‘യൂട്യൂബ് നോക്കി ട്രെക്കിങ് പഠിച്ചു; ഇനി എവറസ്റ്റ് യാത്ര നടക്കുമോ എന്നറിയില്ല’, കസവുസാരിയിൽ ബേസ് ക്യാംപിലെത്തിയ വാസന്തി

Mail This Article
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും മടിക്കുന്ന ഒരു സാഹസികയാത്ര പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് വാസന്തി. ദൃഢനിശ്ചയം മാത്രം കൈമുതലാക്കി എവറസ്റ്റ് ബേസ് ക്യാംപിലേയ്ക്ക് ഒറ്റയ്ക്ക് ട്രെക്കിങ് നടത്തിയ യാത്രയിലെ അനുഭവം ഓൺമനോരമയുമായി പങ്കുവയ്ക്കുകയാണ് വാസന്തി.
ട്രെക്കിങ് ഗുരുവായത് യൂട്യൂബ്
എവറസ്റ്റ് യാത്രയ്ക്ക് തയാറെടുക്കുന്നവർ ദീർഘനാളത്തെ പരിശീലനം നേടാറുണ്ട്. എന്നാൽ ഔദ്യോഗിക പരിശീലനം നേടാതെ പൂർണമായും യൂട്യൂബ് വിഡിയോകളെ ആശ്രയിച്ചായിരുന്നു വാസന്തിയുടെ മുന്നൊരുക്കങ്ങൾ. ട്രെക്കിങ്ങിന്റെയും ഫിറ്റ്നസിന്റെയും പാഠങ്ങൾ മാത്രമല്ല യാത്രാവേളയിൽ കാര്യങ്ങൾ മനസ്സിലാക്കാനായി അൽപം ഹിന്ദിയും യൂട്യൂബിന്റെ സഹായത്തോടെ പഠിച്ചെടുത്തു. നാലു മാസമെടുത്താണ് ട്രെക്കിങ്ങിനായി സ്വന്തം ശരീരത്തെ വാസന്തി പരിശീലനത്തിലൂടെ പാകപ്പെടുത്തിയത്. പതിവായി രാവിലെ മൂന്നുമണിക്കൂർ നടത്തം. ട്രെക്കിങ് ബൂട്ടുകൾ ധരിച്ചുകൊണ്ട് നടക്കാൻ പരിശീലനം നേടി. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം അഞ്ച്- ആറ് കിലോമീറ്ററുകൾ നടന്നു. ഇതിനൊപ്പം വ്യായാമ മുറകളും പതിവായി പിന്തുടർന്നു. എന്നാൽ ഈ തയാറെടുപ്പുകൾ നടത്തുമ്പോൾ എവറസ്റ്റ് യാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞത് സുഹൃത്തുക്കൾ പോലും വിശ്വസിക്കാൻ തയാറായില്ലെന്ന് വാസന്തി പറയുന്നു.
ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര
ഫെബ്രുവരി ആദ്യമാണ് യാത്ര ആരംഭിച്ചത്. തുടക്കം അൽപം പാളി. ബെംഗളൂരുവിൽ നിന്നും കാഠ്മണ്ഡുവിലേയ്ക്കുള്ള വിമാനം റദ്ദാക്കിയത് മൂലം യാത്ര തടസപ്പെട്ടു. എന്നാൽ യാദൃച്ഛികമായി കണ്ടുമുട്ടിയ ജർമൻ ദമ്പതികളുടെ സഹായത്തോടെ വാസന്തി നേപ്പാളിലെ സുർഖേതിലെത്തി. ട്രെക്കിങ്ങിൽ സഹായിക്കാനായി ഒരു പോർട്ടറെയും അവർ ഏർപ്പെടുത്തി കൊടുത്തു. സുർഖേതിൽ നിന്നും ഫെബ്രുവരി 15നാണ് ട്രെക്കിങ് ആരംഭിച്ചത്. അപകടം നിറഞ്ഞ പാതയായിരുന്നു അത്. കുത്തനെയുള്ള ഇറക്കങ്ങൾ, ഇടുങ്ങിയ വഴി, ആഴത്തിലുള്ള കൊക്കകൾ എല്ലാം താണ്ടിയായിരുന്നു വാസന്തിയുടെ യാത്ര. ട്രെക്കിങ്ങിലെ ഓരോ ദിവസവും ആറേഴു മണിക്കൂർ നടന്നു. ശ്വാസഗതി നിയന്ത്രിക്കാനായി കൃത്യമായ ഇടവേളകളും എടുത്തിരുന്നു. തനിക്ക് കൂടുതൽ സമയം വേണ്ടിവരും എന്നറിയാവുന്നതിനാൽ സാവധാനത്തിലായിരുന്നു യാത്രയെന്ന് വാസന്തി പറയുന്നു. നടത്തത്തിൽ വീണു പോകാതിരിക്കാൻ വടിയുടെ സഹായവും തേടി. കാലാവസ്ഥയ്ക്കനുസരിച്ച് വിശ്രമിക്കണോ അതോ യാത്ര തുടരണോ എന്ന് പോർട്ടറാണ് പറഞ്ഞുകൊടുത്തത്.

അതിസാഹസികമായ യാത്രയ്ക്കൊടുവിൽ ഫെബ്രുവരി 23ന് വാസന്തി എവറസ്റ്റിന്റെ തെക്കൻ ബേസ് ക്യാംപിൽ എത്തി. സമുദ്രനിരപ്പിൽ നിന്നും 5364 മീറ്റർ ഉയരത്തിൽ, എവറസ്റ്റിന്റെ മടിത്തട്ടിൽ, കേരളത്തിന്റെ തനത് കസവു സാരിയുടുത്ത് ഇന്ത്യൻ പതാക കൈയിലേന്തി വാസന്തി ലോകത്തെ അഭിവാദ്യം ചെയ്തു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. ആ നിമിഷത്തിൽ മനസിലേയ്ക്ക് ഇരമ്പിയെത്തിയ വികാരം എന്തെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല എന്ന് വാസന്തി പറയുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം മനസ്സിൽ കുമിഞ്ഞു കൂടുന്ന സന്തോഷവും കൂടിച്ചേർന്ന് കണ്ണുകൾ നിറഞ്ഞു കവിയുകയായിരുന്നു.
യാത്രയ്ക്കിടയിൽ ധാരാളം വിദേശികളെയും സ്വദേശികളെയും കണ്ട കാര്യവും വാസന്തി ഓർത്തെടുക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശികളായ ഒരു അച്ഛനും മകനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഒരു യാത്രികൻ ഭയം മൂലം പാതിവഴിയിൽ ട്രെക്കിങ് ഉപേക്ഷിച്ചതാണ് മറ്റൊരു ഓർമ.
എവറസ്റ്റിൽ നിന്നും തിരികെയുള്ള യാത്രയിൽ മറ്റൊരു സ്വപ്നം കൂടി വാസന്തി യാഥാർഥ്യമാക്കിയിരുന്നു. ഒരു ഹെലികോപ്റ്റർ യാത്ര. ബേസ് ക്യാംപിൽ നിന്നും തിരികെയുള്ള നടത്തം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അറിയാമായിരുന്നതിനാൽ ഗോരക്ഷെപ്പിൽ നിന്നും ലുക്ലവരെ ഒരു ചൈനീസ് സഞ്ചാരിക്കൊപ്പം ഹെലികോപ്റ്ററിൽ മടങ്ങുകയായിരുന്നു.
എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ് ഇത് ആദ്യമാണെങ്കിലും വാസന്തി ആദ്യമായി തനിച്ചു നടത്തുന്ന യാത്ര ഇതല്ല. 2024 മേയിൽ തായ്‌ലൻഡിലേയ്ക്ക് തനിച്ച് സഞ്ചരിച്ചിരുന്നു. അത് സന്തോഷകരമായ അനുഭവമാണെങ്കിലും എവറസ്റ്റ് യാത്ര അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. ‘‘എനിക്ക് പ്രായം അറുപതിനോട് അടുക്കുകയാണ്. ഭാവിയിലും യാത്ര ചെയ്യാനാകുമായിരിക്കും. എന്നാൽ എവറസ്റ്റ് ട്രെക്കിങ് പോലെ ഒന്നിന് ഇനി പ്രായം അനുവദിക്കുമോ എന്നറിയില്ല. അതുതന്നെയാണ് ഈ യാത്രയുടെ പ്രത്യേകതയും.’’– വാസന്തി പറഞ്ഞു.
തുണയാകുന്നത് തയ്യൽ ജോലി
കാലങ്ങളായി തയ്യൽ ജോലിയാണ് വാസന്തിയുടെ തൊഴിൽ മേഖല. ഇതിൽ നിന്നും സമ്പാദിക്കുന്ന പണമാണ് യാത്രകൾക്കായി ഉപയോഗിക്കുന്നത്. യാത്രയ്ക്ക് ഇറങ്ങുന്നതിനു മുൻപായി കൈവശമുണ്ടായിരുന്ന അൽപം സ്വർണാഭരണങ്ങൾ മക്കളെ ഏൽപ്പിച്ചു. യാത്രക്കിടയിൽ അത്യാവശ്യഘട്ടങ്ങളിൽ പണം വേണ്ടിവന്നാൽ ഈ സ്വർണം ഉപയോഗിച്ച് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു അത്. ലുക്ലയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്ക് പണം കണ്ടെത്തിയത് ഇങ്ങനെയാണ്. എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്രയ്ക്കായി വാസന്തിക്ക് ആകെ ചെലവായത് 1.75 ലക്ഷം രൂപയാണ്. തായ്‌ലൻഡ് യാത്രയ്ക്കാവട്ടെ 47,000 രൂപയും ചെലവായി.
കൃത്യമായി പദ്ധതി ഒരുക്കിയുള്ള യാത്രകളാണ് വാസന്തിയുടേത്. ലക്ഷ്യസ്ഥാനത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കും. തായ്‌ലൻഡ് യാത്രയ്ക്കായി ഏറ്റവും ആവശ്യമായി വരുന്ന ചില തായ് പദങ്ങൾ പോലും പഠിച്ചെടുത്തു. ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട സമയത്ത് ഫോൺ ഉപയോഗിച്ചുള്ള തർജ്ജമയാണ് ആശ്രയിച്ചത്.
അടുത്ത ലക്ഷ്യം
എവറസ്റ്റ് ബേസ് ക്യാംപ് എന്ന വലിയ സ്വപ്നം യാഥാർഥ്യമായെങ്കിലും യാത്രയോടുള്ള പ്രണയം ഉപേക്ഷിക്കാൻ വാസന്തി തയാറല്ല. ചൈന വൻമതിൽ കാണുകയാണ് അടുത്ത ലക്ഷ്യം. ധാരാളം നടത്തം വേണ്ടിവരുന്നതിനാൽ അതിനായി അൽപംകൂടി വിപുലമായ തയാറെടുപ്പുകൾ നടത്തേണ്ടി വരും. പുതിയ ഉണർവ് നൽകാൻ യാത്രകൾ സഹായിക്കുമെന്ന് വാസന്തിയുടെ വാക്കുകൾ. കൂടുതൽ ഊർജ്ജസ്വലതയോടെ ജോലിചെയ്യാനും മനസ്സ് പാകപ്പെടും.
കുടുംബം
ഇലക്ട്രീഷനായിരുന്ന വാസന്തിയുടെ ഭർത്താവ് ലക്ഷ്മണൻ ഒന്നര വർഷങ്ങൾക്ക് മുൻപ് മരിച്ചു. അൽഷിമേഴ്സ് രോഗിയായിരുന്നു അദ്ദേഹം. വിനീത്, വിവേക് എന്നിവരാണ് മക്കൾ. തങ്ങൾ ഇന്നോളം അമ്മയുടെയത്രയും യാത്ര ചെയ്തിട്ടില്ല എന്ന് സിനിമറ്റോഗ്രാഫർ കൂടിയായ വിവേക് പറയുന്നു. അമ്മ മികച്ച ഒരു ഗായിക കൂടിയാണെന്ന് അഭിമാനത്തോടെ പറയുകയാണ് മക്കൾ.