ADVERTISEMENT

പല സുന്ദരിമാരും ബോളിവുഡിലേക്കു വലതുകാൽ വച്ചു കയറുന്നത് തിളക്കമുള്ളൊരു കരിയർ സ്വപ്നം കണ്ടാണ്. പക്ഷേ എല്ലാവരെയും ഭാഗ്യം കടാക്ഷിക്കാറില്ല. 1999ൽ ലോകസുന്ദരിപ്പട്ടം നേടിയ യുക്താമുഖിയും ആ ഗണത്തിൽപ്പെട്ടയാളായിരുന്നു. ലോകസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായ അവർക്ക് ബി ടൗണിലെ താരറാണിയായി വളരാൻ ഒരിക്കൽപ്പോലും അവസരം ലഭിച്ചില്ല. മോഡലിങ്ങിൽ അവരെ തുണച്ച ഉയരം പക്ഷേ വെള്ളിത്തിരയിൽ അവർക്ക് വിനയായി. ഉയരമുള്ള നായികയെ തിരഞ്ഞെടുക്കാൻ സിനിമാ ലോകം മടിച്ചപ്പോൾ അവർക്ക് നഷ്ടപ്പെട്ടത് കരിയറിൽ വളരാനുള്ള അവസരം കൂടിയായിരുന്നു.

ഒരു സിന്ധി കുടുംബത്തിൽ ഇന്ദർലാൽ മുഖി എന്ന പേരിൽ ജനിച്ച യുക്ത ബാല്യകാലം ചെലവഴിച്ചത് ദുബായിലാണ്. ഏഴുവയസ്സിനു ശേഷം കുടുംബം മുംബൈയിലേക്കു മടങ്ങി. യുക്തയുടെ അമ്മ അരുണ മുംബൈയിലെ സാന്താക്രൂസിൽ ഒരു ഗ്രൂമിങ് സലൂൺ നടത്തിയിരുന്നു. അച്ഛൻ ഇന്ദർലാൽ മുഖി വസ്ത്ര കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം, മുംബൈയിലെ വിജി വേസ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടുകയും ആപ്ടെക്കിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ നേടുകയും ചെയ്ത യുക്ത മൂന്ന് വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്.

missworld-sp
യുക്തമുഖി ലോകസുന്ദരിപ്പട്ടം നേടിയപ്പോൾ∙ ചിത്രം: mookheyyukta/ Instagram
missworld-sp
യുക്തമുഖി ലോകസുന്ദരിപ്പട്ടം നേടിയപ്പോൾ∙ ചിത്രം: mookheyyukta/ Instagram

തമിഴിൽ തുടങ്ങി, പക്ഷേ കരിയറിൽ പച്ചപിടിച്ചില്ല

2001-ൽ ‘പൂവെല്ലാം ഉൻ വാസം’ എന്ന തമിഴ് ചിത്രത്തിൽ അഭിയിച്ചുകൊണ്ടാണ് യുക്താമുഖി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. 2002-ൽ അഫ്താബ് ശിവദാസനിക്കൊപ്പം അഭിനയിച്ച ‘പ്യാസ’ എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ തുടക്കം കുറിച്ചത്. പക്ഷേ ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടു. അതിനു ശേഷം ‘മാർക്കറ്റ്’ എന്ന ചിത്രത്തിൽ യുക്ത അഭിനയിച്ചെങ്കിലും പരുക്കു കാരണം ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. 2003-ൽ കാബ് ക്യോം കഹാൻ, ഹം ടീനോ എന്നീ ചിത്രങ്ങളിൽ അവർ ഒപ്പുവച്ചു. എന്നാൽ പിന്നീട് രണ്ടും ഉപേക്ഷിച്ചു. 2004–ൽ പുറത്തിറങ്ങിയ ‘ഇൻസാഫ്: ദി ജസ്റ്റിസ്’ എന്ന ചിത്രത്തിനായി കരാറിൽ ഒപ്പുവച്ചു. പക്ഷേ ആ പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു. 2005-ൽ മേംസാഹബ്, ലവ് ഇൻ ജപ്പാൻ എന്നീ രണ്ട് ചിത്രങ്ങളിൽ അവർ അഭിനയിച്ചു . 2006-ൽ ‘കത്പുതലി’ എന്ന ചിത്രത്തിന്റെ മ്യൂസിക് വിഡിയോയിൽ അവർ പ്രത്യക്ഷപ്പെട്ടു. 2010-ൽ, അവർ ഒഡിയ ചിത്രമായ ‘സ്വയംസിദ്ധ’യിൽ അഭിനയിച്ചു. അതിൽ ‘സ്വയംസിദ്ധ’ എന്ന മാവോയിസ്റ്റിന്റെ വേഷമാണ് ചെയ്തത്. ഭോജ്പുരി, ഒഡിയ ചിത്രങ്ങളിലും യുക്ത ഭാഗ്യം പരീക്ഷിച്ചെങ്കിലും കരിയറിൽ വിജയം കണ്ടെത്താനായില്ല. ആറടി ഒരിഞ്ച് ഉയരമുള്ള യുക്ത സിനിമാ മേഖലയിലെ ഏറ്റവും ഉയരമുള്ള നടിമാരിൽ ഒരാളായിരുന്നു. ഇത് അവരുടെ അഭിനയ ജീവിതം പരാജയപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അസാധാരണ ഉയരവും തുടർച്ചയായ ബോക്സ് ഓഫിസ് പരാജയവും കരാറൊപ്പിട്ട ചിത്രങ്ങളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ കാലക്രമേണ യുക്ത സിനിമാ മേഖലയിൽ നിന്ന് പുറത്താകാൻ കാരണമായി.

വിവാഹജീവിതവും പൂർണ പരാജയം

കരിയറിൽ എങ്ങുമെത്താതെ പോയ യുക്തയുടെ വിവാഹ ജീവിതവും ശുഭകരമായില്ല. 2008 സെപ്റ്റംബർ 7 ന്, മുംബൈയിലെ ഗ്രാൻഡ് മറാത്തയിൽ നടന്ന ഒരു ചടങ്ങിൽ വച്ച് ന്യൂയോർക്ക് ആസ്ഥാനമായുള്ള ബിസിനസുകാരനും സാമ്പത്തിക ഉപദേഷ്ടാവുമായ പ്രിൻസ് തുലിയുമായി യുക്താമുഖിയുടെ വിവാഹനിശ്ചയം നടന്നു. 2008 നവംബർ 2 ന് നാഗ്പുർ ഗുരുദ്വാരയിൽ വച്ച് പരമ്പരാഗത സിഖ് മതാചാരപ്രകാരമുള്ള ചടങ്ങിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഔദ്യോഗിക ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു പോയ യുക്തയുടെ വിവാഹ ജീവിതം തീർത്തും ദുരിതപൂർണമായിരുന്നു. വളരെ ഹ്രസ്വമായ ആ ദാമ്പത്യ ബന്ധത്തിൽ യുക്ത ഗാർഹിക പീഡനമുൾപ്പടെയുള്ള ദുരിതങ്ങൾ അനുഭവിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായി ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതായി യുക്ത കോടതിയിൽ വ്യക്തമാക്കിയിരുന്നു.

missworld-sp1
യുക്ത മുഖി∙ ചിത്രം: mookheyyukta/ Instagram
missworld-sp1
യുക്ത മുഖി∙ ചിത്രം: mookheyyukta/ Instagram

ഭർത്താവ് പ്രിൻസ് തുലി പലപ്പോഴും മർദ്ദിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന യുക്തയുടെ പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 498 എ (ക്രൂരതയും പീഡനവും) സെക്‌ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) എന്നിവ പ്രകാരം എഫ്‌ഐ‌ആറും റജിസ്റ്റർ ചെയ്തിരുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, യുക്തപ്രശ്‌നങ്ങൾ നിറഞ്ഞ ദാമ്പത്യത്തെക്കുറിച്ചും നേരിട്ട ആക്രമണത്തിന്റെ ഭീകരതയെപ്പറ്റിയും വിശദീകരിച്ചതിങ്ങനെ:“ഭർത്താവിന്റെ ഭീഷണികൾക്ക് വഴങ്ങിയില്ലെങ്കിൽ, ലൈംഗികമായും ശാരീരികമായും ആക്രമിക്കും. കുട്ടിയുടെ മുന്നിൽ വച്ചു പോലും കൈയേറ്റം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിയെയും ഉപദ്രവിച്ചു. അയാൾ കുട്ടിയെ ശാരീരികമായി പരുക്കേൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം കാഴ്ചകളും അനുഭവങ്ങളും കുഞ്ഞുങ്ങളെ മാനസികമായി തകർക്കും. അതുകൊണ്ട് 2013ൽ കേസ് ഫയൽ ചെയ്യുകയും 2014 ൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു.’’ഉഭയ സമ്മത പ്രകാരമുള്ള വിവാഹ മോചനത്തിനു ശേഷം യുക്ത മകനുമൊത്ത് ഇന്ത്യയിലേക്ക് മടങ്ങി.

ബിസിനസ്സിൽ തെളിഞ്ഞു, കൂട്ടിനു സാമൂഹ്യ പ്രവർത്തനവും

ഡൽഹിയിൽ സ്വന്തമായി ഒരു ഫുഡ് ബിസിനസ് നടത്തുന്ന യുക്ത സാമൂഹിക പ്രവർത്തനത്തിലും സജീവമാണ്. ഔദ്യോഗിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നേരിട്ട പരാജയങ്ങളിൽ തളർന്നു പോകാതെ അവർ സമൂഹിക വിഷയങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാരംഭിച്ചു. ബാലവേലയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന യുക്ത എച്ച്ഐവി, സ്തനാർബുദം, തലസീമിയ എന്നിവ ബാധിച്ച ആളുകളുടെ ഉന്നമനത്തിനു വേണ്ടിയും അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്. ഏതൊരാളും മാനസികമായി തളർന്നു പോകുന്ന ദുരനുഭവങ്ങളിൽക്കൂടി കടന്നു പോയിട്ടും തകർന്നിരിക്കാതെ ധൈര്യത്തോടെ അതിനെയെല്ലാം അതിജീവിച്ച യുക്ത ഒരുപാട് സ്ത്രീകൾക്കു പ്രചോദനമാണ്.

English Summary:

Yukta Mookhey: From Miss World to Social Activist – A Journey of Resilience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com