‘നിങ്ങൾ പെർഫെക്റ്റ് അമ്മയാണോ?’, സംശയമോ കുറ്റബോധമോ വേണ്ട: സന്തോഷമാണ് പ്രധാനം

Mail This Article
മാതൃത്വം മനസ്സ് നിറഞ്ഞ സന്തോഷത്തോടെയുള്ള സുന്ദരമായ ഒരു യാത്രയാണ്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും നിർവൃതിയോടെ കണ്ട് അങ്ങേയറ്റം സമാധാനത്തോടെ ചെലവിടേണ്ട മനോഹരമായ കാലം. എന്നാൽ ഒരു കുഞ്ഞിന്റെ കടന്നുവരവിന് ശേഷം മാറിമറിയുന്ന ജീവിത സാഹചര്യത്തെ അത്രയും സന്തോഷത്തോടെ നോക്കിക്കാണാൻ എല്ലാ അമ്മമാർക്കും സാധിക്കുമോ? സമൂഹത്തിന്റെ മുന്നിൽ പെർഫെക്ട് അമ്മയാകാനുള്ള തത്രപ്പാടിൽ ഭൂരിഭാഗം ആളുകൾക്കും, പ്രത്യേകിച്ച് പുതുതലമുറയിലെ അമ്മമാർക്ക്, അതിനു സാധിക്കുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അമ്മ എങ്ങനെയായിരിക്കണം എന്നതിന് സമൂഹം കൽപിക്കുന്ന മാനദണ്ഡങ്ങളും, സമൂഹമാധ്യമങ്ങളിൽ കാണുന്ന സന്തുഷ്ട കുടുംബ ചിത്രങ്ങളും മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്നതും മുതൽ എന്തുമേതും ഒരു അമ്മ എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്നതിനെ സംശയത്തോടെ കാണാൻ പുതുതലമുറയിലെ അമ്മമാരെ പ്രേരിപ്പിക്കുന്നുണ്ട്.
ഒരു പിഴവുകളുമില്ലാത്ത അമ്മയെന്ന വിശേഷണം ലഭിക്കാൻ ഓരോ നിമിഷവും പരിശ്രമിച്ച് കുറ്റബോധവും മാനസിക സമ്മർദവും മാത്രം പകരം വാങ്ങി ജീവിക്കുന്നവർ. കുഞ്ഞ് എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാണെന്ന പഴകിയ ബോധം ഈ മാറിയ കാലത്തും സ്ത്രീകളെ വരിഞ്ഞുമുറുക്കുന്നുണ്ട്. കുഞ്ഞൊന്നു വീണാൽ, അകാരണമായി കരഞ്ഞാൽ, ഭക്ഷണം കഴിക്കാൻ മടിച്ചാൽ, പഠനത്തിൽ അൽപം പിന്നോട്ട് പോയാൽ അവയൊക്കെയും തന്റെ പ്രശ്നമാണെന്ന് സ്വയം വിധി എഴുതി പാകപ്പിഴകളൊന്നുമില്ലാതെ ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകാൻ ഇവർ കഴിവിനപ്പുറവും ശ്രമിക്കും. എന്നാൽ ഈ മനോഗതി സ്വന്തം സന്തോഷത്തെ മാത്രമല്ല കുഞ്ഞിന്റെയും ഒപ്പം കുടുംബത്തിന്റെയുമാകെ സന്തോഷത്തെ പോലും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് വസ്തുത. പെർഫെക്റ്റ് ആകുക എന്നതിനപ്പുറം സന്തോഷമുള്ള മനസ്സോടെ കുഞ്ഞിനെ പരിപാലിക്കാനും ഒപ്പം സ്വയം സ്നേഹിക്കാനും സമയം കണ്ടെത്തുക എന്നതാണ് പരമപ്രധാനം. അതായത് നല്ല അമ്മ എന്നത് പെർഫെക്റ്റ് എന്ന വാക്കിനോട് ചേർത്തുവയ്ക്കേണ്ടതല്ല എന്ന് സാരം.
പെർഫെക്‌ഷനിസത്തിനു പിന്നാലെ പോകാതെ മതിയായ രീതിയിൽ മാതൃത്വം ആസ്വദിക്കാനുള്ള വഴികൾ നോക്കാം.
∙ അമ്മയെന്ന നിലയിലുള്ള വിജയം എന്താണെന്നതിന് സ്വയം നിർവചനങ്ങൾ ഉണ്ടാക്കാതിരിക്കുക എന്നതാണ് ഒന്നാമത്തേത്. ശാരീരികമായി ഏറെ അവശതയുള്ള ദിവസത്തിലും കുട്ടിക്ക് വേണ്ടി മുഴുവൻ സമയവും അവൈലബിളായിരിക്കുക എന്നതോ, കുഞ്ഞിന്റെ കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ സ്വയം നിറവേറ്റുക എന്നതോ അമ്മ എന്ന നിലയിൽ പൂർണത കൈവരിക്കുന്നതിന്റെ അടയാളമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഏതൊരു വ്യക്തിക്കും സ്വന്തം ആരോഗ്യവും മാനസിക നിലയും ശ്രദ്ധിക്കാനുള്ള ‘മീ ടൈം’ ലഭിക്കുന്നത് പ്രധാനമാണ്. അമ്മമാർ എങ്ങനെയായിരിക്കണമെന്നത് സമൂഹത്തിന്റെ കണ്ണുകളിലൂടെ കാണാതെ കുഞ്ഞിന് സന്തോഷമേകാൻ കഴിയുന്നുണ്ടോ, അതിനൊപ്പം സ്വയം സന്തോഷിക്കാൻ കഴിയുന്നുണ്ടോ എന്നത് മനസ്സിലാക്കി അതിനനുസരിച്ച് സ്വയം മാനദണ്ഡങ്ങൾ ഒരുക്കുക.
∙ ‘നോ’ പറയാൻ മടിക്കേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. കുഞ്ഞിന്റെ കാര്യത്തിൽ മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ ശ്രമിക്കേണ്ടതില്ല. ഇത്തരം ആവശ്യങ്ങളും പ്രതീക്ഷകളും നിങ്ങളുടെ ഊർജ്ജത്തെ കെടുത്തുന്നതാണെങ്കിൽ ‘നോ’ പറയാൻ മടിക്കുകയേ ചെയ്യരുത്. എന്താണ് ശരി, എന്താണ് തെറ്റ് എന്നതു സംബന്ധിച്ച അതിർവരമ്പുകൾ നിശ്ചയിക്കുന്നത് നിങ്ങൾ തന്നെയാവണം.
∙ സ്വയം ദയയോടെ പെരുമാറുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഏതൊരു പിഴവും തെറ്റും മനുഷ്യസഹജമാണെന്ന് മനസ്സിലാക്കുക. കുഞ്ഞിന്റെ പരിപാലനത്തിലായാലും ചെറിയ പിഴവുകളോ തെറ്റുകുറ്റങ്ങളോ സംഭവിക്കുന്നത് തികച്ചും സ്വാഭാവികമാണ്. മറ്റുള്ളവർ അത് എങ്ങനെ നോക്കിക്കാണുമെന്ന ആശങ്ക വച്ചുപുലർത്തി നല്ല അമ്മയല്ല എന്ന് സ്വയം വിധിയെഴുതരുത്. ഉദാഹരണത്തിന് കുട്ടികളുടെ പഠനകാര്യത്തിൽ അൽപം ശ്രദ്ധ വിട്ടുപോയാൽ പോലും അത് ഇന്നോളം ചെയ്ത മഹാപരാധമായി കണക്കാക്കുന്നവരുണ്ട്. ഇത്തരം ചിന്താഗതികൾ വിപരീത ഫലങ്ങൾ മാത്രമേ നൽകൂ.
∙ കുഞ്ഞുങ്ങൾ അങ്ങേയറ്റം അച്ചടക്കമുള്ളവരായി വളരുന്നത് പെർഫെക്റ്റ് അമ്മയാണെന്ന നിലയിൽ എത്തിക്കും എന്ന് കരുതി എന്തിനും ഏതിനും കർശനമായ നിയന്ത്രണങ്ങൾ വച്ചുപുലർത്തുന്നത് നല്ല പ്രവണതയല്ല. അമ്മമാർക്കൊപ്പം കുട്ടികളിലും അമിത സമ്മർദം ഉണ്ടാകാൻ മാത്രമേ ഇത് ഉപകരിക്കു. കുട്ടികൾക്ക് എപ്പോഴും അവരായിരിക്കാനുള്ള അവസരം ഒരുക്കുക. പെർഫെക്ട് അമ്മ എന്നതിനപ്പുറം അവർക്ക് ഏതു കാര്യവും തുറന്നു പറയാൻ സാധിക്കുന്ന ഒരു സുഹൃത്താകുന്നതാണ് കൂടുതൽ നല്ലത്.
∙ മാതാപിതാക്കളുടെ ജീവിതമാണ് കുട്ടികൾ മാതൃകയാക്കുന്നത്. പെർഫെക്റ്റാവാനുള്ള ശ്രമത്തിൽ സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവച്ച് ജീവിക്കുന്നത് തെറ്റായ സന്ദേശമാണ് കുട്ടികളിലേയ്ക്ക് എത്തിക്കുന്നത്. സ്വന്തം മൂല്യം മനസ്സിലാക്കി കുട്ടികൾ വളരണം. സ്വയം അംഗീകരിക്കാനും തിരുത്താനും മറ്റുള്ളവരുടെ സമയത്തിന് വില നൽകാനും നിങ്ങളെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്.
∙ ഒരു രക്ഷിതാവ് എന്ന നിലയിൽ എപ്പോഴും കൂടുതൽ കാര്യങ്ങൾ പഠിക്കാനും വളരാനുമുള്ള അവസരമുണ്ടെന്ന് തിരിച്ചറിയുക. ചെയ്യുന്നതെന്തും പൂർണതയോടെയാകണമെന്ന വാശി അതോടെ ഇല്ലാതാവും. എടുക്കുന്ന തീരുമാനങ്ങളിൽ സംശയമോ ആശയക്കുഴപ്പമോ ഉണ്ടായാൽ മറ്റ് അമ്മമാരോടോ നിങ്ങൾ സ്നേഹിക്കുന്നവരോടോ ഉപദേശമോ അഭിപ്രായമോ തേടുന്നത് പരാജയമായി കാണേണ്ടതില്ല. കുഞ്ഞുങ്ങൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വളരും. പെർഫെക്ടാകാൻ ശ്രമിച്ച് നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ നിങ്ങളുടെ പൊന്നോമനയുമൊത്ത് സ്നേഹവും സമയവും പങ്കിട്ട് മാതൃത്വം പരമാവധി ആസ്വദിക്കാൻ ശ്രമിക്കാം.