അനങ്ങിയാൽ അസ്ഥി നുറുങ്ങും; എന്നിട്ടും തളരാത്ത ആത്മവിശ്വാസം: വേദനയിലും വിജയത്തിന്റെ പടികയറിയ അനൈഡ

Mail This Article
ഒരു കുഞ്ഞു പിറന്നു വീഴുമ്പോഴുള്ള കരച്ചിൽ സന്തോഷത്തിന്റേതായിരിക്കും. എന്നാൽ ഈ കുഞ്ഞു പിറന്നപ്പോൾ കരഞ്ഞത് അവളുടെ വേദന കൊണ്ടായിരുന്നു. ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനകൾക്കിടയിലും ഇന്ന് അനേകം മനുഷ്യർക്കു ജീവിതത്തിൽ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന വ്യക്തിത്വത്തിനുടമയാണ് എറണാകുളം കുണ്ടന്നൂർ സ്വദേശി അനൈഡ സ്റ്റാൻലി. ജന്മനാ തന്നെ എല്ലുകൾ നുറുങ്ങുന്ന അസുഖമാണ് അനൈഡയ്ക്ക്. ഒന്ന് ശക്തമായി അനങ്ങിയാലോ ആരെങ്കിലും ഒന്ന് ഒച്ച വെച്ചാലോ അനൈഡയുടെ എല്ലുകൾ ഒടിയും. എല്ലുകൾ നുറുങ്ങുന്നതിനേക്കാൾ അവൾക്ക് അനുഭവിക്കേണ്ടിവന്ന വേദന സമൂഹം അടിച്ചേൽപ്പിക്കുന്ന തിരസ്കാരങ്ങളും ഒഴിവാക്കലുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു. തന്റെ വേദനകളെ മറക്കാൻ അവൾ കൂട്ടുപിടിച്ചത് വർണങ്ങളുടെ ലോകത്തെയാണ്. ചിത്രം വരയും സാൻഡ് ആർട്ടും കൂടാതെ പഠനത്തിലും മിടുക്കിയാണ് അനൈഡ. നെറ്റും ജെആർഎഫും നേടിയ അനൈഡ, ആനിമേറ്റർ ആകണമെന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണിപ്പോൾ. നിലവിൽ ഇൻഫോസിസിൽ ഡിസൈനർ ആയി സേവനമനുഷ്ഠിക്കുന്ന അനൈഡ കടന്നുവന്ന വഴികളെ കുറിച്ച് മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഈ വനിതാ ദിനത്തിൽ
എല്ലു നുറുങ്ങുന്ന വേദന അനുഭവിച്ചവൾ
ബ്രിട്ടിൾ ബോൺ അഥവാ എല്ലുകൾ ഒടിയുന്ന അസുഖമാണ് അനൈഡയ്ക്ക്. ശരീരം ഒന്ന് ഇളക്കിയാൽ എല്ലുകൾ ഒടിയുമായിരുന്നു. ഇതിനോടകം തന്നെ 40 ന് മുകളിൽ പ്രാവശ്യം അനൈഡയുടെ എല്ലുകൾ ഒടിയുകയും അതിനുവേണ്ട ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
‘എല്ലാവരെയും പോലെ ഓടിക്കളിക്കാനോ കൂട്ടുകൂടാനോ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും ചുറ്റിലുമുള്ളവർ ചേർന്ന് എന്റെ ജീവിതം കൂടുതൽ മനോഹരമാക്കി തന്നു. ഇന്നും അവരിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയാണ് എന്റെ ശക്തി. കാണാൻ വരുന്നവരൊക്കെ കളർ പെൻസിലും മറ്റും തരും. ഓടിയും ചാടിയും ഒന്നും കളിക്കാൻ പറ്റാത്ത എന്നെ സംബന്ധിച്ച് പിന്നെയുള്ള ഏകവഴി വരയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുക എന്നതായിരുന്നു. എനിക്ക് വേദനകൾ വരുമ്പോൾ എന്നെക്കാൾ അധികം കരഞ്ഞിരുന്നത് എന്റെ അമ്മയാണ്. എല്ലുകൾ പൊടിയുമ്പോൾ നമുക്ക് സഹിക്കാൻ പറ്റാത്ത വേദനയായിരിക്കും. ചെറിയ പ്രായത്തിൽ എനിക്കൊപ്പം അമ്മയും കരഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് സാധാരണ സ്കൂളിൽ ചേർന്ന് പഠിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷേ അച്ഛനും അമ്മയും എന്നെ സ്പെഷ്യൽ സ്കൂളിൽ വിടാതെ നോർമൽ സ്കൂളിൽ തന്നെ വിട്ടു പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ഞങ്ങളും നിങ്ങളെപ്പോലെ തന്നെ സാധാരണക്കാരാണ്. വൈകല്യം ഉണ്ടെന്നു കരുതി മാറ്റിനിർത്തേണ്ടവരല്ല. വൈകല്യത്തിനപ്പുറം ഞങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ ഇനിയും നമ്മുടെ സമൂഹം ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.’
അമ്മയാണ് എന്റെ ശക്തി
മകൾക്കു വേണ്ടി എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന പപ്പ സ്റ്റാൻലിയും അമ്മ റാണിയും ചേർന്നാണ് അനൈഡയെ ഇന്നത്തെ ഉയരങ്ങളിലേക്ക് എത്തിച്ചവർ. ‘ഞാൻ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ എന്റെ അമ്മയ്ക്ക് ക്യാൻസർ വന്നിരുന്നു. അമ്മ ക്യാൻസറിനെ അതിജീവിച്ചു. എന്നെ മുന്നോട്ടു പോകാൻ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്ന വ്യക്തിയാണ് അമ്മ. ക്യാൻസർ സർവൈവർ ആണെന്നോ, ഭയങ്കര സ്ട്രോങ്ങായ ആളാണെന്നോ മമ്മിയെ കണ്ടാൽ തോന്നില്ല. പക്ഷേ, മമ്മി നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. മമ്മിയുടെ ചികിത്സ മുഴുവനും സ്വന്തം വീട്ടിൽ നിന്നുകൊണ്ടായിരുന്നു. വേണമെങ്കിൽ അന്ന് എന്റെ പഠനം ഒരു വർഷം വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ വീട്ടിലിരുത്തി പഠിപ്പിച്ചു പരീക്ഷ മാത്രം എഴുതിപ്പിക്കുന്ന രീതിയിലാക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്തില്ല. പകരം എനിക്ക് പൂർണ പിന്തുണയുമായി ഒപ്പം നിൽക്കുകയാണ് ചെയ്തത്.’
‘ലുക്ക്’ ഇല്ലാത്തതിനാൽ പ്രൊഫസറായില്ല
പ്രൊഫസറാകാനുള്ള ലുക്കില്ലെന്നു പറഞ്ഞ് ജോലിയിൽ നിന്നും മാറ്റിനിർത്തിയതിന്റെ വേദനിപ്പിക്കുന്ന അനുഭവം അനൈഡയ്ക്കു പറയാനുണ്ട്. ഒരു കോളജ് അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയും അനൈഡയ്ക്കുണ്ട്. അങ്ങനെയാണ് ഒരു പ്രമുഖ കോളജിൽ ജോലിക്കായി അപേക്ഷിക്കുന്നത്. യൂണിവേഴ്സിറ്റി റാങ്കുകാരിയും യുജിസി നെറ്റ് പരീക്ഷയിലെ ഉന്നത വിജയവും മാർക്കും ഒന്നുമായിരുന്നില്ല കോളജ് അധികൃതരുടെ കണ്ണിൽപ്പെട്ടത്. അനൈഡയുടെ വൈകല്യത്തെ എടുത്തുപറഞ്ഞ അവർ കോളജിൽ പഠിപ്പിക്കാൻ വരുന്നത് അസൗകര്യം ആയിരിക്കുമെന്നും ഒരു ടീച്ചറിന്റെ ലുക്ക് ഒന്നും അനൈഡയ്ക്ക് ഇല്ലെന്നും മുഖത്തടിച്ചതു പോലെ അറിയിച്ചു.
‘അവിടെ ജോലി ലഭിച്ചു കഴിഞ്ഞാൽ ബസ്സിലും മറ്റുമൊക്കെ കയറി വരാൻ എനിക്ക് ബുദ്ധിമുട്ട് ആകില്ലേ എന്നായിരുന്നു ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ ചോദിച്ചത്. മാത്രമല്ല എന്നെ കണ്ടാൽ ഒരു ടീച്ചറായി തോന്നുകയില്ലെന്നും അതിനുള്ള ലുക്കില്ല അല്ലെങ്കിൽ വലുപ്പമില്ല എന്നൊക്കെയാണ് അവർ കണ്ടെത്തിയ കുറ്റങ്ങൾ. ശാരീരികമായി ഒരു സാധാരണക്കാരനെക്കാളും ചെറിയ ആളാണ് ഞാൻ എന്നുള്ളത് ശരിയാണ്. പക്ഷേ അത് എന്റെ കുറവായാണ് അവർ കാണുന്നത്. ഞാൻ നേടിയെടുത്ത ബാക്കിയെല്ലാ വിജയങ്ങളും അവർ വിസ്മരിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള ഒരു കോളജ് ആയിരുന്നു അത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ലിഫ്റ്റും വീൽചെയർ റാമ്പും തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും അവിടെയുണ്ട്. കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യതയും എനിക്കുണ്ട്. എന്നിട്ടും എന്റെ അവസ്ഥയുടെ പേരിൽ തിരസ്കരിക്കപ്പെട്ട സാഹചര്യമുണ്ടായി. എല്ലായിടത്തും പോകുന്ന ആളാണ് ഞാൻ. അങ്ങനെ ബുദ്ധിമുട്ടൊന്നും തോന്നാറില്ല. എന്റെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടി വാക്കർ ഉപയോഗിക്കാറുണ്ട്. മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും എല്ലാം പോകുമ്പോൾ ഞാൻ അത് ഉപയോഗിച്ചാണ് നടക്കുന്നത്. പക്ഷേ, എന്നെ അങ്ങനെ കാണുമ്പോൾ ആളുകൾ നോക്കുന്നത് വേറൊരു തരത്തിലാണ്. ആദ്യമൊക്കെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി. സെലിബ്രിറ്റികളെ കാണുമ്പോൾ ആളുകൾ ഇങ്ങനെ നോക്കി നിൽക്കുമല്ലോ. അപ്പോൾ ഞാനും ഒരു സെലിബ്രിറ്റി ആണെന്ന് സ്വയം സങ്കൽപ്പിച്ചു നടക്കാൻ തുടങ്ങിയതോടെ ആ വിഷമവും മാറി.’
കലാകാരിയായ അനൈഡ
പഠനത്തിൽ മാത്രമല്ല അനൈഡ ചിത്രരചനയിലും സാൻഡ് ആർട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട് അനൈഡ. തനിക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന മണലിൽ അതിമനോഹരമായി അനൈഡ ചിത്രങ്ങൾ വരച്ചെടുക്കും. ഈ പെൺകുട്ടിയുടെ കൈകളുടെ ചടുലത ആരെയും അമ്പരപ്പിക്കും. ചെറിയ പ്രായം മുതൽ അനിമേറ്റർ ആകണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെ അതിനുവേണ്ടി പഠിക്കുകയും ആ സ്വപ്നം അവൾ സാക്ഷാത്കരിക്കുകയും ചെയ്തു. തന്നെപ്പോലെ ചെറിയ കുറവുകളും വൈകല്യങ്ങളുമുള്ളവർക്ക് വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും അനൈഡ പ്രചോദനമാകാറുണ്ട്.