പ്രസവശേഷം 16–ാം ദിനം പരീക്ഷയെഴുതി; സിവിൽ സർവീസ് നേടി മാളവിക എന്ന ‘ന്യൂജെൻ’ അമ്മ

Mail This Article
ഒരമ്മയ്ക്ക് കുഞ്ഞിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്താണ്? ആ ചോദ്യം മാളവികയോടാണെങ്കിൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. ‘ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ വളരാനുള്ള കരുത്തു നൽകുക’. അതിന് ഉദാഹരണമായി മാളവികയ്ക്ക് കുഞ്ഞിനു കാട്ടിക്കൊടുക്കാനുള്ളത് സ്വന്തം ജീവിതമാണ്. മകനെയും ഗർഭത്തിൽ വഹിച്ചാണ് തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർ സിവിൽ സർവീസ് എന്ന സ്വപ്നം സഫലമാക്കാനുള്ള യാത്ര തുടങ്ങിയത്. ആദിശേഷ് എന്ന മകന് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മെയിൻസ് എഴുതി. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ അഭിമുഖത്തിൽ പങ്കെടുത്തു. ഒടുവിൽ, മികച്ച റാങ്ക് നേടി സ്വപ്നം സഫലമാക്കി. ആ യാത്രയെപ്പറ്റി ഈ മാതൃദിനത്തിൽ മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് മാളവിക.
മാളവിക ജീവിതത്തിലെ ഏറ്റവും മനോഹരമായതും അതേസമയം ഏറെ വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലാണ് സിവിൽ സർവീസിന് തയാറെടുത്തതും മികച്ച റാങ്കോടെ സ്വപ്നം സഫലമാക്കിയതും. ആ യാത്രയെക്കുറിച്ച്?
2016 മുതൽ സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി തയാറെടുത്തിരുന്നതുകൊണ്ടും 2019 ൽ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതുകൊണ്ടും പരീക്ഷയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ധാരണയുണ്ടായിരുന്നു. 2019- 2020 ബാച്ചിൽ ഞാൻ ഇന്ത്യൻ റവന്യു സർവീസിൽ പ്രവേശിച്ചിരുന്നു. അതിനു ശേഷമുള്ള പരീക്ഷകളെല്ലാം ജോലിയിൽ തുടർന്നുകൊണ്ടാണ് എഴുതിയത്. ഇക്കുറി പ്രിലിമിനറി പരീക്ഷയെഴുതിയത് ഗർഭകാലത്തിന്റെ രണ്ടാം പകുതിയിലാണ്. മെയിൻ പരീക്ഷയും പ്രസവ തീയതിയും തമ്മിൽ അധിക ദിവസത്തെ വ്യത്യാസമില്ലാതിരുന്നത് വെല്ലുവിളിയായി തോന്നിയിരുന്നു. കുഞ്ഞ് ജനിച്ച് 16 ദിവസമായപ്പോഴായിരുന്നു മെയിൻസ് പരീക്ഷ. ഏറ്റവും കൂടുതൽ വെയിറ്റേജുള്ളത് മെയിൻസ് പരീക്ഷയ്ക്കാണ്. അഞ്ചുദിവസത്തോളം നീണ്ടു നിൽക്കുന്നതായിരുന്നു മെയിൻസ്. അതിൽ നാലു ദിവസവും രാവിലെയും വൈകിട്ടും മൂന്നു മണിക്കൂർ വീതം പരീക്ഷയുണ്ട്. അഞ്ചാം ദിവസം ഉച്ചവരെ പരീക്ഷയുണ്ട്. അനുവദിച്ച സമയത്തിനുള്ളിൽ പരീക്ഷ എഴുതി തീർക്കാൻ പറ്റുമോയെന്ന ആശങ്കയുണ്ടായിരുന്നു. ദൈവാനുഗ്രഹവും മുൻപ് പരീക്ഷയെഴുതിയതിന്റെ അനുഭവങ്ങളും തുണച്ചതുകൊണ്ട് കൃത്യസമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചു. കുടുംബത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും അനിയത്തിയും ആന്റിയും നിറഞ്ഞ പിന്തുണയോടെ കുഞ്ഞിന്റെ കാര്യം നോക്കാനുണ്ടായിരുന്നതുകൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ പരീക്ഷാഹാളിൽ ഉത്തരമെഴുത്തിൽ മാത്രം ശ്രദ്ധിക്കാൻ സാധിച്ചത്. ഭർത്താവ് ഡോ. എം. നന്ദഗോപന്റെ പൂർണ പിന്തുണയും ഈ വിജയത്തിനു പിന്നിലുണ്ട്.
ഒരേ ലക്ഷ്യം സ്വപ്നം കണ്ട് പ്രയത്നിച്ചവരാണ് മാളവികയും ഭർത്താവും. 2022 ൽ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇരുവരും ഇടം പിടിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുള്ള ആ യാത്രയെ ഓർക്കുന്നതെങ്ങനെയാണ്?
2016 ലാണ് ഗോവ ബിറ്റ്സ് പിലാനിയില്‍നിന്ന് കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുന്നത്. അതിനു ശേഷമാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്. മൂന്നാമത്തെ പരിശ്രമത്തിൽ 2019 ലാണ് റെവന്യൂ സർവീസിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനം കഴിഞ്ഞ് ഞാൻ ജോലിയിൽ പ്രവേശിച്ച സമയത്താണ് ഭർത്താവ് സിവിൽ സർവീസ് പരീക്ഷയിലെ അവസാന അവസരത്തിനു വേണ്ടി പരിശീലനം നടത്തിയിരുന്നത്. 2022 ൽ സർവീസിലിരിക്കെ ജോലിയിൽ നിന്ന് അവധിയെടുത്താണ് ഞങ്ങൾ ഒരുമിച്ച് പരീക്ഷയ്ക്കായി തയാറെടുത്തത്. നോട്സ് ഒക്കെ പങ്കുവയ്ക്കുമായിരുന്നു. ഒരാളിരുന്നു പഠിക്കുന്നതു കാണുമ്പോൾ അതേ ആവേശത്തോടെ മറ്റേ ആൾക്കും പഠിക്കാൻ തോന്നുമല്ലോ. ഭർത്താവിന് അഭിമുഖത്തിൽ നന്നായി ഉത്തരം പറയാൻ സാധിക്കുമായിരുന്നു. എനിക്ക് മെയിൻസിന്റെ ഉത്തരങ്ങൾ നന്നായി എഴുതാൻ പറ്റുമായിരുന്നു. അങ്ങനെ പരസ്പരം പഠനത്തിൽ സഹായിച്ചും പിന്തുണച്ചുമാണ് പരിശീലനം നടത്തിയതും റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതും. ആ ശ്രമത്തിൽ എനിക്ക് 172ാം റാങ്കും ഭർത്താവിന് 233 ാം റാങ്കുമാണ് ലഭിച്ചത്.
നാലു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അഭിമുഖത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്, കാലാവസ്ഥ പോലും പ്രതികൂലമായ സ്ഥലത്തേക്ക് പോയപ്പോൾ ഒരമ്മ എന്ന നിലയിലും മൽസരാർഥി എന്ന നിലയിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളെന്തൊക്കെയായിരുന്നു?
സെപ്റ്റംബർ മൂന്നിനായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്ന് മൂന്നു ദിവസത്തിനു ശേഷം സെപ്റ്റംബർ 6 നായിരുന്നു വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രസവശേഷം 16-ാമത്തെ ദിവസമാണ് മെയിൻസ് എഴുതിയത്. 19-ാം തീയതിയായിരുന്നു ആദ്യത്തെ പരീക്ഷ. 19, 20, 21 തീയതികളിൽ പരീക്ഷകളുണ്ടായിരുന്നു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞുള്ള ശനിയും ഞായറുമായി ബാക്കിയുള്ള പരീക്ഷകളും നടന്നു. ആ സമയത്ത് തിരുവനന്തപുരത്തുള്ള ആന്‍റിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുഞ്ഞിനെ പാലൂട്ടുന്നതുകൊണ്ട് കുഞ്ഞും എന്റെ കുടുംബവും അവിടെ ഒപ്പമുണ്ടായിരുന്നു. അഭിമുഖത്തിനായി ഡൽഹിയിൽ പോയത് ജനുവരി 13 നായിരുന്നു. കുഞ്ഞിന് നാലുമാസം പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യം കുടുംബത്തിനൊപ്പം കുഞ്ഞിനെ നാട്ടിലാക്കി ഡൽഹിയിലേക്കു പോയാലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ, യാത്രയും അഭിമുഖവും മെഡിക്കൽ ടെസ്റ്റുമൊക്കെയായി നാലഞ്ചു ദിവസം എടുക്കുമെന്നതിനാൽ അത്രയും ചെറിയ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നതിൽ ആശങ്കയുണ്ടായിരുന്നതുകൊണ്ട് ഒപ്പം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ ആദ്യ ഫ്ലൈറ്റ് യാത്രയായതുകൊണ്ടു തന്നെ ടെൻഷനുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയായതിനാൽ അവിടെയുള്ള സുഹൃത്തുക്കളോട് സംസാരിച്ച് തയാറെടുപ്പുകളോടെയാണ് ഡൽഹിയിലേക്ക് പോയത്. ഭർത്താവിന്റെ മേലധികാരിയാണ് അവിടെ താമസസൗകര്യമൊക്കെ ശരിയാക്കിത്തന്നത്. സുഹൃത്തുക്കളും ബാച്ച് മേറ്റ്സുമൊക്കെ നന്നായി പിന്തുണച്ചതുകൊണ്ട് സമാധാനത്തോടെ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിച്ചു. സർവീസിൽ ഉണ്ടായിരുന്നതുകൊണ്ട് ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതലുണ്ടായിരുന്നത്.
വലിയ ഹോർമോൺ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണ് ഗർഭകാലവും പ്രസവാനന്തര കാലവും. പരീക്ഷാ പരിശീലനം, കുഞ്ഞിന്റെ പരിചരണം, ഇതിനിടയിൽ വിശ്രമ സമയം എന്നൊന്നുണ്ടായിരുന്നോ. എങ്ങനെയാണ് ആ കാലഘത്തത്തെ സമചിത്തതയോടെ നേരിട്ടത്?
ഗർഭകാലമായിരുന്നു കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നത്. അതിന്റെ അവസാന മാസങ്ങളിൽ ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾ അലട്ടിയിരുന്നു. പ്രസവം കഴിഞ്ഞതോടെ അവനെ നോക്കാൻ ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നതുകൊണ്ട് നല്ല ആശ്വാസമുണ്ടായിരുന്നു. വലിയ സങ്കീർണതകളൊന്നുമില്ലാതെ ആ കാലഘട്ടം കടന്നു പോയി. പെൽവിക് പെയിൻ, ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്തുണ്ടായിരുന്നതുകൊണ്ട് പരീക്ഷയ്ക്കു വേണ്ടി അത്ര നന്നായി പരിശീലനം നടത്താൻ ആ സമയത്തൊന്നും കഴിഞ്ഞിരുന്നില്ല. കഴിയുന്നതു പോലെയൊക്കെ പുതുതായി പഠിച്ച കാര്യങ്ങൾ മുൻപ് പഠിച്ചതുമായി ചേർത്തു വച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷയുടെ വിജയത്തെക്കുറിച്ച് സംശയം തോന്നിയ ഘട്ടത്തിലെല്ലാം, ‘നിനക്കു പറ്റും’ എന്ന ആത്മവിശ്വാസം നൽകാൻ അമ്മ ഒപ്പമുണ്ടായിരുന്നു. പ്രസവാന്തരമുള്ള ഹോർമാൺ മാറ്റങ്ങളും അലട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ പൂർണപിന്തുണയോടെ കുടുംബം ഒപ്പമുണ്ടായിരുന്നു.

കുടുംബത്തിന്റെ പിന്തുണ ഏറ്റവും അനിവാര്യമായ സമയമാണല്ലോ പ്രസവാനന്തര കാലഘട്ടം. ആ സമയത്ത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിനുവേണ്ടിക്കൂടി ശ്രമിക്കാമെന്ന തീരുമാനമെടുത്തപ്പോൾ കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
ഗർഭത്തിനൊപ്പം സിവിൽ സർവീസ് സ്വപ്നവും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുമോയെന്ന് പ്രിലിമിനറി പരീക്ഷയെഴുതിയ സമയത്തു സംശയം തോന്നിയിരുന്നു. മുന്നോട്ടുള്ള പരീക്ഷകൾ എഴുതാതിരുന്നാലോ എന്നൊക്കെ ആ ഘട്ടത്തിൽ ചിന്തിച്ചിരുന്നു. അടുപ്പമുള്ളവരിൽ ചിലരും ഇപ്പോൾത്തന്നെ പരീക്ഷയെഴുതണോ എന്നൊക്കെ ചോദിച്ചിരുന്നു. കാരണം 32 വയസ്സു വരെ പരീക്ഷയെഴുതാനുള്ള അവസരമുണ്ട്. രണ്ട് വർഷം കഴിഞ്ഞു ശ്രമിച്ചാൽ പോരെ എന്ന ചോദ്യം പലർക്കുമുണ്ടായിരുന്നു. പലരും അങ്ങനെയൊരു ആശങ്ക പ്രകടിപ്പിച്ചപ്പോൾ ധൈര്യം തന്നത് ഗൈനക്കോളജിസ്റ്റ് കൂടിയായ അമ്മയാണ്. മെയിൻസ് പരീക്ഷ തുടങ്ങുന്ന സമയത്ത് പ്രസവം കഴിഞ്ഞ് ആരോഗ്യം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് പറഞ്ഞ് അമ്മ പ്രോത്സാഹിപ്പിച്ചു. കുഞ്ഞിനെ ഫീഡ് ചെയ്താൽ മതി, ബാക്കി സമയത്തൊക്കെ പഠിച്ചോളൂ, കുഞ്ഞിന്റെ കാര്യങ്ങളെല്ലാം എല്ലാവരും ചേർന്ന് നോക്കിക്കൊള്ളാമെന്ന് ഉറപ്പു തന്നു. ആ മനോധൈര്യം കൊണ്ട് പരീക്ഷയെ നേരിടാൻ മാനസികമായി തയാറെടുത്തിരുന്നു. കുഞ്ഞിന്റെ പരിചരണത്തെക്കുറിച്ചും പരീക്ഷാ പരിശീലനത്തെക്കുറിച്ചുമൊക്കെയുള്ള കൃത്യമായ ആസൂത്രണം കുടുംബത്തിലെല്ലാവർക്കുമുണ്ടായിരുന്നു. ഈ സമയത്തൊക്കെ ഭർത്താവ് ഐപിഎസ് ട്രെയിനിങ്ങിലായിരുന്നതു കൊണ്ട് അദ്ദേഹം അടുത്തില്ലാത്തതിന്റെ സമ്മർദവുമുണ്ടായിരുന്നു. ഐപിഎസ് ട്രെയിനിങ്ങിന് വളരെ കർശന നിയമങ്ങളുള്ളതുകൊണ്ട് അദ്ദേഹത്തിന് ഞങ്ങളോടൊപ്പമായിരിക്കാൻ സാധിക്കുമായിരുന്നില്ല. കുറേ നല്ല മനസ്സുള്ള ആളുകളുടെ പിന്തുണ കൊണ്ട് ആ ഘട്ടങ്ങളെല്ലാം നന്നായി കടന്നുപോയി.
ആറാമത്തെ ശ്രമത്തിലാണ് 45-ാം റാങ്ക് എന്ന മികച്ച നേട്ടം സ്വന്തമാക്കിയത്. ഇതിനു മുൻപും പരീക്ഷകളെഴുതിയിട്ടുണ്ടല്ലോ. പരിശീലനം എങ്ങനെയായിരുന്നു?
എന്റെ ഓപ്ഷണൽ സോഷ്യോളജിയായിരുന്നു. അതുപഠിക്കാൻ ക്ലാസ് റൂം കോച്ചിങ് എടുത്തിട്ടുണ്ട്. ഡൽഹിയിലുള്ള ഉപേന്ദ്രഘോർ എന്ന അധ്യാപകന്റെ കീഴിലായിരുന്നു പരിശീലനം. പല പരിശീലന കേന്ദ്രങ്ങളിലെയും ടെസ്റ്റ് സീരീസുകൾ എഴുതിയിരുന്നു. മെയിൻസ്, ആൻസർ റൈറ്റിങ് കാര്യങ്ങൾ പരിശീലിച്ചതങ്ങനെയാണ്. ഇത്തവണ പരിശീലനത്തിനായി ഓൺലൈനായി ചേർന്നിരുന്നെങ്കിലും ഒന്നോ രണ്ടോ ടെസ്റ്റ് സീരീസുകൾ മാത്രമേ എഴുതാൻ കഴിഞ്ഞിരുന്നുള്ളൂ.
ബി.ടെക് പഠനത്തിനു ശേഷമായിരുന്നല്ലോ സിവിൽ സർവീസ് പരീക്ഷാ പരിശീലനം. എങ്ങനെയാണ് സിവിൽ സർവീസ് മോഹം മനസ്സിലുദിച്ചത്?
കുട്ടിക്കാലം മുതൽ സിവിൽ സർവീസ് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കെപ്പോഴോ അതു വിട്ടു. ബിടെക്കിനു ശേഷം ഉപരിപഠനം നടത്തി പിഎച്ച്ഡി നേടണമെന്നൊക്കെയായിരുന്നു ആഗ്രഹം. ഞങ്ങളുടെ ബിടെക് ബാച്ചിലുണ്ടായവരിൽ ഭൂരിപക്ഷവും ഉപരി പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാൻ തീരുമാനിച്ചവരായിരുന്നു. വിദേശത്തു പോകണോ നാട്ടിൽ നിന്ന് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതാണോ സംതൃപ്തി നൽകുന്നത് എന്നൊക്കെ ചിന്തിച്ചപ്പോൾ സിവിൽ സർവീസ് മോഹം വീണ്ടും മനസ്സിലേക്കെത്തി.അങ്ങനെയാണ് സിവിൽ സൃവീസിനെക്കുറിച്ച് വീണ്ടും ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
സോഷ്യോളജിയായിരുന്നല്ലോ ഐച്ഛിക വിഷയം. അതു തിരഞ്ഞെടുക്കാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?
കെമിക്കൽ എൻജിനീയറിങ്ങിലായിരുന്നു ബിരുദം. അങ്ങനെയൊരു ഓപ്ഷൻ സിവിൽ സർവീസ് പരിശീലനത്തിന് ലഭ്യമല്ലായിരുന്നു. പരീക്ഷയ്ക്ക് തയാറെടുക്കാൻ പുതിയൊരു വിഷയം തിരഞ്ഞെടുക്കണമായിരുന്നു. സോഷ്യോളജി എന്ന വിഷയത്തിൽ ഇന്റർനെറ്റിലൊക്കെ ധാരാളം സ്റ്റഡി മെറ്റീരിയൽസ് ലഭ്യമായിരുന്നതുകൊണ്ട് ആ വിഷയം തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പഠിച്ചു തുടങ്ങിയപ്പോൾ എനിക്കും നല്ല താൽപര്യം തോന്നി. ബിടെക് പഠിച്ച സമയത്തും ബിറ്റ്സിൽ ഹ്യുമാനിറ്റീസിന്റെ പശ്ചാത്തലമുണ്ടായിരുന്നതും ആ വിഷയം തിരഞ്ഞെടുക്കാനൊരു കാരണമായി.അവിടെ ഇംഗ്ലിഷ് സ്റ്റഡീസിൽ ഒരു മൈനർ ഡിഗ്രിയൊക്കെ ചെയ്തിരുന്നു.

ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് കഠിന പരിശ്രമം കൊണ്ട് മികച്ച റാങ്കുകളിലൊന്ന് സ്വന്തമാക്കിയത്. ഈ സ്വപ്നം ഉള്ളിൽ കൊണ്ടു നടക്കുന്നവർക്ക് നൽകാനുള്ള ഉപദേശമെന്താണ്?
എന്നെ സംബന്ധിച്ച് സിവിൽ സർവീസ് ഒരു വലിയ പ്രയാണമായിരുന്നു. ഒരുപാട് കാലമെടുത്താണ് ഞാൻ ആ സ്വപ്നം സഫലമാക്കിയത്. ഇനിയും പരിശ്രമിക്കുന്നവർക്ക് കുറഞ്ഞ സമയം കൊണ്ട് മികച്ച റാങ്ക് നേടാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. രണ്ടു വർഷമെങ്കിലുമെടുക്കുന്ന ഒരു യാത്രയാണത്. പരീക്ഷയുടെ കാര്യം പറയുകയാണെങ്കിൽ ഒരു ഫെബ്രുവരിയിൽ നോട്ടിഫിക്കേഷൻ വന്നാൽ അടുത്ത വർഷം ഏപ്രിലാകുമ്പോഴാണ് ഫൈനൽ റിസൽറ്റ് വരുന്നത്. അത്രയും നാൾ ക്ഷമയോടെ പിടിച്ചു നിൽക്കുന്നത് വളരെ ശ്രമകരമാണ്. മൽസരാധിഷ്ഠിതമായ ഈ പരീക്ഷയ്ക്ക് നിരവധി ഘട്ടങ്ങളുമുണ്ട്. റാങ്ക് ലിസ്റ്റിൽ കയറുന്ന ആളും പുറത്താകുന്ന ആളും തമ്മിൽ മാർക്കിൽ വലിയ അന്തരമൊന്നും ഉണ്ടാവണമെന്ന് നിർബന്ധമില്ല. കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും ഈ പരീക്ഷയിൽ തുണയ്ക്കും. ഈ കാര്യങ്ങളൊക്കെ സമ്മർദ്ദം വർധിപ്പിക്കും.സിലബസ് വിശാലമായതുകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഓരോ
ദിവസവും ആ സ്വപനത്തിലേക്കെത്താനുള്ള കാര്യങ്ങൾ ചെയ്യണം.എല്ലാ ദിവസവും വിചാരിക്കുന്നത്ര പഠിക്കാൻ പറ്റിയില്ലെങ്കിലും കഴിയുന്നത്ര കാര്യങ്ങൾ പഠിക്കാൻ ശ്രദ്ധിക്കണം. ക്ഷമയും ശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ തീർച്ചയായും ഈ സർവീസിലെത്താൻ കഴിയും.