ADVERTISEMENT

14,277 കിലോമീറ്റർ. ഒറ്റയ്ക്കൊരു കാർ യാത്ര. തൃശൂരുകാരി ജോസഫൈൻ ജോസഫ് 70 ദിവസം കൊണ്ട് കാറോടിച്ചത് നാളുകളായി മനസ്സിലുണ്ടായിരുന്ന സ്വപ്നത്തിലേക്കായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡായ ഉംലിംഗ്‌ലായിലേക്കാണ് ജോസഫൈൻ ഒറ്റയ്ക്ക് കാറോടിച്ചു പോയത്. അനുഭവങ്ങൾ നൽകിയ വലിയൊരു പാഠവുമായാണ് പത്തൊൻപത് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും കണ്ട് ജോസഫൈൻ മടങ്ങിയെത്തിയത് . ബൈക്കിലും കാറിലുമെല്ലാം ലഡാക്കിൽ പോയ ജോസഫൈൻ പ്രായമൊന്നും സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് തടസമല്ലെന്നു പറയുകയാണ്. ഇന്ത്യ സ്ത്രീകൾക്കു സുരക്ഷിതമല്ലെന്ന ചിന്തയിലാണ് പലരും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിക്കുന്നതെന്നാണ് ജോസഫൈന്റെ പക്ഷം. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും ഈ യാത്രയിൽ തനിക്ക് ഭയം തോന്നിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജോസഫൈൻ സാക്ഷ്യപ്പെടുത്തി. ഒറ്റയ്ക്കൊരു സ്ത്രീ ഇന്ത്യ കാണാനിറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങൾ മനോരമ ഓൺൈലൈനുമായി പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ ജോസഫൈൻ.

അച്ഛന്റെ ആഗ്രഹം, പക്ഷേ, കാണാൻ അദ്ദേഹമില്ല

എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ഈ യാത്ര. ചെറുപ്പത്തിൽ അച്ഛന്‍ ഞാൻ വണ്ടിയെടുത്ത് ഒരു യാത്ര പോകും എന്ന് പറയും. ആസമയത്ത് അപ്പാ, ഞാനും വരും എന്ന് പറഞ്ഞിരുന്നു. പപ്പയുടെ കൂടെ ഈ യാത്രചെയ്യണമെന്ന ആഗ്രഹം നടന്നില്ല. അദ്ദേഹം ഞങ്ങളെ വിട്ടുപോയി. നാലുതവണ ഈ യാത്ര നടത്താൻ ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. പപ്പയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് എന്തുകൊണ്ട് ഈ യാത്ര നടത്തിക്കൂടാ എന്ന ചിന്ത എനിക്കുണ്ടായി. അങ്ങനെയാണ് ഈ യാത്രപുറപ്പെടുന്നത്. ‘അതിമനോഹരം’ എന്നു മാത്രമാണ് ഈ യാത്രയെ കുറിച്ച്  പറയാൻ ആഗ്രഹിക്കുന്നത്. എല്ലാ യാത്രകളെയും പോലെ ഈ യാത്രയും ഒരു അനുഭവം തന്നെയാണ്. രാജ്യത്തെ അറിയുക, അവിടത്തെ ഭൂപ്രകൃതി മനസ്സിലാക്കുക എന്നത് വളരെ രസകരമായ കാര്യമാണ്. ഞാൻ ഹോംസ്റ്റേകളിലാണ് താമസിച്ചത്. നല്ലഭക്ഷണം ലഭിക്കണമെന്ന കാര്യത്തിൽ എനിക്കു നിർബന്ധം ഉണ്ടായിരുന്നു. സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കുക, ആളുകളെ അറിയുക എന്നിവയൊക്കെ യാത്രയുടെ കാര്യങ്ങളാണ്. പ്രാദേശിക വസ്ത്രധാരണവും, ഭക്ഷണവും എല്ലാം വ്യത്യസ്തമാണ്. എന്തിനേറെ പറയുന്നു. പശുക്കളെ പരിപാലിക്കുന്നതു പോലും വ്യത്യസ്തമായ രീതിയിലാണ്. നമ്മളിവിടെ പശുവിനെ നോക്കുന്നതു പോലെയല്ല, ഗുജറാത്തിലോ പഞ്ചാബിലോ മഹാരാഷ്ട്രയിലോ അവയെ പരിപാലിക്കുന്നത്. അത്തരത്തിലുള്ള കാഴ്ചകളാണ് ഈ യാത്രയിൽ നിന്ന് ലഭിച്ചത്.

josephine-sp1
യാത്രയ്ക്കിടെ ജോസഫൈൻ
josephine-sp1
യാത്രയ്ക്കിടെ ജോസഫൈൻ

ഭയന്ന് വീട്ടിലിരുന്നാൽ അങ്ങനെയിരിക്കും

ഇന്ത്യ സ്ത്രീകൾക്കു സുരക്ഷിതമല്ലെന്ന ചിന്തയുള്ളതു കൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പലരും മടിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്ര വളരെ സുരക്ഷിതമാണെന്നൊന്നും ഞാൻ പറയില്ല. നമ്മൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കണം. അതോടൊപ്പം കൂടുതൽ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ മുന്‍പിൽ അപകടങ്ങളുണ്ടെന്നു ബോധ്യമുണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കരുത്. വേണ്ടത്ര മുൻകരുതലുകൾ നമ്മൾ എടുത്തിട്ടുണ്ടെങ്കിൽ മുന്നോട്ടു പോകണം എന്നുതന്നെയാണ് ഞാന്‍ പറയുന്നത്. സുരക്ഷിതമല്ലെന്നു പറഞ്ഞ് വീട്ടിലിരുന്നാല്‍ അങ്ങനെ ഇരിക്കേണ്ടിവരും. അതുകൊണ്ട് സ്ത്രീകൾ മുന്നോട്ടുവരാൻ തയാറായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാകൂ.

അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷയായത് പെപ്പർ സ്പ്രേ

ജീവിതത്തില്‍ തന്നെ വളരെയധികം പേടിച്ച രണ്ടുസംഭവങ്ങൾ ഈ യാത്രയിൽ എനിക്കു നേരിടേണ്ടിവന്നിട്ടുണ്ട്. ഒഡിഷയിൽ വച്ചായിരുന്നു ആദ്യമായി എനിക്ക് അത്തരത്തിൽ ഒരു മോശം അനുഭവത്തെ നേരിടേണ്ടി വന്നത്. ചിൽക്ക തടാകത്തിനു സമീപത്തു വച്ചായിരുന്നു  സംഭവം. ഒഡിഷയിൽ വച്ച് ആറ് മോട്ടർ ബൈക്കുകളിലായി ഒരു സംഘം അക്രമികൾ എന്നെ പിൻതുടർന്നു. അവർ എന്റെ വണ്ടിയുടെ മുകളിൽ തട്ടാനൊക്കെ തുടങ്ങി. ഒറ്റപ്പെട്ട സ്ഥലമായിരുന്നു അത്. രാത്രിയിലല്ല ഈ സംഭവം നടക്കുന്നത്. രാവിലെ എട്ടര ഒൻപതുമണി സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്. നമ്മുടെ നാട്ടിൽ ഒൻപതുമണിക്കുള്ളതിനേക്കാൾ കൂടുതൽ വെളിച്ചം അവിടെയുണ്ട്. പട്ടാപ്പകൽ എന്നു പറയില്ലേ. അങ്ങനെ ഒരു സമയത്താണ് ആരും ഇല്ലാത്ത സ്ഥലമായതിനാൽ ഞാൻ വണ്ടിയെടുത്ത് വളരെ വേഗത്തിൽ പോയി. ഇവർ പിന്നാലെ വന്ന് വണ്ടിയിൽ ഇടിക്കുകയും മുന്‍പിൽ വന്ന് നിൽക്കുകയും ചെയ്തു. അവിടെയൊന്നും ഞാൻ വണ്ടി നിർത്തിയില്ല. ജനവാസമുള്ള ഒരു ഭാഗത്തെത്തിയപ്പോൾ വണ്ടി നിർത്തി എന്താണ് കാര്യം എന്നു ചോദിച്ചു. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു. അവിടത്തെ ഗ്രാമവാസികൾ അപ്പോഴേക്കും സഹായത്തിനായി എത്തി. ഏകദേശം ഇരുപതു മിനിറ്റോളം അവര്‍ എന്നെ പിന്തുടർന്നിരുന്നു. ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. സത്യത്തിൽ അവരെന്തിനാണ് പിന്തുടർന്നതെന്നു പോലും അറിയില്ല. പക്ഷേ, നമ്മളെ കുറച്ചുപേർ അനാവശ്യമായി പിന്തുടരുന്നുണ്ടെന്നു തോന്നിയാൽ അതൊരിക്കലും നല്ലതിനല്ലെന്ന് നമുക്കറിയാമല്ലോ. എന്റെ മനസ്സ് അപ്പോൾ പറഞ്ഞത് ഓടി രക്ഷപ്പെടാനാണ്. അങ്ങനെയാണ് ഞാൻ വേഗത്തിൽ വണ്ടിയോടിച്ചു പോകുന്നത്.

jospehine-sp2
ഉംലിംഗ്‌ലയിൽ ജോസഫൈൻ
jospehine-sp2
ഉംലിംഗ്‌ലയിൽ ജോസഫൈൻ

ഭക്ഷണം കഴിക്കാനാണെന്നും വണ്ടിയുടെ  മുൻപിൽ അറിയാത്ത പോലെ ചാടി അപകടമുണ്ടായെന്നും പറഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കും. അങ്ങനെ പലതരം തട്ടിപ്പുകൾ അവിടെയുണ്ട്. സ്ത്രീയായതുകൊണ്ടു മാത്രമല്ല. അവർ എന്നെ ഇങ്ങനെ പിന്തുടർന്നത്. സ്ത്രീയായാലും പുരുഷനായാലും ചിലപ്പോൾ അവർ പിന്തുടരും. തട്ടിപ്പു സംഘമായിരുന്നു അവർ. വണ്ടിയിൽ സ്ത്രീയാണെന്നു മനസ്സിലായപ്പോൾ അവർക്കു ധൈര്യം കൂടി എന്നു മാത്രം.

ട്രക്ക് ഡ്രൈവർമാരുടെ ക്രൂരവിനോദം

ലോകത്തിൽ തന്നെ ഏറ്റവും അപകടം നിറഞ്ഞതാണ് ഹിമാചൽപ്രദേശിലെ റോഡുകൾ. റോഡ് ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നു മാത്രം. അത് സമുദ്രനിരപ്പില്‍ നിന്ന് വളരെയധികം ഉയർന്ന പ്രദേശമാണ്. അവിടെ ജിപിഎസ്സോ സിഗ്നലോ ലഭിക്കില്ല. അങ്ങനെയുള്ള സ്ഥലത്താണ് ഹിമാചൽ പ്രദേശിലെ ട്രക്ക് ഡ്രൈവർമാരിൽ നിന്ന് മറ്റൊരു മോശം അനുഭവം ഉണ്ടായത്. അവർ യഥാർഥത്തിൽ ഗുണ്ടകളാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ ട്രക്ക് പിറകിലേക്കു വരുന്നു. നേരെ പോകാൻ തന്നെ ഭയം തോന്നുന്ന വഴിയാണ്. അപ്പോഴാണ് ട്രക്ക് പിറകിലേക്കു വരുന്നത്. ആകെ പൊടിയാണ്. ഒന്നും കാണുന്നില്ല. എങ്ങനെയൊക്കെയോ വണ്ടി പിറകിലേക്ക് എടുത്ത് ഞാൻ ഒരു വശത്തേക്ക് ഒതുക്കി. എന്നിട്ടും അവർ സമ്മതിച്ചില്ല. വീണ്ടും വീണ്ടും പിന്നിലേക്കു പോകാൻ ആവശ്യപ്പെട്ടു. അവിടെ റോഡ് ഇല്ല. ഒരു കാറിനു പോകാനുള്ള സ്ഥലം പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സ്ഥലത്താണ് ഇത്രയും ദൂരം പിറകിലേക്കു വരുന്നത്. പിന്നെയും പിറകിലേക്കു പോകാൻ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നു പറഞ്ഞു. കുറച്ചു സംസാരിച്ചപ്പോൾ അവരുടെ പ്രശ്നം ഒരു സ്ത്രീ വണ്ടി ഓടിക്കുന്നതാണെന്ന് മനസ്സിലായി. സ്ക്രീൻ നോക്കിയല്ല വണ്ടിയോടിക്കേണ്ടത് എന്നെല്ലാം പറഞ്ഞ് അവർ കയർത്തു സംസാരിച്ചു. ഇതുപറയാൻ വേണ്ടിയാണോ ഇത്രയും പിറകിലേക്ക് വണ്ടിയെടുക്കാൻ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു പേരുണ്ട്. എന്നെ എന്തെങ്കിലും ചെയ്ത് താഴെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞാൽ പോലും എന്താണ് സംഭവിച്ചതെന്നു മനസ്സിലാകില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നതായി തോന്നി. ഇത്രയും കഴിഞ്ഞപ്പോൾ അയാൾ ഒരു ഭാഗത്തൂടെ വണ്ടിയെടുത്തു പോയി. ആ റോഡിൽ അത്രയും ദൂരം പിറകിലേക്കു വന്നതിന്റെ പേടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.

ഞാൻ താമസിക്കുന്ന ഹോംസ്റ്റേയിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി പറഞ്ഞു. അപ്പോൾ അവരാണ് സ്ത്രീകൾ വണ്ടിയോടിക്കുന്നതു കാണുമ്പോൾ ചില ഡ്രൈവർമാരുടെ ക്രൂരവിനോദമാണ് ഇതെന്ന് പറഞ്ഞത്. അവിടെ നിന്ന് ഇനി ഒരിക്കലും ഞാൻ പിറകിലേക്കു പോകില്ലെന്നു തീരുമാനിച്ചു. ഓരോ അനുഭവങ്ങളും നമ്മെ ഓരോ കാര്യങ്ങൾ പഠിപ്പിക്കും.

മാതാപിതാക്കള്‍ നൽകിയ ധൈര്യം, ജീവിതം ആസ്വദിക്കാനുള്ള തീരുമാനം

എന്റെ മാതാപിതാക്കളുടെ പിന്തുണയുള്ളതു കൊണ്ടാണ് എനിക്ക് കുറച്ചെങ്കിലും ധൈര്യം ഉണ്ടാകുന്നത്. ചെറുപ്പം മുതലെ അവരാണ് എനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയത്. നീ അത് ചെയ്താൽ എന്താണ് പരമാവധി സംഭവിക്കാൻ പോകുന്നത് എന്നു ചോദിച്ചു കൊണ്ട് അവർ എനിക്ക് പല സന്ദർഭങ്ങളിലും ധൈര്യം പകർന്നു നൽകി. നിങ്ങൾ പരാജയപ്പെട്ടേക്കാം. പക്ഷേ, പരാജയം പേടിച്ച് ഒരുകാര്യവും ചെയ്യാതിരിക്കരുത്. എന്തു മണ്ടത്തരം ചെയ്താലും അച്ഛൻ പിന്തുണയുമായി കൂടെ നിൽക്കും. മണ്ടത്തരം കാണിക്കുന്നതിനും ഒരു ആത്മവിശ്വാസം വേണമല്ലോ. സ്ത്രീകൾ എന്തിനെങ്കിലും മുന്നിട്ടിറങ്ങുമ്പോൾ അത് ചെയ്യുന്നത് ശരിയാണോ അല്ലെയോ എന്നൊക്കെ പലതവണ ചിന്തിക്കേണ്ടി വരും. പക്ഷേ, എന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടായിരുന്നു. കുടുംബത്തിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകുമ്പോൾ തന്നെ നമുക്ക് അതൊരു ധൈര്യമാണ്. ഈ ധൈര്യത്തിന് ഞാൻ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു. അവർ ഇല്ലെങ്കിൽ ഇത് നടക്കില്ല. ഈ യാത്രയിൽ രണ്ടു ദുരനുഭവങ്ങളുണ്ടായി. പക്ഷേ, ഒരിക്കലും അതെന്നെ പിന്നിലേക്കു വലിക്കുന്നില്ല. എന്തുകാര്യവും നെഗറ്റിവായി എടുക്കണമെങ്കിൽ അങ്ങനെയാകാം. പക്ഷേ, പോസിറ്റിവായി കാണാനാണ് എനിക്കിഷ്ടം. ചിലസമയത്ത് നമ്മൾ പിന്നിലേക്കു പോകേണ്ടിവരും. പക്ഷേ, ചിലപ്പോൾ നമ്മൾ മുന്നിലേക്കു പോവുകതന്നെ വേണം. യാത്രകളും നമുക്ക് വലിയ ആത്മവിശ്വാസം പകരും.

ഇവിടെയുള്ള സ്ത്രീകൾക്ക് ഒരു ജീവിതമേയില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. നാൽപതു വയസ്സുകഴിഞ്ഞാൽ ഇനി ഒന്നും വേണ്ട എന്ന രീതിയാണ്. ജീവിതം ആസ്വദിക്കാതെയാണ് അവർ കടന്നു പോകുന്നത്. നാൽപ്പതുകൾ ഒരിക്കലും ജീവിതത്തിന്റെ അവസാനമില്ല. ഈ വയസാംകാലത്ത് എന്ത് ചെയ്തിട്ടെന്താ എന്നരീതിയിലാണ് പലസ്ത്രീകളും ചിന്തിക്കുന്നത്. ഈ വയസാംകാലത്ത് നിനക്ക് വെള്ളത്തിൽ കുത്തിമറയേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആളുകൾ ചോദിക്കും. നാൽപത്തിയഞ്ചാം വയസ്സിലാണ് ഞാൻ സ്കൈഡൈവിങ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വയസ് എന്നത് ഒരു നമ്പർ മാത്രമാണെന്നാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം. ഒരു സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും സ്ത്രീകൾ തയാറാകുന്നില്ല എന്നതാണ് വസ്തുത. നാൽപതുകളിലും അൻപതുകളിലും നമുക്ക് ജീവിതമുണ്ട്. അതിൽ ജീവിക്കാൻ തന്നെയാണ് എന്റെ തീരുമാനം.

English Summary:

Solo Female Drives 14,000+ km Across India to Conquer World's Highest Motorable Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com