ഗർഭം ധരിക്കുകയോ മുലയൂട്ടുകയോ ഇല്ല, പക്ഷേ അവരും അമ്മമാർ; സറഗസി തിരഞ്ഞെടുക്കുന്നവർ രണ്ടാം തരക്കാർ അല്ല!

Mail This Article
‘ഗർഭം ചുമക്കാതെ നീയൊക്കെ എങ്ങനെ അമ്മയായി?’ ക്ലാവ് പിടിച്ച ഈ ചിന്താഗതി കാറ്റിൽ പറത്താനുള്ള സമയം കഴിഞ്ഞുപോയി. പേറ്റുനോവ് അറിഞ്ഞെങ്കിൽ മാത്രമേ അമ്മയാകൂ എന്നൊന്നുമില്ല. പതിറ്റാണ്ടുകൾക്കു മുൻപ് കേട്ടുകേൾവി പോലുമില്ലാതിരുന്ന വാടകഗർഭധാരണത്തെ ഇന്നത്തെ തലമുറ അംഗീകരിച്ചു തുടങ്ങിയെങ്കിൽ സമൂഹം വളർന്നുകൊണ്ടിരിക്കുന്നു എന്നുതന്നെയാണ് അർഥം. എങ്കിലും അമ്മയാകാൻ വാടക ഗർഭപാത്രത്തെ ആശ്രയിക്കുന്നവർ കേൾക്കേണ്ടി വരുന്ന പഴികൾ ചില്ലറയല്ല. സ്വകാര്യവും തൊഴിൽപരവും ആരോഗ്യപരവുമായ പലവിധ ചിന്തകളും കാരണങ്ങളും കൊണ്ടായിരിക്കാം അവർ വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. ഇക്കാര്യങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാതെ അവരെ രണ്ടാം തരക്കാരായ അമ്മമാരായി ഇപ്പോഴും കാണുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്. ഗർഭകാലം, പ്രസവം, മുലയൂട്ടൽ എന്നീ പ്രക്രിയകളിലൂടെ കടന്നു പോകുന്നില്ലെന്നു കരുതി അവർക്ക് മാതൃത്വത്തിന്റെ മധുരം നിഷേധിക്കപ്പെടാൻ പാടില്ല. അവരും അമ്മമാരാണ്. കുഞ്ഞ് പിറന്നുവീഴുന്നതുവരെ പലവിധ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകുന്ന അമ്മമാർ, കുഞ്ഞിന്റെ വളർച്ചാഘട്ടത്തിൽ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിറവേറ്റി, വിട്ടുവീഴ്ചകൾ ചെയ്ത്, മാറിലെ ചൂട് കൊടുത്ത് വളർത്തുന്ന അമ്മമാർ. പ്രസവിക്കാതെ അമ്മയായവർ എന്ന വേർതിരിവ് കാണിക്കാതെ, ‘അമ്മ’ എന്ന ഒറ്റ വാക്ക് കൊണ്ട് അവരെ വിശേഷിപ്പിക്കുന്നതിലേക്കു ചിന്തകൾ മാറുമ്പോൾ സമൂഹം വളർന്നു എന്ന് വിലയിരുത്താം. മാതൃദിനത്തിൽ അറിയാം സറഗസിയും നിയമവശവും മാറേണ്ട ചിന്താഗതിയും.....
സറഗസി രണ്ട് തരം: ട്രഡീഷനൽ സറഗസി, ജെസ്റ്റേഷനൽ സറഗസി
∙ പങ്കാളികൾ കുഞ്ഞിനെ പ്രസവിക്കാനായി ഒരു സ്ത്രീയെ കണ്ടെത്തുകയും അവരിൽ അച്ഛനാകേണ്ട വ്യക്തിയുടെ ബീജം നിക്ഷേപിക്കുകയും ചെയ്യും. ഇവർ ഗർഭം ധരിച്ച് ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന്റെ ജൈവ മാതാവ് പ്രസവിച്ച സ്ത്രീ ആയിരിക്കും. കാരണം, പുരുഷന്റെ ബീജത്തിൽ ഇവരുടെ അണ്ഡമാണ് കലരുന്നത്. ഇതാണ് ട്രഡീഷനൽ സറഗസി.
∙ ദമ്പതികളിൽ നിന്ന് തന്നെ അണ്ഡവും ബീജവും ശേഖരിച്ച് വാടക ഗർഭധാരണം നടത്തുന്ന രീതിയാണ് ജെസ്റ്റേഷനൽ സറഗസി. ഐവിഎഫ് വഴി അമ്മയുടെ അണ്ഡം ശേഖരിച്ച് അച്ഛന്റെ ബീജവുമായി യോജിപ്പിച്ച് വാടക ഗർഭധാരണത്തുനുവേണ്ടി കണ്ടെത്തിയ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ‘ഗർഭവാഹകർ’ എന്നാണു വിളിക്കുന്നത്. ഭ്രൂണത്തെ നിർദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്കു മാറ്റുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന് പ്രസവിക്കുന്ന സ്ത്രീയുടെ ജനിതക ഘടകങ്ങളുമായി സാമ്യമുണ്ടാകില്ല. അതിനാൽ അണ്ഡം നൽകിയ സ്ത്രീയായിരിക്കും കുഞ്ഞിന്റെ യഥാർഥ അമ്മ. ദമ്പതികൾക്കു തന്നെ കുഞ്ഞിന്റെ യഥാർഥ അച്ഛനും അമ്മയും ആകാൻ സാധിക്കുമെന്നതിനാൽ ട്രഡീഷനൽ രീതിയേക്കാൾ സ്വീകാര്യമാണ് ജെസ്റ്റേഷനൽ സറഗസി.
വിഷയത്തിൽ ഡോ.റെജി ദിവാകർ (സീനിയർ ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്, കാരിത്താസ് ആശുപത്രി, കോട്ടയം) സംസാരിക്കുന്നു:
വാടകഗർഭധാരണത്തിലൂടെ അമ്മയാകുന്നവരെ രണ്ടാം തരക്കാരായി കാണുന്ന പ്രവണതയുണ്ടോ സമൂഹത്തിൽ? ശാരീരിക–മാനസിക അവസ്ഥകൾ കൊണ്ടായിരിക്കുമല്ലോ പലരും അമ്മയാകാൻ വാടകഗർഭപാത്രത്തെ ആശ്രയിക്കുന്നത്?
വാടകഗർഭധാരണത്തിലൂടെ അമ്മയാകുന്നവരെ വേർതിരിച്ചു കാണുന്ന രീതി സമൂഹത്തിലുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സറഗസി ആണോ നോർമൽ ഡെലിവറി ആണോ എന്ന് പലരും അറിയാറില്ല. അറിഞ്ഞാൽ അവരുടെ മനോഭാവം മാറുകയും ചെറിയൊരു വേർതിരിവോടെ അമ്മമാരെ കാണുകയും ചെയ്യും. നൊന്തുപ്രസവിച്ചില്ല എന്ന ഒറ്റക്കാരണത്താൽ അവരെ തരം താഴ്ത്തി കാണുന്നത് ശരിയല്ല. ഗർഭം ധരിക്കാനുള്ള കഴിവ് ഉണ്ടെങ്കിലും ചിലർക്ക് കുഞ്ഞിനെ ഗർഭപാത്രത്തിൽ വളർത്തിക്കൊണ്ടുവരാനും വലിയ വയർ താങ്ങി നടക്കാനുമൊക്കെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അങ്ങനെയുള്ളവർ വാടകഗർഭപാത്രത്തെ ആശ്രയിക്കുമ്പോൾ സമൂഹം അവരെ മോശമായി ചിത്രീകരിക്കാൻ സാധ്യത ഏറെയാണെന്നു തോന്നുന്നു. അതേസമയം, യൂട്രസ് ഇല്ലാത്തതും ഓവറിയുടെ പ്രവർത്തനങ്ങള്‍ ശരിയായ രീതിയിൽ നടക്കാത്തതും പങ്കാളിയിൽ പ്രശ്നങ്ങളുള്ളതുമൊക്കെക്കൊണ്ട് ഗർഭധാരണം നടക്കാത്ത സ്ത്രീകളുണ്ടായിരിക്കും. അവർ വാടകഗർഭപാത്രത്തെ ആശ്രയിക്കുന്നതിനെ തെറ്റായി കണ്ട് വേർതിരിച്ചു കാണുന്ന രീതി ശരിയല്ല.
ഇത്തരത്തിൽ അമ്മയാകുന്നവർക്കു കുഞ്ഞുങ്ങളെ വളർത്താൻ പ്രത്യേക പരിശീലനം നൽകേണ്ടതുണ്ടോ?
തീർച്ചയായും അവർക്കു പരിശീലനം ആവശ്യമാണ്. കാരണം, വാടകഗർഭം ധരിച്ച സ്ത്രീകൾ (ഗർഭവാഹകർ) പ്രസവ ശേഷം കുഞ്ഞിനെ ജൈവ മാതാപിതാക്കൾക്കു കൈമാറും. പിന്നീട് അവർ കുഞ്ഞിന്റെ അടുത്ത് ഉണ്ടാകില്ല. കുഞ്ഞിനെ വളർത്തുന്നത് യഥാർഥ മാതാപിതാക്കൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് പരിശീലനം വേണ്ടിവരും. കുഞ്ഞിന് ആഹാരം കൊടുക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ എല്ലാം അവർക്കു പറഞ്ഞു കൊടുക്കണം. പ്രസവം നടക്കുന്ന ആശുപത്രിയിലെ ബന്ധപ്പെട്ടവർ തന്നെ ഇക്കാര്യങ്ങൾ മാതാപിതാക്കൾക്കു പറഞ്ഞു കൊടുക്കുകയും പരിശീലനം നൽകുകയും ചെയ്യും.
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുമ്പോൾ കുഞ്ഞിനോട് ആത്മബന്ധം തോന്നാനുള്ള സാധ്യത കുറവല്ലേ? പ്രസവവേദനയും മുലയൂട്ടലുമൊക്കെ അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നല്ലേ?
തീർച്ചയായും പ്രസവിക്കുന്ന കുഞ്ഞുങ്ങളോടു തന്നെയായിരിക്കും അമ്മമാർക്ക് ആത്മബന്ധം കൂടുതൽ. മുലയൂട്ടൽ അതിൽ മുഖ്യ ഘടകമാണ്. വാടകഗർഭപാത്രത്തിലൂടെ അമ്മയായവരിൽ മുലയൂട്ടൽ നടക്കില്ലല്ലോ. അത് തന്നെ അവർക്കിടയിലുള്ള ബന്ധത്തിന്റെ ആഴം കുറയ്ക്കും. കുഞ്ഞ് കരയുമ്പോൾ എടുത്തുകൊണ്ടു നടക്കാനും കുപ്പിപ്പാൽ കൊടുക്കാനുമൊക്കെയേ ഇത്തരം കേസുകളിൽ സാധിക്കൂ. പിന്നെ എന്തൊക്കെയായാലും ജൈവമാതാവ് സ്നേഹം കൊടുക്കുന്നതനുസരിച്ച് അമ്മയ്ക്കും കുഞ്ഞിനും ആത്മബന്ധം ഉണ്ടാകും. മുലയൂട്ടുക എന്നതു മാത്രം വച്ച് അളക്കേണ്ട ഒന്നല്ല അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം. അത് ഒരു ഘടകമാണെന്നു മാത്രം.

വാടകഗർഭപാത്രത്തിലൂടെ പ്രസവിക്കുന്നവരുടെ മാനസികാവസ്ഥ എത്തരത്തിലായിരിക്കും? നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളോട് അവർക്ക് അടുപ്പം തോന്നാൻ സാധ്യത ഏറെയല്ലേ?
അവർക്ക് പ്രത്യേകതരം മാനസികാവസ്ഥയായിരിക്കും. പലവിധ കാരണങ്ങൾ കൊണ്ടായിരിക്കും അവർ ഗർഭപാത്രം വാടകയ്ക്കു കൊടുക്കാൻ തയാറാകുന്നത്. മുൻപൊക്കെ പണം വാങ്ങിയായിരുന്നു ഇത്തരം കാര്യങ്ങൾ നടത്തിയിരുന്നത്. എന്നാൽ പിന്നീട് വാടകഗർഭധാരണം സംബന്ധിച്ച് പ്രത്യേക നിയമം നിലവിൽ വന്നതോടെ അതിനു തടയിടാനായി. വാടകഗർഭധാരണം നടത്തുന്ന സ്ത്രീക്ക് സ്വഭാവികമായും നൊന്തു പ്രസവിക്കുന്ന കുഞ്ഞിനോട് മാനസികമായ അടുപ്പം തോന്നും. പക്ഷേ കുഞ്ഞിനെ യഥാർഥ മാതാപിതാക്കൾക്കു വിട്ടുകൊടുത്തേ പറ്റൂ. വാടകഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീയും കുഞ്ഞിന്റെ ജൈവ മാതാവും തമ്മിൽ മുൻപേ തന്നെ ഒരു എഗ്രിമെന്റ് വച്ചിട്ടുണ്ടാകണം. അതിൽ, ഗർഭം ധരിക്കുന്ന സ്ത്രീക്ക് കുഞ്ഞിന്റെ മേൽ യാതൊരു അവകാശവുമില്ല എന്ന നിബന്ധന ഉണ്ടാകും. അതൊക്കെ അംഗീകരിച്ചതിനു ശേഷമേ വാടകഗർഭധാരണം എന്ന തീരുമാനത്തിലേക്ക് സ്ത്രീകൾ എത്തൂ. കുഞ്ഞിനോട് അടുപ്പം തോന്നിയാലും അവർ മാതാപിതാക്കൾക്കു വിട്ടുകൊടുത്ത് സ്വന്തം കാര്യം നോക്കി പോകണം.
വിഷയവുമായി ബന്ധപ്പെട്ട നിയമകാര്യങ്ങൾ വിശദമാക്കുകയാണ് കേരള ഹൈക്കോടതി അഭിഭാഷകൻ മൻസൂർ ബി.എച്ച്:
രാജ്യത്ത് വാടകഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ എന്തൊക്കെ?
വിവാഹിതരായവരും കുട്ടികൾ ഇല്ലാത്തവരുമായ ഇന്ത്യക്കാരായ ദമ്പതികൾക്കു വാടക ഗർഭ ധാരണത്തിലൂടെ കുട്ടിക്ക് ജന്മം നൽകുന്നതിനുള്ള പ്രക്രിയയ്ക്കു വിധേയമാകാം. ഇതിനായി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. പുരുഷന് 26നും 55നും ഇടയിലും സ്ത്രീക്ക് 23നും 50നും ഇടയിലുമായിരിക്കണം പ്രായം. വിധവയ്ക്കും വിവാഹ മോചിതയ്ക്കും വാടക ഗർഭധാരണത്തിന് അനുമതിയുണ്ട്. വിവാഹ മോചിതയ്ക്കു 35നും 45നും ഇടയിലായിരിക്കണം പ്രായം. ഇവർക്ക് ഒരു തവണ മാത്രമേ വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാൻ സാധിക്കൂ. പൊതു, സ്വകാര്യ മേഖലകളിലെ സ്ത്രീകൾക്ക് ഒരുപോലെ ബാധകമായ നിയമം ആണ് 1961 ലെ മറ്റേണിറ്റി ബെനിഫിറ്റ് ആക്ട്. പ്രസവ കാലത്തു ഗർഭിണികളുടെ ആരോഗ്യ സുരക്ഷയും തൊഴിൽ സംരക്ഷണവും വേതനവും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടു വന്നത്. ഇക്കാലയാളവിൽ തൊഴിൽ സുരക്ഷയും വേതനവും അവധിയും നൽകേണ്ടതുണ്ട്. ഈ നിയമം ഗർഭിണിയുടെ അവകാശവും പരിരക്ഷയും ആയി വിവക്ഷിക്കുന്നു.
തമിഴ്നാട്ടില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരായ ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. ആ തീരുമാനത്തോടുള്ള പ്രതികരണം?
മാതൃത്വത്തിന്റെ മഹനീയതയും സ്ത്രീത്വത്തിനുള്ള അംഗീകാരവും ആയ ഒരു വിപ്ലവകരമായ തീരുമാനം ആണ് തമിഴ്നാട് സർക്കാരിന്റേത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അവിടെ 270 ദിവസം അവധി നൽകിയിരിക്കുന്നു. സന്തോഷകരമായ ഒരു കുടുംബ ജീവിതത്തിനു കുഞ്ഞുങ്ങൾ അവിഭാജ്യമായ ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റു സർക്കാരുകളും ഇത് മാതൃകയായി സ്വീകരിക്കുകയാണു വേണ്ടത്.
സ്വവർഗ (ഹോമോ സെക്‌ഷ്വൽ) ദമ്പതികൾക്ക് കുഞ്ഞിനെ സ്വീകരിക്കാൻ വാടകഗർഭപാത്രത്തെ ആശ്രയിക്കാൻ സാധിക്കുമോ?
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് വിവാഹിതരായ ദമ്പതികൾക്കു മാത്രമേ വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ ജനിപ്പിക്കാൻ അവകാശമുള്ളു. അവിവാഹിതയായ സ്ത്രീ, സ്വവർഗാനുരാഗികളായ ദമ്പതികൾ, ശാരീരിക വൈകല്യമുള്ളവർ എന്നീ വിഭാഗങ്ങൾക്കു വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ നിയമപരമായ വിലക്കുണ്ട്.

ഇങ്ങനെ പ്രസവിക്കുന്നവർക്ക് കുഞ്ഞിനെ മുലയൂട്ടാൻ അവകാശമുണ്ടോ?
മുലയൂട്ടാൻ അവകാശം ഉണ്ട്. അതിനു നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാൽ വാടക ഗർഭധാരണം നടത്തിയ സ്ത്രീക്ക് കുട്ടിയുടെ മേൽ യാതൊരു അവകാശങ്ങളും ഇല്ല എന്നതാണു വാസ്തവം. മറിച്ച് കുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ഭ്രൂണവും അണ്ഡവും നൽകിയ ദമ്പതികൾക്കു ലഭിക്കും. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞെന്ന നിലയിൽ തന്നെ കുട്ടിക്ക് വളരാം. മാതാപിതാക്കളുടെ മേൽ എല്ലാ അവകാശങ്ങളും കുട്ടിക്കു ലഭിക്കും.

വാടക ഗർഭധാരണം ഒരു തൊഴിലായി സ്വീകരിക്കാൻ തയാറായി ഇന്ത്യയിലെ സ്ത്രീകൾ മുന്നോട്ടു വരുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു നിയമ പ്രശ്നങ്ങളൊന്നുമില്ലേ? ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ ഈ രീതിയെ ചൂഷണം ചെയ്യാനും സാധ്യതകൾ ഏറെയല്ലേ?
വാടക ഗർഭ ധാരണം ഒരു തൊഴിലായി സ്വീകരിക്കാൻ നിയമപരമായി കഴിയില്ല. കാരണം ഒരു തവണ മാത്രമേ വാടക ഗർഭധാരണതിന് അനുമതിയുള്ളൂ. കച്ചവടം എന്ന നിലയിലോ വാണിജ്യ സ്വഭാവത്തിലോ ഉള്ള വാടക ഗർഭധാരണം അനുവദനീയമല്ല. 10 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് അത്. ചികിത്സാ ചെലവും ഇൻഷുറൻസ് പരിരക്ഷയും മാത്രം ഈടാക്കിയുള്ള വാടക ഗർഭധാരണം മാത്രമാണ് 2021 ലെ നിയമം അനുശാസിക്കുന്നത്.