‘കിടക്ക പങ്കിട്ട്’ യുവതി നേടുന്നത് പ്രതിമാസം മുപ്പതിനായിരത്തിലേറെ രൂപ; തരംഗമായി ഹോട്ട് ബെഡിങ്!

Mail This Article
കിടക്ക പങ്കിട്ട് മാസം നല്ലൊരു തുക നേടുന്ന യുവതിയെക്കുറിച്ച് കേൾക്കുമ്പോൾ, അയ്യേ മ്ലേച്ഛം! ഇവർക്ക് പണിയെടുത്തു ജീവിച്ചൂടെ എന്നാണോ പറയാൻ പോകുന്നത്. എന്നാൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം അടുത്ത കമന്റ് പറയാൻ വാ തുറന്നാൽ മതി. ഈ കിടക്ക പങ്കിടൽ നിങ്ങളുദ്ദേശിക്കുന്ന രീതിയിലുള്ളതല്ല. കിടക്ക വാടകയ്ക്കു കൊടുക്കുക എന്ന സദുദ്ദേശ്യപരമായ അർഥം മാത്രമേ അതിനുള്ളൂ.
കിടക്ക വാടകയ്ക്കു കൊടുക്കുന്ന പരിപാടിയുടെ പേരാണ് ‘ഹോട്ട് ബെഡിങ്’. കാനഡ സ്വദേശിയായ 37 വയസ്സുകാരി മോണിക് ജെറമിയ എന്ന യുവതി ‘ഹോട്ട് ബെഡിങ് പരിപാടിയിലൂടെ 50,000 രൂപയോളം സമ്പാദിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഹോഡ്ബെഡിങ് എന്ന വാക്ക് വെർച്വൽ ലോകത്തെ ട്രെൻഡിങ് ലിസ്റ്റിലിടം പിടിച്ചത്. ജീവിതച്ചെലവ് റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ ഇതുപോലെയുള്ള പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താൻ ആളുകൾ തീർച്ചയായും ശ്രമിക്കുമെന്നും രണ്ട് കിടക്കകളുള്ള ഒരു മുറി പങ്കിടുന്നതു പോലെ ലളിതമാണ് ഹോട്ട് ബെഡിങ്ങെന്നും യുവതി പറയുന്നു.
രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും ജീവിതച്ചെലവുയരുന്നതും പരിമിതമായ താമസ സൗകര്യങ്ങളുമെല്ലാം ഹോട്ട് ബെഡിങ് രീതിയുടെ ഉത്ഭവത്തിനു കാരണമായിട്ടുണ്ടെന്നും വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ആളുകൾ ഒരേ കിടക്ക വാടകയ്ക്കുപയോഗിക്കുന്നത് വളരെ സാധാരണമാണെന്നുമാണ് യുവതിയുടെ വിശദീകരണം.സൈനിക ബാരക്കുകൾ, കപ്പലുകൾ,വ്യാവസായിക നഗരങ്ങൾ എന്നിങ്ങനെയുള്ള തിരക്കേറിയ ചുറ്റുപാടുകളിലാണ് ഹോട്ട് ബെഡിങ്ങിന്റെ ഉത്ഭവം. വ്യത്യസ്ത ഷിഫ്റ്റുകളുള്ള തൊഴിലാളികൾ സ്ഥലവും പണവും ലാഭിക്കാൻ വ്യത്യസ്ത സമയങ്ങളിൽ ഒരേ കിടക്ക ഉപയോഗിക്കുന്ന രീതി വളരെപ്പെട്ടന്ന് ജനപ്രിയമായി.
കിടക്കയുടെ ഒരു വശം പ്രതിമാസം 32000 രൂപയ്ക്ക് വാടകയ്ക്ക് നൽകിക്കൊണ്ടാണ് കനേഡിയൻ സ്വദേശിയും ക്വീൻസ്‌ലാൻഡിൽ സംരംഭകയുമായി ജോലി ചെയ്യുന്ന യുവതി സാമ്പത്തിക നില ഭദ്രമാക്കുന്നത്.കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട ശേഷമാണ് ഹോട്ട് ബെഡിങ് രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഹോട്ട്ബെഡിങ് രീതി അത്രകണ്ട് പ്രസിദ്ധമല്ലെങ്കിലും ടിക്ടോക് ഉപയോക്താക്കൾക്ക് ഈ പദം പരിചിതമാണ്. ‘രണ്ട് കിടക്കകളുള്ള ഒരു മുറി പങ്കിടുന്നതു പോലെ തന്നെയാണ് ഇവിടെ ഒരേ കിടക്കയുടെ വ്യത്യസ്ത പുറങ്ങളിൽ വ്യത്യസ്ത സമയത്ത് ഉറങ്ങുന്നത്. സഹവാസത്തെ വിലമതിക്കുന്ന, എന്നാൽ ഭൗതികമായ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാൻ താൽപര്യമില്ലാത്ത ആളുകൾക്ക് ഈ വേറിട്ട ബിസിനസ് ആശയം തീർച്ചയായും പരീക്ഷിക്കാവുന്നതാണ്.’– മോണിക് ജെറമിയ പറഞ്ഞു.