരമായ അനുഭവമായി മാറാവുന്നതോ മാറേണ്ടുന്നതോ ആണ് ആർത്തവം എന്നാണ് ഈ ഗെയിം പറയാൻ ശ്രമിക്കുന്നത്. മാതാപിതാക്കൾക്കും ഈ ഗെയിം വളരെ സഹായകമാകും എന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്. ഒരു മണിക്കൂർ കൊണ്ട് കളിച്ചു തീരാവുന്ന ഗെയിം ഡിസൈനിൽ നൂതനമായ ആശയങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഡിസൈൻ എന്താകും എന്ന ആലോചനയാണ് ഇപ്പോൾ കാണുന്ന രീതിയിലേക്ക് ഗെയിമിനെ മാറ്റിയതെന്ന് പ്രിയരഞ്ജൻ ലാൽ കരുതുന്നു. ശാസ്ത്രീയമായ അറിവാണ് ഈആ അനുഭവത്തെ നേരിടാൻ വേണ്ടതെന്നും അതിന് കുഞ്ഞുങ്ങളെ സജ്ജരാക്കുക എന്ന ഉറച്ച ബോധ്യത്തിലുമാണ് ശ്രദ്ധ കൾച്ചർ ലാബും അതിന്റെ പ്രവർത്തകരും.